- Trending Now:
യുവതയെ തൊഴിലിലേക്കും സംരംഭങ്ങളിലേക്കും വഴികാട്ടാനായി തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന തൊഴിൽ സഭകൾക്ക് തുടക്കമാകും. ജനകീയ ഇടപെടലിലൂടെ ബദൽ സൃഷ്ടിക്കുന്ന മറ്റൊരു കേരള മാതൃകയ്ക്കാണ് തുടക്കമാകുന്നത്. തൊഴിലന്വേഷകരെ തിരിച്ചറിയുകയും അനുയോജ്യമായ തൊഴിൽ സാധ്യതകൾ കണ്ടെത്തുകയും കേരളത്തിനും രാജ്യത്തിനും അകത്തും പുറത്തുമുള്ള തൊഴിലിലേക്ക് നയിക്കുകയുമാണ് തൊഴിൽസഭകളിലൂടെ ലക്ഷ്യമിടുന്നത്. പ്രാദേശികമായി യുവാക്കളെ സംഘടിപ്പിച്ച് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ തൊഴിലിലേക്ക് എത്തിക്കാനുള്ള ഈ പുത്തൻ ആശയം ലോകത്ത് തന്നെ ആദ്യത്തേതാണ്.
സുസ്ഥിര പ്രാദേശിക സാമ്പത്തിക വളർച്ചയുടെ പ്രഭവ കേന്ദ്രങ്ങളായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ മാറ്റുന്നതിനാണ് 14-ാം പഞ്ചവത്സര പദ്ധതി ലക്ഷ്യമിടുന്നത്. പ്രാദേശിക സാമ്പത്തിക വികസനവും തൊഴിലവസരങ്ങളുടെ സൃഷ്ടിയുമാണ് മുൻഗണനാ ലക്ഷ്യങ്ങൾ. എല്ലാ മേഖലകളിലും പരമാവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സംരംഭം ആരംഭിക്കാനുള്ള പ്രോത്സാഹനം ഒരുക്കുന്നതിന്റെയും ഭാഗമാണ് തൊഴിൽസഭകളും. ആയിരത്തിൽ അഞ്ചുപേർക്ക് തൊഴിൽ നൽകാനുള്ള പദ്ധതിയും, ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ തുടങ്ങാനുള്ള പദ്ധതിയും, കെ ഡിസ്‌ക് വഴി ഇരുപത് ലക്ഷം പേർക്ക് തൊഴിൽ നൽകുന്ന പദ്ധതിയുമെല്ലാം തൊഴിൽ സഭകളുടെ സഹകരണത്തോടെയാകും മുന്നോട്ടുപോവുക. ഇടതുപക്ഷ ജനാധിപത്യ മുന്നണി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നോട്ടുവെച്ച പ്രകടന പത്രികയിലെ വാഗ്ദാനങ്ങളിലൊന്നാണ് ഇതിലൂടെ നടപ്പിലാകുന്നത്.
മുൻ തദ്ദേശ സ്വയം ഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററാണ് തൊഴിൽ സഭ എന്ന ആശയം മുന്നോട്ടുവെച്ചത്. വ്യത്യസ്ത വകുപ്പുകളുടെയും ഏജൻസികളുടെയും പ്രവർത്തനങ്ങളെ തദ്ദേശ സ്വയം ഭരണ സ്ഥാപന തലത്തിൽ ഏകോപിപ്പിച്ചുകൊണ്ട് സർക്കാർ സംവിധാനങ്ങളുടെയും സ്വകാര്യ മേഖലകളുടെയും സഹായം തൊഴിൽ അന്വേഷകരിലേക്ക് നേരിട്ടെത്തിക്കുക എന്നതും തൊഴിൽ സഭയുടെ പ്രധാന ലക്ഷ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.