- Trending Now:
നിരവധി ബുദ്ധിമുട്ടുകളെ അഭിമുഖീകരിക്കുമ്പോള്‍ അവയെയൊക്കെ മനസ് കൊണ്ട് സ്വീകരിച്ച് മാറ്റങ്ങള്‍ക്ക് പരിശ്രമിച്ച ആളുകള്‍ മാത്രമേ വിജയ മധുരം നുണയാറുള്ളൂ. അങ്ങനെ ഒരുവളാണ് സനിക
കഷ്ടപ്പെടുന്നവര്‍ വിജയിക്കും എന്നു കേള്‍ക്കാറില്ലേ? അതു ശരിയാണ്. കഷ്ടപ്പെടുന്നവര്‍ വിജയിക്കുക തന്നെ ചെയ്യും. പക്ഷേ അതിന് പരിശ്രമം അത്യന്താപേക്ഷിതമാണ്. നിരവധി ബുദ്ധിമുട്ടുകളെ അഭിമുഖീകരിക്കുമ്പോള്‍ അവയെയൊക്കെ മനസ് കൊണ്ട് സ്വീകരിച്ച് മാറ്റങ്ങള്‍ക്ക് പരിശ്രമിച്ച ആളുകള്‍ മാത്രമേ വിജയ മധുരം നുണയാറുള്ളൂ. അങ്ങനെ ഒരുവളാണ് സനിക.
വയനാട് സ്വദേശിയായ സനിക പ്രശ്‌നങ്ങളോട് പൊരുതി നല്ല നാളേയ്ക്ക് വേണ്ടി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അതിന് അവള്‍ കൂട്ടുപിടിച്ചത്, യൂട്യൂബിനെയും കേക്ക് നിര്‍മ്മാണത്തെയും ആയിരുന്നു. എല്ലാ തരത്തിലുള്ളവരെയും സ്വീകരിക്കാന്‍ ജനങ്ങള്‍ക്ക് സാധിക്കും എന്ന ആത്മവിശ്വാസത്തോടെയാണ് സനിക യൂട്യൂബിംഗ് മേഖലയിലേക്ക് കടന്നത്. സനിതയുടെ ആ ചിന്ത ഏറെക്കുറേ വിജയിച്ചിരിക്കുന്നു. യൂട്യൂബറും കേക്ക് മേക്കറുമായ സനിക എം.സിയോട് ദി ലോക്കല്‍ ഇക്കണോമി സബ് എഡിറ്റര്‍ അശ്വതി നുരിച്ചന്‍ നടത്തിയ അഭിമുഖം.
ഉറങ്ങി കിടന്ന കല
തന്നില്‍ ഉറങ്ങി കിടന്ന കലയെ സ്വയം തിരിച്ചറിഞ്ഞവളാണ് സനിക. ചെറിയ ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ എംബ്രോയിഡറിയുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ ചെയ്യാന്‍ താല്‍പര്യം ഉണ്ടായിരുന്നു. തുടര്‍ന്ന് അതുമായി ബന്ധപ്പെട്ട്് ജില്ലാ കലോത്സവങ്ങളിലൊക്കെ പങ്കെടുത്തു. അങ്ങനെയാണ് എനിക്ക് വരയ്ക്കാനൊക്കെ സാധിക്കുമെന്ന് മനസിലായത്. അതിനു ശേഷം ഡ്രോയിംഗ്, പെയ്ന്റിംഗ്, ക്രാഫ്റ്റ്, ബോട്ടില്‍ ആര്‍ട്ട് എന്നിവയൊക്കെ ചെയ്യാന്‍ തുടങ്ങി. അവയൊക്കെ ചെയ്യുമ്പോള്‍ ഞാന്‍ വളരെയധികം സന്തോഷവതിയായിരുന്നു. അതുകൊണ്ട് തന്നെ എന്നാല്‍ കഴിയുന്ന രീതിയില്‍ അവയുമായി മുന്നോട്ട് പോകാന്‍ ശ്രമിച്ചു.
