- Trending Now:
കലയുടെ വ്യത്യസ്ത ഉപയോഗത്തിലൂടെ വിജയം കണ്ടെത്തിയ കലാകാരിയെ പരിചയപ്പെടാം.ആരും തുറന്നു കൊടുത്ത വാതിലിലൂടെ അല്ല... സ്വയം വാതില്‍ തുറന്നു പുതിയ കാഴ്ചകള്‍ ആസ്വദിച്ച് സഞ്ചരിക്കുകയാണ് ഈ കലാകാരി
സംരംഭത്തിന് വ്യത്യസ്തത വേണമെന്ന് മിക്കവരും പറയാറില്ലേ? എന്താണ് ഈ വ്യത്യസ്തത? അത് എങ്ങനെയാണ് ഉണ്ടാക്കുക? ബിസിനസ് തുടങ്ങുന്നയാള്‍ക്ക് പ്രധാനമായും വേണ്ട ഒന്നാണ് നിരീക്ഷണം. പലതിനെയും സസൂക്ഷ്മം നിരീക്ഷിക്കുന്നതിലൂടെയാണ് വ്യത്യസ്തമായ എന്തെങ്കിലും കണ്ടെത്താന്‍ സാധിക്കുകയുള്ളൂ. ആ വ്യത്യസ്തതയെ മികച്ച രീതിയില്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചാല്‍ നിങ്ങളുടെ സംരംഭം മറ്റുള്ളവരില്‍ നിന്ന് വേറിട്ട് നില്‍ക്കും. അതിലൂടെ നിങ്ങളുടെ സംരംഭം പ്രത്യേകതയുള്ളതും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതും ആയിമാറും.
കലയുടെ വ്യത്യസ്ത ഉപയോഗത്തിലൂടെ വിജയം കണ്ടെത്തിയ കലാകാരിയെ പരിചയപ്പെടാം. ആരും തുറന്നു കൊടുത്ത വാതിലിലൂടെ അല്ല... സ്വയം വാതില്‍ തുറന്നു പുതിയ കാഴ്ചകള്‍ ആസ്വദിച്ച് സഞ്ചരിക്കുകയാണ് ഈ കലാകാരി. മനുഷ്യരുടെ മനസ് നിറയ്ക്കാന്‍ സാധിക്കുന്ന ചിത്രകലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച് സെലിബ്രിറ്റികള്‍ക്കടക്കം പ്രിയങ്കരിയായി മാറിയിരിക്കുകയാണ് കോട്ടയത്ത് താമസിക്കുന്ന ആതിര രാധന്‍. 'Aathi's little things' എന്ന സംരംഭത്തിനുടമയായ ആതിര രാധനുമായി ദി ലോക്കല്‍ എക്കണോമി സബ്എഡിറ്റര്‍ അശ്വതി നുരിച്ചന്‍ നടത്തിയ അഭിമുഖം.
കലാകാരിയായ അധ്യാപിക
പ്ലസ്ടുവിലൊക്കെ പഠിക്കുമ്പോള്‍ ചെറിയ രീതിയില്‍ ചിത്രങ്ങള്‍ വരയ്ക്കുമായിരുന്നു. പിന്നീട് ഡിഗ്രിയും പിജിയും കഴിഞ്ഞ് ബിഎഡ് ചെയ്യുമ്പോഴാണ് വീണ്ടും വരയ്ക്കാന്‍ തോന്നിയത്. ഐവറി ഷീറ്റില്‍ കുത്തി വരച്ച ചില ചിത്രങ്ങള്‍ സോഷ്യല്‍മീഡിയിലൂടെ സുഹൃത്തുക്കളുമായി പങ്കുവച്ചു. അതിന് നല്ല അഭിപ്രായം ലഭിച്ചു. കമന്റിലൂടെ ഒരാള്‍ വില്‍പന ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചു. അപ്പോഴാണ് മനസില്‍ ലഡു പൊട്ടിയപോലെ ഒരു ആശയം മനസില്‍ വന്നത്. അങ്ങനെ അത് കുഞ്ഞു ബിസിനസ് ആക്കി മാറ്റാന്‍ ശ്രമിച്ചു. പിന്നീട് ആവശ്യക്കാര്‍ക്ക് ചെറിയ രീതിയില്‍ ബുക്ക് മാര്‍ക്ക് ചെയ്തു കൊടുക്കാന്‍ തുടങ്ങി. അപ്പോഴും പഠനം തുടരുന്നുണ്ടായിരുന്നു. അതിനുശേഷം അധ്യാപികയായി ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിക്കാന്‍ തുടങ്ങി. തുടര്‍ന്ന് അധ്യാപന മേഖല പൂര്‍ണമായും ഒഴിവാക്കി ആര്‍ടിസ്റ്റ്, സംരംഭക എന്ന നിലയിലേക്ക് മാറുകയായിരുന്നു.
