- Trending Now:
കേരള കാർഷിക സർവകലാശാലയും ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലും സംയുക്തമായി കേരള കാർഷിക സർവകലാശാലയിൽ സംഘടിപ്പിക്കുന്ന ദ്വിദിന വനിതാ കാർഷിക സംരംഭക മേഖലാ സമ്മേളനത്തിന് തുടക്കമായി. സെൻട്രൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കരന്തലാജെ ഉദ്ഘാടനം ചെയ്തു. സ്ത്രീകൾക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണെന്നും കേരളത്തിലെ സ്ത്രീകൾ എല്ലാത്തരത്തിലും ശക്തരാണെന്നും അവർ പറഞ്ഞു. ഒട്ടേറെ അനുഭവ സമ്പത്തുള്ള സ്ത്രീകൾ സംരംഭകത്വ മേഖലയിലേക്ക് കടന്നുവരേണ്ടത് പ്രധാനമാണ്. ഇവർക്കായി കാർഷിക സർവകലാശാല, കൃഷി വിജ്ഞാന കേന്ദ്രങ്ങൾ മുഖേന പരിശീലനങ്ങൾ ലഭ്യമാകുന്നത് മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു. കോട്ടയം, പാലക്കാട് കൃഷി വിജ്ഞാന കേന്ദ്രങ്ങളുടെ കർഷക ഹോസ്റ്റൽ കെട്ടിടങ്ങളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
കാർഷിക മേഖലയിൽ കേരളത്തിലെ സ്ത്രീകൾ മികച്ച ഇടപെടലുകൾ നടത്തി സ്വന്തമായ ഒരിടം കണ്ടെത്തിയെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് ഓൺലൈനായി മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. സ്ത്രീകളിലെ സംരംഭകത്വം വികസിപ്പിക്കാൻ സർക്കാർ നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ട്. സംരംഭകരുടെ താൽപര്യങ്ങൾ മനസ്സിലാക്കി കൃത്യമായ മാർഗനിർദേശങ്ങൾ നൽകുന്നു. വിശദമായ പദ്ധതി റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിന് ഡി പി ആർ ക്ലിനിക്കുകൾ ആരംഭിച്ചു. ദേശവൽകൃത ബാങ്കുകൾ മുഖേന സാമ്പത്തിക സഹായം ലഭ്യമാക്കി. സ്ത്രീകൾക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ കാർഷിക മേഖല മികച്ചയിടമാണ് ഒരുക്കുന്നതെന്നും മന്ത്രി പി പ്രസാദ് കൂട്ടിച്ചേർത്തു.
ഉത്പ്പന്നങ്ങൾ നിർമ്മിച്ച് അവ അന്താരാഷ്ട്ര വിപണിയിലേക്ക് വിൽപ്പനയ്ക്കായി എത്തിക്കുന്നതിന് പ്രാപ്തമാക്കുന്ന സംരംഭകത്വ സംസ്കാരം വളർത്തണമെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത മന്ത്രി കെ രാജൻ പറഞ്ഞു. കാർഷിക മേഖലയിലെ വനിതാ സംരംഭകത്വ രംഗത്ത് വലിയ ഉണർവാണ് കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായത്. നിരവധി സ്വയം സംരംഭങ്ങളിലൂടെ മൂല്യവർധിത ഉത്പാദനരംഗത്ത് വൻ വർദ്ധനവ് ഉണ്ടാക്കാൻ സ്ത്രീകൾക്ക് ആയിട്ടുണ്ട്. സമാനതകളില്ലാത്ത അതിജീവനത്തിന്റെ പാതയിലൂടെയാണ് ഒട്ടേറെ പേർ സംരംഭകരായത്. ഉദാര-സ്വകാര്യവത്കരണ നയങ്ങൾക്കെതിരേ ഏവരും ഒന്നിച്ച് പോരാടണമെന്നും മന്ത്രി ഓർമിപ്പിച്ചു.
പരിപാടിയിൽ വൈസ് ചാൻസിലർ ഡോ.ബി അശോക് അധ്യക്ഷനായി. തുടർന്ന് കാഴ്ചപരിമിതിയെ അതിജീവിച്ച് ഓൺലൈൻ വ്യവസായത്തിലൂടെ തന്റേതായ ഇടം കണ്ടെത്തിയ സംരംഭകയായ ഗീത സലീശിനെ കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കരന്തലാജെ ആദരിച്ചു. സ്ത്രീ സംരംഭകത്വം വിജയകഥകൾ പ്രതിപാദിപ്പിക്കുന്ന വീഡിയോയുടെ പ്രകാശനം മന്ത്രി കെ രാജൻ നിർവഹിച്ചു. കേരള, കർണാടക, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്നുമുള്ള സംരംഭകരും പ്രതിനിധികളുമാണ് പങ്കെടുക്കുന്നത്. മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹൻ, ഐ.സി.എ.ആർ സോൺ 11 ഡയറക്ടർ ഡോ. വി വെങ്കടസുബ്രഹ്മണ്യൻ, എൻ.ഐ.എഫ്.ടി.ഇ.എം ഡയറക്ടർ പ്രഫ. വി പളനിമുത്തു, കാർഷിക സർവകലാശാല രജിസ്ട്രാർ ഡോ. എ സക്കീർ ഹുസൈൻ, റിസർച്ച് ഡയറക്ടർ ഡോ. മധു സുബ്രഹ്മണ്യൻ, ഡയറക്ടർ ഓഫ് എക്സൻഷൻ ഡോ. ജോക്കബ് ജോൺ തുടങ്ങിയവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.