- Trending Now:
ചിലരുടെ മനസിലെ ആശയങ്ങള്‍ പലരീതിയിലാണ് പ്രതിഫലിക്കുക. അത് മനസിലാക്കി ലക്ഷ്യത്തിലേക്ക് സഞ്ചരിക്കുമ്പോളാണ് സന്തോഷമെന്ന ജീവിതനൗകയിലേക്ക് എത്തിച്ചേരുന്നത്. അതാണ് മനുഷ്യരുടെ യഥാര്‍ത്ഥ വിജയമെന്ന് ഈ ദമ്പതികള്‍ തെളിയിക്കുന്നു
നമ്മുടെ പ്രവൃത്തി നമ്മെ സന്തോഷിപ്പിക്കുന്നതാണെങ്കില്‍ പിന്നെ ഒന്നു നോക്കരുത്, അതിന്റെ കൂടെ അങ്ങ് പോയേക്കണം. അത് എത്ര പ്രതിബന്ധങ്ങള്‍ ഉണ്ടായാലും. സ്വയം വിശ്വാസമുണ്ടെങ്കില്‍ എന്തും എത്തിപ്പിടിക്കാന്‍ സാധിക്കും. ഇത്
കൊല്ലം പരവൂര്‍ സ്വദേശികളും യൂട്യൂബറായ വിഷ്ണുവിന്റെയും സിനിയുടെയും അനുഭവമാണ്. എതിര്‍പ്പുകളെ മറികടന്ന് സ്വന്തം സന്തോഷത്തിനായി വിഷ്ണുവും സിനിയും ആരംഭിച്ച വീഡിയോ ക്രീയേഷന്‍ ഇവരുടെ ദൃഢനിശ്ചയത്തിന്റെ പ്രതീകമാണ് . പ്രമുഖ ചാനലിലെ കോമഡി ഷോകളില്‍ വരെ സാനിധ്യമറിയിച്ചു കൊണ്ട് വിഷ്ണുവും സിനിയും മുന്നേറുകയാണ്. നട്ടും ബോള്‍ട്ടും എന്ന യൂട്യൂബ് ചാനലിന്റെ ഉടമകളായ വിഷ്ണുവും സിനിയുമായി ദി ലോക്കല്‍ ഇക്കോണമി സബ് എഡിറ്റര്‍ അശ്വതി നുരിച്ചന്‍ നടത്തിയ അഭിമുഖം.
സ്വന്തം സന്തോഷത്തിന് നല്‍കുന്ന പ്രാധാന്യം
സ്വന്തം സന്തോഷത്തിന് വേണ്ടി മാത്രം വീഡിയോ ചെയ്യാന്‍ തുടങ്ങിയ എത്ര ആളുകളെ നിങ്ങള്‍ക്കറിയാം. എന്നാല്‍ അറിഞ്ഞോളൂ. വിഷ്ണുവും സിനിയും അങ്ങനെയുള്ള ആളാണ്. വിനോദങ്ങളില്ലാത്ത ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് ഇരുവരും വീഡിയോ ചെയ്യാന്‍ തുടങ്ങിയത്. മുന്‍കൈ എടുത്തത് സിനിയാണ്. തുടക്കത്തില്‍ തന്നെ നിരുത്സാഹപ്പെടുത്തലായിരുന്നു ലഭിച്ചിരുന്നത്. അത് ഒന്നു തളര്‍ത്തിയെങ്കിലും പിന്നീട് കൂടുതല്‍ ഊര്‍ജത്തോടെ മറ്റുള്ളവരെ ചിരിപ്പിച്ച് കൊണ്ട് മുന്നോട്ട് പോയി.
