- Trending Now:
ഇരുപത് വർഷമായി കൃഷിയിറക്കാനാകാതെ തരിശായി കിടന്ന ഭൂമിയിൽ വിത്തു വിതച്ചു. സംസ്ഥാന സർക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായാണ് തിരുമാറാടി ഗ്രാമ പഞ്ചായത്തിലെ ഓലിയപുറം വടക്കനോടി, വാളാത്ത് പാടശേഖരങ്ങളിലെ 20 ഏക്കറോളം വരുന്ന കൃഷി ഭൂമി തിരിച്ചു പിടിച്ചത്. വിത്തു വിതക്കൽ ചടങ്ങിന്റെ ഉദ്ഘാടനം കേരള ലാൻഡ് ഡെവലപ്മെന്റ് കോർപറേഷൻ (കെ.എൽ.ഡി.സി) ചെയർമാൻ പി.വി. സത്യനേശൻ നിർവഹിച്ചു.
മൂവാറ്റുപുഴ വാലി ഇറിഗേഷൻ കനാലുകളിൽ നിന്നുണ്ടാകുന്ന വെള്ളക്കെട്ട് മൂലം ചെളി കയറുന്ന സാഹചര്യത്തിലാണ് ഇവിടുത്തെ കൃഷി നിലച്ചത്. പിന്നീടു വന്ന ഗ്രാമ പഞ്ചായത്ത് ഭരണ സമിതികളുടെ നിരന്തര ശ്രമത്തിനൊടുവിൽ കെ.എൽ.ഡി.സി നിർമ്മിച്ച ലീഡിംഗ് ചാനൽ പൂർത്തിയായതോടെയാണ് കൃഷിയിറക്കാനുള്ള സൗകര്യം ഒരുങ്ങിയത്. വടക്കനോടി, വാളാത്ത് പാടങ്ങൾക്ക് പുറമേ പഞ്ചായത്തിലെ ചെളിക്കുണ്ടായിരുന്ന അഞ്ച് പാടശേഖരങ്ങൾ കൂടിയാണ് ഇതുവഴി കൃഷിയോഗ്യമായത്. കഴിഞ്ഞ വർഷം വിത്തു വിതച്ച തിരുനിലം പാടശേഖരത്ത് റെക്കോർഡ് വിളവാണ് ലഭിച്ചത്.
ഗ്രാമ പഞ്ചായത്തിന്റെയും തിരുമാറാടി കൃഷി ഭവന്റെയും പൂർണ പിന്തുണയോടെയാണ് വാളാത്ത്, വടക്കനോടി പാടങ്ങളിൽ കൃഷി ആരംഭിച്ചത്. വാർഡ് അംഗം സി.വി. ജോയിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഭരണസമിതി കർഷകർക്ക് ഭൂമി ഒരുക്കുന്നതുമായി ബന്ധപ്പെട്ട സഹായങ്ങളുമായി മുൻപന്തിയിൽ നിന്നപ്പോൾ ആവശ്യമായ നെൽ വിത്തും വളവും നൽകിയത് കൃഷി ഭവനായിരുന്നു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രമ മുരളീധര കൈമൾ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.