ലിറ്റില്‍ തിങ്‌സിന് പിന്നിലെ വലിയ ചിന്ത
ബുക്ക് മാര്‍ക്ക് ചെയ്തു കൊണ്ടാണ് ഞാന്‍ തുടങ്ങിയത്. ആളുകള്‍ ഓര്‍ഡര്‍ ചെയ്യുന്നതിന് അനുസരിച്ച് റെഡിമെയ്ഡായും കസ്റ്റമൈസായും ബുക്കുമാര്‍ക്കുകള്‍ വീടുകളിലേക്ക് അയച്ചു കൊടുത്തു തുടങ്ങി. അപ്പോഴാണ് കേരളത്തില്‍ പ്രളയം വന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന ആഗ്രഹം എനിക്ക് ഉണ്ടായെങ്കിലും അതിനുള്ള പണം കൈയ്യിലില്ലായിരുന്നു. അങ്ങനെയാണ് ഒരു ഐഡിയ തോന്നിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് സ്‌ക്രീന്‍ഷോര്‍ട്ട് അയക്കുന്നവര്‍ക്ക് ബുക്ക് മാര്‍ക്ക് ചെയ്ത് അയച്ച് കൊടുക്കുമെന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടു. ഞാന്‍ പ്രതീക്ഷിക്കാത്ത രീതിയിലുള്ള സപ്പോര്‍ട്ടാണ് അതിന് ലഭിച്ചത്. 50000 ത്തിന് മുകളിലുള്ള സ്‌ക്രീന്‍ ഷോട്ടുകള്‍ ലഭിച്ചു. അത് എനിക്ക് വലിയൊരു പ്രചോദനമായിരുന്നു.
ബുക്ക്മാര്‍ക്കില്‍ തുടങ്ങിയത് ഇപ്പോള്‍
തുടക്കത്തില്‍ ലിറ്റില്‍ തിങ്‌സില്‍ ബുക്ക് മാര്‍ക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് ഗ്രീറ്റിംഗ് കാര്‍ഡ്, കസ്റ്റമൈഡ് ഹാന്‍ഡ്‌മൈഡ് കാര്‍ഡ്, ബാഡ്ജസ്, ടാഗ്, സേവ് ദ ഡേറ്റ്, വെഡ്ഡിംഗ് കാര്‍ഡ്, ഫ്രേമ്ഡ് ഇല്ല്യൂസ്‌ട്രേഷന്‍ തുടങ്ങിയവയും കൂടി സംരംഭത്തില്‍ ഉള്‍പ്പെടുത്തി. നിലവില്‍ എല്ലാതരം ഉല്‍പന്നങ്ങള്‍ക്കും ആവശ്യക്കാരുണ്ട്.
