Sections

ആത്മവിശ്വാസം നല്‍കിയ കരുത്ത്; പ്രേക്ഷകരുടെ മനസില്‍ ഇടിച്ച് കയറി താടിക്കാരന്‍ മച്ചാന്‍

Wednesday, May 04, 2022
Reported By Aswathi Nurichan
marc antony

ഇതിന് പിന്നിലെ ഞെട്ടിക്കുന്ന വസ്തുത അവ സ്‌ക്രിപ്റ്റഡ് അല്ലെന്നതാണ്. വീഡിയോകള്‍ക്ക് ശബ്ദം നല്‍കുമ്പോള്‍ താടിക്കാരന്റെ മനസിലുള്ളത് അങ്ങ് വിളിച്ചു പറയുകയാണ് ചെയ്യുന്നത്. അത് പലരിലും കാണാത്ത ഒരു സവിശേഷത തന്നെയാണ്

 

സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയെന്നത് മിക്കവരും ആഗ്രഹിക്കുന്ന കാര്യമാണ്. എന്നാല്‍ എല്ലാവര്‍ക്കും അത് സാധിക്കണമെന്നില്ല. വൈറലാകുന്നതിന് നിരവധി ഘടകങ്ങളുണ്ട്. കഴിവ്, ഭാഗ്യം, സമയം അങ്ങനെ നിരവധി...കോവിഡ് ലോക്ഡൗണ്‍ കാലത്ത് യൂട്യൂബിന് പ്രേക്ഷകര്‍ വര്‍ധിച്ച കാലഘട്ടമാണ്. ആ സമയത്ത് വേറെയൊന്നും ചെയ്യാന്‍ ഇല്ലാത്തത് കൊണ്ട് ഓരോരുത്തരും തങ്ങളുടെ ഇഷ്ടങ്ങളെ കൂട്ടുപിടിച്ചാണ് ദിവസങ്ങള്‍ കഴിച്ചിരുന്നത്. അത്തരത്തില്‍ മിക്ക ആളുകളും പരീക്ഷിച്ച മേഖലയാണ് കുക്കിംഗ്. അതിനാല്‍ തന്നെ വ്യത്യസ്ത കുക്കിംഗ് ട്രെന്‍ഡുകള്‍ അക്കാലത്ത് ഉയര്‍ന്നുവന്നു.

എന്നാല്‍ മലയാളികള്‍ക്കിടയില്‍ വന്‍ തോതില്‍ വൈറലായൊരു കുക്കിംഗ് വീഡിയോയുണ്ട്. 'നമ്മുടെ ബക്കറ്റ് ചിക്കന്‍'. ബക്കറ്റ് ചിക്കന്‍ വൈറലായ സമയത്ത് പലരും അത് പരീക്ഷിക്കുകയും അതിന് വന്‍ തോതിലുള്ള പ്രചാരണം നല്‍കുകയും ചെയ്തു. എന്നിട്ടും ബക്കറ്റ് ചിക്കന് പിന്നില്‍ പ്രവര്‍ത്തിച്ച തല ആരുടേതാണെന്ന് ചിലര്‍ക്ക് ഇപ്പോഴും അറിയില്ല. എന്നാല്‍ ഇപ്പോള്‍ അറിഞ്ഞോളൂ. യൂട്യൂബേര്‍സിന്റെ സ്വന്തം താടിക്കാരനാണ് അതിന് പിന്നില്‍. അതുപോലെതന്നെ വൈറലായ വിയറ്റ്‌നാം പൊതിച്ചോറിന്റെ പിന്നിലും ഈ താടിക്കാരന്‍ ആശാന്‍ തന്നെയാണ്.

