- Trending Now:
ഒരു സ്റ്റാര്‍ട്ടപ്പിന്റെ വിജയത്തില്‍ ഒരു സ്ത്രീയുടെ പങ്കാളിത്തവും കഴിവും എത്രമാത്രം വിജയം കണ്ടുവെന്നതിന്റെ ഉദാഹരണം കൂടിയാണ് മലയാളിയായ ബൈജു രവീന്ദ്രന്റെ ബൈജൂസ്
ബൈജൂസ് മികച്ചൊരു എഡ്യുക്കേഷന്‍ ആപ്ലിക്കേഷനാണ്. ബൈജൂസിന് പിന്നിലെ ബൈജു രവീന്ദന്‍ സുപരിചിതനാണ്. എന്നാല്‍ ബൈജൂസിന്റെ വിജയത്തിന് പിന്നില്‍ ശക്തയായൊരു സ്ത്രീയുണ്ട്. അത് ദിവ്യ ഗോകുല്‍നാഥാണ്. ലോകത്തിലെ ഏറ്റവും മികച്ച എഡ്‌ടെക് സ്റ്റാര്‍ട്ടപ്പായ ബൈജൂസിന്റെ കോഫൗണ്ടറും ഡയറക്ടറുമാണ് ദിവ്യ ഗോകുല്‍നാഥ്. ഒരു സ്റ്റാര്‍ട്ടപ്പിന്റെ വിജയത്തില്‍ ഒരു സ്ത്രീയുടെ പങ്കാളിത്തവും കഴിവും എത്രമാത്രം വിജയം കണ്ടുവെന്നതിന്റെ ഉദാഹരണം കൂടിയാണ് മലയാളിയായ ബൈജു രവീന്ദ്രന്റെ ബൈജൂസ്.
1987ല്‍ ബംഗളുരുവില്‍ ജനിച്ച ദിവ്യയുടെ അച്ഛന്‍ അപ്പോളോ ഹോസ്പിറ്റലിലെ നെഫ്രോളജിസ്റ്റും അമ്മ ദൂരദര്‍ശനില്‍ പ്രോഗ്രാമിംഗ് എക്‌സിക്യൂട്ടീവുമായിരുന്നു.ഫ്രാങ്ക് ആന്റണി പബ്ലിക് സ്‌കൂളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ദിവ്യ ഗോകുല്‍നാഥ് 2007ല്‍ ബെംഗളൂരുവിലെ RV കോളജ് ഓഫ് എന്‍ജിനീയറിങ്ങില്‍ നിന്ന് ബയോടെക്‌നോളജിയില്‍ ബിരുദം നേടി. ബിരുദപഠനത്തിന് ശേഷം ബിരുദാനന്തര ബിരുദത്തിനായി വിദേശത്തെ സര്‍വകലാശാലകളില്‍ അപേക്ഷിക്കാന്‍ പദ്ധതിയിട്ടിരുന്നു. അതിന് മുന്നോടിയായി Graduate Record Examination നുളള കോച്ചിംഗ് ക്ലാസിന് ബൈജൂസില്‍ ചേര്‍ന്നു. അവിടെ വച്ചാണ് ബൈജൂ രവിന്ദ്രനെ കണ്ടുമുട്ടുന്നത്.
ബൈജുവിന്റെ ആവശ്യപ്രകാരം ബൈജൂസില്‍ ദിവ്യ ഗണിതം, ഇംഗ്ലീഷ്, ലോജിക്കല്‍ റീസണിംഗ് എന്നിവയില്‍ അധ്യാപികയായി. 2011-ലാണ് ഇരുവരും ചേര്‍ന്ന് ബൈജൂസ് എന്ന എഡ്‌ടെക് സ്റ്റാര്‍ട്ടപ്പിന് തുടക്കം കുറിക്കുന്നത്. ദിവ്യ തന്റെ ഭര്‍ത്താവിനൊപ്പം ബൈജൂസിനെ ലോകത്തിലെ ഏറ്റവും മൂല്യവത്തായ എജ്യുക്കേഷന്‍ ടെക്‌നോളജി സ്റ്റാര്‍ട്ടപ്പാക്കി മാറ്റിയത് പിന്നീടുളള ചരിത്രം.
