- Trending Now:
ഒരു ബിസിനസ് വളരാന്‍ ഉപഭോക്താക്കള്‍ എപ്പോഴും നിങ്ങളുടെ ഉത്പന്നത്തില്‍/ സേവനത്തില്‍ താത്പര്യം കാണിക്കണം.ഉപഭോക്താക്കളുടെ എണ്ണവും ഇടപാടും വര്‍ദ്ധിക്കുന്നത് അനുസരിച്ചാണ് സംരംഭത്തിന്റെ വിജയം. ഏതൊരു സമയത്തും ഉപഭോക്താക്കളെ കേന്ദ്രീകരിച്ചായിരിക്കണം ബിസിനസ്സ് മുമ്പോട്ട് പോകേണ്ടത്. അത്‌കൊണ്ട് തന്നെ ഉപഭോക്താക്കളെ എങ്ങനെയെല്ലാം ബിസിനസ്സിലേക്ക് ആകര്‍ഷിക്കണം എന്നുള്ള കാര്യം ഒരു സംഭരംഭകന്‍ അറിഞ്ഞിരിക്കണം.
കുറഞ്ഞ വില നല്‍കാം
ഉല്പന്നത്തിന്റെ യഥാര്‍ത്ഥ വിലയില്‍ നിന്നും അല്പംകൂടി കുറഞ്ഞ വിലയില്‍ ഉത്പന്നങ്ങളും സേവനങ്ങളും ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത് ഒരു പരിധിവരെ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ സഹായിക്കും. കാരണം ഡിസ്‌കൗണ്ടുകള്‍ എന്നും ഉപഭോക്താക്കളെ സന്തോഷിപ്പിക്കുന്ന കാര്യങ്ങളില്‍ ഒന്നാണ്. കുറഞ്ഞ വിലയുണ്ടെന്ന മൗത്ത് പബ്ലിസിറ്റി മാത്രം മതി നിങ്ങളുടെ സംരംഭത്തിലേക്ക് ജനപ്രവാഹം ഉണ്ടാകാന്‍.
ഉപഭോക്താക്കളുടെ ആവശ്യം അനുസരിച്ച് ഉത്പന്നം കസ്റ്റമൈസ് ചെയ്യുന്നത്
നിങ്ങള്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് നിലവില്‍ നിര്‍മ്മിക്കുന്ന ഉത്പന്നത്തെ അല്പം കൂടി മോടിപിടിപ്പിക്കുന്നത് ഉപഭോക്താക്കള്‍ക്ക് സഹായകരമാകും. അവരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും മാനിക്കുന്നത് അവരെ കൂടുതല്‍ നിങ്ങളിലേക്ക് അടുപ്പിക്കും. ഉപഭോക്താക്കള്‍ കൂടുതലായി നിങ്ങളുടെ ഉത്പന്നത്തെ ആശ്രയിക്കുന്നത് ബിസിനസ്സിന് വളര്‍ച്ച ഉണ്ടാക്കുകയേ ഉള്ളു.ഉദാഹരണത്തിന് ഒരു ബേക്കിംഗ് സ്റ്റുഡിയോയില്‍ നിന്ന് പ്രദര്‍ശിപ്പിച്ചിരിക്കുന്ന കേക്കുകളിലൊന്ന് വിലയ്ക്ക് വാങ്ങുന്നതിനെക്കാള്‍ കസ്റ്റമര്‍ ഇഷ്ടപ്പെടുന്നത് അവരുടെ താല്‍പര്യത്തിന് ബേക്കര്‍ തയ്യാറാക്കി നല്‍കുന്ന കേക്കിനായിരിക്കും.
സൗകര്യം പരിഗണിക്കണം
ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം സേവനങ്ങള്‍ അവരിലേക്ക് എത്തിക്കുന്നത് എപ്പോഴും അവരെ സംതൃപ്തരാക്കുന്നതിന് സഹായിക്കുന്നു. എപ്പോഴും ഉപഭോക്താക്കളെ ആയിരിക്കണം നിങ്ങള്‍ സേവിക്കേണ്ടത്.ഏറ്റവും മികച്ച ഉദാഹരണമാണ് കോവിഡ്.ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് വീടുകളില്‍ കഴിയേണ്ടിവന്ന സാഹചര്യത്തില്‍ ഡോര്‍ ഡെലിവറി ചെയ്യാന്‍ കടകള്‍ തയ്യാറായത് വലിയ രീതിയിലാണ് പൊതുജനത്തെ സഹായിച്ചത്.
വേഗത്തിലുള്ള സേവനം
ഏറ്റവും കുറഞ്ഞ സമയത്തില്‍ കൃത്യനിഷ്ഠതയോടുകൂടി സേവനങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്ന സ്ഥാപനങ്ങളോട് ഉപഭോക്താക്കള്‍ക്ക് എന്നും താല്പര്യം കൂടുകയേ ഉള്ളു. ഏറ്റവും വേഗതയില്‍ ആവശ്യാനുസരണം സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് അവര്‍ എപ്പോഴും മുന്‍ഗണന നല്‍കും എന്നതിന് യാതൊരു തര്‍ക്കവുമില്ല.