കുടുംബ പശ്ചാത്തലം
മികച്ച ഒരു കുടുംബ പശ്ചാത്തമല്ല എന്റേത്. ഞാനും അമ്മയും മാത്രമേ വീട്ടില്‍ ഉള്ളൂ. അമ്മയ്ക്ക് അസുഖങ്ങളൊക്കെയായി ചികില്‍സയിലാണ്. അമ്മയുടെ വീട്ടുകാരാണ് ഞങ്ങള്‍ക്ക് സഹായം ചെയ്തു തരുന്നത്. കുടുംബം എന്റെ കലാപരമായ പ്രവര്‍ത്തനങ്ങളില്‍ നല്ല സപ്പോര്‍ട്ട് ആണ്. അവരാല്‍ കഴിയുന്ന എല്ലാ സഹായങ്ങളും എനിക്ക് ചെയ്തു തരാറുണ്ട്. അമ്മയും ചേട്ടന്മാരുമൊക്കെയാണ് എന്റെ പ്രധാന വീഡിയോഗ്രാഫര്‍മാര്‍. പഠനവുമായി ബന്ധപ്പെട്ട പല തിരക്കുകളുടെ ഇടയില്‍ എത്ര ബുദ്ധിമുട്ടാണെങ്കിലും ഞാന്‍ വീഡിയോ ചെയ്യാന്‍ സമയം കണ്ടെത്താറുണ്ട്.
യുട്യൂബ് തന്നെ മോട്ടിവേഷന്‍
യൂട്യൂബിന്റെ വലിയൊരു പ്രേക്ഷകയാണ് ഞാന്‍. യൂട്യൂബിലെ കുറേയധികം കണ്ടന്റ് ക്രീയേറ്ററുടെ വീഡിയോ ഞാന്‍ സ്ഥിരം കാണാറുണ്ട്. അപ്പോഴൊക്കെ അവരെ പോലെ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ നമുക്കൊക്കെ ഇത് ചെയ്യാന്‍ സാധിക്കുമോ എന്ന് ഞാന്‍ ചിന്തിച്ചിരുന്നു. പിന്നീട് ഫുഡ് ബിവറേജുമായി ബന്ധപ്പെട്ട് ഒരു കോഴ്‌സു ചെയ്തതിന് ശേഷമാണ് ഭക്ഷണം ഉണ്ടാകുന്നത് ഇഷ്ടമായി തുടങ്ങിയത്. അങ്ങനെ കേക്ക് നിര്‍മ്മാണം ആരംഭിച്ചു. അതിലും എന്റെ പ്രധാന ഗുരു യൂട്യൂബ് തന്നെയായിരുന്നു. കേക്ക് നിര്‍മ്മാണവുമായി മുന്നോട്ട് പോകുമ്പോഴാണ് യൂട്യൂബ് ചാനല്‍ തുടങ്ങാനുള്ള ആഗ്രഹം കൂടി വന്നത്. പക്ഷേ എങ്ങനെ തുടങ്ങണമെന്ന് അറിയില്ലായിരുന്നു. യൂട്യൂബ് ചാനല്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട പല കാര്യങ്ങളും എനിക്ക് പറഞ്ഞ് തന്നത് യൂട്യൂബറായ ഒരാള്‍ തന്നെയാണ്. അതിനാല്‍ തന്നെ യൂട്യൂബ് എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒന്നാണ്.