മാര്‍ക്ക് ആന്റണി എന്ന താടിക്കാരന്‍ ഹോട്ടല്‍ മേഖലയിലെ തന്റെ കഴിവിനെ യൂട്യൂബിംഗ് മേഖലയിലേക്ക് കൊണ്ടുവന്നപ്പോള്‍ പിറന്നത് വ്യത്യസ്തമായ നിരവധി ഭക്ഷണ വിഭവങ്ങളാണ്. സമയമാണ് എല്ലാം എന്നു പറയാറില്ലേ? താടിക്കാരന്റെ കാര്യത്തില്‍ അത് ശരിയാണ്. പെട്ടെന്നു തോന്നിയ ഒരു ആശയം വീഡിയോയായി അവതരിപ്പിച്ചപ്പോള്‍ മാര്‍ക്ക് ആന്റണിക്ക് ലഭിച്ചത് ലക്ഷങ്ങളുടെ സ്‌നേഹമാണ്. സോഷ്യല്‍ മീഡിയയില്‍ തരംഗമായ വീഡിയോകളുടെ നിര്‍മ്മാതാവും, camp setters എന്ന യൂട്യൂബ് ചാനലിനുടമയുമായ മാര്‍ക്ക് ആന്റണിയുമായി ദി ലോക്കല്‍ മീഡിയ സബ്എഡിറ്റര്‍ അശ്വതി നുരിച്ചന്‍ നടത്തിയ അഭിമുഖം.

ടൈം ആണ് മോനെ... ബെസ്റ്റ് ടൈം

ജീവിതത്തില്‍ ഏറ്റവും പ്രധാന്യമുള്ള ഒന്നാണ് സമയം. ദിനംപ്രതി സമൂഹത്തില്‍ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നത് കൊണ്ട് സെക്കന്റുകള്‍ക്കു പോലും വലിയ പ്രാധാന്യമാണ് ഉള്ളത്. സമയം തലവരമാറ്റിയ ജീവിതാനുഭവമാണ് താടിക്കാരന് പറയാനുള്ളത്. ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്ന സമയത്താണ് യൂട്യൂബിംഗ് മേഖലയിലേക്ക് കടന്നത്. തുടക്കത്തില്‍ ചെയ്ത വീഡിയോകള്‍ ഒന്നും വലിയ ക്ലിക്ക് ആയിരുന്നില്ല. താടിക്കാരന്‍ ഒരു ദിവസം വെറുതെ ഇരുന്നപ്പോഴാണ് പണ്ടുക്കാലത്തെ ഒരു അലൂമിനിയം ബക്കറ്റ് കണ്ടത്. അപ്പോള്‍ മനസില്‍ തോന്നിയ ആശയത്തില്‍ നിന്നാണ് ബക്കറ്റ് ചിക്കന്‍ ഉണ്ടായത്. പ്രതീക്ഷിച്ചതിനെക്കാള്‍ പ്രോല്‍സാഹനമാണ് അതിന് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. താടിക്കാരന്റെ ബക്കറ്റ് ചിക്കന്‍ കയറിയങ്ങ് കൊടൂര വൈറലായി. 

വ്യത്യസ്തതയുടെ ആശാന്‍

വ്യത്യസ്തത താടിക്കാരന്റെ പ്രധാന സവിശേഷതയാണ്. ജനങ്ങള്‍ക്ക് പരിചയമുള്ളതും നിരന്തരം ചെയ്യുന്നതുമായ ഒരു വിഭവവും താടിക്കാരന്റെ ലിസ്റ്റില്‍ തന്നെയില്ല. വിഭവം എന്തായാലും വെറ്റൈറ്റി നിര്‍ബന്ധമാണ്. ചിക്കന്‍ കേക്ക്, വമ്പന്‍ ബര്‍ഗര്‍, പഞ്ചാര ബീഫ് അതൊക്കെ ആ വെറൈറ്റിയില്‍ ഉള്‍പ്പെടുന്ന ചിലത്. താടിക്കാരന്റെ കുക്കിംഗ് കണ്ടിരിക്കാന്‍ തന്നെ ഒരു പ്രത്യേക ഭംഗിയാണ്. നോണ്‍ വെജ് വിഭവങ്ങളാണ് മൈന്‍ ഐറ്റങ്ങള്‍ എങ്കിലും ഐസ്‌ക്രീം, ജ്യൂസ്, ഡോണറ്റ് എന്നിവ ഉണ്ടാക്കുന്നതിലും താടിക്കാരന്‍ ഒരു ഭീകരന്‍ തന്നെയാണ്.

