- Trending Now:
ഇവ രണ്ടും ഒരുമിച്ച് കൊണ്ടു പോകുന്നത് കുറച്ച് ബുദ്ധിമുട്ടാണല്ലേ? ഇത് എങ്ങനെ ചെയ്യാമെന്ന് 'njan arun' എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ അരുണ്‍ നിങ്ങള്‍ക്ക് എളുപ്പത്തില്‍ പറഞ്ഞ് തരും...
സ്വന്തം അനുഭവങ്ങള്‍ ആണ് പലരെയും പലതും പഠിപ്പിക്കുന്നത്. എന്നാല്‍ സ്വന്തം അനുഭവം മറ്റുള്ളവര്‍ക്ക് പഠിപ്പിച്ചു കൊടുക്കുന്ന ഒരു പിശുക്കനായ യുട്യൂബറുണ്ട്. സ്വന്തം അനുഭവത്തിലൂടെ പാഠങ്ങള്‍ പഠിച്ച് യുട്യൂബ് സുഹൃത്തുക്കള്‍ക്ക് പറഞ്ഞ് കൊടുക്കുന്ന തൃശൂര്‍ സ്വദേശിയായ അരുണ്‍ സി എസ്. ജീവിതത്തില്‍ പണത്തിന്റെ ആവശ്യം എത്രത്തോളമാണെന്ന് എല്ലാവര്‍ക്കുമറിയാം. പണം നമ്മുടെ എല്ലാ ആവശ്യങ്ങള്‍ വേണം, അതിനായി നമ്മള്‍ കുറച്ച് പിശുക്കരാകേണ്ടതുണ്ട്. എന്നാല്‍ പണം മാത്രമല്ല ജീവിതം, അതിനാല്‍ നമ്മള്‍ ജീവിതം ആസ്വദിക്കാന്‍ പഠിക്കണം. ഇവ രണ്ടും ഒരുമിച്ച് കൊണ്ടു പോകുന്നത് കുറച്ച് ബുദ്ധിമുട്ടാണല്ലേ? ഇത് എങ്ങനെ ചെയ്യാമെന്ന് 'njan arun' എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ അരുണ്‍ നിങ്ങള്‍ക്ക് എളുപ്പത്തില്‍ പറഞ്ഞ് തരും. സാമ്പത്തിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന യൂട്യൂബ് ചാനലിനുടമ അരുണിനോട് ദി ലോക്കല്‍ ഇക്കണോമി സബ് എഡിറ്റര്‍ അശ്വതി നുരിച്ചന്‍ നടത്തിയ അഭിമുഖം.
എപ്പോഴാണ് 'njan arun'' എന്ന ചാനല്‍ ആരംഭിച്ചത്? ഇപ്പോഴുള്ള അവസ്ഥ എന്താണ്?
ചാനല്‍ ആരംഭിച്ചിട്ട് കുറേ വര്‍ഷങ്ങള്‍ ആയെങ്കിലും റീച്ച് ലഭിച്ച് തുടങ്ങിയിട്ട് ഒന്നര വര്‍ഷമേ ആയുള്ളൂ. ഞാന്‍ ഫിനാന്‍സ് പ്രൊഫഷനുമായി ബന്ധമില്ലാത്ത ആളാണ്്. പക്ഷേ ഈ മേഖലയോടുള്ള താല്‍പര്യം കൊണ്ടും അധ്യാപന മേഖലുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം കൊണ്ടുമാണ് വീഡിയോ ചെയ്യാന്‍ തുടങ്ങിയത്. പെട്ടെന്ന് റീച്ച് ലഭിക്കാത്ത മേഖലയായത് കൊണ്ട് ചാനലിന്റെ വളര്‍ച്ച പതുക്കെയാണ്. എന്നാല്‍ ഇപ്പോഴുള്ള വളര്‍ച്ചയില്‍ ഞാന്‍ വളരെയധികം സന്തുഷ്ടനാണ്.
