- Trending Now:
തിരുവനന്തപുരം: മലയാളികളുടെ സ്റ്റാർട്ടപ്പ് സംരംഭമായ ഫെതർ സോഫ്റ്റ് ഇൻഫോ സൊലൂഷൻസിനെ ഏറ്റെടുത്ത് കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന തിങ്ക്ബയോ ഡോട്ട് എഐ. ബയോടെക്, ഫാർമസ്യൂട്ടിക്കൽ, ഡിജിറ്റൽ ഹെൽത്ത്കെയർ മേഖലകൾക്ക് എഐ അധിഷ്ഠിത സേവനങ്ങൾ നൽകുന്ന മുൻനിര കമ്പനിയാണ് തിങ്ക് ബയോ. സോഫ്റ്റ് വെയർ, ക്ലൗഡ് അധിഷ്ഠിത സേവനങ്ങൾ നൽകുന്ന കൊച്ചി ഇൻഫോ പാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പാണ് ഫെതർ സോഫ്റ്റ്. ഏറ്റെടുക്കൽ പൂർത്തിയായതോടെ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കേരളത്തിൽ 200 കോടിയുടെ നിക്ഷേപം നടത്തുമെന്ന് കമ്പനി അധികൃതർ അറിയിച്ചു. എ.ഐ, ബയോടെക്നോളജി രംഗത്ത് ആയിരത്തിലധികം തൊഴിലവസരങ്ങൾക്ക് വഴിയൊരുക്കുന്നതാണ് നിക്ഷേപ പദ്ധതി. എന്നാൽ, ഏറ്റെടുക്കൽ തുക വെളിപ്പെടുത്തിയിട്ടില്ല. 350-ൽ അധികം സ്കിൽഡ് പ്രൊഫഷണൽസുള്ള ഫെതർ സോഫ്റ്റിനെ സ്വന്തമാക്കിയതിലൂടെ ക്ലൗഡ് കംപ്യൂട്ടിങ്ങിലും സോഫ്റ്റ് വെയർ എൻജിനീയറിങ്ങിലുമുള്ള വൈദഗ്ദ്ധ്യവും തിങ്ക് ബയോയ്ക്ക് ലഭ്യമാകും. നവീകരണ പ്രവർത്തനം ശക്തിപ്പെടുത്തുക, മരുന്ന് ഗവേഷണ രംഗത്തെ പരിവർത്തനം എന്നിവ ഏറ്റെടുക്കലിന്റെ ലക്ഷ്യമാണ്. ഏറ്റെടുക്കൽ തിങ്ക്ബയോയുടെ സേവനങ്ങൾ വിപുലീകരിക്കാനും പ്ലാറ്റ്ഫോം-നിർമ്മാണ ശേഷി ശക്തിപ്പെടുത്താനും ലൈഫ് സയൻസ് രംഗത്ത് ക്ലയന്റുകൾക്ക് മികച്ച സേവനം നൽകാനും പ്രാപ്തമാക്കും.
ബയോ സയൻസിലും ലൈഫ് സയൻസിലും സാങ്കേതികവിദ്യയിലൂടെ നവീന മാറ്റം സൃഷ്ടിക്കുവാനുള്ള കമ്പനിയുടെ ദൗത്യത്തിന്റെ സുപ്രധാന ചുവടുവയ്പാണിതെന്ന് തിങ്ക് ബയോ സ്ഥാപകനും സിഇഒയുമായ പ്രദീപ് പാലാഴി പറഞ്ഞു. കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് ആഗോള സാങ്കേതിക രംഗത്ത് വർദ്ധിച്ചുവരുന്ന പ്രധാന്യമാണ് ഈ ഏറ്റെടുക്കൽ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നിർമ്മിത ബുദ്ധിയിലൂടെ ബയോടെക്, ഡിജിറ്റൽ ഹെൽത്ത് കെയർ എന്നിവയിൽ നവീന മാറ്റം കൊണ്ടുവരാനുള്ള തിങ്ക് ബയോയുടെ കാഴ്ച്ചപാടിന്റെ ഭാഗമാകുവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഫെതർസോഫ്റ്റ് സി.ഇഒ ജോർജ്ജ് വർഗീസും സ്ഥാപകൻ സുധീഷ് ചന്ദ്രനും പറഞ്ഞു. പുതിയ പങ്കാളിത്തത്തിലൂടെ രോഗീ പരിചരണത്തിലും മെഡിക്കൽ സാങ്കേതിക മേഖലയിലും പരിവർത്തനം സൃഷ്ടിക്കാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നതെന്നും അവർ അഭിപ്രായപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.