- Trending Now:
മതിയായ പണലഭ്യതയുണ്ടോ എന്നതാണ് ആദ്യം ഉറപ്പാക്കേണ്ട കാര്യം. വരുമാനത്തില്‍ കുറവുണ്ടാവുകയോ, ഇനി വരുമാനം നിലയ്ക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളില്‍ അത് നിങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കും. അതിന് പുറമേ ഒരു വ്യക്തിയ്ക്ക് മതിയായ തുകയുടെ ഇന്‍ഷുറന്‍സും നിര്‍ബന്ധമാണ്. ആരോഗ്യ ഇന്‍ഷുറന്‍സ് കവറേജും ലൈഫ് ഇന്‍ഷുറന്‍സ് കവറേജും വേണം. എന്തെന്നാല്‍ ലിക്വിഡിറ്റിയും ഇന്‍ഷുറന്‍സ് പരിരക്ഷയും ഇല്ല എങ്കില്‍ വ്യക്തികള്‍ അവരുടെ ദീര്‍ഘകാല നിക്ഷേപങ്ങളെ ആശ്രയിക്കുവാനുള്ള സാധ്യതകളുണ്ട്.
റിസ്‌ക് അഥവാ നഷ്ട സാധ്യതകളെ സംബന്ധിച്ചുള്ള മൂന്ന് ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ആസ്തി വിന്യാസ തന്ത്രം അല്ലെങ്കില്‍ അസറ്റ് അലോക്കേഷന്‍ സ്ട്രാറ്റജി എന്നത്. നിങ്ങള്‍ക്ക് എത്രത്തോളം റിസ്‌ക് ആവശ്യമുണ്ട്? റിസ്‌ക് എടുക്കുവാന്‍ നിങ്ങള്‍ക്ക് എത്രത്തോളം കഴിവുണ്ട്? റിസ്‌ക് എടുക്കുവാന്‍ നിങ്ങള്‍ക്കുള്ള താത്പര്യം എത്രയാണ്? എന്നിവയാണ് ആ മൂന്ന് ചോദ്യങ്ങള്‍. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിക്കഴിഞ്ഞാല്‍ ആസ്തി വിന്യാസത്തെക്കുറിച്ച് നിങ്ങള്‍ക്ക് ധാരണ ലഭിക്കും. എവിടെ എത്രത്തോളം നിക്ഷേപം നടത്തണം എന്നതാണ് ആസ്തി വിന്യാസത്തിലൂടെ അര്‍ഥമാക്കുന്നത്.
ആസ്തി വിന്യാസം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ വരുന്ന അടുത്ത ഘട്ടമാണ് അവലോകനം. അതായത് സമയം മുന്നോട്ട് പോകുന്നതിന് അനുസരിച്ച് ദീര്‍ഘകാല ലക്ഷ്യങ്ങള്‍ മധ്യകാല ലക്ഷ്യങ്ങളായും ശേഷം ഹ്രസ്വകാല ലക്ഷ്യങ്ങളായും മാറും. അതിനാല്‍ തന്നെ സാമ്പത്തിക ലക്ഷ്യത്തോടടുക്കുമ്പോള്‍ നിക്ഷേപങ്ങള്‍ അതിനനുസരിച്ച് ക്രമീകരിക്കേണ്ടതുണ്ട്. കൃത്യമായ ഇടവേളകളില്‍ നിങ്ങളുടെ പോര്‍ട്ട്ഫോളിയോ അവലോകനം ചെയ്ത് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുക.എത്രയൊക്കെ ഗവേഷണങ്ങളും പഠനങ്ങളും അവലോകനങ്ങളുമൊക്കെ നടത്തിയാലും നിങ്ങളുടെ കണക്കുകൂട്ടലുകള്‍ തെറ്റായി മാറുവാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്. നിങ്ങള്‍ നിങ്ങളുടെ നിക്ഷേപങ്ങള്‍ വൈവിധ്യവത്ക്കരിച്ചാല്‍ ആദായത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ തന്നെ പല റിസ്‌കുകളും വലിയ അളവില്‍ കുറയ്ക്കുവാന്‍ സാധിക്കും. അത്തരത്തില്‍ വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ തിരിച്ചടിയാകാതെ നിങ്ങളുടെ നിക്ഷേപത്തെ സംരക്ഷക്കാം.
