- Trending Now:
ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങള്‍ എന്നത് ഒരു നിക്ഷേപ മാര്‍ഗം മാത്രമല്ല. അത്യാവശ്യ ഘട്ടങ്ങളില്‍ നമുക്ക് കുറഞ്ഞ ചിലവില്‍ പണം കണ്ടെത്തുവാനുള്ള ഒരു മാര്‍ഗം കൂടിയാണ്. രണ്ട് രീതിയിലാണ് നിങ്ങള്‍ക്ക് സ്ഥിര നിക്ഷേപത്തില്‍ നിന്നും മൂലധനം കണ്ടെത്താന്‍ സാധിക്കുക. ഒന്നുകില്‍ നിങ്ങളുടെ സ്ഥിര നിക്ഷേപത്തിന്മേല്‍ നിങ്ങള്‍ക്ക് വായ്പ എടുക്കാം. അതല്ല എങ്കില്‍ ബാങ്കിനോട് ഒരു ഓവര്‍ ഡ്രാഫ്റ്റ് (ഒഡി) അനുവദിച്ചു തരാന്‍ ആവശ്യപ്പെടാം.
നിങ്ങളുടെ സ്ഥിര നിക്ഷേപത്തിന്റെ തുകയ്ക്ക് അനുസരിച്ചാണ് പ്രസ്തുത ധനകാര്യ സ്ഥാപനം നിങ്ങള്‍ക്ക് ഓവര്‍ ഡ്രാഫ്റ്റ് അനുവദിച്ചു തരിക. ഒരു വ്യക്തിയ്ക്ക് അയാളുടെ സ്ഥിര നിക്ഷേപത്തിന്മേല്‍ അനുവദിക്കാവുന്ന പരമാവധി തുകയും ധനകാര്യ സ്ഥാപനങ്ങള്‍ നിശ്ചയിച്ചിട്ടുണ്ടാകും. ഉദാഹരണത്തിന് ഒരാള്‍ക്ക് 10 ലക്ഷത്തിന്റെ സ്ഥിര നിക്ഷേപം ഒരു ധനകാര്യ സ്ഥാപനത്തില്‍ ഉണ്ടെന്ന് കരുതുക. അതിന്മേല്‍ 9 ലക്ഷം രൂപ വരെ ഓവര്‍ ഡ്രാഫ്റ്റായി സ്ഥാപനം അനുവദിച്ചേക്കാം. അതായത് 9 ലക്ഷം രൂപ വരെ നിക്ഷേപകന് പിന്‍വലിക്കുവാന്‍ സാധിക്കുമെന്നര്‍ഥം. ഓവര്‍ ഡ്രാഫ്ര്റ്റ് തുകയുടെ തിരിച്ചടവിന് നിശ്ചിത സമയ പരിധി നിശ്ചയിച്ചിട്ടില്ല. എത്രകാലം വായ്പാ തുക നിക്ഷേപകന്‍ കൈയ്യില്‍ വയ്ക്കുന്നുവോ അത്രയും കാലം പലിശ അടയ്‌ക്കേണ്ടി വരുമെന്ന് മാത്രം.
സ്ഥിര നിക്ഷേപത്തിന്മേല്‍ വായ്പ എടുക്കുന്നത് മറ്റ് വായ്പകള്‍ക്ക് സമാനമാണ്. വായ്പ എടുക്കുന്ന വ്യക്തിയ്ക്ക് മുഴുവന്‍ വായ്പാ തുകയും നല്‍കുകയും അത് പ്രതിമാസ നിരക്കില്‍ തിരിച്ചടയ്ക്കുകയുമാണ് ഇവിടെയും ചെയ്യുന്നത്. സാധാരണ ഗതിയില്‍ സ്ഥിര നിക്ഷേപത്തിന്മേല്‍ വായ്പ നല്‍കുമ്പോള്‍ സ്ഥിര നിക്ഷേപത്തിന്മേലുള്ള പലിശ നിരക്കിന്റെ 2 പോയിന്റ് അധികമായാണ് വായ്പയ്ക്ക് ധനകാര്യ സ്ഥാപനങ്ങള്‍ ഈടാക്കുന്ന പലിശ നിരക്ക്. അതായത് നിങ്ങളുടെ സ്ഥിര നിക്ഷേപത്തിന്മേല്‍ വാഗ്ദാനം ചെയ്തിരിക്കുന്ന പലിശ 7 ശതമാനമാണെങ്കില്‍ ആ സ്ഥിര നിക്ഷേപത്തിന്മേല്‍ നിങ്ങള്‍ എടുക്കുന്ന വായ്പയുടെ പലിശ നിരക്ക് 9 ശതമാനമായിരിക്കും. എന്നാല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), പഞ്ചാബ് നാഷണല്‍ ബാങ്ക് തുടങ്ങിയ ബാങ്കുകള്‍ സ്ഥിര നിക്ഷേപത്തിലുള്ള പലിശ നിരക്കിനേക്കാള്‍ 0.75 ശതമാനം മുതല്‍ 1 ശതമാനം പോയിന്റ് വരെ ഉയര്‍ന്നാണ് നിക്ഷേപത്തിന്മേലുള്ള വായ്പയ്ക്ക് പലിശ നിരക്ക് ഈടാക്കുന്നത്.
