Sections

വികസിത ഭാരതത്തിനായി വായ്പകൾ ലഭ്യമാക്കുന്നതിനുള്ള ട്രാൻസ് യൂണിയൻ സിബിലിൻറെ എംഎസ്എംഇ കോൺക്ലേവ് കൊച്ചിയിൽ നടത്തി

Saturday, Oct 05, 2024
Reported By Admin
TransUnion CIBIL MSME Conclave in Kochi promoting small business loans for economic growth.

കൊച്ചി: ചെറുകിട സംരംഭക മേഖലയ്ക്കുള്ള വായ്പകൾ ഊർജിതമാക്കുക എന്ന ലക്ഷ്യവുമായി ട്രാൻസ് യൂണിയൻ സിബിൽ കൊച്ചിയിൽ എംഎസ്എംഇ കോൺക്ലേവ് സംഘടിപ്പിച്ചു. രാജ്യം 2030 ഓടെ ഏഴു ട്രില്യൺ ഡോളർ സമ്പദ്ഘടനയായി മാറുന്നതിനുള്ള പ്രയാണത്തിന് അനിവാര്യമായ ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭക മേഖലയിലേക്കുള്ള വായ്പകൾ ഊർജ്ജിതമാക്കുക എന്ന ലക്ഷ്യവുമായാണ് എംഎസ്എംഇ കോൺക്ലേവ് എനേബിളിങ് ക്രെഡിറ്റ് ഫോർ ഡെവലപ്പിങ് ഭാരത് എന്ന പേരിലുള്ള ഈ പരിപാടി സംഘടിപ്പിച്ചത്.

തൊഴിലവസരങ്ങൾ സൃഷ്ടിച്ചും പ്രാദേശിക വികസനം പ്രോൽസാഹിപ്പിച്ചും വരുമാനത്തിലെ അന്തരം കുറച്ചും പുതുമകളും സംരംഭകത്വവും പ്രോൽസാഹിപ്പിച്ചും രാജ്യത്തിൻറെ ജിഡിപി വളർച്ചയിൽ ഗണ്യമായ സംഭാവനയാണ് ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭ മേഖല നൽകുന്നതെന്ന് ട്രാൻസ് യൂണിയൻ സിബിലിൻറെ എംഎസ്എംഇ കോൺക്ലേവ് ചൂണ്ടിക്കാട്ടി. ഈ മേഖലയിലെ വായ്പാ രംഗത്തേക്കു കടക്കുകയും എംഎസ്എംഇ വായ്പാ മേഖല സുസ്ഥിരമായി വളരാൻ സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ വായ്പാ ദാതാക്കൾക്ക് ഇതേക്കുറിച്ചുള്ള ആഴത്തിലെ അറിവുകളും വിശകലനങ്ങളും ലഭ്യമാക്കുകയാണ് ഉദ്ദേശം.

ബാങ്ക് ഓഫ് ബറോഡ സോണൽ എംഎസ്എംഇ മേധാവി ശ്രീജിത്ത് കോട്ടാരത്തിൽ മുഖ്യ പ്രഭാഷണം നടത്തി. സൗത്ത് ഇന്ത്യൻ ബാങ്ക് ഹെഡ് അനലിസ്റ്റ് ജി വിനോദ് സംവദിച്ചു. ബാങ്കുകൾ, വായ്പാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ കോൺക്ലേവിൽ സംബന്ധിച്ചു.

കേരളത്തിലെ ചെറുകിട വായ്പാ രംഗത്തു മുന്നിൽ നിൽക്കുന്നത് സ്വകാര്യ ബാങ്കുകൾ

കേരളത്തിലെ ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങൾക്കുള്ള വായ്പാ മേഖലയിൽ സ്വകാര്യ മേഖലാ ബാങ്കുകളുടെ മുൻതൂക്കം തുടരുകയാണ്. 2024 ജൂണിൽ അവസാനിച്ച ത്രൈമാസത്തിൽ ആകെ വായ്പകളുടെ 86 ശതമാനമാണ് ഇവരുടെ വിഹിതം. ഏറ്റവും കൂടുതൽ നൽകിയിട്ടുള്ളത് 25 ശതമാനം വരുന്ന ട്രേഡ് മേഖലയിലാണ്. സംസ്ഥാനത്ത് എംഎസ്എംഇ മേഖലയ്ക്ക് നൽകിയിട്ടുള്ള വായ്പകളിൽ 78 ശതമാനവും സ്വർണ പണയ വായ്പകളാണ്. ശക്തമായ ആസ്തി നിലവാരമാണിതു സൂചിപ്പിക്കുന്നത്. സിബിൽ എംഎസ്എംഇ റാങ്കിൽ 13 സ്ഥാനത്തോടെ ഏറ്റവും കുറഞ്ഞ നഷ്ടസാധ്യതകളുള്ള വിഭാഗമാണിത്.