ഏതെങ്കിലുമൊരു പ്രത്യേകമേഖല തെരഞ്ഞെടുത്ത് നിക്ഷേപം നടത്തിയശേഷം അങ്ങനെയൊരു നിക്ഷേപത്തെക്കുറിച്ച് തല്‍ക്കാലം മറക്കണമെന്ന് നിക്ഷേപസംബന്ധമായി പലരും ഉപദേശിക്കാറുണ്ട്. അല്ലെങ്കില്‍ നിക്ഷേപിച്ച തുക കാലാവധി പൂര്‍ത്തിയാകുന്നതിനുമുമ്പ് പിന്‍വലിക്കാനുള്ള പ്രവണത സാധാരണമാണ്. എന്നാല്‍, ഇത് കുറ്റമറ്റ കാര്യമല്ല. കൃത്യമായ നിരീക്ഷണം നടത്തുന്നതിലൂടെ പ്രതീക്ഷിച്ചത്ര പ്രകടനം കാഴ്ചവയ്ക്കാത്ത നിക്ഷേപ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തി വേണ്ട മാറ്റങ്ങള്‍ വരുത്താനാകും. നിക്ഷേപമേഖലയില്‍ അച്ചടക്കം കൈവരിക്കുന്നതിനും ഇത്തരത്തിലുള്ള നിരീക്ഷണം ഗുണംചെയ്യും. ഇത്തരത്തിലുള്ള നിക്ഷേപനിരീക്ഷണം കൃത്യമായ ഇടവേളകളില്‍ നടത്തുന്നതാണ് ഉത്തമം. അത് മൂന്നുമാസം കൂടുമ്പോഴോ, അര്‍ധവാര്‍ഷിക കാലയളവിലോ വാര്‍ഷികാടിസ്ഥാനത്തിലോ ആകാം. എന്തായാലും നിരീക്ഷണ ഇടവേള ഒരേപോലെ ആകുന്നത് കൂടുതല്‍ കാര്യക്ഷമമായ അവലോകനത്തിന് ഉപകരിക്കും.
പണപ്പെരുപ്പത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ അത് ദൈനംദിന ജീവിതത്തെ എങ്ങനെ ബാധിക്കുമെന്ന് വ്യക്തമാക്കുന്നതാണെങ്കിലും നിക്ഷേപകാര്യങ്ങളില്‍ പണപ്പെരുപ്പം എങ്ങനെയാണ് സ്വാധീനംചെലുത്തുക എന്നതില്‍ അധികമാരും ശ്രദ്ധകൊടുക്കാറില്ല. പലരും ഭാവിയില്‍ കുട്ടികളുടെ ആവശ്യത്തിനും ജോലിയില്‍നിന്നു വിരമിച്ചശേഷം ഭാവിജീവിതത്തിനും മറ്റുമായി ദീര്‍ഘകാല ലക്ഷ്യത്തോടെ നിക്ഷേപം നടത്താറുണ്ട്. എന്നാല്‍, ഇത്തരം നിക്ഷേപങ്ങളെ പണപ്പെരുപ്പം സ്വാധീനിക്കുമെന്നതിന് ആരും പരിഗണന നല്‍കാറില്ല. ദീര്‍ഘകാല നിക്ഷേപത്തിന്റെ വളര്‍ച്ചയ്ക്കൊപ്പം പണപ്പെരുപ്പം അവയെ കാര്‍ന്നുതിന്നാന്‍ ഇടയുള്ളതുകൂടി മുന്‍കൂട്ടി കാണണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.