- Trending Now:
കേരളത്തിലെ സ്ത്രീകളിൽ സ്തനാർബുദം കഴിഞ്ഞാൽ ഏറ്റവും അധികം കണ്ടുവരുന്നത് തൈറോയ്ഡ് ഗ്രന്ഥിയിലെ ക്യാൻസർ ആണ്. കുറച്ചു വർഷങ്ങളായി കേരളത്തിൽ ഈ കാൻസർ കൂടി വരികയാണ്. ഇത് സാധാരണ 50 വയസ്സിനു മേൽ പ്രായമുള്ള സ്ത്രീകളിലാണ് കൂടുതൽ കണ്ടുവരുന്നത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ തൈറോഡ് കാൻസർ ഉണ്ടാകാനുള്ള സാധ്യത രണ്ട് മുതൽ മൂന്നരട്ടി വരെ കൂടുതലാണ്. തീരെ ചെറിയ കുട്ടികളിലും കൗമാരപ്രായക്കാരിലും കാണപ്പെടുന്നു എന്നതാണ് തൈറോയ്ഡ് ക്യാൻസറിന്റെ പ്രത്യേകത. ഇവരിൽ കാണപ്പെടുന്ന തൈറോയ്ഡ് ക്യാൻസർ കഴുത്തിലെ കഴലകളിലേക്ക് വ്യാപിക്കാനുള്ള സാധ്യത മുതിർന്നവരെ അപേക്ഷിച്ചു കൂടുതലാണ്.
തലയിലും കഴുത്തിലും ഉയർന്ന അളവിൽ റേഡിയേഷന് വിധേയമായവരിൽ തൈറോയ്ഡ് ക്യാൻസർ വരാനിടയുണ്ട്. അതിനാൽ തല, കഴുത്ത്, പല്ല് എന്നിവിടങ്ങളിൽ സുരക്ഷിതമല്ലാത്ത രീതിയിൽ എക്സ്റേ പരിശോധന ആവർത്തിക്കുന്നത് ഒഴിവാക്കണം. പാരമ്പര്യവും ഈ ക്യാൻസർ ഉണ്ടാക്കുന്നതിൽ ഒരു പങ്കുവഹിക്കുന്നു. അയഡിന്റെ അപര്യാപ്തതയും തൈറോയ്ഡ് ക്യാൻസറിന് കാരണമാകാം. തൈറോയ്ഡ് ക്യാൻസറിൽ ഭൂരിഭാഗവും പാപ്പിലറി കാർസിനോമ എന്ന വിഭാഗത്തിൽപ്പെടുന്നു. ഇവ അത്ര അപകടകാരികൾ അല്ല. ആരംഭ ഘട്ടത്തിൽ കണ്ടെത്തിയാൽ പൂർണ്ണമായും ചികിത്സിച്ചു ഭേദപ്പെടുത്താൻ സാധിക്കും. തൈറോഡ് ഗ്രന്ഥിയിൽ കാണപ്പെടുന്ന മറ്റു ക്യാൻസറുകൾ ഫോളിക്കുലാർ, മെഡുല്ലറി, അനാപ്ലാസ്റ്റിക് തുടങ്ങിയവയാണ്
തൈറോയ്ഡ് ക്യാൻസറിന്റെ ഏറ്റവും പ്രധാന ലക്ഷണം കഴുത്തിനു മുൻവശത്തായി കാണുന്ന വേദന ഇല്ലാത്തതും കട്ടി ആയതുമായ മുഴയാണ്. ചിലപ്പോൾ കഴുത്തിന്റെ ഒരു വശത്ത് കട്ടിയായ കഴലയായും കാണാം. രോഗം തീവ്രമാകുമ്പോൾ ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ടും, ശ്വാസ തടസ്സവും, ഒച്ചയടപ്പും ഉണ്ടാകുന്നു. ഇവയെല്ലാം ഉണ്ടാകുന്നത് ശ്വാസനാളം, അന്നനാളം സ്വന പേടകം എന്നിവയിൽ മുഴച്ചെലത്തുന്ന സമ്മർദ്ദം മൂലമാണ്.
രോഗനിർണയത്തിനുള്ള പ്രധാന മാർഗ്ഗമാണ് അയഡിൻ സ്കാൻ. അതായത് റേഡിയോ ആക്ടീവ് അയഡിൻ അടങ്ങിയ ഔഷധം ചെറിയ ഡോസിൽ വായിലൂടെ നൽകി 24 മണിക്കൂറിനു ശേഷം ചെയ്യുന്ന തൈറോയ്ഡിന്റെ സ്കാൻ. തൈറോയ്ഡ് ഗ്രന്ഥിയിൽനിന്ന് കുത്തിയെടുക്കുന്ന FNCA പരിശോധനയും തൈറോഡിൽ നിന്നുള്ള ബയോപ്സി പരിശോധനയും ആണ് മറ്റു മാർഗ്ഗങ്ങൾ.
തൈറോയ്ഡ് ക്യാൻസറിന്റെ പ്രധാന ചികിത്സാ ശസ്ത്രക്രിയയാണ്. അതോടൊപ്പം റേഡിയേഷൻ ഹോർമോൺ ചികിത്സ എന്നിവ സമന്വയിപ്പിച്ചും നൽകാറുണ്ട്. സർജറിയിലൂടെ ക്യാൻസർ ബാധിച്ച തൈറോയ്ഡ് ഗ്രന്ഥി പൂർണ്ണമായും നീക്കം ചെയ്യും. കഴുത്തിലെ കഴലകളിലേക്ക് അസുഖം ബാധിച്ചിട്ടുണ്ടെങ്കിൽ കഴലകളും ശസ്ത്രക്രിയയിലൂടെ നീക്കേണ്ടതുണ്ട്. ശസ്ത്രക്രിയ സമയത്ത് അപൂർവമായി സംഭവിക്കാവുന്ന ഒരു അപകടം ശബ്ദ പേടക്കത്തിലെ ഞരമ്പുകൾക്കുള്ള ക്ഷതമാണ്. അപ്പോൾ ശബ്ദത്തിന് മാറ്റം ഉണ്ടാകാം. രക്തത്തിലെ കാൽസ്യത്തിന്റെ അളവിനും വ്യതിയാനം സംഭവിക്കാം. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇത് സാധാരണ നിലയിലേക്ക് മടങ്ങിവരും. ശസ്ത്രക്രിയയ്ക്ക് ശേഷം തൈറോയ്ഡ് ഗ്രന്ഥിയുടെ ചെറിയ ഭാഗം എങ്കിലും അവശേഷിക്കുന്നു എങ്കിൽ റേഡിയോ അയഡിൻ ഉപയോഗിച്ച് നശിപ്പിച്ചു കളയേണ്ടതാണ്. ശസ്ത്രക്രിയ സാധ്യമല്ലാത്ത സാഹചര്യത്തിൽ ബാഹ്യമായ റേഡിയേഷൻ കൊടുക്കാറുണ്ട്. തൈറോഡ് ഗ്രന്ഥി നീക്കം ചെയ്യപ്പെട്ട രോഗികൾ ശേഷിച്ച് ജീവിതകാലം തൈറോയ്ഡ് ഹോർമോൺ ഗുളികകൾ കഴിക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.