- Trending Now:
സാമൂഹികമായും സാമ്പത്തികമായും പാർശ്വവത്കരിക്കപ്പെട്ട സ്ത്രീകൾക്ക് അത്താണിയാവുകയാണ് ബാലുശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന' ശരണ്യ' വനിതാ കൂട്ടായ്മ. വനിതകൾക്കായി ജില്ലാ എപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നടപ്പിലാക്കുന്ന ശരണ്യ സ്വയം തൊഴിൽ പദ്ധതിയുടെ ഗുണഭോക്താക്കളാണ് കൂട്ടായ്മയിലെ അംഗങ്ങൾ. വിധവകൾ, വിവാഹമോചിതർ, ഭർത്താവ് ഉപേക്ഷിച്ചവർ, മുപ്പത് വയസ്സ് കഴിഞ്ഞ അവിവാഹിതർ തുടങ്ങി സാമൂഹികമായും സാമ്പത്തികമായും പർശ്വവൽക്കരിക്കപ്പെട്ടവർ അവരുടെ പ്രശ്നങ്ങൾ പങ്കിട്ടും കൂട്ടായ പ്രവർത്തനങ്ങളിലൂടെയും മുഖ്യധാരയിലേക്ക് തിരിച്ചെത്താൻ നടത്തുന്ന ധീരമായ ശ്രമങ്ങളുടെ നേർചിത്രമാണ് നാളിത് വരെയുള്ള ഈ സംഘത്തിന്റെ ചരിത്രം.
അശരണരായ സ്ത്രീകൾക്കായി സർക്കാർ 'ശരണ്യ പദ്ധതിയിലൂടെ നൽകുന്ന സാമ്പത്തിക സഹായത്തിനായി അപേക്ഷിച്ചപ്പോഴാണ് ശരണ്യ' വനിതാ കൂട്ടായ്മയിലെ അംഗങ്ങൾ പരസ്പരം കണ്ടുമുട്ടുന്നത്. ഒറ്റപ്പെടലുകളും നിസ്സഹായതയും അനുഭവിക്കുന്ന സ്ത്രീകൾക്ക് ഒരു കൂട്ടായ്മ എന്ന ലക്ഷ്യത്തിലേക്കുള്ള ഒരു പുതിയ തുടക്കത്തിന് ഇത് കാരണമായി. 2016 ൽ പ്രവർത്തനം തുടങ്ങിയെങ്കിലും 2019 ലാണ് ഔദ്യോഗികമായി രജിസ്റ്റർ ചെയ്തത്. കൃത്യമായ സംഘടനാ മികവോടെയും ആശയത്തോടെയും നടത്തിയാൽ ഏതൊരു കൂട്ടായ്മയും വിജയം കാണും എന്നതിന് സാക്ഷ്യമാണ് വനിതകൾ നടത്തുന്ന ശരണ്യ കൂട്ടായ്മ.
അംഗങ്ങൾ സ്വയം നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ, പ്രാദേശിക കർഷകരിൽ നിന്ന് ശേഖരിച്ച കാർഷിക ഉൽപ്പന്നങ്ങൾ, നൂറു ശതമാനം ഗുണമേൻമ ഉറപ്പു തരുന്ന മഞ്ഞൾ, കൂവ തുടങ്ങിയ നാടൻ ഉൽപ്പനങ്ങൾ, ജൈവ കൃഷിക്ക് അനുയോജ്യമായ വിത്ത്, ജൈവ വളം, കരകൗശല വസ്തുക്കൾ, അച്ചാറുകൾ, സർബത്ത്, സോപ്പ്, ലോഷനുകൾ തുടങ്ങി വിത്യസ്ത ഉൽപന്നങ്ങൾ വിപണിയിലെത്തിച്ചാണ് സ്വയം ശാക്തീകരണം എന്ന ലക്ഷ്യത്തിലേക്ക് ശരണ്യ കൂട്ടായ്മ ചുവടുകൾ വെക്കുന്നത്.
11 എക്സിക്യൂട്ടിവ് അംഗങ്ങളും ജില്ലയിലുടനീളം 250 ഓളം അംഗങ്ങളുമാണ് നിലവിൽ ശരണ്യ കൂട്ടായ്മയുടെ ശക്തി. സംഘത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഒരു ഓഫീസ് സമുച്ചയം സാധ്യമാക്കാനുള്ള ശ്രമത്തിലാണ് ശരണ്യ കൂട്ടായ്മ. കൂടാതെ സ്വന്തമായി വീടില്ലാത്തവർക്കായി ഒരു പാർപ്പിടം ഒരുക്കണമെന്നും ഇവർ ആഗ്രഹിക്കുന്നു. കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, കാനറാ ബാങ്ക്, ആർ സെറ്റി, കുടുംബശ്രീ ജില്ലാ മിഷൻ എന്നിവരുടെ പിന്തുണ കൂട്ടായ്മക്ക് ഉണ്ട്. നബാർഡ് സാമ്പത്തിക സഹായത്തോടെ നിർമ്മിച്ച വിപണന ഔട്ട്‌ലെറ്റ് 2022 ഡിസംബർ മുതൽ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്നുണ്ട്. ഓണം വിപണി ലക്ഷ്യമിട്ട് വിപണന മേളകൾ ഒരുക്കുമെന്നും ഇതോടൊപ്പം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന വിപണന കേന്ദ്രത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം സംഘടിപ്പിക്കുമെന്നും ശരണ്യ കൂട്ടായ്മയുടെ സെക്രട്ടറി ജെസി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.