അഭിനയത്തോടുള്ള ആവേശം
സിനി പഠിക്കുന്ന സമയങ്ങളില്‍ തിരുവാതിര മത്സരങ്ങളില്‍ ഒക്കെ പങ്കെടുത്തിരുന്നു. വിഷ്ണുവിന് അഭിനയത്തോട് അതിയായ ആഗ്രഹം ഉണ്ടായിരുന്നു. എന്നാല്‍ ജീവിത പ്രശ്‌നങ്ങളിലും തിരക്കുകളില്‍പെട്ട് അവര്‍ അവരെ തന്നെ മറന്നുപോയിരുന്നു. തുടക്കത്തില്‍ ആളുകള്‍ എങ്ങനെ പ്രതികരിക്കും എന്ന മടിയോടെയായിരുന്നു രണ്ടു പേരും ആരംഭിച്ചതെങ്കിലും ആദ്യ വീഡിയോയില്‍ ലഭിച്ച ഏഴ് ലൈക്ക് ഒരു കമന്റുമാണ് അവരില്‍ ധൈര്യം ഉണ്ടാക്കിയത്. പിന്നീടങ്ങോട്ട് ആളുകള്‍ക്ക് ഞങ്ങളുടെ വീഡിയോ ഇഷ്ടപ്പെടുന്നുണ്ടെന്ന് ആത്മവിശ്വാസത്തോടെ സധൈര്യം നിരവധി വീഡിയോകള്‍ ചെയ്യാന്‍ തുടങ്ങി.
സ്വയം ചിരിപ്പിക്കുന്ന കോമഡികള്‍
ഇവരുടെ വീഡിയോ മാത്രമല്ല, ഷൂട്ടിംഗും കോമഡിയാണ്. കണ്ടന്റ് മേക്കിംഗ് സമയത്തും അഭിനയത്തിനിടയിലും ചിരി നിര്‍ത്താനേ ആകില്ലെന്ന് സിനി പറയുന്നു. വേഷം ധരിച്ചു കഴിഞ്ഞാല്‍ രണ്ടു പേരുടെയും ഒരു പൂണ്ടുവിളയാട്ടമുണ്ട്. ചിരി കാരണം ഷൂട്ടിംഗ് നീണ്ടു പോകാറുണ്ടെന്നും ഇവര്‍ പറയുന്നു. കൂടാതെ ചില വീഡിയോകളില്‍ ബന്ധുക്കളും അയല്‍വാസികളും അഭിനയിക്കാന്‍ വരാറുണ്ട്. അത് കുറച്ച് കൂടി രസകരമാണെന്നും ഈ ദമ്പതികള്‍ പറയുന്നു.
ഏതു വേഷം കെട്ടാനും കുഴിയില്‍ ചാടാനും റെഡി
വീഡിയോ നന്നാകാനായി ഏത് വേഷം കെട്ടാനും രണ്ടുപേരും റെഡിയാണ്. കണ്ടന്റുകള്‍ മാത്രമല്ല, അവതരണവും ഈ യൂട്യൂബേര്‍സിനെ വ്യത്യസ്തമാക്കുന്നു. ആളെ വരെ മനസിലാക്ക രീതിയിലുള്ള വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ഇവര്‍ പുത്തന്‍ വീഡിയോകളില്‍ പ്രത്യക്ഷപ്പെടാറുള്ളത്. വീഡിയോകള്‍ മികച്ചതാക്കാനായി യാതൊരു വിധ വൃത്തികേടുമില്ലാത്ത രീതിയില്‍ വേഷം കെട്ടാനും അതിന് വേണ്ടി കഠിന ശ്രമം നടത്താനും ഇവര്‍ തയ്യാറാണ്. അതിപ്പോള്‍ വേഷം കെട്ടുന്നതില്‍ ആണെങ്കിലും അവതരണത്തില്‍ ആണെങ്കിലും കുഴിയില്‍ ചാടാനാണെങ്കിലും ഒരു മടിയും ഇരുവര്‍ക്കുമില്ല.