പിടിച്ചിരുത്തുന്ന അവതരണം

താടിക്കാരന്റെ അവതരണത്തെ കുറിച്ച് പ്രത്യേകം എടുത്തു പറയേണ്ടതാണ്. യഥാര്‍ത്ഥ താടിക്കാരന്‍ വീഡിയിലുള്ള താടിക്കാരനെ അഭിസംബോധന ചെയ്യുന്നത് തന്നെ താടിക്കാരന്‍ എന്നാണ്. മറ്റൊരാളായാണ് ശബ്ദം നല്‍കുന്ന താടിക്കാരന്‍ പെരുമാറുന്നത്. അതുകൊണ്ട് തന്നെ വീഡിയോകളില്‍ സംഭവിക്കുന്ന അബദ്ധങ്ങളും മണ്ടത്തരങ്ങളും കോമിക്കലായി വിളിച്ചു പറയാന്‍ മടിയില്ല. യഥാര്‍ത്ഥ കോട്ടയം ഭാഷയിലുള്ള താടിക്കാരന്റെ സംസാരവും ഹാസ്യപരമായ സംഭാഷണങ്ങളും പ്രേക്ഷകരെ പിടിച്ചിരുത്തുന്നവയാണ്. എന്നാല്‍ ഇതിന് പിന്നിലെ ഞെട്ടിക്കുന്ന വസ്തുത അവ സ്‌ക്രിപ്റ്റഡ് അല്ലെന്നതാണ്. വീഡിയോകള്‍ക്ക് ശബ്ദം നല്‍കുമ്പോള്‍ താടിക്കാരന്റെ മനസിലുള്ളത് അങ്ങ് വിളിച്ചു പറയുകയാണ് ചെയ്യുന്നത്. അത് പലരിലും കാണാത്ത ഒരു സവിശേഷത തന്നെയാണ്.

എന്തായാലും മുഖത്തുനോക്കി പറഞ്ഞിരിക്കും!

കാര്യങ്ങള്‍ ആരുടെയും മുഖത്ത് നോക്കി പറയുന്നയാളാണ് നമ്മുടെ താടിക്കാരന്‍. അതിപ്പോള്‍ അബദ്ധങ്ങളായാലും തെറ്റുകളായാലും. ചില വിഭവങ്ങള്‍ ഉണ്ടാക്കിയാല്‍ പൊളിഞ്ഞു പോകാറുണ്ട്. എന്നാല്‍ പൊളിഞ്ഞു പോയി സുഹൃത്തുക്കളേ എന്നു താടിക്കാരന്‍ ധൈര്യത്തോടെ പറയും.  വലിയ രീതിയിലുള്ള സപ്പോര്‍ട്ടാണ് പ്രേക്ഷകരില്‍ നിന്ന് അതിനൊക്കെ ലഭിക്കുന്നത്. സ്വയം ചെയ്യുന്ന വീഡിയോകളില്‍ വിഭവം മോശമായാല്‍ ചിലര്‍ അത് തുറന്ന് സമ്മതിക്കാറില്ല. എന്നാല്‍ താടിക്കാരന്‍ അങ്ങനെയല്ല, അതുകൊണ്ടാകാം പ്രേക്ഷകരുടെ സ്‌നേഹവും സപ്പോര്‍ട്ടും ഇത്രമേല്‍ വര്‍ധിച്ചു വരുന്നത്.

അപൂര്‍വ വസ്തുക്കളുടെ കലവറ

താടിക്കാരന്റെ ചില വീഡിയോകള്‍ കണ്ടാല്‍ ഇവയൊക്കെ എവിടെ നിന്നു ഒപ്പിക്കുന്നുവെന്ന് പലര്‍ക്കും തോന്നും. കാരണം അത്രയേറെ അപൂര്‍വ വസ്തുക്കളാണ് താടിക്കാരന്‍ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്നത്. അതില്‍ കത്തി, വിത്ത്, ഹോട്ടല്‍, റെസ്‌റ്റോറന്റ് തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്നു.

