- Trending Now:
ഒരു കുട്ടിയുടെ സ്വഭാവരൂപീകരണത്തിൽ പ്രധാന പങ്ക് വഹിക്കുന്നത് മാതാപിതാകളും ഒപ്പം താമസിക്കുന്നവരുമാണ്. മാതാപിതാക്കളെന്ന നിലയിലുള്ള നിങ്ങളുടെ പങ്ക് മസ്തിഷ്കത്തിന്റെ വികസനത്തിനു മാത്രമല്ല, ആരോഗ്യവും, സഹാനുഭൂതി പ്രകടമാക്കാൻ പ്രാപ്തരായ മനുഷ്യജീവികളെ വാർത്തെടുക്കുക എന്നത് കൂടെയാണ്. കുഞ്ഞുങ്ങളെ ശൈശവം മുതൽ നല്ല സ്വഭാവം പരിശീലിപ്പിക്കുക എന്നത് കഠിനാധ്വാനം തന്നെയാണ്. അതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് സൂചിപ്പിക്കുന്നത്.
കുഞ്ഞുങ്ങളെ ഒച്ചവെച്ച് ശകാരിച്ച് വളർത്തിയാൽ, ഭാവിയിൽ അവർ മറ്റുള്ളവരോടും അതേ രീതിയിൽ തന്നെയായിരിക്കും പെരുമാറുക. രക്ഷിതാക്കൾ പരസ്പര ബഹുമാനത്തോടെ പെരുമാറുന്ന വീട്ടിലെ കുട്ടികൾ ബഹുമാന പുരസ്സരമായിരിക്കും സ്വന്തം രക്ഷിതാക്കളോടും മറ്റുള്ളവരോടും പെരുമാറുക.
കുട്ടി നല്ല കാര്യം ചെയ്താൽ അതിനെ അപ്പോൾ തന്നെ വേണ്ടവിധം അഭിനന്ദിക്കണം. സാധാരണ സ്വന്തം മുറി വൃത്തിയിൽ സൂക്ഷിക്കാൻ മടിയുള്ള കുട്ടി ഒരു ദിവസം അതു ഭംഗിയായി ചെയ്തിരിക്കുന്നതു കണ്ടാൽ 'ഇന്നെങ്കിലും നിനക്കിതു ചെയ്യാൻ തോന്നിയല്ലോ...?' എന്നു നെഗറ്റീവായി അഭിപ്രായം രേഖപ്പെടുത്തുന്നവരാണ് അധികവും. എന്നാൽ മറിച്ച്, 'ആഹാ കൊള്ളാലോ, നിന്റെ മുറി. നല്ല ഭംഗിയുണ്ട്. നന്നായി മോനേ....' എന്നു തോളിൽ തട്ടി വളരെ പോസിറ്റീവായ അഭിനന്ദനമാണെങ്കിൽ കുട്ടി ആ ശീലം ആവർത്തിക്കാൻ ശ്രമിക്കും.
നിയന്ത്രണങ്ങൾ ഏറുന്തോറും കുട്ടികളിൽ വാശിയും കൂടുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. തങ്ങളെ അടക്കി നിർത്തുന്നതായി തോന്നിയാൽ ചില കുട്ടികൾ മാതാപിതാക്കളിൽ നിന്ന് അകന്നു പോവുകയും ചില ചീത്ത കൂട്ടുകെട്ടിൽ വീഴാറുണ്ട്. അത് ഒഴിവാക്കുക.
കൃത്യമായ ദിനചര്യകൾ, ആഹാരം കഴിക്കൽ, കൈ കഴുകി വൃത്തിയാക്കൽ, പല്ലും വായയും വൃത്തിയാക്കൽ, മലമൂത്ര വിസർജ്ജനം, കുളി വസ്ത്രധാരണം, ഉറക്കം, പുസ്തകങ്ങളും മറ്റ് വസ്തുക്കളും സൂക്ഷിച്ച് വെക്കൽ തുടങ്ങിയ ദൈനംദിന പ്രവർത്തികൾ അടുക്കും ചിട്ടയോടും കൂടി സ്വയം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കേണ്ട ഉത്തരവാദിത്വം രക്ഷിതാക്കൾക്കാണ്. സ്വന്തം ഭക്ഷണപാത്രങ്ങൾ കഴുകിവെക്കാനും പിന്നീട് ഭക്ഷണം സ്വയം പാകം ചെയ്യാനും ആൺ, പെൺ വ്യത്യാസമില്ലാതെ എല്ലാ കുട്ടികളും പഠിച്ചിരിക്കണം.സ്വന്തം കളിപ്പാട്ടങ്ങൾ അടുക്കി വയ്ക്കുക തുടങ്ങി ചെറിയ ചെറിയ കാര്യങ്ങൾ സ്വയം ചെയ്യാൻ ശീലിപ്പിക്കാം. പഠനമേശ വൃത്തിയാക്കുക, സ്കൂൾ ബാഗിൽ പുസ്തകങ്ങൾ അടുക്കി വയ്ക്കുക തുടങ്ങിയ കാര്യങ്ങൾ കുട്ടികൾ സ്വയം ചെയ്യട്ടെ.