യുട്യൂബ് വീഡിയോ തുടങ്ങാനുള്ള സപ്പോര്‍ട്ട് എങ്ങനെ ലഭിച്ചു?
ഞാന്‍ അധ്യാപകനായി ജോലി ചെയ്തിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് അറിയുന്നത് മറ്റുള്ളവര്‍ക്ക് പറഞ്ഞ് കൊടുക്കുന്നത് ഇഷ്ടമായിരുന്നു. അങ്ങനെയാണ് യൂട്യൂബ് ചാനല്‍ ആരംഭിക്കണമെന്ന ചിന്ത മനസില്‍ വന്നത്. തുടക്കത്തില്‍ തന്നെ ഫാമിലിയും ഫ്രണ്ട്‌സും എല്ലാം നല്ല സപ്പോര്‍ട്ട് ആയിരുന്നു. വീഡിയോ ചെയ്യുന്നതിന് ആവശ്യമായ കുറേയധികം സഹായങ്ങള്‍ എനിക്ക് ഫ്രണ്ട്‌സ് ചെയ്ത് തന്നിട്ടുണ്ട്. ഞാന്‍ നിലവില്‍ പരസ്യ മേഖലയില്‍ ജോലി ചെയ്യുന്നത് കൊണ്ട് ആ മേഖലയില്‍ എനിക്ക് കുറേയധികം ഫ്രണ്ട്‌സുണ്ട്. അവരുടെയൊക്കെ പിന്തുണ വലിയ രീതിയില്‍ എനിക്ക് ലഭിക്കുന്നുണ്ട്. അതൊക്കെ കൊണ്ട് തന്നെയാണ് ചാനലിന് ഇത്രത്തോളം വളര്‍ച്ചയുണ്ടാക്കാന്‍ സാധിച്ചത്.
സാമ്പത്തിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന യൂട്യൂബ് ചാനല്‍ തുടങ്ങാന്‍ എന്താണ് കാരണം?
എനിക്ക് യാത്ര വളരെയധികം ഇഷ്ടമായത് കൊണ്ട് ചാനല്‍ തുടങ്ങണമെന്ന് ചിന്തിച്ചപ്പോള്‍ മനസില്‍ ആദ്യം വന്നത് ട്രാവല്‍ ചെയ്യാം എന്നു തന്നെയാണ്. പക്ഷേ ട്രാവല്‍ വീഡിയോ ചെയ്യുന്ന കുറേയധികം ചാനലുകള്‍ ഉണ്ടെന്ന് മനസിലായതോടെ അത് ഒഴിവാക്കി. പിന്നെ സിനിമയെ കുറിച്ച് ചിന്തിച്ചു. പക്ഷേ പിന്നീട് സിനിമയും വിട്ടു. അതിന് ശേഷമാണ് ഫിനാന്‍സ് മേഖലയില്‍ എത്തുന്നത്. അതിന് കേരളത്തില്‍ ഒരു സാധ്യതയുണ്ടെന്ന് തോന്നി. എന്റെ സാമ്പത്തിക അനുഭവങ്ങള്‍ ഉള്‍പ്പെടുത്തി ഒരു ചാനല്‍ തുടങ്ങാം എന്ന ചിന്തയില്‍ നിന്നാണ് ''njan arun'' എന്ന ചാനലിലേക്ക് എത്തുന്നത്.
ജീവിതത്തില്‍ ആളൊരു പിശുക്കനാണോ? സാമ്പത്തിക അച്ചടക്കമുണ്ടോ?