സ്ഥിര നിക്ഷേപത്തിന്മേലുള്ള ഓണ്‍ലൈന്‍ വായ്പകള്‍ക്ക് പരമാവധി 25,000 രൂപ വരെ ഈ ബാങ്കുകള്‍ ഉയര്‍ന്ന പരിധിയും നിശ്ചയിച്ചിട്ടുണ്ട്. അതിനേക്കാള്‍ ഉയര്‍ന്ന തുകയാണ് നിക്ഷേപകന് ആവശ്യമെങ്കില്‍ നേരിട്ട് ധനകാര്യ സ്ഥാപനത്തിന്റെ ബ്രാഞ്ചില്‍ ചെല്ലേണ്ടതുണ്ട്. സ്ഥിര നിക്ഷേപ തുകയേക്കാള്‍ കുറഞ്ഞ തുകയാണ് നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ സ്ഥിര നിക്ഷേപം പിന്‍വലിക്കാതെ അതിന്മേല്‍ വായ്പയ്ക്ക് അപേക്ഷിക്കുന്നതാണ് എപ്പോഴും നല്ലത്. അതായത് നിങ്ങള്‍ക്ക് 10 ലക്ഷം രൂപയുടെ ഒരു സ്ഥിര നിക്ഷേപം ബാങ്കില്‍ ഉണ്ടെന്ന് കരുതുക. പെട്ടെന്ന് നിങ്ങള്‍ക്ക് 3-4 ലക്ഷം രൂപയുടെ ആവശ്യം വരുമ്പോള്‍ ഉടനടി സ്ഥിരനിക്ഷേപം പിന്‍വലിക്കുവാന്‍ തീരുമാനമെടുക്കരുത്. അത്തരം സാഹചര്യങ്ങളില്‍ നിങ്ങള്‍ക്ക് വായ്പയാണ് അഭികാമ്യം. കൂടാതെ നിക്ഷേപ കാലാവധി പൂര്‍ത്തിയാകും മുമ്പ് നിക്ഷേപം പിന്‍വലിച്ചാല്‍ അതിനുള്ള പിഴയും നിങ്ങള്‍ അടയ്‌ക്കേണ്ടതായി വരും. കൃത്യമായ തിരിച്ചടവിന് സൗകര്യമുണ്ടെങ്കില്‍ തീര്‍ച്ചയായും വായ്പ എടുക്കുന്നതാണ് പണം കണ്ടെത്തുവാനുള്ള ചെലവ് കുറഞ്ഞ മാര്‍ഗം.എന്നാല്‍ എപ്പോള്‍ തിരിച്ചടവ് നടത്താന്‍ സാധിക്കും എന്ന് ഉറപ്പു പറയാന്‍ സാധിക്കാത്ത സാഹചര്യമാണ് നിങ്ങള്‍ക്കെങ്കില്‍ വായ്പ എടുക്കാതെ സ്ഥിര നിക്ഷേപം പിന്‍വലിക്കുന്നത് തന്നെയാകും ഉചിതമായ തീരുമാനം. സ്ഥിര നിക്ഷേപത്തിന്മേലുള്ള വായ്പ തിരിച്ചടവ് മുടങ്ങുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിക്കുമെന്നും ഓര്‍ക്കുക.
സ്ഥിര നിക്ഷേപം നടത്തുന്നതിനായി നിങ്ങള്‍ തുക മാറ്റി വയ്ക്കുമ്പോള്‍ അതില്‍ നിന്ന് ലഭിക്കുന്ന പലിശ നിരക്ക് മാത്രം ഒരു മാനദണ്ഡമായി കാണരുത്. ഇന്‍ഷുറന്‍സ്, ഹെല്‍ത്ത്കെയര്‍, നികുതിയിളവ് തുടങ്ങിയ മറ്റ് നേട്ടങ്ങളും ഇതിനൊപ്പം നിക്ഷേപകന് ലഭിക്കും. അഞ്ച് വര്‍ഷത്തിന് മുകളിലുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്കാണ് ആദായ നികുതി ഇളവ് ലഭിക്കുക. വിപണിയിലെ ഉലച്ചിലുകളും അസ്ഥിരതയും കണക്കിലെടുക്കുമ്പോള്‍ ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ ഏറ്റവും മികച്ച തിരഞ്ഞെടുപ്പാണെന്നാണ് വിദഗ്ധര്‍ ഉള്‍പ്പെടെ അഭിപ്രായപ്പെടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.