അമിത വാത്സല്യ പ്രകടനങ്ങൾ, തനിയ്ക്ക് മാത്രം പ്രത്യേക അവകാശങ്ങളുണ്ടെന്ന തെററുദ്ധാരണയ്ക്കും പിന്നീട് ദുർവാശിയ്ക്കും കാരണമാകും.വീട്ടിൽ വ്യക്തമായ നിയമങ്ങൾ ഉണ്ടായിരിക്കണം. അവ എല്ലാവർക്കും ഒരു പോലെ ബാധകമായിരിക്കണം.കുട്ടികളും രക്ഷിതാക്കളും തമ്മിലുള്ള പരസ്പര ബഹുമാനമുണ്ടായിരിക്കണം. സങ്കോചമില്ലാതെ ഏത് അപരിചിതരേയും അപരിചിത സാഹചര്യങ്ങളേയും ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാനുള്ള കഴിവ് , തങ്ങളുടെ കുട്ടികളിൽ വികസിപ്പിക്കാൻ രക്ഷിതാക്കൾ ബോധപൂർവ്വം ശ്രമിക്കണം.
കുട്ടികളോടൊപ്പം സമയം ചെലവഴിക്കുക അത് കുട്ടികളും മാതാപിതാക്കളും തമ്മിൽ ദൃഢമായ ഒരു ബന്ധം ഉണ്ടാക്കാൻ ഇടയാക്കും. രാത്രികാല ഭക്ഷണസമയങ്ങൾ കുട്ടികളോടൊപ്പം എല്ലാവരും ഒത്തുചേരാൻ ശ്രമിക്കണം.
അഭിപ്രായം തുറന്നു പറയാനുള്ള ധൈര്യം പകർന്നു നൽകുക. നമുക്ക് ശരി എന്നു തോന്നുന്ന കാര്യങ്ങൾ മറ്റാരെയും മുറിപ്പെടുത്താത്ത വിധം തുറന്നു പറയാൻ കുട്ടികളെ പ്രാപ്തരാക്കുക. മറ്റുള്ളവരുടെ അഭിപ്രായം എത്രത്തോളം സ്വീകരി ക്കണം എന്നും കുട്ടികളെ പരിശീലിപ്പിക്കുക. മറ്റുള്ളവരുടെ പ്രതികൂലമായ അഭിപ്രായങ്ങൾ നമ്മുടെ കഴിവുകളെ ബാധിക്കില്ല എന്ന് അവരെ ബോധ്യപ്പെടുത്തിക്കൊടുക്കുക. മറ്റുള്ളവരുടെ അഭിപ്രായങ്ങളിൽ നിന്നു നല്ല കാര്യങ്ങൾ സ്വീകരിക്കാനുള്ള മനസ്സും കുട്ടിക്ക് ഉണ്ടാക്കിക്കൊടുക്കുക.
അഭിനന്ദനവും വിമർശനവും കൃത്യമായ അളവിലും രീതിയിലുമാണ് കുട്ടികൾക്കു നൽകുന്നതെങ്കിൽ അവരുടെ സ്വാഭാവം നേർവഴിയാക്കാം. തെറ്റായ കാര്യങ്ങൾ പറയുകയോ ചെയ്യുകയോ ചെയ്താൽ അനിഷ്ടം വ്യക്തമാക്കാനും അങ്ങനെ ചെയ്യുന്നതിന്റെ ദോഷം ബോധ്യപ്പെടുത്താനും ശ്രമിക്കണം. പരീക്ഷയ്ക്കു മാർക്ക് കുറയുന്ന കുട്ടിയെ വിഷമിപ്പിക്കും വിധം 'നിന്നെ എന്തിനു കൊള്ളാം' എന്നതരത്തിലൊക്കെ വഴക്കു പറയുകയോ കളിയാക്കുകയോ ചെയ്യുന്നതു കൊണ്ടു കുട്ടിയുടെ ഉള്ള ആത്മവിശ്വാസം കൂടി പോകും. പകരം 'ഈ പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതിൽ അമ്മയ്ക്കും വിഷമമുണ്ട്. അൽപം കൂടി ശ്രമിച്ചാൽ തീർച്ചയായും നിനക്കു നല്ല മാർക്ക് വാങ്ങാൻ പറ്റുമെന്ന് അമ്മയ്ക്ക് ഉറപ്പുണ്ട്. അടുത്ത പരീക്ഷയ്ക്കു മോൾക്ക്/ മോന് അതിനു കഴിയും.' ഈ വാക്കുകൾ കൂടുതൽ നന്നായി പഠിക്കാൻ പ്രചോദനമാകും.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.