- Trending Now:
കഴിഞ്ഞ ദിവസം അനിൽ അംബാനിക്കൊപ്പം ഹാജരാകാൻ ടീനയോടും കേന്ദ്ര അന്വേഷണ ഏജൻസി ആവശ്യപ്പെട്ടിരുന്നു
വിദേശനാണ്യ വിനിമയ ചട്ടം (FEMA) ലംഘിച്ചുവെന്ന് ആരോപിക്കുന്ന കേസിൽ വ്യവസായിയും റിലയൻസ് എഡിഎ ഗ്രൂപ്പ് ചെയർമാനുമായ അനിൽ അംബാനിയുടെ ഭാര്യ ടീന അംബാനി, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ED) മുമ്പാകെ ഹാജരായി. ഇഡിയുടെ മുംബൈ ഓഫീസിൽ ഇന്നു രാവിലെയോടെയാണ്, വിദേശ പണമിടപാടുമായി ബന്ധപ്പെട്ട കേസിൽ ടീന അംബാനി ഹാജരായതെന്ന് വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം അനിൽ അംബാനിയും ഇഡിക്ക് മുമ്പാകെ ചോദ്യം ചെയ്യലിനായി ഹജരായിരുന്നു.
മുംബൈയിലെ ബല്ലാർഡ് എസ്റ്റേറ്റിലുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലാണ് ടീന അംബാനി മൊഴി നൽകാനായി ഇപ്പോൾ എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം അനിൽ അംബാനിക്കൊപ്പം ഹാജരാകാൻ ടീനയോടും കേന്ദ്ര അന്വേഷണ ഏജൻസി ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി അടുത്തയാഴ്ച ഹാജരാകാമെന്നായിരുന്നു ടീന അംബാനി കഴിഞ്ഞ ദിവസം ഇഡിക്ക് മറുപടി നൽകിയത്.
എന്നാൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ച് വീണ്ടും ഇഡി നോട്ടീസ് അയച്ചതോടെ, ടീന അംബാനി ചൊവ്വാഴ്ച രാവിലെ മുംബൈ ഓഫീസിലേക്ക് എത്തുകയായിരുന്നു. അടുത്തയാഴ്ച വീണ്ടും ഹാജരാകണമെന്ന് അനിൽ അംബാനിയോട് ഇഡി ഉദ്യോഗസ്ഥർ നിർദേശിച്ചിട്ടുണ്ട്.
വിദേശത്ത് വെളിപ്പെടുത്ത ആസ്തികളും നിക്ഷേപങ്ങളുമുണ്ടെന്നും ഇവിടേക്ക് വിദേശനാണ്യ വിനിമയ ചട്ടം ലഘിച്ച് പണമിടപാട് നടന്നിട്ടുണ്ടെന്നുമുള്ള ആരോപണത്തിലാണ്, അനിൽ അംബാനിക്കെതിരായ നിലവിലെ അന്വേഷണമെന്നാണ് ഇഡി വൃത്തങ്ങൾ നൽകുന്ന സൂചന. ജേർസി, സൈപ്രസ്, ബ്രിട്ടീഷ് വിർജിൻ ദ്വീപ് എന്നിവടങ്ങളിലായി പ്രവർത്തിക്കുന്ന ചില വിദേശ കമ്പനികളുമായി അനിൽ അംബാനിക്കുളള ബന്ധവും ഇഡി അന്വേഷിക്കുന്നുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.