ആള്‍ക്കൂട്ടത്തില്‍ തിരിച്ചറിയുന്നതിന്റെ ആഹ്ലാദം
ഇതുവരെ പരിചയമില്ലാത്ത ആളുകള്‍ വന്നു സംസാരിക്കുമ്പോള്‍ വലിയ സന്തോഷം തോന്നാറുണ്ടെന്ന് ആഹ്ലാദത്തോടെ ഇവര്‍ പറയുന്നു. കൂടാതെ മുമ്പ് പരിചയമുള്ളവര്‍ വന്ന് 'വീഡിയോ ചെയ്യുന്നവരല്ലേ, നല്ല വീഡിയോ ആണ'് എന്നൊക്കെ പറയുമ്പോള്‍ ഈ ദമ്പതികളുടെ സന്തോഷത്തിന് അതിരുകളില്ല. തളര്‍ന്നു കിടക്കുന്ന ഒരു ചേട്ടന്‍ വീഡിയോ കണ്ടതിന് ശേഷം വിളിച്ചത് ഒരിക്കലും മറക്കാനാകാത്ത അനുഭവമാണിവര്‍ക്ക്. അമ്മയില്ലാത്ത രണ്ടു കുട്ടികളുള്ള അദ്ദേഹത്തിന് വീഡിയോ വളരെയധികം ആശ്വാസമാണെന്നു പറഞ്ഞപ്പോള്‍ സ്വര്‍ഗം കിട്ടിയ സന്തോഷമായിരുന്നു ഇവര്‍ക്ക്.
മാമി എന്ന ശക്തി
സുനിത മാമിയെ കുറിച്ച് പറയുമ്പോള്‍ ഇവര്‍ക്ക് നൂറ് നാവാണ്. സുനിത മാമിയാണ് ഈ യുട്യൂബേര്‍സിന്റെ യഥാര്‍ത്ഥ ശക്തി. ഒന്നും തിരിച്ച് പ്രതീക്ഷിക്കാതെ തുടക്കത്തില്‍ തന്നെ ഇങ്ങനെ ആത്മാര്‍ഥമായി പ്രോല്‍സാഹിപ്പിക്കാന്‍ എല്ലാവര്‍ക്കും സാധിക്കില്ല. മാനസികമായ പ്രോല്‍സാഹനം നല്‍കുന്നതിനോടൊപ്പം ഷൂട്ടിംഗ് ചെയ്യുന്നതിനുള്ള സഹായവും മാമിയാണ് ഇവര്‍ക്ക് ചെയ്ത് കൊടുക്കുന്നത്. കൂടാതെ അവതരണവുമായി ബന്ധപ്പെട്ട മികച്ച അഭിപ്രായവും പങ്കുവയ്ക്കാറുണ്ട്. മാമി ഇല്ലെങ്കില്‍ ഞങ്ങള്‍ ഇതുപോലെ ഒരിക്കലും ആകില്ലെന്ന് സിനിയും വിഷ്ണുവും പറയുന്നു.
റോസ്റ്റിംഗ് എന്ന കലാപരിപാടി
റോസ്റ്റിംഗ് രീതിയിലുള്ള കുറച്ച് വീഡിയോകള്‍ മാത്രമേ ഇവര്‍ ചെയ്തിട്ടുള്ളൂ. എന്നാല്‍ ചെയ്തിനൊക്കെ കിടിലന്‍ അഭിപ്രായമാണ്. പ്രേക്ഷകരുടെ അഭ്യര്‍ത്ഥനയെ മാനിച്ചാണ് ഇരുവരും അത്തരത്തിലുള്ള വീഡിയോ ചെയ്യാന്‍ തുടങ്ങിയത്. മികച്ച രീതിയില്‍ കാര്യങ്ങള്‍ പഠിച്ചതിന് ശേഷമാണ് വീഡിയോ ചെയ്യുന്നത്. ഇങ്ങനെയുള്ള വിഡിയോ കാരണം ആര്‍ക്കും വിഷമമുണ്ടാകാതിരിക്കാന്‍ ഈ യൂട്യൂബേര്‍സ് അതീവ ശ്രദ്ധ പുലര്‍ത്താറുണ്ട്. ആളുകള്‍ വീണ്ടും അത്തരത്തിലുള്ള വീഡിയോകള്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടത് കൊണ്ടാണ് ചില വീഡിയോകളുടെ പാര്‍ട്ട് സെക്കന്റും ഇറക്കിയത്.
