Sections

പണം വാരാം മണ്ണില്‍ വിളയുന്ന പൊന്നിലൂടെ

Friday, Jan 14, 2022
Reported By Admin
farming

കളയുന്ന പുറം തൊലി വാറ്റിയെടുത്തും നല്ല മണമുള്ള തൈലം ഉണ്ടാക്കാവുന്നതാണ്

 

മണ്ണില്‍ വിളയുന്ന പൊന്നാണ് ഇഞ്ചി. ഇഞ്ചിയുടെ മണ്ണിനടിയില്‍ വളരുന്ന പ്രകന്ദങ്ങളാണ് സുഗന്ധവ്യഞജനമായി ഉപയോഗിക്കുന്നത്. അതുകൊണ്ട് ഇഞ്ചിയുടെ ഉത്പാദനം പോലെ തന്നെ സംസ്‌കരണവും വളരെയേറെ പ്രാധാന്യം അര്‍ഹിക്കുന്നു. ചുക്കാണ് ഇഞ്ചിയില്‍ നിന്നും ഉണ്ടാക്കുന്ന ഏറ്റവും പ്രധാന ഉത്പന്നം. ഇഞ്ചിയുടെ പ്രകന്ദങ്ങങ്ങള്‍ ഉണക്കിയാണ് ചുക്കുണ്ടാക്കുന്നത്, വേരുകളും മണ്ണും കളത്ത് ഇഞ്ചി വെള്ളത്തിലിട്ട് കഴുകി വൃത്തിയാക്കുക. മുളയുടെ ചെറിയ കഷണങ്ങള്‍ കൊണ്ട് പ്രകന്ദത്തിന്റെ പരന്ന തലത്തിലെ തൊലി ചുരണ്ടി കളയണം. 

പുറംതോല്‍ ചുരണ്ടുമ്പോള്‍ വളരെ ആഴത്തില്‍ ചുരണ്ടരുത്, ശരിയായി ചുരണ്ടി, മണ്ണും പൊടിയും ഇല്ലാത്ത സ്ഥലത്ത് നിലത്തോ പാതകളിലോ ഇട്ട് ഉണക്കണം. ഇഞ്ചി വിളവെടുക്കുമ്പോള്‍ 80 മുതല്‍ 95 ശതമാനം വരെ ഈര്‍പ്പം ഉണ്ടായിരിക്കും. ചുക്കാകുമ്പോള്‍ ഇത് 10 ശതമാനമായി കുറയുന്നു. ഏകദേശം ഒരാഴ്ച ഉണങ്ങിയാല്‍ ഇഞ്ചി ശരിയായി ഉണങ്ങി ചുക്കാവും. ഈ ചുക്ക് ഒന്നുകൂടെ ഉണക്കി മിനുസപ്പെടുത്തിയാല്‍ വില്‍പ്പനക്ക് തയ്യാറായി.

ഇന്ത്യയില്‍ നിന്നും പ്രധാനമായി രണ്ടു തരം ചുക്കാണ് വിപണനം ചെയ്യുന്നത്. കൊച്ചി, ആലപ്പുഴ ഭാഗങ്ങളില്‍ നിന്നും വരുന്ന കൊച്ചി ഇഞ്ചിയും, മലബാര്‍ മേഖലയില്‍ നിന്നുള്ള കോഴിക്കോട് ഇഞ്ചിയും. ബ്ലിച്ച് ചെയ്‌തേടുത്ത ചുരണ്ടിയ ഇഞ്ചി 10 ശതമാനം വീര്യമുള്ള ചുണ്ണാമ്പ് ലായനിയില്‍ ആറ് മണിക്കൂര്‍ നേരം ഇട്ടതിനുശേഷമാണ് ഉണക്കേണ്ടത്. ഇതിനെ കോട്ടഡ് അല്ലെങ്കില്‍ ചുക്ക് എന്നുപറയുന്നു. ചുണ്ണാമ്പ് ലായനിയില്‍ മുക്കുന്നതോ ഗന്ധക പുക കൊള്ളിക്കുന്നതോ ആയ ചുക്കുണ്ടാക്കുവാന്‍ ചെലവ് കൂടുതലാണെങ്കിലും പലപ്പോഴും വില കുറവായിട്ടാണു കാണുന്നത്. ഇതിനുള്ള കാരണം രോഗം ബാധിച്ചതും മോശമായതുമായ ഇഞ്ചി ഈ രീതിയില്‍ ചുക്കാക്കി മാറ്റാന്‍ സാധിക്കുന്നു എന്നതാണ്.

ഇപ്രകാരം കൃത്രിമ ചേരുവകള്‍ ഉപയോഗിച്ച് സംസ്‌കരണം നടത്തിയ ചുക്കിന് ആരോഗ്യപരമായ കാര്യങ്ങള്‍ കൊണ്ട് ഇന്ന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ സ്വീകാര്യതയില്ല. ഇഞ്ചി ഒലിയോറെസിന്‍ പച്ച ഇഞ്ചിയില്‍ നിന്നും അനുവദനീയമായ അസറ്റോണ്‍ പോലുള്ള ലായനി ഉപയോഗിച്ചാണ് ഇത് വേര്‍തിരിച്ചെടുക്കുന്നത്. ഏകദേശം 4 മുതല്‍ 7 ശതമാനം ഒലിയോറെസിന്‍ ഉണ്ടാകും. ഒരു കിലോഗ്രാം ഒലിയോറെസിന്‍ ഏകദേശം 28 കിലോഗ്രാം ചുക്കുപൊടിക്ക് സമാനമാണ്. പാനീയങ്ങള്‍, ബേക്കറി ഉല്‍പ്പന്നങ്ങള്‍, മാംസവിഭവങ്ങള്‍, അച്ചാറുകള്‍ എന്നിവയ്ക്ക് മണവും രുചിയും നല്‍കാന്‍ ഒലിയോറെസിന്‍ ഉപയോഗിക്കുന്നു. 

ഇഞ്ചിതൈലം ചുക്ക് പൊടിച്ചു വാറ്റിയെടുക്കുന്ന ഇളം മഞ്ഞ നിറത്തിലുളള തൈലമാണ് ഇഞ്ചിതൈലം. സിഞ്ചിബറിന്‍, സിട്രല്‍ തുടങ്ങി സുഗന്ധം നല്‍കുന്ന എല്ലാ ഘടകങ്ങളും ഇതിലുണ്ട്. ചുക്കില്‍ ഏകദേശം ഒന്ന് മുതല്‍ മൂന്നു ശതമാനം വരെയാണ് തൈലത്തിന്റെ ലഭ്യത. ചുക്കുണ്ടാക്കാന്‍ വേണ്ടി കളയുന്ന പുറം തൊലി വാറ്റിയെടുത്തും നല്ല മണമുള്ള തൈലം ഉണ്ടാക്കാവുന്നതാണ്. ഇഞ്ചിയില്‍ നിന്നും ഇഞ്ചി വൈന്‍,  കാന്‍ഡി, ഇഞ്ചി പേസ്റ്റ് മുതലായ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളും ഉണ്ടാക്കാവുന്നതാണ്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.