- Trending Now:
ബാങ്കുകള്‍ക്ക് തങ്ങള്‍ നല്‍കിയ വായ്പ തിരിച്ചു പിടിക്കാന്‍ അവകാശമുണ്ട് പക്ഷേ ഇതിനായി ഉപഭോക്താക്കളെ സമ്മര്‍ദ്ദത്തിലാക്കാന്‍ പാടില്ല
വായ്പയെടുത്തവരെ ഭീഷണിപ്പെടുത്തുന്ന ബാങ്കുകള്‍ക്ക് ശക്തമായ താക്കീതുമായി റിസര്‍വ് ബാങ്ക്. വായ്പയെടുത്തവരെ ബാങ്ക് ഏജന്റുമാര്‍ ഭീഷണിപ്പെടുത്തുകയോ, അവരോട് മോശം ഭാഷ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് റിസര്‍വ്വ് ബാങ്ക്. ഇക്കാര്യത്തിലുള്ള ആശങ്ക അറിയിച്ച ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്, ഇത്തരം കാര്യങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞു.
ഉപഭോക്താക്കളെ നിരന്തരം വിളിച്ചു ശല്യപ്പെടുത്തുക, മറ്റുള്ളവരുടെ മുന്നില്‍ വെച്ച് മോശം ഭാഷ ഉപയോഗിച്ച് അപമാനിക്കുക, എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യരുത്. ബാങ്കുകള്‍ക്ക് തങ്ങള്‍ നല്‍കിയ വായ്പ തിരിച്ചു പിടിക്കാന്‍ അവകാശമുണ്ട് പക്ഷേ ഇതിനായി ഉപഭോക്താക്കളെ സമ്മര്‍ദ്ദത്തിലാക്കാന്‍ പാടില്ല. വായ്പ തിരിച്ചു പിടിക്കുന്നതുമായി ബന്ധപ്പെട്ട് വ്യക്തമായ മാര്‍ഗരേഖകള്‍ ബാങ്കുകള്‍ പിന്തുടരണം, പ്രത്യേകിച്ച് ഏജന്റുമാരുടെ ഫോണ്‍ വിളികളുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളില്‍.
ഡിജിറ്റല്‍ ലോണുകള്‍ സുരക്ഷിതമാക്കും
ഡിജിറ്റല്‍ ലോണുകള്‍ നല്‍കുന്ന സംവിധാനം കൂടുതല്‍ ശക്തവും, സുരക്ഷിതവുമാക്കാന്‍ ആര്‍ബിഐ ഉടന്‍ തന്നെ വിശദമായ മാര്‍ഗരേഖ പുറത്തിറക്കും. ലോണ്‍ നല്‍കാനെന്ന വ്യാജേന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ പതിയിരിക്കുന്ന ചതിയെപ്പറ്റി ആര്‍ബിഐ ഗവര്‍ണര്‍ ആശങ്ക പ്രകടിപ്പിച്ചു. ഇതേപ്പറ്റി ജനങ്ങളെ ബോധവത്ക്കരിക്കാന്‍ സമയാസമയങ്ങളില്‍ റിസര്‍വ്വ് ബാങ്ക് മാര്‍ഗരേഖ പുറത്തിറക്കാറുണ്ട്.
കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധിയിലായവരാണ് കൂടുതലായും ഡിജിറ്റല്‍ ലോണുകളിലേക്ക് ആകര്‍ഷിക്കപ്പെട്ടത്. ലളിതമായ നടപടിക്രമങ്ങളെന്ന വ്യാജേനയാണ് അംഗീകാരങ്ങളൊന്നുമില്ലാതെ ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. ആപ്പുകള്‍ വഴിയാണ് നിയമാനുസൃതമല്ലാത്ത ഇത്തരം ബിസിനസ്സുകള്‍ കൂടുതലായി നടത്തുന്നത്.
തങ്ങളുടെ വലയില്‍ വീഴുന്ന ഉപഭോക്താക്കളോട് ആദ്യം ആധാറുള്‍പ്പെടെയുള്ള കെവൈസി വിവരങ്ങള്‍ ആവശ്യപ്പെടും. പിന്നീട് മൊബൈല്‍ ഫോണില്‍ കോണ്‍ടാക്ടുകളുടെയടക്കം നിരവധി പെര്‍മിഷനുകള്‍ നല്‍കണം. അവസാനം ലോണ്‍ അനുവദിക്കുമ്പോള്‍ നല്ല ഒരു തുക പ്രോസസിങ് ഫീ എന്നും മറ്റുമുള്ള പേരിട്ട് ഈടാക്കിയതിനു ശേഷമാണ് ബാക്കി പണം നല്‍കുക. ഭീമമായ പലിശയാണ് ഇത്തരക്കാര്‍ ഈടാക്കുക.
ഇനി വാട്സ് ആപ്പിലൂടെയും ഇന്ത്യന്‍ പോസ്റ്റ് ഓഫീസ് സേവനങ്ങള്‍
... Read More
തിരിച്ചടവു തെറ്റിയാല്‍ ഭീഷണി തുടങ്ങുകയായി. മൊബൈലിലെ കോണ്‍ടാക്ടുകളിലേക്കും, സോഷ്യല്‍ മീഡിയയിലും ഉപഭോക്താവിനെ മോശമായി ചിത്രീകരിക്കുന്ന കമന്റുകളും, ഫോട്ടോകളും മറ്റും നിരന്തരമയക്കുന്നു. ബന്ധുക്കളെയും, സുഹൃത്തുക്കളെയും വിളിച്ച് ഉപഭോക്താവിനെക്കുറിച്ച് മോശമായി സംസാരിക്കുന്നു. ഇത്തരം കേസുകള്‍ അടുത്ത കാലത്തായി വര്‍ധിച്ചതും, കൗമാരക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആത്മഹത്യയിലടക്കം അഭയം തേടിയതുമെല്ലാം റിസര്‍വ്വ് ബാങ്ക് നല്‍കിയ മുന്നറിയിപ്പിനു പിന്നിലുണ്ട്.
പണപ്പെരുപ്പത്തിനെതിരെയുള്ള നടപടികള്‍
പണപ്പെരുപ്പത്തെ ഏറ്റവും വലിയ ഭീഷണിയായി ആര്‍ബിഐ കരുതുന്നു. ഇന്ത്യ മാറ്റമല്ല, അമേരിക്ക, യൂറോപ്പ് പോലെയുള്ള വികസിത രാജ്യങ്ങളടക്കം ഭൂരിഭാഗം രാജ്യങ്ങള്‍ക്കും ഇതേ ഭീഷണിയുണ്ട്. പെട്ടെന്ന് ഈ ഭീഷണിയെ പിടിച്ചു നിര്‍ത്താനുള്ള മരുന്നൊന്നും ആരുടെ കയ്യിലുമില്ലെന്നും, പണപ്പെരുപ്പത്തോടൊന്നിച്ച് പോവാനേ ഇപ്പോള്‍ നിര്‍വ്വാഹമുള്ളൂവെന്നും ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു. വളരെ നേരത്തേ തന്നെ പണപ്പെരുപ്പ ഭീഷണി നേരിടാനുള്ള നടപടികള്‍ റിസര്‍വ്വ് ബാങ്ക് കൈക്കൊണ്ടിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.