തലപുകഞ്ഞുള്ള ചിന്തകള്‍
കാലിക പ്രസക്തമായ വിഷയങ്ങളിലാണ് വിഷ്ണുവും സിനിയും കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത്. പുതിയ വിഷയങ്ങളുമായി ബന്ധപ്പെട്ട സ്പൂഫുകളും, റോസ്റ്റിംഗും തുടങ്ങിയവയെല്ലാം അതില്‍ ഉള്‍പ്പെടുന്നു. കൂടാതെ പ്രേക്ഷകരുടെ ആവശ്യ പ്രകാരവും നിരവധി വീഡിയോകള്‍ ചെയ്തിട്ടുണ്ട്. കുറേയധികം ചിന്തകളുടെയും കഠിനാധ്വാനത്തിന്റെയും ഫലമായാണ് പൊട്ടിച്ചിരിപ്പിക്കുന്ന വീഡിയോകള്‍ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. എന്തും ചെയ്യുമ്പോഴും വീഡിയോ കണ്ടന്റുകളെ കുറിച്ച് മാത്രമാണ് ചിന്തയെന്നും എന്നാല്‍ ഇഷ്ടത്തോടെ ചെയ്യുന്നത് കൊണ്ട് അത് ഒരു ബാധ്യതയായി തോന്നാറേ ഇല്ലെന്നും വിഷ്ണുവും സിനിയും ചിരിച്ച് കൊണ്ട് പറയുന്നു. പുതിയ പുതിയ കണ്ടന്റുകള്‍ പെട്ടെന്ന് തന്നെ ക്രിയേറ്റ് ചെയ്യാനുള്ള ആര്‍ജവമാണ് ഇവരെ വ്യത്യസ്തമാക്കുന്നത്.
യൂട്യൂബിലേക്കുള്ള വൈകിയ വരവ്
സ്വന്തം സന്തോഷത്തിനും, പിന്നീട് കണ്ട് ആസ്വദിക്കുന്നതിനും വേണ്ടി മാത്രമാണ് ഇവര്‍ വീഡിയോ നിര്‍മ്മിക്കാന്‍ തുടങ്ങിയത്. അതിന്റെ പിന്നിലെ വരുമാനത്തെ കുറിച്ച് ഇരുവരും ചിന്തിച്ചിട്ടേ ഉണ്ടായിരുന്നില്ല. പിന്നീട് മറ്റൊരാള്‍ പറഞ്ഞാണ് ഫേസ്ബുക്കിന്റെ മൊണിറ്റൈസേഷനെ കുറിച്ച് ഇവര്‍ മനസിലാക്കുന്നതും അതിലേക്ക് കടന്നതും. അപ്പോഴും യൂട്യൂബ് എന്ന മേഖലയെ കുറിച്ച് ആലോചിച്ചിരുന്നില്ല. നാല് വര്‍ഷവും ടിക്ക്‌ടോക്ക് വീഡിയോ ചെയ്ത് തുടങ്ങിയ ഈ ദമ്പതികള്‍ മൂന്നു മാസങ്ങള്‍ക്ക് മുമ്പാണ് ഒരു യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നത്. എന്നാല്‍ മാസം കൊണ്ട് മോശമല്ലാത്ത സബ്‌സ്്‌ക്രൈബേര്‍സിനെ ഇവര്‍ക്ക് ലഭിച്ചു. ഒന്നും പ്രതീക്ഷിക്കാതെ തുടങ്ങിയതിനാലാകാം പ്രേക്ഷകര്‍ ഞങ്ങളെ പിന്തുണയ്ക്കുതെന്നും അവരോടൊക്കെ ഞങ്ങള്‍ക്ക് വളരെയധികം സ്‌നേഹമാണെന്നും ഈ യൂട്യൂബേര്‍സ് പറയുന്നു.
ഞങ്ങളോട് ഇങ്ങനെയാണെങ്കില്‍ അവരോട് എങ്ങനെയായിരിക്കും...?
