Sections

കേരളത്തിൽ പകർച്ചപ്പനി ബാധിതരുടെ എണ്ണം വർധിക്കുന്നു; മാർഗനിർദ്ദേശവുമായി ആരോഗ്യവകുപ്പ്

Tuesday, Jul 25, 2023
Reported By admin

പനിക്കെതിരെ അതീവജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു


സംസ്ഥാനത്ത് പകർച്ചപ്പനി ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. ഡെങ്കിപ്പനി, എലിപ്പനി, ഇൻഫ്ളുവൻസ, ചെള്ളുപനി എന്നിവയാണ് വ്യാപകമായി കണ്ടുവരുന്നത്. ചെറിയ രോഗലക്ഷണം മാത്രമുള്ളതിനാൽ ഡോക്ടറെ കണ്ടശേഷം ഡോക്ടറുടെ ഉപദേശാനുസരണം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവർ, ആരോഗ്യപ്രവർത്തകർ, ആശുപത്രികളിലെ രോഗികളുടെ കൂട്ടിരിപ്പുകാർ, പൊതുജനങ്ങൾ എന്നിവർ പനിക്കെതിരെ അതീവജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ഡെങ്കിപ്പനി പ്രതിരോധിക്കാൻ വീട്ടിലും പരിസരത്തും കൊതുക് വളരാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുകയാണ് ആദ്യമായി ചെയ്യേണ്ടത്. ആഴ്ചയിൽ ഒരിക്കൽ ഡ്രൈ ഡേ ആചരിക്കുക. കൊതുകു കടി ഏൽക്കാതിരിക്കാൻ കൊതുകുവല, ലേപനങ്ങൾ എന്നിവ ഉപയോഗിക്കുക. ഇൻഫ്ളുവൻസ പ്രതിരോധിക്കുന്നതിനായി നിർബന്ധമായും മാസ്ക് ധരിക്കാനും പനിയുള്ളവരുമായി സമ്പർക്കത്തിൽ വരാതിരിക്കാനും ശ്രദ്ധിക്കണം. ചെള്ളുപനി ബാധ തടയുന്നതിനായി വീടിന് ചുറ്റുമുള്ള കുറ്റിച്ചെടികൾ ഒഴിവാക്കുക, ചെള്ളുകടിയേൽക്കാതിരിക്കാൻ ഫുൾസ്ലീവ് ഷർട്ട്, പാന്റ് എന്നിവ ധരിക്കുക, ജോലികഴിഞ്ഞു വന്നാൽ വസ്ത്രം മാറുകയും കുളിക്കുകയും ചെയ്യുക, പനി, ശരീരം വിറയൽ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ എത്രയും വേഗം ഡോക്ടറെ കാണിക്കുക തുടങ്ങിയ കാര്യങ്ങളിൽ ജാഗ്രത പുലർത്തണം.

എലിപ്പനി ബാധ തടയാനായി ചെളിയിലും വെള്ളത്തിലും ജോലി ചെയ്യുന്ന എല്ലാവരും ആഴ്ചയിലൊരിക്കൽ ഡോക്സിസൈക്ലിൻ ഗുളിക കഴിക്കണം. കയ്യുറ, ഗംബൂട്ട് എന്നിവ ധരിക്കാനും പ്രത്യേകം ശ്രദ്ധിക്കുക. പനി, ശരീരം വേദന, കണ്ണിന് ചുറ്റും വേദന, മൂത്രത്തിന് മഞ്ഞ നിറം എന്നിവ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് ഡോക്ടറെ കണ്ട് ചികിത്സ തേടുകയും വേണം. വീട്ടിൽ കന്നുകാലികൾ, വളർത്തു മൃഗങ്ങൾ എന്നിവയുണ്ടെങ്കിൽ മേൽ പറഞ്ഞ ലക്ഷണങ്ങൾ ഉള്ളവർ അടിയന്തിരമായി ഡോക്ടറെ കാണേണ്ടതും വീട്ടിൽ വളർത്തു മൃഗങ്ങളുള്ള വിവരം ഡോക്ടറെ അറിയിക്കേണ്ടതുമാണ്.

പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പനി ബാധിച്ചവർ മറ്റുള്ളവരുമായും പ്രത്യേകിച്ച് കുട്ടികൾ, അസുഖബാധിതർ, ഗർഭിണികൾ എന്നിവരുമായി സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കണം. ചെറിയ രോഗലക്ഷണം മാത്രമുള്ളതിനാൽ ഡോക്ടറെ കണ്ട ശേഷം ഡോക്ടറുടെ ഉപദേശാനുസരണം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവർ നന്നായി വിശ്രമിക്കുക. ഇവർ വീട്ടിനകത്തും മാസ്ക് ധരിക്കണം. പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കുക. പനി ഏതായാലും സ്വയം ചികിത്സ വേണ്ട. ഡോക്ടറുടെ നിർദ്ദേശാനുസരണം മാത്രം മരുന്ന് കഴിക്കുക. കൈകൾ ഇടയ്ക്കിടെ ശുദ്ധമായ വെള്ളത്തിൽ കഴുകുക. തിളപ്പിച്ചാറിയ വെള്ളം 3-4 ലിറ്ററെങ്കിലും ദിവസേന കുടിക്കുക. തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കുക. ഇടക്കിടക്ക് കണ്ണ്, മൂക്ക്, വായ എന്നിവ തൊടുന്നത് ഒഴിവാക്കുക. ഡെങ്കിപ്പനി ലക്ഷണങ്ങൾ ഉണ്ടെങ്കിൽ കൊതുക് കടിയേൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. തുടർച്ചയായ വയറുവേദന, ഛർദ്ദി, ശരീരത്തിൽ നീര്, വായിൽ നിന്നും മൂക്കിൽ നിന്നും രക്തം വരിക, കൂടുതൽ ക്ഷീണം അനുഭവപ്പെടുക എന്നീ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അടിയന്തരമായി ഡോക്ടറെ കാണുക.

ആരോഗ്യ പ്രവർത്തകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ആശുപത്രിയിൽ വരുന്ന ഏതൊരു പനിയും പകർച്ചപ്പനിയായി കണ്ട് സ്വയം സംരക്ഷണം ഉറപ്പ് വരുത്തണം. മാസ്ക്, ഗ്ലൗസ് എന്നിവ നിർബന്ധമായും ധരിക്കണം. ഡെങ്കിപ്പനി ബാധിതർ വാർഡിൽ ഉണ്ടെങ്കിൽ കൊതുകുവല നിർബന്ധമായും നൽകണം. ആശുപത്രി പരിസരത്ത് കൊതുക് വളരാനുള്ള സാഹചര്യം ഇല്ല എന്ന് ഉറപ്പ് വരുത്തുക. ഉപയോഗിക്കുന്ന കസേര, മേശ, മറ്റ് ഫർണിച്ചറുകൾ എന്നിവ ഇടയ്ക്കിടെ അണുവിമുക്തമാക്കുക. പനി ലക്ഷണം ഉണ്ടെങ്കിൽ ആരോഗ്യ പ്രവർത്തകരും കൃത്യമായ ചികിത്സ തേടേണ്ടതാണ്.

രോഗികളുടെ കൂട്ടിരിപ്പുകാരുടെ ശ്രദ്ധയ്ക്ക്

രോഗിയെ കാണാൻ വരുന്ന സന്ദർശകരുടെ എണ്ണം നിയന്ത്രിക്കുക. രോഗിക്ക് കൃത്യമായ ഇടവേളകളിൽ തിളപ്പിച്ചാറ്റിയ വെള്ളം നൽകുക. രോഗിക്ക് കൊതുകു കടിയേൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. സ്വയം കൊതുക് കടിയേൽക്കാതിരിക്കാൻ ശരീരത്തിൽ ലേപനങ്ങൾ പുരട്ടുക. ആശുപത്രിയിലും പരിസരത്തും നിർബന്ധമായും മാസ്ക് ധരിക്കുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.