പൊരുതാനുള്ള മനസ്
യുട്യൂബ് ചാനല്‍ തുടങ്ങണമെന്ന് ആഗ്രഹം മനസിലിട്ട് നടന്നപ്പോള്‍ ഞാന്‍ സുഹൃത്തുക്കളോടൊക്കെ അഭിപ്രായം ചോദിച്ചിരുന്നു. പക്ഷേ അവരൊക്കെ അത് തമാശയായി മാത്രമേ കണ്ടിരുന്നുള്ളൂ. എന്താണ് ചെയ്യുക, വീടിന്റെ അസൗകര്യം, പ്രോത്സാഹിപ്പിക്കാന്‍ ആളുകളുണ്ടാകുമോ എന്നു തുടങ്ങിയ നിരവധി ആശങ്കങ്ങള്‍ എന്റെ മനസില്‍ ഉണ്ടായിരുന്നു. പിന്നീട് ഒരു ദിവസം ഞാന്‍ ചാനല്‍ തുടങ്ങുമെന്ന ഉറച്ച തീരുമാനമെടുത്തു. കഴിവ് ഉണ്ടെങ്കില്‍ ജനങ്ങള്‍ സപ്പോര്‍ട്ട് ചെയ്യും, എല്ലാ തരത്തിലുള്ളവരെയും സ്വീകരിക്കാന്‍ പ്രേക്ഷകരുണ്ടാകും എന്ന് മനസില്‍ ചിന്തിച്ചു, അന്ന് തന്നെ ചാനല്‍ തുടങ്ങി. പിന്നീട് എന്റെ ഒരു സുഹൃത്ത് വലിയ രീതിയില്‍ സപ്പോര്‍ട്ട് ചെയ്തു. നീ വീട്ടിലേക്ക് വാ നമ്മുക്ക് വീഡിയോ ചെയ്യാം എന്നൊക്കെ പറഞ്ഞു. തുടര്‍ന്ന് ആത്മവിശ്വാസം വര്‍ധിക്കാന്‍ തുടങ്ങി. അസൗകര്യങ്ങളുള്ള എന്റെ വീടിനെയും ഉള്‍പ്പെടുത്തി വീഡിയോകള്‍ ചെയ്യാന്‍ തുടങ്ങി.
പ്രേക്ഷകര്‍ക്ക് പ്രാധാന്യം
എന്റെ ചാനലില്‍ പല തരത്തിലുള്ള വീഡിയോകള്‍ ഞാന്‍ ചെയ്യാറുണ്ട്. ഫുഡ്, ട്രാവല്‍, ക്രാഫ്റ്റ്, വ്‌ലോഗ് എങ്ങനെ പലതും. എല്ലാ വീഡിയോകളിലും അത്യാവശ്യം പ്രേക്ഷക പിന്തുണ ലഭിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ പ്രേക്ഷകരുടെ ആവശ്യ പ്രകാരമാണ് ഞാന്‍ മിക്ക വീഡിയോകളും ചെയ്യുന്നത്. എന്നെ സപ്പോര്‍ട്ട് ചെയ്യുന്ന പ്രേക്ഷകരാണ് എനിക്ക് പ്രാധാന്യം. ഹോം ടൂര്‍, വ്‌ലോഗ്, കേക്ക് നിര്‍മ്മാണം തുടങ്ങിയ പല വീഡിയോകളും അവര്‍ ആവശ്യപ്പെടാറുണ്ട്. എന്നാല്‍ കഴിയുന്ന രീതിയില്‍ അവയൊക്കെ മികച്ചതാക്കാനും ഞാന്‍ ശ്രമിക്കാറുണ്ട്.
അത്യഗ്രന്‍ കേക്ക് നിര്‍മ്മാണം
ഞാന്‍ നിലവില്‍ പല തരത്തിലുള്ള കേക്കുകളും നിര്‍മ്മിക്കുന്നുണ്ട്. എല്ലാ തരത്തിലുള്ളതിനും ആവശ്യക്കാരുണ്ട്. കസ്റ്റമറുടെ ആവശ്യങ്ങള്‍ ചോദിച്ച് മനസിലാക്കിയതിന് ശേഷം അവരുടെ മനസിനിണങ്ങിയവയാണ് നിര്‍മ്മിച്ച് നല്‍കാറുള്ളത്. വയനാട് ജില്ലയില്‍ മുഴുവനും കേക്ക് ഡെലിവറിയുണ്ട്. കൂടാതെ ഹോ ഡെലിവറിയും ചെയ്യാറുണ്ട്. ഞാന്‍ തന്നെയാണ് ഡെലിവറിക്ക് പോകാറുണ്ട്. സുഹൃത്തുക്കളുടെ സഹകരണം ഇക്കാര്യത്തില്‍ എനിക്ക് ലഭിക്കാറുണ്ട്. അവര്‍ ഞാന്‍ കേക്ക് നിര്‍മ്മിക്കുന്ന കാര്യം മറ്റുള്ളവരോട് പറയുകയും എനിക്ക് ഓര്‍ഡര്‍ വാങ്ങിച്ചു തരുകയും ചെയ്യാറുണ്ട്. കേക്കുമായി ബന്ധപ്പെട്ട് പോസ്റ്റുകള്‍ ഷെയര്‍ ചെയ്യാന്‍ creamy creation എന്ന പേരില്‍ ഇന്‍സ്റ്റഗ്രാം പേജ് ഉണ്ട്. കേക്ക് വില്‍പനയില്‍ നിന്ന് ലഭിക്കുന്ന പണമുപയോഗിച്ചാണ് ഞാന്‍ വീഡിയോ ചെയ്യാന്‍ ആവശ്യമായ സാധനങ്ങളൊക്കെ വാങ്ങുന്നത്.
