- Trending Now:
ഒരു രാജ്യത്തിന്റെ അല്ലെങ്കില്‍ പ്രദേശത്തിന്റെ പുരോഗതിക്ക് അവിടെയുള്ള സംരംഭങ്ങള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. ഒരു സംരംഭം നാട്ടില്‍ വരണമെങ്കില്‍ ചില ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ്. ഇങ്ങനെ സംരംഭകരെ ആകര്‍ഷിച്ച് പുരോഗതി നേടുന്ന നഗരങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.
യു കെ ആസ്ഥാനമായ കാര്‍ഡ് പേയ്മെന്റ് കമ്പനിയായ ദോജോ മികച്ച നഗരങ്ങളെ തെരഞ്ഞെടുക്കാനുള്ള ചില അളവുകോല്‍ നിശ്ചയിച്ചിരുന്നു. പുതിയതായി രജിസ്റ്റര്‍ ചെയ്ത ബിസിനസുകളുടെ എണ്ണം, ബിസിനസ് തുടങ്ങുന്നതിനാവശ്യമായ ചിലവ്, ആളോഹരി വരുമാനം, ജനസംഖ്യയില്‍ അഭ്യസ്തവിദ്യരായ ആളുകളുടെ ശതമാനക്കണക്ക്, പുതിയ ബിസിനസുകള്‍ തുടങ്ങുന്നത് സംബന്ധിച്ച ഗുഗിള്‍ സെര്‍ച്ച് റിസള്‍ട്ട് എന്നീ അഞ്ച് ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് സംരംഭകര്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന നഗരങ്ങളുടെ പട്ടിക ദോജോ തയ്യാറാക്കിയത്.
1.ലണ്ടന്‍
യു.കെ.യുടെ തലസ്ഥാനമായ ലണ്ടനാണ് ലോകത്തില്‍ സംരംഭകരെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന നഗരം. 500ല്‍ 481 പോയിന്റാണ് ലണ്ടന്‍ നേടിയത്. 664,974-ലധികം പുതിയ ബിസിനസുകളാണ് ലണ്ടന്‍ നഗരത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ലണ്ടന്‍ നഗരത്തില്‍ 'ഒരു പുതിയ ബിസിനസ്സ് എങ്ങനെ ആരംഭിക്കാം' എന്ന് 4,400 ല്‍ അധികം തവണയാണ് ഗൂഗിളില്‍ ആളുകള്‍ തിരഞ്ഞത്.
2. സിഡ്‌നി
ഓസ്ട്രേലിയയിലെ ഏറ്റവും വലിയ നഗരമായ സിഡ്നി സൂചികയില്‍ 500 ല്‍ 402 സ്‌കോറുമായി രണ്ടാം സ്ഥാനത്തെത്തി. ഓസ്ട്രേലിയയുടെ സാമ്പത്തിക മൂലധനം, ഏഷ്യാ പസഫിക് മേഖലയിലുടനീളമുള്ള മികച്ച വ്യാപാര ബന്ധങ്ങള്‍, ശക്തമായ ടൂറിസം, വ്യവസായം, പ്രവാസി ജനസംഖ്യ വര്‍ദ്ധിക്കല്‍ എന്നിവയില്‍ സിഡ്‌നി മുന്നിലാണ്. സിഡ്‌നിയില്‍ 235,654 പുതിയ ബിസിനസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കൂടാതെ കാന്‍വ, കൊക്കകോള, പോലുള്ള കമ്പനികളുടെ ആസ്ഥാനവും സിഡ്‌നിയിലാണ്.
3. കേപ്പ് ടൗണ്‍
സൗത്ത് ആഫ്രിക്കയുടെ തലസ്ഥാനമായ കേപ്പ് ടൗണാണ് പട്ടികയില്‍ മൂന്നാമത്. 500ല്‍ 384 പോയിന്റ് നേടിയാണ് സൗത്ത് ആഫ്രിക്കന്‍ നഗരം പട്ടികയില്‍ ഇടം നേടിയത്. ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവിശ്വസനീയമാംവിധം കുറഞ്ഞ ചിലവ് മാത്രമേ ഉള്ളൂ എന്നതിനാല്‍ 2018 ല്‍ 376,727 പുതിയ ബിസിനസുകളാണ് നഗരത്തില്‍ തുറന്നത്.