JEE, CAT, NEET, IAS തുടങ്ങിയ മത്സര പരീക്ഷകള്‍ക്കായി ആപ്ലിക്കേഷനിലൂടെയും വെബ്സൈറ്റിലൂടെയും പഠിക്കാനും ബൈജൂസ് വാഗ്ദാനം ചെയ്യുന്നു. 2015-ല്‍ കമ്പനി 4 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ക്കുള്ള ലേണിംഗ് ആപ്ലിക്കേഷന്‍ പുറത്തിറക്കി.കൂടാതെ 1 മുതല്‍ 12 വരെയുള്ള ക്ലാസുകളും ഓഫര്‍ ചെയ്യുന്നു. Chan-Suckerberg Initiative, Sofina Verlinvest, IFC, Aarin Capital, TimesInternet, Lightspeed Ventures, Tiger Global Atlantic, Tencent, Sequoia Capital, Owl Ventres, Naspers, CPPIB, Authority Investment തുടങ്ങിയ പ്രമുഖ നിക്ഷേപകര്‍ കമ്പനിയെ പിന്തുണയ്ക്കുന്നു.
2020-ലെ പാന്‍ഡമിക് കാലം ബൈജൂസിന് നല്‍കിയത് അഭൂതപൂര്‍വമായ വളര്‍ച്ചയായിരുന്നു. ആകാശ്, വൈറ്റ് ഹാറ്റ്, ജിയോജിബ്ര ഉള്‍പ്പെടെ ഇന്ത്യയിലെയും വിദേശത്തെയും നിരവധി കമ്പനികളെ ബൈജൂസ് ഏറ്റെടുക്കുന്നതിനും പാന്‍ഡമിക് കാലം സാക്ഷം വഹിച്ചു.115 ദശലക്ഷം രജിസ്‌ട്രേഡ് വിദ്യാര്‍ത്ഥികളാണ് പ്ലാറ്റ്‌ഫോമിന്റെ ഭാഗമായുളളത്. 22 ബില്യണ്‍ ഡോളറിലൂടെ യൂണികോണില്‍ ഡെക്കാകോണ്‍ പദവിയിലേക്കും കമ്പനി എ്ത്തി. രാജ്യാന്തരതലത്തിലേക്കുളള വളര്‍ച്ചയും പിന്നീട് കണ്ടു.
ബൈജുവിന്റെ ബൈജൂസിനെ ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട് രാജ്യാന്തര നിലവാരത്തിലെ എഡ്‌ടെക്ക് കമ്പനിയായി വളര്‍ത്തിയതില്‍ ദിവ്യയുടെ പങ്ക് വളരെ പ്രധാനമാണ്. ബ്രാന്‍ഡ് മാര്‍ക്കറ്റിംഗ്, കമ്മ്യൂണിക്കേഷന്‍സ്, മെന്ററിംഗ് എന്നിവയിലെല്ലാം ബൈജൂസില്‍ ദിവ്യയുടെ റോള്‍ വലുതാണ്. അതിനാല്‍ തന്നെ അംഗീകാരങ്ങളും ബഹുമതികളും ദിവ്യയെ തേടിയെത്തിയതും സ്വാഭാവികം. ഫോര്‍ച്യൂണ്‍ മാസികയുടെ 2020 ലെ ലോകത്തിലെ ഏറ്റവും ശക്തരായ ബിസിനസ് വനിതകളുടെ പട്ടികയില്‍ ദിവ്യ ഇടം പിടിച്ചു. ഫോബ്‌സ് പുറത്ത് വിട്ട ഏഷ്യയിലെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയിലും ദിവ്യ ഇടം നേടി.
എന്നാല്‍ താന്‍ ആദ്യം ഒരു അധ്യാപികയാണെന്നും പിന്നീട് മാത്രമാണ് ബൈജൂസിന്റെ സഹസ്ഥാപകയും ഡയറക്ടറുമായതെന്നാണ് ദിവ്യ പറയാറുളളത്. ബൈജുസിന്റെ തുടക്കം ബൈജുവിലും ദിവ്യയിലും മാത്രമല്ല, വിദ്യാഭ്യാസ മേഖലയില്‍ മാറ്റം കൊണ്ടുവരാന്‍ ഒത്തുചേര്‍ന്ന സമാന ചിന്താഗതിക്കാരായ ഒരു കൂട്ടം ആളുകളില്‍ നിന്നാണെന്നും ദിവ്യ ചൂണ്ടിക്കാട്ടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.