ചെറുകിട മേഖലയ്ക്ക് കേരളത്തിൽ ഏറ്റവും കൂടുതൽ വായ്പകൾ വിതരണം ചെയ്തിട്ടുള്ളത് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ്. എറണാകുളത്ത് സ്വകാര്യ മേഖലാ ബാങ്കുകൾ 47 ശതമാനം വായ്പകൾ നൽകിയിട്ടുള്ളപ്പോൾ തിരുവനന്തപുരത്ത് പൊതുമേഖലാ ബാങ്കുകൾ 65 ശതമാനവും കോഴിക്കോട് 49 ശതമാനവും വായ്പകൾ നൽകിയിട്ടുണ്ട്.

സിബിൽ എംഎസ്എംഇ റാങ്കും കമേഴ്സ്യൽ ക്രെഡിറ്റ് റിപ്പോർട്ടും

ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭ മേഖലയിലേക്കുള്ള വായ്പകളുടെ ഒഴുക്കിനെ എളുപ്പമാക്കുന്ന സുപ്രധാന ഘടകങ്ങളാണ് സിബിൽ എംഎസ്എംഇ റാങ്കും കമേഴ്സ്യൽ ക്രെഡിറ്റ് റിപ്പോർട്ടും. നഷ്ട സാധ്യതാ നയങ്ങൾ, വേഗത്തിലും എളുപ്പത്തിലും വായ്പകൾ അനുവദിക്കലും വിതരണം ചെയ്യലും, യുക്തിസഹമായി ആസ്തികൾ ആസൂത്രണം ചെയ്യൽ തുടങ്ങിയവ തയ്യാറാക്കുന്നതിൽ ഇതു വായ്പാ സ്ഥാപനങ്ങളെ സഹായിക്കുന്നു.

എംഎസ്എംഇകളുടെ വായ്പാ ചരിത്രത്തെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ അടങ്ങിയതാണ് കമേഴ്സ്യൽ ക്രെഡിറ്റ് റിപ്പോർട്ട്. നേടിയിട്ടുള്ള വായ്പകളുടെ സ്വഭാവവും തുകയും, തിരിച്ചടക്കൽ രീതികൾ, നിലവിലുള്ള ബാധ്യതകൾ തുടങ്ങിയവയും ഇതിലുണ്ടായിരിക്കും. എന്തെങ്കിലും കുടിശ്ശികയോ വൈകിയ തിരിച്ചടവുകളോ ഉണ്ടെങ്കിൽ അതും സൂചിപ്പിക്കും. വായ്പയുടെ നഷ്ടസാധ്യതകൾ വിലയിരുത്തുന്ന വിധത്തിൽ കമ്പനിയുടെ വായ്പാ സ്വഭാവത്തെ കുറിച്ചുള്ള കൃത്യമായ ചിത്രം ഇതിലൂടെ വായ്പാ സ്ഥാപനങ്ങൾക്കു ലഭിക്കും.

പത്തു മുതൽ ഒന്നു വരെയാണ് സിബിൽ എംഎസ്എംഇ റാങ്ക്. ഇതിൽ ഒന്നാണ് ഏറ്റവും മികച്ചത്. എംഎസ്എംഇകളുടെ വായ്പാ വിവരങ്ങൾ ഒറ്റ അക്കത്തിൽ ഇതു പ്രദാനം ചെയ്യുന്നു. അതുവഴി ബിസിനസിൻറെ വായ്പാ ചരിത്രവും വായ്പാ തിരിച്ചടക്കൽ രീതികളും ലഭ്യമാകും. 50 കോടി രൂപ വരെ വായ്പകളുള്ള കമ്പനികൾക്കു മാത്രമാണ് ഈ റാങ്ക് ലഭ്യമാകുക.

ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭകത്വ മേഖലയിൽ വായ്പ നൽകുന്ന സ്ഥാപനങ്ങളെ പിന്തുണക്കുന്നതിനുള്ള പ്രതിബദ്ധത തുടർന്നു കൊണ്ട് ട്രാൻസ് യൂണിയൻ സിബിൽ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ എംഎസ്എംഇ കോൺക്ലോവുകളുടെ പരമ്പര സംഘടിപ്പിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.