Sections

കൗമാരപ്രായക്കാരുടെ ആരോഗ്യത്തിനായി ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

Sunday, Nov 26, 2023
Reported By Soumya
Teenagers Health

കൗമാര കാലഘട്ടം ബുദ്ധിമുട്ട് നിറഞ്ഞതാണെന്ന് എല്ലാവർക്കും അറിയാം. പതിമൂന്ന് മുതൽ പത്തൊൻപത് വയസ്സ് വരെയുള്ള പ്രായമാണ് കൗമാരം എന്നറിയപ്പെടുന്നത്. വളർച്ചയിൽ ഏറ്റവും ബുദ്ധിമുട്ട് നിറഞ്ഞ ഒരു കാലഘട്ടമാണിത്. ഈ കാലഘട്ടം കൗമാരക്കാർക്കും അവരുടെ മാതാപിതാക്കൾക്കും ഒരുപോലെ വിഷമം പിടിച്ചതാണ്. വളർച്ചയുടെ രണ്ടാംഘട്ടമാണ് കൗമാരം. ഈ ഘട്ടത്തിൽ കഴിക്കുന്ന പോഷകാഹാരം ഭാവിതലമുറയെപോലും മെച്ചപ്പെടുത്തും. ആരോഗ്യകാര്യത്തിലും ഡയറ്റിങ് കാര്യത്തിലുമെല്ലാം ഏറ്റവും ശ്രദ്ധിക്കുന്നതും കൗമാരക്കാരാണ്. മെലിഞ്ഞു സുന്ദരമായിരിക്കുക എന്നതായിരിക്കുന്നു ഇപ്പോഴത്തെ കൗമാരലക്ഷ്യം. പല ഭക്ഷണങ്ങളും ഇതിനായി ഒഴിവാക്കപ്പെടുമ്പോൾ ഓർക്കുക. ആവശ്യത്തിനുള്ള പോഷകങ്ങൾ ശരീരത്തിലെത്തിയില്ലെങ്കിൽ അനേകം രോഗങ്ങളിലേക്കായിരിക്കും നിങ്ങളുടെ ഭാവിയുടെ വാതിൽ തുറക്കുക.

  • കൗമാര പ്രായക്കാരിൽ പൊതുവെ കണ്ടുവരുന്ന ഒരു ശീലമാണ് പ്രഭാത ഭക്ഷണം ഒഴിവാക്കുക എന്നത്. ഒരു ദിവസം ഊർജസ്വലതയോടെ തുടങ്ങാൻ പ്രഭാത ഭക്ഷണം കൂടിയേ തീരൂ. അല്ലെങ്കിൽ രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കുറയുകയും ശരീരത്തിന് അലസതയുണ്ടാക്കുകയും പഠനത്തിലെ ഏകാഗ്രത കുറയുകയും ചെയ്യുന്നു.
  • ദ്രുതഗതിയിലെ വളർച്ചക്കുതകുന്ന അന്നജം കൂടുതലടങ്ങിയ ആഹാരസ്രോതസ്സുകളായ തവിടോടുകൂടിയുള്ള അരി, ഗോതമ്പ്, കിഴങ്ങു വർഗങ്ങളായ മരച്ചീനി, മധുരക്കിഴങ്ങ് എന്നിവ ഉൾപ്പെടുത്താവുന്നതാണ്.
  • പാൽ, പാലുത്പന്നങ്ങൾ, പയർ വർഗങ്ങൾ, കടല, മുട്ട, മത്സ്യം, മാംസം, എണ്ണക്കുരുക്കൾ (സൺഫ്ലവർ സീഡ്, എള്ള് മുതലായവ), നട്സ്, ബദാം, കപ്പലണ്ടി, കശുവണ്ടി മുതലായവ മാംസ്യ സ്രോതസ്സുകളാണ്. ഇവ പേശികളുടെ വളർച്ചക്കും ഹോർമോൺ സന്തുലിതാവസ്ഥക്കും ഉതകുന്നു.
  • അസ്ഥികളുടെ വളർച്ചക്കും ദന്താരോഗ്യത്തിനും കാത്സ്യം അത്യന്താപേക്ഷിതമാണ്. പാൽ, പാലുത്പന്നങ്ങൾ, ഇലക്കറികൾ, മുട്ട, ചെറുമത്സ്യം, പയർവർഗങ്ങൾ എന്നിവ കാത്സ്യം ലഭിക്കാനുതകുന്നു.
  • രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയുന്ന അനീമിയ കൗമാര പ്രായക്കാരിൽ കൂടുതലായി കണ്ടുവരുന്നുണ്ട്. പെൺകുട്ടികൾക്ക് മാസമുറ സമയത്ത് അധികം രക്തം നഷ്ടപ്പെടുന്നതിനാൽ അനീമിയ അല്ലെങ്കിൽ വിളർച്ചക്ക് സാധ്യത കൂടുതലാണ്. ഇരുമ്പിന്റെ അംശം കൂടുതലായ ആഹാരം അതിനാൽ കൂടുതലുൾപ്പെടുത്തുക. ഈന്തപ്പഴം, ശർക്കര, നട്സ്, കൂവരക്, അവിൽ, ഇലക്കറികൾ എന്നിവ ഇരുമ്പിന്റെ സ്രോതസ്സുകളാണ്.
  • 10-12 ഗ്ലാസ് വെള്ളം ദിവസേന കുടിക്കുന്നത് ചർമ സംരക്ഷണത്തിനും ദഹനത്തിനും മെച്ചപ്പെട്ട ആരോഗ്യത്തിനുമാവശ്യമാണ്.
  • ദിവസേന ഒരു മണിക്കൂറെങ്കിലും കളികളിൽ ഏർപ്പെടുന്നത് എല്ലുകളുടെ ദൃഢത കൂട്ടാനും ഊർജസ്വലരായിരിക്കാനും ജീവിത ശൈലീ രോഗങ്ങളെ അകറ്റി നിർത്താനും ഉതകുന്നു. 15- 30 മിനുട്ട് വരെ സൂര്യപ്രകാശം ഏൽക്കുന്നത് വിറ്റമിൻ ഡി ലഭിക്കാൻ സഹായിക്കുന്നു.

ഇന്നത്തെ കൗമാര പ്രായക്കാർ നാളെയുടെ വാഗ്ദാനങ്ങളാണ്. ഊർജസ്വലരായ കൗമാരക്കാർ ആരോഗ്യകരമായ സമൂഹത്തിനാവശ്യമാണ്.



ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.