Sections

നാളികേരകർഷകരുടെ വരുമാനം വർദ്ധിപ്പിക്കാൻ ഈ മാർഗം ഉപയോഗിക്കണം

Thursday, Jan 19, 2023
Reported By admin
agriculture

കർഷകന് ലഭിക്കുന്ന ആനുകൂല്യങ്ങൾക്ക് ഒരു തുടർച്ച ഉണ്ടാകണം


നാളികേരത്തിന്റെ വിവിധ മൂല്യവർദ്ധിത ഉത്പന്നങ്ങൾ വിപണിയിൽ എത്തിച്ച് കർഷകരുടെ വരുമാനം വർദ്ധിപ്പിക്കണമെന്നു കൃഷിമന്ത്രി പി. പ്രസാദ്. താമരക്കുളം ഗ്രാമപഞ്ചായത്തിന് അനുവദിച്ച കേരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

നാളികേര കൃഷിയുടെ പ്രാധാന്യവും ഉത്പാദനക്ഷമതയും വർധിപ്പിച്ച് കേരകർഷകരുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി സംസ്ഥാന സർക്കാർ ആവിഷ്കരിച്ചു നടപ്പാക്കിവരുന്ന പദ്ധതിയാണ് കേരഗ്രാമം. നാളികേര കൃഷി വ്യാപിപ്പിക്കുക, നിലവിലുള്ള തെങ്ങുകളെ സംരക്ഷിക്കുക, തേങ്ങയിൽ നിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങൾ ഉത്പാദിപ്പിച്ച് വിപണനം നടത്തി കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുക എന്നിവയാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്.

കേരഗ്രാമം പദ്ധതിയുടെ മൂന്ന് വർഷ കാലാവധി കഴിഞ്ഞാലും കർഷകന് ലഭിക്കുന്ന ആനുകൂല്യങ്ങൾക്ക് ഒരു തുടർച്ച ഉണ്ടാകണം. അതിന് തദ്ദേശ സ്ഥാപനങ്ങൾ പദ്ധതികൾ ഉപയോഗപ്പെടുത്തണം. താമരക്കുളത്തിന്റെ സ്വന്തം ബ്രാൻഡിൽ വെളിച്ചെണ്ണയുൾപ്പെടെയുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയള്ള പ്രവർത്തനങ്ങൾ ഈ വർഷം തന്നെ സംഘടിപ്പിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. മൂല്യവർദ്ധിത ഉത്പന്നങ്ങൾ വിറ്റഴിഞ്ഞുകിട്ടുന്ന ലാഭത്തിന്റെ ഒരംശം കർഷകന് തിരികെ നൽകണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മാവേലിക്കര എം.എൽ.എ. എം. എസ് അരുൺകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കൃഷി ഓഫീസർ സിബി ടി. നീണ്ടിശ്ശേരി പദ്ധതി വിശദീകരിച്ചു, പഞ്ചായത്തിലെ മുതിർന്ന കേര കർഷകൻ കെ.ആർ രാമചന്ദ്രനെയും കർഷക തൊഴിലാളി ദാമോദരൻ മാവുള്ളതിലിനെയും മന്ത്രി ചടങ്ങിൽ ആദരിച്ചു. പദ്ധതി പ്രകാരമുള്ള കാർഷികോപകരണങ്ങളുടെ വിതരണം എം.എൽ.എ. നിർവ്വഹിച്ചു. താമരക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജി.വേണു സ്വാഗതം പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.