4 ന്യൂയോര്‍ക്ക്
അമേരിക്കന്‍ നഗരമായ ന്യൂയോര്‍ക്കാണ് നാലാം സ്ഥാനത്ത്. 487577 പുതിയ ബിസിനസുകളാണ് ന്യൂയോര്‍ക്കില്‍ രജിസ്റ്റര്‍ ചെയ്തത്. 500ല്‍ 379 പോയിന്റാണ് ന്യൂയോര്‍ക്കിന് ഉള്ളത്. എന്നാല്‍ ഏറെ സങ്കീര്‍ണവും വളരെ രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടതുമായ അമേരിക്കന്‍ ഇമിഗ്രേഷന്‍ സംവിധാനം വിദേശികളായ സംരംഭകര്‍ക്ക് മുന്നില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു. സ്റ്റാര്‍ട്ടപ്പ് വിസകളും മറ്റ് ആനുകൂല്യങ്ങളും ഉപയോഗിച്ച് മറ്റ് അനേകം രാജ്യങ്ങള്‍ അവരെ ആകര്‍ഷിക്കുമ്പോള്‍ സംരംഭകര്‍ക്കായുള്ള ആഗോള പോരാട്ടത്തില്‍ യുഎസിന് അതിന്റെ സ്ഥാനം നഷ്ടപ്പെടുമെന്ന ആശങ്കയുമുണ്ട്.
5. പാരിസ്
ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരിസാണ് അഞ്ചാം സ്ഥാനത്ത്. 366 പോയിന്റാണ് പാരിസിനുള്ളത്. ഇന്‍ഷുറന്‍സ്, ഓട്ടോമൊബൈല്‍ വ്യവസായം, ലോജിസ്റ്റിക്‌സ്, റീട്ടെയില്‍ വ്യാപാരം, എയറോനോട്ടിക്‌സ്, ഭക്ഷ്യ വ്യവസായം തുടങ്ങിയ എല്ലാത്തരം പ്രത്യേക ബിസിനസ്സുകളും പാരീസില്‍ നിലനില്‍ക്കുന്നു. കൂടാതെ നിരവധി രാജ്യങ്ങളുമായുള്ള മികച്ച കയറ്റുമതി നിരക്ക് സംരംഭകരെ ആകര്‍ഷിക്കാനുള്ള ഒരു പ്രധാന ഘടകമാണ്. ഫ്രാന്‍സിന്റെ കയറ്റുമതിയുടെ 18.6 ശതമാനം യുഎസ്എ, ജര്‍മ്മനി, യുകെ എന്നീ മൂന്ന് രാജ്യങ്ങളിലേക്കാണ്.
6. സിംഗപ്പൂര്‍
366 പോയിന്റോടെ സിംഗപ്പൂരാണ് ആറാം സ്ഥാനത്ത്. പ്രധാനമായും ടൂറിസത്തില്‍ നിന്ന് വരുമാനം നേടുന്ന രാജ്യത്ത് ഇലക്ട്രോണിക് മേഖല, കെമിക്കല്‍ ഇന്‍ഡസ്ട്രി, ടെലികോം, റബ്ബര്‍ ഇന്‍ഡസ്ട്രി എന്നിവയില്‍ നിരവധി അവസരങ്ങള്‍ ഉയര്‍ന്നു വരുന്നു.
