Sections

ആശ്വാസ വാർത്ത; രാജ്യത്ത് തക്കാളി വില കുറയും

Saturday, Jul 22, 2023
Reported By admin
tomato

കൃഷിയിറക്കിയതിനെ കാലതാമസവും പ്രതികൂല കാലാവസ്ഥയുമാണ് തക്കാളി വില വർധനവിന്റെ പ്രധാന കാരണം


കുതിച്ചുയരുന്ന തക്കാളിയുടെ വില വരും ദിവസങ്ങളിൽ കുറയുമെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ സഹമന്ത്രി അശ്വിനി കുമാർ ചൗബെ. മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള പുതിയ വിളകളുടെ വരവ് വരും ദിവസങ്ങളിൽ ഉണ്ടായേക്കും. തക്കാളിയുടെ വില കുതിച്ചുയരുന്ന ചില്ലറ വിപണിയിൽ ഇത് ആശ്വാസം പകരും. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ എംപി കാർത്തികേയ ശർമ്മയുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം അശ്വിനി കുമാർ പറഞ്ഞത്. 

വില കുതിച്ചുയർന്നതോടെ ഉപഭോക്താക്കൾക്ക് താങ്ങാവുന്ന വിലയിൽ തക്കാളി ലഭ്യമാക്കുന്നതിനായി സബ്സിഡി നിരക്കിൽ താക്കളി നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷനും (എൻസിസിഎഫ്) നാഷണൽ അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷനും (നാഫെഡ്) ആന്ധ്രാപ്രദേശ്, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നും  തുടർച്ചയായി തക്കാളി സംഭരിക്കുകയും ദില്ലി,ബിഹാർ, രാജസ്ഥാൻ എന്നിവിടങ്ങളിലെ പ്രധാന ഉപഭോക്തൃ കേന്ദ്രങ്ങളിൽ വിൽക്കുകയും ചെയ്യുന്നുണ്ട്. 

തക്കാളി വിലയിലെ ഇപ്പോഴത്തെ വർധന കർഷകരെ കൂടുതൽ തക്കാളി കൃഷി ചെയ്യാൻ പ്രേരിപ്പിച്ചേക്കുമെന്നും ഇത് വരും മാസങ്ങളിൽ ഉത്പാദനം കൂട്ടുമെന്നും തുടർന്ന് വില സ്ഥിരത കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. 

തക്കാളി വില ഉയർന്നതോടെ പ്രതിസന്ധി ലഘൂകരിക്കാൻ ആന്ധ്രാപ്രദേശ്, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ സംഭരിച്ച തക്കാളി ഒറ്റരാത്രികൊണ്ട് ദില്ലിയിലെത്തിച്ചിരുന്നു. എൻസിസിഎഫും നാഫെഡും ജൂലൈ 18 വരെ മൊത്തം 391 ടൺ തക്കാളി സംഭരിച്ചു.  

തക്കാളി സബ്‌സിഡി നിരക്കിൽ വിൽക്കുമ്പോൾ ഉണ്ടാകുന്ന നഷ്ടം കേന്ദ്ര സർക്കാർ ഏറ്റെടുക്കും. രാജ്യത്തിന്റ വിവിധ ഭാഗങ്ങളിൽ തുടരുന്ന കനത്ത മഴയും വെള്ളപ്പൊക്കവും കാരണം തക്കാളിയുടെ ഉൽപാദനത്തെയും, ലഭ്യതയെയും മോശമായി ബാധിച്ചത് വില ഉയരാൻ ഇടയാക്കിയെന്നാണ് റിപ്പോർട്ടുകൾ. മൺസൂൺ കാലമായതിനാൽ വിതരണവും പ്രതിസന്ധി നേരിടുന്നു. കൃഷിയിറക്കിയതിനെ കാലതാമസവും പ്രതികൂല കാലാവസ്ഥയുമാണ് തക്കാളി വില വർധനവിന്റെ പ്രധാന കാരണം. അപ്രതീക്ഷിതമായി പെയ്ത വലിയ മഴ കാരണം പലയിടത്തും കൃഷി നശിച്ച സാഹചര്യവുമുണ്ടായി
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.