അതെ ഞാനൊരു പിശുക്കനാണ്. പക്ഷേ അതിനെ സാമ്പത്തിക അച്ചടക്കമുള്ളയാള്‍ എന്നു വിളിക്കുന്നതാണ് എനിക്ക് കൂടുതല്‍ ഇഷ്ടം. കാരണം ജീവിക്കാന്‍ നമ്മുക്ക് സാമ്പത്തിക അച്ചടക്കം കൂടിയേ തീരൂ. ജീവിതം ആസ്വദിച്ച് തന്നെ ജീവിക്കണം. എന്നാല്‍ സാമ്പത്തിക കാര്യത്തില്‍ കുറച്ച് ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. എന്റെ ജീവിതത്തില്‍ ചില ഫിനാന്‍സ് പ്രാക്ടീസുകള്‍ ഞാന്‍ ചെയ്യാറുണ്ട്. അവയൊക്കെയാണ് ഞാന്‍ എന്റെ പ്രേക്ഷകര്‍ക്കും പറഞ്ഞു കൊടുക്കാറുള്ളത്
വിഷയവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ എവിടെ നിന്നാണ് കണ്ടെത്തുന്നത്? അതിന് ആരുടെയെങ്കിലും സഹായമുണ്ടോ?
എന്റെ ജീവിതത്തില്‍ ഞാന്‍ ചെയ്തിട്ടുള്ള കാര്യങ്ങളാണ് ഞാന്‍ വീഡിയോയില്‍ കൂടുതലും പറയാറുള്ളത്. പിന്നെ വ്യൂവേഴ്‌സിന്റെ അഭിപ്രായങ്ങളും താല്‍പര്യം അനുസരിച്ച് അവര്‍ പറയുന്ന വിഷയങ്ങളില്‍ വീഡിയോ ചെയ്യും. അതിനായി ഞാന്‍ വിശദമായ പഠനങ്ങള്‍ നടത്തും. കൂടാതെ ആ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആളുകളോട് സംശയ നിവാരണം നടത്തുകയും ചെയ്യും. എന്നാല്‍ മ്യൂച്ചല്‍ ഫണ്ട് പോലെയുള്ള എനിക്ക് മുന്‍പരിചയമില്ലാത്ത വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് മുമ്പ് ഞാന്‍ അത് ചെയ്ത് നോക്കിയതിന് ശേഷം മറ്റുള്ളവര്‍ക്ക് പറഞ്ഞ് കൊടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.
വ്യൂവേഴ്‌സ് വീഡിയോ കണ്ടിട്ട് വിളിക്കുകയും, ഉപദേശം ചോദിക്കുകയും ഒക്കെ ചെയ്യാറുണ്ടോ?
സാമ്പത്തിക കാര്യങ്ങളില്‍ ഉപദേശങ്ങള്‍ നല്‍കണമെങ്കില്‍ ചില യോഗ്യതകളൊക്കെ ഉണ്ട്. എന്നാല്‍ ഞാന്‍ ഈ മേഖലയില്‍ പ്രൊഫണല്‍ അല്ലാത്തത് കൊണ്ട് കോണ്‍ടാക്ട് ചെയ്യുന്നതിനുള്ള നമ്പറും മറ്റും ചാനലില്‍ നല്‍കിയിട്ടില്ല. സംശയങ്ങളും ഉപദേശങ്ങളും ചോദിക്കുന്നവരോട് ഞാന്‍ ഈ കാര്യം പറയാറുണ്ട്. അതിനാല്‍ ഞാന്‍ അഭിപ്രായങ്ങള്‍ മാത്രമേ വ്യൂവേഴ്‌സിന് പറഞ്ഞ് കൊടുക്കാറുള്ളൂ.
വീഡിയോകളുമായി ബന്ധപ്പെട്ട് മറക്കാനാകാത്ത എന്തെങ്കിലും സാഹചര്യം ഉണ്ടായിട്ടുണ്ടോ?