സന്തോഷിപ്പിക്കുന്ന കൂറേയധികം സാഹചര്യങ്ങള്‍ ഇതിന് ശേഷം ഉണ്ടായെങ്കിലും വിഷമിപ്പിക്കുന്ന സംഭവങ്ങളും ഇവര്‍ക്ക് ചിലര്‍ നല്‍കിയിട്ടുണ്ട്. സ്ത്രീ പുരുഷ വേഷങ്ങള്‍ മാറി മാറി അഭിനയിക്കുന്നതിനാല്‍ ചില പ്രേക്ഷകരില്‍ നിന്നും മോശമായ അനുഭവമാണ് ഈ ദമ്പതികള്‍ക്ക് ലഭിച്ചത്. വിഷ്ണുവിനെ ട്രാന്‍സ്‌ജെന്‍ഡേര്‍സ് എന്ന രീതിയില്‍ കണ്ട് ചിലര്‍ മോശമായി പെരുമാറുകയും അസഭ്യ വാക്കുകള്‍ പറയുകയും ചെയ്തിട്ടുണ്ട്. ഇതൊക്കെ അവരില്‍ വിഷമങ്ങള്‍ ഉണ്ടാക്കുന്നുണ്ടെങ്കിലും സ്വന്തം ക്രീയേറ്റിവിറ്റി അവര്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. ഞങ്ങളോട് ഇങ്ങനെയാണ് പെരുമാറുന്നതെങ്കില്‍ ട്രാന്‍സ്‌ജെന്‍ഡറായിട്ടുള്ളവരോട് എങ്ങനെയായിരിക്കും പെരുമാറ്റമെന്ന് ഇവരില്‍ ഞെട്ടലുണ്ടാക്കുന്നു. 'ചുവന്ന ചോരയുള്ള മനുഷ്യരാണ്' എല്ലാവരും എന്നാണ് അതിനോടൊക്കെയുള്ള വിഷ്ണുവിന്റെയും സിനിയുടെയും മറുപടി.
എന്തൊക്ക പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നാലും ഏതൊക്കെ തടസ്സങ്ങള്‍ നേരിട്ടാലും മനസ്സിലുള്ള ആശയങ്ങളെ വീഡിയോയാക്കി സമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ച് മറ്റുള്ളവരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യാനാണ് ഇവരുടെ ഏറ്റവും വലിയ ആഗ്രഹം. ഇതിലൂടെ വിഷ്ണുവും സിനിയും മകളായ വിപഞ്ചികയോടൊപ്പം സന്തോഷത്തോടെ ജീവിതം ആസ്വദിക്കുക. എല്ലാ കുടുംബ ബന്ധങ്ങളിലും ഉണ്ടാകുന്നത് പോലെയുള്ള ചെറിയ പിണക്കങ്ങള്‍ ഞങ്ങളുടെ കുടുംബത്തിലും ഉണ്ടായിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ മുഴുവന്‍ സമയവും ആശയങ്ങളെ കുറിച്ചുള്ള ചിന്തകളും ചര്‍ച്ചകളുമായതിനാല്‍ ഞങ്ങള്‍ക്ക് പിണങ്ങാനേ സമയം കിട്ടാറില്ലെന്ന് ഈ കുടുംബം ആനന്ദത്തോടെ പറയുന്നു.
ചിലരുടെ മനസിലെ ആശയങ്ങള്‍ പലരീതിയിലാണ് പ്രതിഫലിക്കുക. അത് മനസിലാക്കി ലക്ഷ്യത്തിലേക്ക് സഞ്ചരിക്കുമ്പോളാണ് സന്തോഷമെന്ന ജീവിതനൗകയിലേക്ക് എത്തിച്ചേരുന്നത്. അതാണ് മനുഷ്യരുടെ യഥാര്‍ത്ഥ വിജയമെന്ന് ഈ ദമ്പതികള്‍ തെളിയിക്കുന്നു.
youtube channel: https://www.youtube.com/channel/UC0msSaG3yOaXNTYw2xQPnEg/featured
instgram id: https://instagram.com/vishnusini_5_official?utm_medium=copy_link
facebook page: https://www.facebook.com/Vishnu-Sini-114288636653134/
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.