Sections

കേരളത്തിന് ഇത്രയും അനുയോജിച്ച സംരംഭം വേറെയില്ല

Tuesday, Jan 18, 2022
Reported By Admin
fruits

മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ധാരാളമായി തയ്യാറാക്കുന്ന സംരംഭങ്ങള്‍ ആരംഭിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്


ഫലസമൃദ്ധമാണ് കേരളം. വൈവിധ്യമാര്‍ന്ന മണ്ണും കാലാവസ്ഥയും സ്വന്തമായുള്ളതിനാല്‍ ഒട്ടുമിക്ക പഴങ്ങളും കേരളത്തില്‍ അനായാസമായി കൃഷി ചെയ്യാം. മാമ്പഴം, വാഴപ്പഴം, ചക്കപ്പഴം, പപ്പായ, കൈതച്ചക്ക, പേര, ചാമ്പ, സപ്പോട്ട, തുടങ്ങി മലയാളക്കരയ്ക്ക് പ്രശസ്തി നല്‍കിയ ഈ ഫലസമൃദ്ധി കൈമുതലായുള്ളതിനാലാണ് കേരളത്തിന് ഭാരതത്തിന്റെ പഴക്കൂട എന്ന പേര് ലഭിച്ചത്. കേരളത്തിന്റെ മാമ്പഴ സമൃദ്ധി മറുനാടുകളില്‍ പോലും പ്രശസ്തമാണ്. അതുകൊണ്ട്തന്നെ ഫലവര്‍ഗങ്ങളുടെ കൃഷിയെ പോലെ കേരളത്തിന് ഇത്രയും യോജിച്ച സംരംഭം വേറെയില്ല. 

പാലക്കാട് ജില്ലയിലെ മുതലമട മാവ് കൃഷിയുടെ ആസ്ഥാനമെന്ന നിലയ്ക്ക് 'മാംഗോ സിറ്റി' എന്ന പേരില്‍ അറിയപ്പെടുന്നു. ഇന്നും നമ്മുടെ ജൈവസമ്പത്തിന്റെ പ്രതീകമായി നാട്ടുമാവുകള്‍ നിലനില്‍ക്കുന്നു. നിറത്തിലും രുചിഭേദത്തിലും ഗുണത്തിലുമൊക്കെ എത്രയോ വൈവിധ്യമാണ് കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള നാട്ടുമാവുകള്‍ പ്രദര്‍ശിപ്പിക്കുന്നത്. മധ്യവേനല്‍ അവധിക്കാലവുമായി കൈകോര്‍ത്തെത്തുന്ന മാമ്പഴക്കാലം കുഞ്ഞുമനസ്സുകളുടെ ഉല്ലാസവേളകളാണ്. അവരുടെ മനസ്സും ഹൃദയവും മധുരോദാരമാക്കുന്ന മാമ്പഴക്കാലം ഇനിയും സജീവമാകണം.

വാഴപ്പഴങ്ങളുടെ കലവറയാണ് കേരളം. വൈവിധ്യമാര്‍ന്ന വാഴയിനങ്ങള്‍ കേരളത്തിന്റെ ജനിതകസമ്പത്തിന് മറ്റൊരു മുതല്‍ക്കൂട്ടാണ്. ഇത്രമാത്രം ജനിതക വൈവിധ്യം മറ്റൊരു നാടിനും സ്വന്തമല്ല എന്ന് എടുത്തുപറയേണ്ടിയിരിക്കുന്നു. മിക്കയിനങ്ങളും നമ്മുടെ ജീവിതശൈലിയും സംസ്‌കാരവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. കേരളത്തിന്റെ ഫലസമൃദ്ധിയുടെ മറ്റൊരു നേര്‍ക്കാഴ്ചയാണ് ചക്കപ്പഴം. മരച്ചീനിപോലെതന്നെ മലയാളിയെ ക്ഷാമകാലത്ത് പട്ടിണിയില്‍നിന്നും രക്ഷിച്ച വിഭവമാണ് ചക്ക.

ഒരു മരത്തിലുണ്ടാകുന്ന സമ്പൂര്‍ണ്ണ ഭക്ഷ്യവിഭവമെന്ന നിലയില്‍ ചക്കയ്ക്ക് ഇനിയും അര്‍ഹമായ പ്രാധാന്യം നല്‍കിയിട്ടില്ല. യാതൊരുവിധ പരിചരണവുമില്ലെങ്കിലും സമൃദ്ധമായി ഫലം നല്‍കുന്ന പ്ലാവ് നമ്മുടെ നാട്ടില്‍ യഥാവിധി ഉപയോഗിക്കുന്നില്ല എന്ന ദുരവസ്ഥ നിലനില്‍ക്കുന്നു. ചക്കയില്‍നിന്നും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ധാരാളമായി തയ്യാറാക്കുന്ന സംരംഭങ്ങള്‍ ആരംഭിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.