വീഡിയോ കണ്ടതിന് ശേഷം പണത്തിന് കണക്ക് വയ്ക്കാന്‍ തുടങ്ങി, എമര്‍ജന്‍സി ഫണ്ട് ഉണ്ടാക്കാന്‍ തുടങ്ങി എന്നൊക്കെ ചിലര്‍ പറയാറുണ്ട്. അത് കേള്‍ക്കുമ്പോള്‍ എനിക്ക് നല്ല സന്തോഷം ഉണ്ടാകും. അതില്‍ പ്രത്യേകമായി ഓര്‍ത്തിരിക്കുന്നത് കാനഡയില്‍ നിന്ന് വന്ന ഒരു കോളാണ്. പണം കണക്കില്ലാതെ ചിലവാക്കിയയാള്‍ക്ക് എന്റെ വീഡിയോ കണ്ടതിന് ശേഷം മാറ്റം ഉണ്ടായെന്ന് പറഞ്ഞു. ഇത്രയും ദൂരെയുള്ളയാളെ സ്വാധീനിക്കാന്‍ സാധിച്ചതാണ് എനിക്ക് മറക്കാനാകാത്തൊരു ഓര്‍മ്മ.
സാമ്പത്തിക വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നതെങ്കിലും അവതരണത്തില്‍ മനശാസ്ത്രപരമായ സമീപനം സ്വീകരിക്കുന്നതായി തോന്നിയിട്ടുണ്ട്? എങ്ങനെയാണ് അത് സാധിക്കുന്നത്?
എന്റെ സാധാരണ ശൈലി അങ്ങനെ തന്നെയാണ്. ഞാന്‍ ക്ലാസ് എടുത്തിരുന്നതും ആ ശൈലിയില്‍ തന്നെയായിരുന്നു. അതുകൊണ്ടായിരിക്കാം വീഡിയോ ചെയ്യുമ്പോഴും ഞാന്‍ അങ്ങനെയൊരു ശൈലി ഉപയോഗിക്കുന്നത്. അധ്യാപനത്തിലെ കഴിവ് ഉപയോഗിച്ച് എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചാണല്ലോ ചാനല്‍ തുടങ്ങിയത്. അതുകൊണ്ട് കൂടിയാണ് ഇത്തരത്തിലുള്ള ഒരു സമീപനം സ്വീകരിച്ചത്.
ചിലപ്പോള്‍ എത്ര വായിച്ചാലും പഠിച്ചാലും നമ്മുക്ക് മനസിലാകാത്ത കാര്യങ്ങള്‍ സുഹൃത്തുക്കള്‍ പറഞ്ഞു തന്നാല്‍ വെള്ളം പോലെ മനസിലാകാറില്ലേ...സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെള്ളം പോലെ മനസിലാക്കി തരുമെന്നതാണ് അരുണിന്റെ പ്രത്യേകത. തന്റെ സുഹൃത്തുക്കള്‍ക്ക് പറഞ്ഞു കൊടുക്കുന്നതു പോലെയാണ് അരുണ്‍ സ്വന്തം അനുഭവങ്ങള്‍ യുട്യൂബ് ചാനലിലൂടെ പ്രേക്ഷകര്‍ക്ക് പറഞ്ഞ് മനസിലാക്കി കൊടുക്കുന്നത്. ജോലിയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കായി ഭാര്യ സുബിതയോടൊപ്പം കാക്കനാട് താമസിക്കുന്ന അരുണ്‍ കുടുംബവും ജോലിയും വീഡിയോ നിര്‍മ്മാണവും ഒരു പോലെ കൊണ്ടുപോകാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. മറ്റുള്ളവര്‍ എന്തു ചിന്തിക്കുമെന്ന് ചിന്തിച്ച് വെറുതെ പണം കളയാതെ സ്വന്തം ആവശ്യങ്ങള്‍ മനസിലാക്കി നമ്മള്‍ നമുക്ക് വേണ്ടി ജീവിക്കണമെന്ന് സാമ്പത്തിക അച്ചടക്കം പഠിപ്പിക്കുന്ന ഈ പിശുക്കന്‍ ഊന്നി പറയുന്നു.
njan arun's youtube channel: https://www.youtube.com/c/njanarun
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.