ബന്ധങ്ങളുടെ വില

ബന്ധങ്ങള്‍ വളര്‍ത്തിയയാളാണ് താനെന്ന് താടിക്കാരന്‍ സ്വയം പറയാറുണ്ട്. കുടുംബവും സുഹൃത്തുക്കളും ചേര്‍ന്നാലേ താടിക്കാരന്റെ ആഘോഷം പൂര്‍ണമാകുകയുള്ളൂ. ഭാര്യ സൂസന്‍ അബ്രഹാമും സുഹൃത്തുക്കളും വീഡിയോയില്‍ പങ്കെടുക്കാറുണ്ട്. വീഡിയോ നിര്‍മ്മാണം തന്നെ ഇവര്‍ക്ക് ഒരു ആഘോഷമാണ്. മമ്മി റബേക്കയും പപ്പ തോമസും ഇവരുടെ എല്ലാ ആഘോഷങ്ങള്‍ക്കും കട്ട സപ്പോര്‍ട്ടുമായി കൂടെ തന്നെയുണ്ട്. കേരളത്തിലും ഇന്ത്യയിലും വിദേശത്തും നിരവധി സുഹൃത്തുക്കളെ താടിക്കാരന്‍ യൂട്യൂബ് മേഖലയിലൂടെ നേടിയിട്ടുണ്ട്. പ്രിയപ്പെട്ടവര്‍ നല്‍കുന്ന അനവധി സമ്മാനങ്ങളും താടിക്കാരനെ തേടിയെത്താറുണ്ട്.

കല്യാണ ചെക്കന്റെ ബിരിയാണി

സ്വന്തം കല്ല്യാണത്തിന് ചെക്കന്‍ തന്നെ ബിരിയാണി വച്ചാല്‍ എങ്ങനെയിരിക്കും? അതൊക്കെ ബുദ്ധിമുട്ട് അല്ലേ എന്നാകും പലരും ചിന്തിക്കുക. പക്ഷേ താടിക്കാരന്‍ അത് ചെയ്ത് തെളിയിച്ചയാളാണ്. ലോക്ഡൗണില്‍ നടന്ന ചെലവു ചുരുക്കിയുള്ള തന്റെ വിവാഹത്തിന് വേണ്ട എല്ലാ ജോലികളും ചെയ്തത് താടിക്കാരനും സുഹൃത്തുക്കളും ചേര്‍ന്നാണ്. അതില്‍ കേക്ക് മുതല്‍ ബിരിയാണി വരെ ഉള്‍പ്പെടും. 

ആത്മവിശ്വാസം നമ്മെ ചിന്തിക്കുന്നതിനെക്കാള്‍ ഉയരത്തില്‍ എത്തിക്കുമെന്ന് താടിക്കാരന്റെ ജീവിതാനുഭവങ്ങളില്‍ നിന്ന് മനസിലാക്കാവുന്ന ഒരു പാഠമാണ്. പലതരത്തിലുള്ള ബുദ്ധിമുട്ടുകളില്‍ നിന്നും പ്രിയപ്പെട്ടവരുടെ സഹായം കൊണ്ടും ആത്മവിശ്വാസം കൊണ്ടും കഴിവു കൊണ്ടും ഉയരങ്ങള്‍ കീഴടക്കുകയാണ് ഈ താടിക്കാരന്‍. ആ സന്തോഷങ്ങള്‍ക്ക് ഊര്‍ജം പകരാനായി ആഗ്രഹിച്ച് നേടിയ പുത്തന്‍ കാറും ഒപ്പമുണ്ട്. സ്വന്തം ഇഷ്ടങ്ങളെ തലോലിച്ച് കുടുംബത്തെയും സുഹൃത്തുക്കളെയും നെഞ്ചോട് ചേര്‍ന്ന് മാര്‍ക്ക് ആന്റണി എന്ന താടിക്കാരന്‍ കൂടുതല്‍ പ്രേക്ഷകരുടെ മനസില്‍ ഇടിച്ച് കയറുകയാണ്. ഇതുവരെ കേള്‍ക്കാത്ത കിടിലന്‍ വിഭവങ്ങളും യാത്രകളും സന്തോഷങ്ങളുമായി താടിക്കാരന്‍ ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളിലേക്ക് പറക്കുന്നു.

YOUTUBE: https://youtube.com/c/CampSetters

FACEBOOK: https://www.facebook.com/campsetters/

INSTAGRAM: https://instagram.com/campsetters?utm_medium=copy_link


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.