- Trending Now:
കേരളത്തിലെ വനമേഖലകളിൽ ടൂറിസം സാധ്യതയുള്ള ഇടങ്ങൾ കണ്ടെത്തി മൈക്രോ ലെവലിലുള്ളതു മുതൽ ഉന്നത നിലവാരം വരെയുള്ള ടൂറിസം വികസന പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കി വരുന്നതായി വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. വിനോദ സഞ്ചാര വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ നവീകരിച്ച ഗവി ഇക്കോ ടൂറിസം സെന്ററിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഇത്തരത്തിലുള്ള പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിലൂടെ നിരവധി തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. വനം വകുപ്പും ടൂറിസം വകുപ്പും പരസ്പരം സഹകരിച്ച് ദീർഘവീക്ഷണത്തോടെ പദ്ധതികൾ കണ്ടെത്തി അവ വിനോദ സഞ്ചാരികൾക്ക് ആകർഷകമാകും വിധം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ടൂറിസം വകുപ്പ് 1.9 കോടി രൂപയാണ് ഗവിയിലെ ഇക്കോ ടൂറിസം സെന്ററിന്റെ അടിസ്ഥാന സൗകര്യ വികസനങ്ങൾ നവീകരിക്കുന്നതിനായി അനുവദിച്ചത്. സഞ്ചാരികൾക്ക് താമസിക്കുന്നതിനായി ആധുനികരിച്ച ഇക്കോ കോട്ടെജുകൾ, ഭക്ഷണശാല, ബോട്ടിംഗ് സംവിധാനങ്ങളും നവീകരിച്ചിട്ടുണ്ട്. കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷന്റെ നേതൃത്വത്തിലാണ് ഗവി ഇക്കോ ടൂറിസം സെന്റർ പ്രവർത്തിക്കുന്നത്.
അഡ്വ. കെ. യു. ജനീഷ് കുമാർ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി, വൈസ് പ്രസിഡന്റ് ഇ എസ് സുജ, സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ആർ പ്രമോദ്, വാർഡ് അംഗം ഗംഗമ്മ മുനിയാണ്ടി, കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷൻ ചെയർപേഴ്സൺ ലതികാ സുഭാഷ്, കെ എഫ് ഡി സി മാനേജിങ് ഡയറക്ടർ ജോർജി. പി. മാത്തച്ചൻ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ബിജു വർഗീസ്, കെ എഫ് ഡി സി ഡയറക്ടർമാരായ പി ആർ ഗോപിനാഥൻ, കെ എസ് ജ്യോതി, അബ്ദുൽ റസാഖ് മൗലവി, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആർ എസ് അരുൺ തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.