ഭാവി സ്വപ്‌നങ്ങള്‍
എനിക്ക് യൂട്യൂബ് മേഖലയില്‍ വലിയ രീതിയിലുള്ള വളര്‍ച്ചയൊന്നും ഇതുവരെ നേടാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ഇത്രപോലും എത്തുമെന്ന് വിചാരിച്ചല്ല ഞാന്‍ ചാനല്‍ ആരംഭിച്ചത്. അതുകൊണ്ട് തന്നെ യൂട്യൂബുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനം. കൂടാതെ പഠിത്തത്തിലും ശ്രദ്ധിക്കണം. നല്ലൊരു ജോലി ലഭിച്ച് ജീവിതത്തില്‍ ഉയര്‍ച്ചകള്‍ ഉണ്ടാകണമെന്ന് അതിയായ ആഗ്രഹമുണ്ട്. അതിനു വേണ്ട ശ്രമങ്ങളൊക്കെ ചെയ്യാറുണ്ട്. വീഡിയോ ക്രീയേഷനും, കേക്ക് നിര്‍മ്മാണവും, പഠനവും ഒരുപോലെ മുന്നോട്ട് കൊണ്ടു പോകാന്‍ ഞാന്‍ പരമാവധി ശ്രമിക്കും.
പലര്‍ക്കും പലതിനോടും ഇഷ്ടമുണ്ടാകാം. ചിലര്‍ അത് നേരത്തെ തിരിച്ചറിയും, എന്നാല്‍ ചിലര്‍ വൈകിയേ തിരിച്ചറിയുകയുള്ളൂ. പക്ഷേ തിരിച്ചറിയുക എന്നതാണ് പ്രധാനം. നമ്മുടെ കഴിവുകള്‍ അടുപ്പമുള്ളവര്‍ക്ക് എളുപ്പം മനസിലായെന്നു വരാം. അല്ലെങ്കില്‍ സ്വയം മനസിലാക്കാനുള്ള മനസ് നമുക്ക് ഉണ്ടാകണം. മനസിലാക്കിയാല്‍ പിന്നെ അത് വച്ച് ഇരിക്കരുത്. അതിനു വേണ്ടിയുള്ള പരിശ്രമങ്ങള്‍ നടത്തികൊണ്ടിരിക്കണം. ഇടയില്‍ പരാജയങ്ങളുണ്ടാകാം. എന്നാല്‍ പൂര്‍വ്വാധികം ശക്തിയോടെ ലക്ഷ്യത്തിലേക്കെത്താന്‍ വീണ്ടും ശ്രമിച്ചുകൊണ്ടിരിക്കണം. ഒരു നാള്‍ സ്വപ്‌നം നേടാന്‍ സാധിക്കും. അതെ...സനികയില്‍ നിന്ന് പലര്‍ക്കും പലതും പഠിക്കാനുണ്ട്. പ്രതിസന്ധികളെ തരണം ചെയ്യുന്നതിനെ കുറിച്ച്, ജീവിത ലക്ഷ്യത്തെ എത്തിപ്പിടിക്കാനുള്ള ശ്രമങ്ങളെ കുറിച്ച്... അങ്ങനെ പലതും....
youtube channel: https://youtube.com/channel/UCIrl4q0NZclJU68qpPGICNA
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.