Sections

ഓഹരി വിപണി തകരുന്നു; ശ്രദ്ധയോടെ നിക്ഷേപം നടത്താം

Wednesday, Apr 20, 2022
Reported By admin
stock market

ഇന്നലെ വ്യാപാരാവസാനം കൂപ്പുകുത്തിയ ഇന്ത്യന്‍ ഓഹരി വിപണികള്‍ക്ക് ഇന്നു രാജ്യാന്തര വിപണികള്‍ അനുകൂലമല്ല.


ഓഹരി വിപണിയിലെ തകര്‍ച്ച തുടരുന്നു. ഇന്നലെ വ്യാപാരാവസാനം കൂപ്പുകുത്തിയ ഇന്ത്യന്‍ ഓഹരി വിപണികള്‍ക്ക് ഇന്നു രാജ്യാന്തര വിപണികള്‍ അനുകൂലമല്ല. കോര്‍പ്പറേറ്റ് കമ്പനികളുടെ വരുമാന കണക്കുകള്‍ക്കു നിക്ഷേപ ശ്രദ്ധ ആകര്‍ഷിക്കാന്‍ സാധിക്കുന്നില്ലെങ്കിലും ഇത് പ്രധാന ഘടകം തന്നെയാണ്. ടാറ്റ ഇലാക്സി, എയ്ഞ്ചല്‍ വണ്‍, ഐ.സി.ഐ.സി.ഐ. സെക്യൂരിറ്റീസ് എന്നിവയാണ് ഇന്നു ഫലങ്ങള്‍ പുറത്തുവിടുന്ന പ്രമുഖര്‍. എയര്‍ടെല്‍ ഉപഭോക്തൃ ശൃംഖല വര്‍ധിപ്പിച്ചപ്പോള്‍ റിലയന്‍സ് ജിയോയും, വൊഡഫോണ്‍ ഐഡിയയും നഷ്ടം രേഖപ്പെടുത്തി. ടെലികോം ഓഹരികളും ശ്രദ്ധാകേന്ദ്രമാകാന്‍ കാരണം ഇതാണ്. രാജ്യാന്തര വിപണിയില്‍ എണ്ണവില അഞ്ചു ശതമാനത്തിലധികം ഇടിഞ്ഞത് എണ്ണ ഓഹരികളിലും ചലനങ്ങള്‍ ഉണ്ടാക്കാം.

ഇന്നലെ ഫലങ്ങള്‍ പുറത്തുവിട്ട സിമെന്റ് പ്രമുഖരായ എ.സി.സിയുടെ അറ്റലാഭം വാര്‍ഷികാടിസ്ഥാനത്തില്‍ 29.7 ശതമാനം ഇടിഞ്ഞു. പാദാടിസ്ഥാനത്തില്‍ ഏകീകൃത ലാഭം 4.1 ശതമാനം വര്‍ധിച്ച ലാര്‍സന്‍ ആന്‍ഡ് ട്യബ്രോ ഇന്‍ഫോടെക്, വാര്‍ഷികാടിസ്ഥാനത്തില്‍ അറ്റലാഭം 82.4 ശതമാനം ഇടിഞ്ഞ ടാറ്റ സ്റ്റീല്‍ ലോങ് പ്രോഡക്ട്സ്, പാദാടിസ്ഥാനത്തില്‍ ഒമ്പതു ശതമാനം ലാഭം വര്‍ധിച്ച ഐടി കമ്പനി മാസ്ടെക് ഓഹരികളിലും ചലനങ്ങള്‍ക്കു സാധ്യതയുണ്ട്. എസ്‌കോര്‍ട്ട്സ്, ഇന്ത്യന്‍ ഹോട്ടല്‍സ്, ഫോര്‍ട്ടീസ് ഹെല്‍ത്ത്കെയര്‍, മഹീന്ദ്ര ലൈഫ്സ്പേസ്, വി.ആര്‍.എല്‍. ലോജിസ്റ്റിക്സ് ഓഹരികളും വിപണികളിലെ ശ്രദ്ധാകേന്ദ്രമാണ്.

ബി.എസ്.ഇയിലെ തെരഞ്ഞെടുത്ത 30 ഓഹരികളില്‍ 23 എണ്ണം നേട്ടത്തിലാണ്. റിലയന്‍സ്, മാരുതി, എച്ച്.ഡി.എഫ്.സി, വിപ്രോ, മഹീന്ദ്ര, എന്‍.ടി.പി.സി, ഇന്‍ഫോസിസ്, അള്‍ട്രാടെക് സിമെന്റ്, ടി.സി.എസ്, ഏഷ്യന്‍ പെയിന്റ്സ്, ടെക് മഹീന്ദ്ര, നെസ്ലെ ഇന്ത്യ, ഭാരതി എയര്‍ടെല്‍, ഡോ. റെഡ്ഡീസ് ലിബ്, എല്‍ ആന്‍ഡ് ടി, എച്ച്.ഡി.എഫ്.സി. ബാങ്ക്, ടൈറ്റാന്‍, ബജാജ് ഫിന്‍സെര്‍വ്, ആക്സിസ് ബാങ്ക്, ഐ.ടി.സി, ബജാജ് ഫിനാന്‍സ്, ഐ.സി.ഐ.സി.ഐ. ബാങ്ക്, എച്ച്.സി.എല്‍. ടെക് ഓഹരികള്‍ നേട്ടത്തിലാണ്. എസ്.ബി.ഐ.എന്‍, സണ്‍ഫാര്‍മ, പവര്‍ഗ്രിഡ്, ടാറ്റ സ്റ്റീല്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, കോട്ടക് ബാങ്ക് ഓഹരികള്‍ നഷ്ടത്തിലാണ്.

ഇന്ത്യന്‍ വിപണികളുടെ ആദ്യ പ്രതിഫലനമെന്നു വിശേഷിപ്പിക്കപ്പെടുന്ന സിംഗപ്പൂര്‍ സൂചികയില്‍ നിഫ്റ്റി ഫ്യൂച്ചേഴ്സിന് പതിഞ്ഞ തുടക്കമാണ് ലഭിച്ചത്. യുക്രൈനില്‍ റഷ്യ അടുത്ത ഘട്ടത്തിലേക്കു കടക്കുകയാണെന്നു വ്യക്തമാക്കിയിട്ടുണ്ട്. രാജ്യാന്തര നാണയനിധി 2022 വര്‍ഷത്തെ ആഗോള വളര്‍ച്ച പ്രതീക്ഷ കുറച്ചതും വിപണികളില്‍ പ്രകടമാകും. ഇതോടൊപ്പം ഇന്ത്യയുടെ വളര്‍ച്ച അനുമാനം ഒമ്പതു ശതമാനത്തില്‍ നിന്നു 8.2 ശതമാനമായും കുറച്ചു. പ്രീ സെക്ഷനില്‍ സെന്‍സെക്സ് 300 പോയിന്റോളം നേട്ടമുണ്ടാക്കി. നിലവില്‍ (9.34 എ.എം) സെന്‍സെക്സ് 504 പോയിന്റ് നേട്ടത്തില്‍ 56,967.58 ലും നിഫ്റ്റി 153 പോയിന്റ് ഉയര്‍ന്ന് 17,111.75 ലുമാണ്. അതേസമയം വില്‍പ്പനസമ്മര്‍ദത്തിനും ലാഭമെടുപ്പിനുമുള്ള സാധ്യത വളരെ കൂടുതലാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.