- Trending Now:
ഗവണ്‍മെന്റിന്റെ ആരോപണത്തോട് ഒരു കമ്പനിയുടെ പ്രതിനിധികള്‍ പോലും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്
കുട്ടികളെ തെറ്റിദ്ധരിപ്പിക്കുന്ന പരിപാടി ഇനി നടക്കില്ല, കുട്ടികളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ഇത്തരം പരസ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കമ്പനി മാത്രമല്ല, പരസ്യ ഏജന്‍സികളും നിയമ നടപടി നേരിടേണ്ടി വരും. 50 ലക്ഷം രൂപ വരെയുള്ള ഭീമമായ പിഴയാണ് അടയ്‌ക്കേണ്ടി വരിക. നിയന്ത്രണത്തിന് പെട്ടെന്നുള്ള കാരണം. മുന്‍നിര കമ്പനികള്‍ പോലും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കുന്നത് ഈയിടെയായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
ഒരു ശാസ്ത്രീയ അടിസ്ഥാനവുമില്ലാതെ, കോവിഡ് വൈറസിനെതിരെ 99% ഫലപ്രദമായ പരിഹാരം എന്ന തരത്തില്‍ പോലുമുള്ള പരസ്യങ്ങള്‍ വ്യാപകമായിരുന്നു. സര്‍ക്കാര്‍ നോട്ടീസ് കിട്ടിയതിനെ തുടര്‍ന്ന് 14 കമ്പനികള്‍ തങ്ങളുടെ അവകാശവാദമുള്ള പരസ്യങ്ങള്‍ പിന്‍വലിച്ചു. ഗവണ്‍മെന്റിന്റെ ആരോപണത്തോട് ഒരു കമ്പനിയുടെ പ്രതിനിധികള്‍ പോലും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
ജൂലൈ 2020 മുതലുള്ള കാലയളവില്‍ 113 നോട്ടീസുകളാണ് സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി പുറപ്പെടുവിച്ചത്. ഇതില്‍ 57 എണ്ണം തെറ്റിദ്ധാരണ പരത്തുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ടതാണ്. 47 നോട്ടീസുകള്‍ മാന്യമല്ലാത്ത പ്രൊമോഷനുകള്‍ക്കെതിരെയാണ്.
സിനിമാ താരങ്ങളെയും ഉപയോഗിക്കാന്‍ പാടില്ല
ആരോഗ്യസംബന്ധമായി മുന്‍കരുതലെടുക്കണമെന്ന് നിയമം അനുശാസിക്കുന്ന ഉല്പന്നങ്ങള്‍, കുട്ടികള്‍ക്ക് വാങ്ങാന്‍ അനുമതിയില്ലാത്ത ഉല്പന്നങ്ങള്‍ എന്നിവയിലൊന്നും ഇനി സ്‌പോര്‍ട്‌സ്, മ്യൂസിക്, സിനിമാ താരങ്ങളെ ഉപയോഗിക്കാന്‍ പാടില്ലെന്ന് പുതിയ മാര്‍ഗരേഖയില്‍ വ്യവസ്ഥയുണ്ട്. അംഗീകൃതമായ ഒരു പ്രൊഫഷണല്‍ ഏജന്‍സി സാക്ഷ്യപ്പെടുത്താതെ ഇനി മുതല്‍ കുട്ടികളെ ബാധിക്കുന്ന ആരോഗ്യവുമായും, പോഷകവുമായും ബന്ധപ്പെട്ട ഒരു അവകാശവാദങ്ങളും ഉന്നയിക്കുക സാദ്ധ്യമല്ല.
യാഥാര്‍ഥ്യമല്ലാത്ത രീതിയില്‍ ഉല്പന്നത്തിന്റെ മേന്‍മകള്‍ പെരുപ്പിച്ചു കാണിച്ച് കുട്ടികളുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന പരസ്യങ്ങളും അനുവദിക്കില്ല. ഡിസ്‌ക്ലെയിമറുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ തിരിമറികള്‍ നടക്കുന്നതെന്ന് സര്‍ക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനാല്‍ത്തന്നെ വിവരങ്ങള്‍ മറച്ചുവെക്കരുതെന്ന കര്‍ശന നിര്‍ദേശവും പുതിയ മാര്‍ഗരേഖയിലുണ്ട്.
നല്ലതിനേയും ചീത്തയേയും വേര്‍തിരിച്ചറിയാത്തവര്‍
ടാര്‍ഗറ്റ് ചെയ്ത ഉപഭോക്താക്കളിലെ പെട്ടെന്നു സ്വാധീനിക്കാവുന്ന വിഭാഗമാണ് കുട്ടികള്‍. അവര്‍ പക്വമായ തീരുമാനങ്ങള്‍ എടുക്കാറായിട്ടില്ല. നല്ലതിനേയും ചീത്തയേയും വേര്‍തിരിച്ചറിയാത്തവര്‍ക്ക് സാധിക്കില്ല. കുട്ടികള്‍ ഒരു ഉല്പന്നത്തിനായി വാശി പിടിക്കുമ്പോള്‍ മിക്ക മാതാപിതാക്കളും അത് സാധിച്ചു കൊടുക്കാറാണ് പതിവ്. കുട്ടികളെ ടാര്‍ഗറ്റ് ചെയ്യുന്ന ആധുനികകാല പരസ്യങ്ങള്‍ മാതാപിതാക്കളേ കൂടി വശത്താക്കാന്‍ ശക്തിയുള്ളവയാണ്. ഈയൊരു പശ്ചാത്തലത്തിലാണ് പുതിയ നിയന്ത്രണങ്ങള്‍ക്ക് പ്രാധാന്യം കൈവരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.