7. ഒട്ടാവ
കാനഡയുടെ തലസ്ഥാനമായ ഒട്ടാവ 354 പോയിന്റോടെ ഏഴാം സ്ഥാനത്തുണ്ട്. കോവിഡ് പ്രതിസന്ധി മറികടക്കാനായി ഒട്ടേറെ നയങ്ങള്‍ സര്‍ക്കാര്‍ ഉദാരമാക്കിയിരുന്നു. പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനും അത് വഴി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കാനഡ സര്‍ക്കാര്‍ നിരവധി സഹായങ്ങള്‍ സംരംഭകര്‍ക്കായി നല്‍കുന്നുണ്ട്.
8. റോം
ഇറ്റലിയുടെ തലസ്ഥാനമായ റോം 342 പോയിന്റോടെ എട്ടാം സ്ഥാനത്താണ്. ലോകത്തിലെ എട്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ് ഇറ്റലി. യൂറോപ്യന്‍ യൂണിയനിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയും. കോവിഡ് പ്രതിസന്ധിയില്‍ നിന്നും ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറുന്ന ഇറ്റാലിയന്‍ നഗരം വര്‍ഷം തോറും ക്രമാനുഗതമായി വളരുകയുമാണ്.
കല, ഭക്ഷണം, സമ്പന്നമായ ചരിത്രം എന്നിവയ്ക്ക് പേരുകേട്ട ഇറ്റലി, റിസര്‍ച്ച് & ഡെവലപ്പ്‌മെന്റ്, ഇന്നൊവേഷന്‍, ഡിസൈന്‍, ഉല്‍പാദന മേഖല എന്നിവയ്ക്കായി അടിസ്ഥാന സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.
9. കോലാലംപൂര്‍
മലേഷ്യയുടെ തലസ്ഥാനമായ കോലാലംപൂരാണ് ഒന്‍പതാം സ്ഥാനത്ത്. 338 പോയിന്റാണ് കോലാലംപൂര്‍ നേടിയത്. കമ്പനി വിപുലീകരണത്തിനായി ചൈനീസ് കമ്പനികളില്‍ 65 ശതമാനവും തെരഞ്ഞെടുക്കുന്ന ഒന്നാമത്തെ രാജ്യം മലേഷ്യയാണ്. കോലാലംപൂരിലെ അതിവേഗം വളരുന്ന ഉപഭോക്തൃ വിപണികള്‍, വിതരണക്കാരുടെ ശൃംഖല, പ്രാദേശിക വ്യാപാര ബന്ധങ്ങള്‍ എന്നിവ ചൈനീസ് ഇതര സംരംഭകര്‍ക്ക് ഉയര്‍ന്ന മൂല്യമുള്ള ഉല്‍പ്പാദനം, ഊര്‍ജ്ജം, ഡിജിറ്റല്‍ സേവനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ശക്തമായ വളര്‍ച്ചാ സാധ്യത വാഗ്ദാനം ചെയ്യുന്നു.
10. മോസ്‌കോ
337 പോയിന്റോടെ റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയാണ് പട്ടികയില്‍ പത്താമത്. വര്‍ഷാവര്‍ഷം സംരംഭകര്‍ക്കായി അന്താരഷ്ട്ര സാമ്പത്തിക ഫോറം സംഘടിപ്പിക്കുന്ന രാജ്യമാണ് റഷ്യ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അയ്യായിരത്തോളം സംരംഭകര്‍ ഈ ഫോറത്തില്‍ പങ്കെടുക്കുന്നു. ഫോറത്തിന്റെ അടിസ്ഥാനത്തില്‍ സംഭകര്‍ക്ക് വേണ്ട സൗകര്യങ്ങളും നയ രൂപീകരണവും സര്‍ക്കാര്‍ നടത്തുന്നത് സംഭരകരെ ഇവിടെ ആകര്‍ഷിക്കാന്‍ കാരണമാകുന്നു.
ദോജോയുടെ പട്ടിക പ്രകാരം ഇന്ത്യയുടെ തലസ്ഥാനമായ ന്യൂ ഡല്‍ഹി 331 പോയിന്റോടെ പതിമൂന്നാം സ്ഥാനത്തുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.