Sections

കുഞ്ഞുങ്ങളുടെ സ്വഭാവ രൂപീകരണത്തിൽ രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Saturday, Jul 20, 2024
Reported By Soumya
Things parents should know about character development of children

തന്റെ കുഞ്ഞ് ഏറ്റവും മിടുക്കനായി മിടുക്കിയായി വളരണം, മറ്റുള്ളവരുടെ സ്നേഹവും ബഹുമാനവും പിടിച്ചു പറ്റണം - എല്ലാ രക്ഷിതാക്കളും ആഗ്രഹിക്കുന്നതിതാണ്. പ്രതീക്ഷയ്ക്കനുസരിച്ച് അവർ വളരാതെ വരുമ്പോൾ രക്ഷിതാക്കളുടെ മനസ് തളരും. കുഞ്ഞുങ്ങളുടെ സ്വഭാവ രൂപീകരണം എന്നത് സ്വാഭാവികമായ ഒരു പരിണാമം മാത്രമല്ല, മറ്റ് നിരവധി നിർണ്ണായക ഘടകങ്ങളുടെ സ്വാധീനത്തിലൂടെ വളർന്ന് വികസിക്കുന്ന പ്രക്രിയ കൂടിയാണ്. ഈ സ്വാധീന ഘടകങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് വീട്ടിലെ അന്തരീക്ഷവും, രീതികളും സ്വന്തം രക്ഷിതാക്കളുടെ ഇടപെടലുകളുമാണ്. കുട്ടികളെ മാതൃകാപരമായി വളർത്തുന്നതിന്റെ ഉത്തരവാദിത്വം അച്ഛനും അമ്മയ്ക്കും മാത്രമാണ്. അതിനു വേണ്ട മാനസിക പക്വത ആർജിക്കുന്നതിനും, വളരുന്ന കുട്ടികൾക്കു വേണ്ട ഭൗതിക സാഹചര്യങ്ങൾ ഒരുക്കാൻ പറ്റുന്നതിനും മുമ്പ് രക്ഷിതക്കളാവാൻ തീരുമാനമെടുക്കുന്ന യുവതീയുവാക്കൾ പല ധാർമ്മികമായ പ്രശ്നങ്ങളും ഉയർത്തുന്നുണ്ട്. പ്രായമായി വിശ്രമജീവിതം നയിക്കേണ്ട മുത്തച്ഛമാരേയോ മുത്തശ്ശിമാരേയോ, മറ്റു വല്ലവരേയോ ഉപയോഗകപ്പെടുത്തി സ്വന്തം കുട്ടികളെ വളർത്തുന്ന രീതി ആശാസ്യല്ല. കുഞ്ഞുങ്ങളുടെ സ്വഭാവ രൂപികരണവുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട നിർദ്ദേശങ്ങളാണ് ഇവിടെ പറയുന്നത്.