കൈതച്ചക്ക കൃഷിയിലും കേരളം ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. ഏറ്റവും ഗുണമേന്മയുള്ള പൈനാപ്പിള്‍ കേരളത്തിലാണ് കൃഷി ചെയ്യുന്നത് എന്നതിലും നമുക്കഭിമാനിക്കാം. എറണാകുളം ജില്ലയിലെ വാഴക്കുളം പൈനാപ്പിള്‍ കൃഷിയുടെ തറവാടാണെന്ന് പറയാം. നല്ല മഴയും വരള്‍ച്ചയും ചൂടുമൊക്കെയുള്ള കേരളത്തിന്റെ തനതായ കാലാവസ്ഥയ്ക്ക് ഇണങ്ങുന്നവയാണ് പപ്പായ, പേര, ചാമ്പ, സപ്പോട്ട എന്നിവയും. ഇവയെല്ലാംതന്നെ കേരളത്തില്‍ നന്നായി വളരുകയും മികച്ച വിളവ് തരുകയും ചെയ്യുന്നവയാണ്.

കൃഷി വകുപ്പിന്റെ തന്നെ ചില സംരംഭങ്ങള്‍ ഫലവര്‍ഗ്ഗങ്ങളില്‍ നിന്ന് സ്വാദിഷ്ടമായ വിവിധ ഉല്‍പ്പന്നങ്ങള്‍ തയ്യാറാക്കി വിപണനം ചെയ്തുവരുന്നു. അങ്ങനെ കേരളത്തിലെ തനതായ ഫലവര്‍ഗ്ഗങ്ങള്‍ നമ്മുടെ ആരോഗ്യസംരക്ഷണത്തില്‍ മാത്രമല്ല, വരുമാന വര്‍ധനവിലും പുതിയ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിലും നിര്‍ണായകമായ പങ്കുവഹിക്കുന്നതായി കാണാം. നിരവധി പോഷകങ്ങളാല്‍ സമ്പന്നമായ ഇത്തരം പഴങ്ങളുടെ കൃഷി കേരളത്തിലെ സമതലങ്ങള്‍ക്കും ഹൈറേഞ്ച് മേഖലകളിലും ഒരുപോലെ യോജിച്ചതാണ്. തണുപ്പുള്ള പ്രദേശങ്ങളില്‍ വളരുന്ന ലിച്ചി, അവക്കാഡോ, ആപ്പിള്‍, സ്‌ട്രോബറി, പീച്ച്, പ്ലം, സബര്‍ജില്‍ തുടങ്ങിയ പഴവര്‍ഗ്ഗങ്ങള്‍ ഇടുക്കി, വയനാട് എന്നീ ജില്ലകളിലെ ഉയര്‍ന്ന മലമ്പ്രദേശങ്ങളില്‍ മികച്ച വിളവ് നല്‍കിക്കൊണ്ടിരിക്കുന്നു.

എന്നാല്‍, ഇവയില്‍നിന്നെല്ലാം വ്യത്യസ്തമായി കേരളത്തിലെ പഴത്തോട്ടത്തിലേക്ക് പുതുതായി കടന്നുവന്ന ധാരാളം മറുനാടന്‍ പഴങ്ങളുടെ സാന്നിധ്യം കേരളത്തിന്റെ സമ്പദ്ഘടനയെ മെച്ചപ്പെടുത്തുന്നതില്‍ ചെറുതല്ലാത്ത പങ്കുവഹിക്കുന്നു. വിരുന്നുകാരായി കടന്നുവന്ന് പിന്നീട് വീട്ടുകാരായി തീര്‍ന്നവരാണ് ഇത്തരം പുതിയ മിതശീതോഷ്ണ മേഖലാ പഴങ്ങള്‍.

തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ജന്മം കൊണ്ട് പിന്നീട് ഭാരതത്തിലേക്കും വിദേശരാജ്യങ്ങളിലേക്കും അതിഥികളായി എത്തിയ ഇവര്‍ മലയാളികളുടെ രസമുകുളങ്ങളെയാണ് ആദ്യം കീഴടക്കിയത്. ഇവയില്‍ പ്രധാനികളാണ് റാമ്പുട്ടാന്‍, ദുരിയാന്‍, മാങ്കോസ്റ്റിന്‍, പുലാസാന്‍, ലാങ്ങ്‌സാറ്റ് തുടങ്ങിയവ. വിദേശരാജ്യങ്ങളിലേക്ക് തൊഴില്‍തേടിപ്പോയ മലയാളികളാണ് ഒട്ടുമിക്ക പഴങ്ങളും നമുക്ക് പരിചിതമാക്കിയത്. വഴിയോരക്കാഴ്ചകള്‍ക്ക് വിസ്മയാവഹമായ ദൃശ്യവിരുന്നുകള്‍ സമ്മാനിച്ച ഈ പുത്തന്‍പഴങ്ങള്‍ക്ക് കേരളത്തില്‍ വമ്പിച്ച കൃഷി സാധ്യതയുണ്ടെന്ന് തെളിയിച്ചതാണ് പിന്നീടുള്ള ഓരോ കാര്‍ഷിക പ്രവണതകളും. അങ്ങനെ ഇന്ന് ഇത്തരം ധാരാളം വിദേശിപ്പഴങ്ങള്‍ കേരള മണ്ണിന് ഇണക്കമുള്ളതായി മാറിയിരിക്കുന്നു.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.