അധിക സേവനങ്ങള്‍
നിങ്ങളുടെ സ്ഥാപനം നല്‍കുന്ന സേവനങ്ങള്‍ക്കൊപ്പം അധികസേവനങ്ങള്‍ നല്‍കുന്നതും, ഗുണമേന്മയില്‍ മെച്ചപ്പെട്ട ഉത്പന്നങ്ങളും സേവനങ്ങളും അവര്‍ക്ക് നല്‍കുന്നതും എല്ലായിപ്പോഴും അവരെ സന്തോഷിപ്പിക്കുകയേ ഉള്ളു.
പരിശീലനം
സ്ഥാപനം നല്‍കുന്ന ഉത്പന്നങ്ങളെയും സേവനങ്ങളെയും വേണ്ടരീതിയില്‍ ഉപയോഗിക്കാന്‍ അവരെ പ്രാപ്തരാക്കുന്ന രീതിയിലുള്ള പരിശീലനം നല്‍കുന്നത് ഉപഭോക്താക്കള്‍ക്ക് വളരെ സഹായകരമാകും. ഇങ്ങനെ ചെയ്യുന്നത് ഉപഭോക്താക്കള്‍ക്ക് നിങ്ങളോടുള്ള വിശ്വാസ്യത വര്‍ധിപ്പിക്കും.
അധിക ഗ്യാരണ്ടി
ഒരിക്കല്‍ നിങ്ങളുടെ സ്ഥാപനത്തിലെ ഉത്പന്നങ്ങള്‍ വാങ്ങുകയോ സേവനങ്ങള്‍ കൈപ്പറ്റുകയോ ചെയ്തുകഴിഞ്ഞാല്‍, നിലവിലുള്ള സ്ഥാപനങ്ങള്‍ നല്‍കാത്ത അത്രയും അധിക ഗ്യാരണ്ടി നല്‍കുന്നത് അവരെ കൂടുതല്‍ നിങ്ങളിലേക്ക് ആകര്‍ഷിക്കും. നിങ്ങളുടെ ഉത്പന്നങ്ങളും സേവനങ്ങളും ഇനിയും സ്വീകരിക്കാന്‍ അവര്‍ക്ക് ഇതൊരു പ്രചോദനമാകും.
ഉപയോഗപ്രദമായ ടൂള്‍സ്
നിങ്ങളില്‍ നിന്നു വാങ്ങുന്ന ഉത്പന്നം ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലുള്ള മറ്റ് ഉപയോഗപ്രദമായ ടൂള്‍സ് കൂടി നല്‍കുന്നത് ഉപഭോക്താവിന് കുറച്ചുകൂടി സഹായകരമാകും. ഫോണ്‍ വാങ്ങുമ്പോള്‍ ചാര്‍ജറും ഹെഡ്സെറ്റും നല്കുന്നതുപോലെ, നിങ്ങളുടെ ഉത്പന്നം എന്താണോ അതിന് അനുയോജ്യമായ ഉപകരണങ്ങള്‍ കൂടി നല്‍കുന്നത് ഉപഭോക്താവിനെ കൂടുതല്‍ നിങ്ങളിലേക്ക് ആകര്‍ഷിക്കും.
മെമ്പര്‍ഷിപ്പ് ആനുകൂല്യങ്ങള്‍
ഒരു തവണ ഒരു ഉപഭോക്താവ് നിങ്ങളുടെ സ്ഥാപനത്തില്‍ നിന്നും എന്തെങ്കിലും ഉത്പന്നം വാങ്ങുകയോ സേവനങ്ങള്‍ കൈപ്പറ്റുകയോ ചെയ്താല്‍, പിന്നീടങ്ങോട്ട് ദീര്‍ഘകാലം അയാളുമായുള്ള ബന്ധം നിലനിര്‍ത്തുക. നമ്മുടെ സ്ഥാപനത്തിലെ ഒരു അംഗത്തെപോലെ കണ്ടുകൊണ്ട് പിന്നീട് അയാള്‍ എപ്പോള്‍ വന്നാലും മുന്‍ഗണ നല്‍കുക.
ഇന്ന് നിരവധി സാങ്കേതിക വിദ്യകളുണ്ട് ഉപഭോക്താവിന് താല്‍പര്യമുണ്ടാക്കാന്‍ സഹായിക്കുന്ന എല്ലാത്തരം വഴികളും നിങ്ങള്‍ക്ക് പ്രയോജനപ്പെടുത്താം.അടിസ്ഥാനപരമായി പതിവായി നിങ്ങളുടെ ഉത്പന്നത്തെ/സേവനത്തെ കുറിച്ചുള്ള വിവരങ്ങള്‍ പ്രചരിപ്പിക്കുകയും ഡാറ്റാ അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യുക എന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.