Sections

വാഹനമേഖലയില്‍ മൊത്തം പ്രശ്നം; വലഞ്ഞ് ഉപഭോക്താക്കള്‍

Sunday, Jun 05, 2022
Reported By admin
car

2004 നും 2015 നും ഇടയില്‍ നിര്‍മ്മിച്ച എസ്.യു.വി. സീരീസായ എം.എല്‍, ജി.എല്‍, ആര്‍- ക്ലാസ് ലക്ഷ്വറി മിനിവാന്‍ എന്നിവയാണു തിരിച്ചുവിളിച്ചിരിക്കുന്നത്


കൊവിഡിനു മുമ്പ് തന്നെ തുടങ്ങിയതാണ് വാഹന മേഖലയിലെ പ്രശ്നങ്ങള്‍. കൊവിഡോടെ പ്രശ്നങ്ങള്‍ രൂക്ഷമായി. കൊവിഡിനു ശേഷം തിരിച്ചുവരവ് പ്രതീക്ഷിച്ചിരികേ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുകയാണ്. നാള്‍ക്കുനാള്‍ കമ്പനികളും, ഉപയോക്താക്കളും നേരിടുന്ന പ്രശ്നങ്ങള്‍ വര്‍ധിച്ചുവരുന്നു. നിലവില്‍ മേഖലയിലെ പ്രധാന പ്രശ്നങ്ങള്‍ വില വര്‍ധനയും, തിരികെ വിളിക്കലുകളുമാണ്.

ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ മെഴ്‌സിഡസ്- ബെന്‍സ് ബ്രേക്കിങ് സിസ്റ്റത്തിലെ പ്രശ്‌നത്തെത്തുടര്‍ന്ന് ലോകമെമ്പാടുമുള്ള ഒരു ദശലക്ഷത്തോളം പഴയ വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നതായി ഫെഡറല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (കെ.ബി.എ) അറിയിച്ചു. 2004 നും 2015 നും ഇടയില്‍ നിര്‍മ്മിച്ച എസ്.യു.വി. സീരീസായ എം.എല്‍, ജി.എല്‍, ആര്‍- ക്ലാസ് ലക്ഷ്വറി മിനിവാന്‍ എന്നിവയാണു തിരിച്ചുവിളിച്ചിരിക്കുന്നത്.

ഹോണ്ട ഇന്ത്യ അതിന്റെ ചില മുന്‍നിര മോഡലുകളായ സിറ്റി, അമേസ്, ഡബ്ല്യു.ആര്‍-വി എന്നിവയുടെ വില ഉയര്‍ത്തി. ഈ വര്‍ഷം ഏപ്രിലിനു ശേഷമുള്ള രണ്ടാമത്തെ വര്‍ധനയാണിത്. ഡബ്ല്യു.ആര്‍-വി എസ്.യു.വിയുടെ പെട്രോള്‍ വേരിയന്റിന് 11,900 രൂപയും ഡീസല്‍ വേരിയന്റുകള്‍ക്ക് 12,500 രൂപയും വര്‍ധിപ്പിച്ചെന്നാണു റിപ്പോര്‍ട്ട്. ഡബ്ല്യു.ആര്‍-വിയുടെ നിലവിലെ വില 8.88 ലക്ഷം മുതല്‍ 9 ലക്ഷം വരെയാണ് (എക്സ്-ഷോറൂം), കൂടാതെ മുന്‍നിര വകഭേദങ്ങള്‍ക്ക് 12.24 ലക്ഷം (എക്സ്-ഷോറൂം) വരെ വില വരും. ഹോണ്ട സിറ്റി സെഡാന്‍ നാലാം തലമുറ മോഡലിന്റെ വില മാനുവല്‍ വേരിയന്റുകള്‍ക്ക് 9.50 ലക്ഷം ആണ്. നേരത്തേ ഇത് 9.30 ലക്ഷം (എക്സ്-ഷോറൂം) രൂപയായിരുന്നു.

രാജ്യത്തെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ചുകൊണ്ടിരിക്കുന്ന സ്‌കോഡ തങ്ങളുടെ ഇടത്തരം സെഡാനായ സ്ലാവിയയുടെ വില 40,000- 60,000 രൂപ വരെ വര്‍ധിപ്പിച്ചു. ഇതോടെ അടിസ്ഥാന 1.0 ടി.എസ്.ഐ മാനുവല്‍ ആക്റ്റീവ് വേരിയന്റിന് 10.99 ലക്ഷം രൂപയാണ് വില. ഉയര്‍ന്ന വേരിയന്റിന് 18.39 ലക്ഷം രൂപയാണ്. മൂന്ന് ട്രിമ്മുകളിലും നാല് പവര്‍ട്രെയിന്‍ ഓപ്ഷനുകളിലും സ്ലാവിയ ലഭ്യമാണ്.

വളരെ കുറഞ്ഞ സമയംകൊണ്ട് ഇന്ത്യന്‍ വാഹന വിപണിയില്‍ ശ്രദ്ധേയ മുന്നേറ്റം കാഴ്ചവച്ച വാഹന നിര്‍മാതാക്കളാണ് എം.ജി. എം.ജി. അവരുടെ അസ്റ്റര്‍ എസ്.യു.വിയുടെ വിലയാണ് വര്‍ധിപ്പിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും, അഡ്വാന്‍സ്ഡ് ഡ്രൈവ് അസിസ്റ്റന്‍സ് സിസ്റ്റവും വാഗ്ദാനം ചെയ്യുന്ന ആസ്റ്റര്‍ എസ്.യു.വിയുടെ പ്രാരംഭവില 10.28 ലക്ഷം (എക്‌സ് ഷോറൂം) രൂപയാണ്.

മറ്റു വാഹന നിര്‍മ്മാതാക്കളും തങ്ങളുടെ മോഡലുകളുടെ വില വര്‍ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ വില വര്‍ധനയുണ്ടാകുമെന്നാണു റിപ്പോര്‍ട്ട്. പണപ്പെരുപ്പം, അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം, ചിപ്പ് ക്ഷാമം, നികുതി വര്‍ധന തുടങ്ങിയവയെല്ലാം കമ്പനികളെ വില വര്‍ധിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്.

രാജ്യാന്തര എണ്ണവിലക്കയറ്റം ഏതു നിമിഷവും പ്രാദേശിക വിപണികളെ ബാധിച്ചേക്കാമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ സര്‍ക്കാര്‍ രജിസ്ട്രേഷന്‍, ഫിറ്റ്നസ് നിരക്കുകളില്‍ വന്‍വര്‍ധന വരുത്തിയിരുന്നു. ഇതോടൊപ്പം മാസം ഒന്നുമുതല്‍ ഇന്‍ഷുറന്‍സ് നിരക്കുകളും വര്‍ധിപ്പിച്ചിട്ടുണ്ട്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.