  • കുട്ടികളിൽ നിന്ന് നിങ്ങൾ കാണാനാഗ്രഹിക്കുന്ന പെരുമാറ്റങ്ങളുടെ മാതൃകയായിരിക്കണം വീട്ടിൽ അച്ഛനമ്മമാർ. കുഞ്ഞുങ്ങളെ ഒച്ചവെച്ച് ശകാരിച്ച് വളർത്തിയാൽ , ഭാവിയിൽ അവർ മറ്റുള്ളവരോടും അതേ രീതിയിൽ തന്നെയായിരിക്കും പെരുമാറുക. രക്ഷിതാക്കൾ പരസ്പര ബഹുമാനത്തോടെ പെരുമാറുന്ന വീട്ടിലെ കുട്ടികൾ ബഹുമാന പുരസ്സരമായിരിക്കും സ്വന്തം രക്ഷിതാക്കളോടും മറ്റുള്ളവരോടും പെരുമാറുക.
  • കുഞ്ഞുങ്ങൾ ചെയ്യുന്ന അല്ലെങ്കിൽ കാണിക്കുന്ന നല്ല പെരുമാറ്റങ്ങളെയും പ്രവർത്തികളെയും ഉടനടി പ്രോത്സാഹിപ്പിക്കുകയും മോശമായ വാക്കുകളെയും പ്രവർത്തികളെയും അവഗണിക്കുകയും ചെയ്യണം. രൂക്ഷമായ പ്രതികരണങ്ങൾ ചീത്ത വാക്കുകൾ ഓർമ്മിക്കാനും പിന്നീട് ആവർത്തിക്കാനും ഇടയാക്കും.
  • കൃത്യമായ ദിനചര്യകൾ, ആഹാരം കഴിക്കൽ, കൈ കഴുകി വൃത്തിയാക്കൽ, പല്ലും വായയും വൃത്തിയാക്കൽ, മലമൂത്ര വിസർജ്ജനം, കുളി വസ്ത്രധാരണം, ഉറക്കം, പുസ്തകങ്ങളും മറ്റ് വസ്തുക്കളും സൂക്ഷിച്ച് വെക്കൽ തുടങ്ങിയ ദൈനംദിന പ്രവർത്തികൾ അടുക്കും ചിട്ടയോടും കൂടി സ്വയം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കേണ്ട ഉത്തരവാദിത്വം രക്ഷിതാക്കൾക്കാണ്. സ്വന്തം ഭക്ഷണപാത്രങ്ങൾ കഴുകിവെക്കാനും പിന്നീട് ഭക്ഷണം സ്വയം പാകം ചെയ്യാനും ആൺ, പെൺ വ്യത്യാസമില്ലാതെ എല്ലാ കുട്ടികളും പഠിച്ചിരിക്കണം.
  • ആരും, പ്രത്യേകിച്ച് രക്ഷിതാക്കൾ കുഞ്ഞുങ്ങളെ ശാരീരികമായോ , മാനസികമായോ വേദനിപ്പിക്കാൻ ശ്രമിക്കരുത്. അടി, നുള്ളൽ, വഴക്ക്, പരിഹാസം, ഭീഷണി, മറ്റ് കുട്ടികളുമായി താരതമ്യം തുടങ്ങിയവ കുട്ടികളോട് പാടില്ല. കുട്ടികളുടെ സ്വതസിദ്ധമായ വളർച്ചയെ അവ പ്രതികൂലമായി ബാധിക്കും.
  • വീട്ടിൽ വ്യക്തമായ നിയമങ്ങൾ ഉണ്ടായിരിക്കണം. അവ എല്ലാവർക്കും ഒരു പോലെ ബാധകമായിരിക്കണം. 'കരയുന്ന കുട്ടിക്കേ പാലുള്ളൂ ' എന്ന് മനസ്സിലാക്കിയാൽ പിന്നെ കുട്ടികൾ തൊട്ടതിനും പിടിച്ചതിനും കരഞ്ഞ് സ്വന്തം കാര്യം നേടുന്ന ദുസ്വഭാവക്കാരാകും . രക്ഷിതാക്കളെ ഭീഷണിപ്പെടുത്താനുപയോഗിക്കുന്ന ഇത്തരം കരച്ചിലുകളെ തുടക്കത്തിലേ അവഗണിച്ചില്ലെങ്കിൽ, പിന്നീട് വാശിയോടെ കരയുന്ന സ്വഭാവം മാറ്റിയെടുക്കാൻ പ്രയാസം വരും.
  • ആരും കുട്ടികളെ ഒരു തരത്തിലും അവഗണിക്കരുത്. അതേ സമയം തനിയ്ക്ക് മാത്രമായി 'പ്രത്യേക' പരിഗണന ലഭിക്കുന്നതായും കുട്ടിക്ക് തോന്നരുത്. അമിത വാത്സല്യ പ്രകടനങ്ങൾ , തനിയ്ക്ക് മാത്രം പ്രത്യേക അവകാശങ്ങളുണ്ടെന്ന തെററുദ്ധാരണയ്ക്കും പിന്നീട് ദുർവാശിയ്ക്കും കാരണമാകും.
  • 'കരച്ചിൽ ' ദുരപയോഗപ്പെടുത്തി രക്ഷിതാക്കളെ നിയന്ത്രിക്കാൻ ഒരിയ്ക്കലും കുട്ടികളെ അനുവദിക്കരുത്. അത്യപൂർവ്വമായ സാഹചര്യത്തിൽ ദ്വേഷ്യം അഭിനയിച്ചാലും ,ഒരിക്കലും രക്ഷിതാക്കൾക്ക് കുട്ടികളോട് ദേഷ്യം തോന്നരുത് . വ്യക്തമായ നിർദ്ദേശങ്ങളും ക്ഷമയോട് കൂടിയ വിശദീകരണങ്ങളുമാണ് കുട്ടികൾക്ക് ലഭിക്കേണ്ടത്. രക്ഷിതാക്കൾ അനിയന്ത്രിതമായ ദേഷ്യത്തിനടിമപ്പെടുന്നുണ്ടെങ്കിൽ അത് ഉടനടി പരിഹരിക്കണം.
  • കുട്ടികളെ അനുസരിപ്പിക്കാൻ വേണ്ടി നിയമ പരിപാലനം മറ്റൊരാളുടെ തലയിൽ കെട്ടിവെക്കരുത്. ഭൂതം വരും, പോലീസ് പിടിക്കും, ടീച്ചർ അടിക്കും, പുലി പിടിക്കും, ഡോക്ടർ ഇഞ്ചക്ഷൻ ചെയ്യും തുടങ്ങിയ അനാവശ്യ ഭീഷണികൾ അവരെ ഭയപ്പെടുത്താൻ വേണ്ടി ഉപയോഗിച്ച് നേടുന്ന പ്രയോജനം താല്കാലികം മാത്രമായിരിക്കും.
  • കുട്ടികളും രക്ഷിതാക്കളും തമ്മിലുള്ള പരസ്പര ബഹുമാനമായിരിക്കണം അനുസരണത്തിന്റെ അടിസ്ഥാനം . സങ്കോചമില്ലാതെ ഏത് അപരിചിതരേയും അപരിചിത സാഹചര്യങ്ങളേയും ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാനുള്ള കഴിവ് , തങ്ങളുടെ കുട്ടികളിൽ വികസിപ്പിക്കാൻ രക്ഷിതാക്കൾ ബോധപൂർവ്വം ശ്രമിക്കണം.
  • നടക്കാൻ പഠിച്ച കുട്ടികൾ രക്ഷിതാക്കളുടെ കൂടെ നടക്കണം. സദാസമയവും അവരെ എടുത്ത് കൊണ്ട് നടക്കരുത്. ഭക്ഷണം കഴിക്കാൻ പഠിച്ച കുട്ടികൾ, പരസഹായമില്ലാതെ ഭക്ഷണം സ്വയം കഴിക്കണം. അച്ഛനമ്മമാർ ഭക്ഷണം വാരിക്കൊടുക്കരുത്. കുട്ടികൾക്ക് പുറകെ സദാസമയവും ആഹാരവും കൊണ്ട് നടക്കരുത്. ഇത്തരം അമിത വാത്സല്യ പ്രകടനങ്ങൾ കുട്ടികൾ സ്വയം പര്യാപ്തരാകുന്നത് വൈകാൻ കാരണമാകും.

ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.