ചിത്രകലയിലെ വ്യത്യസ്തത
ചിത്രകല എന്നത് വളരെ വലിയൊരു മേഖലയാണ്. ഓരോരുത്തരുടെയും താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചാണ് അവയെ വ്യത്യസ്ത രീതിയില്‍ ഉപയോഗപ്പെടുത്തുന്നത്. എനിക്ക് ഹാന്‍ഡ്‌മൈഡായി ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിലായിരുന്നു താല്‍പര്യം. പിന്നെ ഞാന്‍ ബുക്ക് മാര്‍ക്കുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയ സമയങ്ങളില്‍ ഹാന്‍ഡ്‌മൈഡായി അവ നിര്‍മ്മിക്കുന്നവര്‍ ഇല്ലായിരുന്നു. ആളുകള്‍ക്ക് കൈയ്യെഴുത്തുകള്‍ കൊണ്ടുള്ള വസ്തുക്കളോട് താല്‍പര്യമുണ്ടെന്ന് എനിക്ക് അങ്ങനെയാണ് മനസിലായത്. പിന്നീട് ഫേസ്ബുക്കിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെ സംരംഭം കുറച്ചുകൂടി വ്യാപിപ്പിക്കാന്‍ സാധിച്ചു.
വരയോടുള്ള അമിതമായ സ്‌നേഹം
വരയോടുള്ള അമിതമായ സ്‌നേഹം തന്നെയാണ് എന്നെ ഇവിടം വരെ എത്തിച്ചത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഈ മേഖലയുമായി ബന്ധപ്പെട്ട് കൂടുതല്‍ പഠിക്കാനും മനസിലാക്കാനും തുടങ്ങിയതോടെ വരയ്ക്കുന്നത് എനിക്ക് ആവേശമായി തുടങ്ങി. പ്രത്യേക ദിവസങ്ങളില്‍ അതിമായി ബന്ധപ്പെട്ടുള്ള ചിത്രങ്ങള്‍ വരയ്ക്കാനൊക്കെ തുടങ്ങി. അതിനൊക്കെ മികച്ച പ്രോല്‍സാഹനമാണ് ലഭിച്ചത്. മറ്റുള്ളവയില്‍ നിന്ന് വേറിട്ടു നില്‍ക്കുന്ന എന്തെങ്കിലും ചിത്രങ്ങളില്‍ കൊണ്ടുവരാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ഞാന്‍ പ്രകൃതിയുടെ ആരാധികയാണ്. അതിനാല്‍ തന്നെ പ്രകൃതിയും മരങ്ങളും പൂക്കളും എന്റെ മിക്ക വരകളിലും ഉള്‍പ്പെടുത്താറുണ്ട്.
ക്ഷമയും സമര്‍പ്പണവും
വളരെയധികം ക്ഷമ ആവശ്യമായ ഒരു മേഖലയാണ് ചിത്രകല. ആര്‍ടിസ്റ്റിന്റെ ആത്മ സംതൃപ്തിയും ഉപഭോക്താക്കളുടെ താല്‍പര്യത്തിനും അനുസൃതമായി ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ അതീവ ക്ഷമ ആവശ്യമാണ്. ചില ഉപഭോക്താക്കള്‍ ചെറിയ രീതിയില്‍ മാത്രമേ ആവശ്യമായ ഉല്‍പന്നങ്ങളെ കുറിച്ച് പറയാറുള്ളൂ. എന്നാല്‍ അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ മികച്ചത് നിര്‍മ്മിച്ച് നല്‍കാന്‍ എന്നിലെ ആര്‍ടിസ്റ്റ് പരമാവധി ശ്രമിക്കാറുണ്ട്. ഉപഭോക്താക്കളുടെ മുഖത്തെ ചിരിയും നല്ല വാക്കുകളുമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. അതിനാല്‍ തന്നെ മികച്ച ഒരു ഉല്‍പന്നം നിര്‍മ്മിക്കുന്നതിനായി കുറച്ചധികം സമയം ചെലവഴിക്കുന്നത് എനിക്ക് ഒരു ബാധ്യതയായേ തോന്നാറില്ല. ആ സമയം നല്‍കുന്ന മികച്ച ഫലത്തില്‍ മാത്രമേ എനിക്ക് ശ്രദ്ധയുണ്ടാകാറുള്ളൂ.
ഇഷ്ടങ്ങളെ പിന്തുണയ്ക്കുന്നവര്‍
എന്റെ ഇഷ്ടങ്ങളെ പിന്തുണയ്ക്കുന്നവരാണ് എനിക്ക് ചുറ്റുമുള്ളതെന്ന വസ്തുത എന്നെ മുന്നോട്ട് നയിക്കുന്നതിനുള്ള പ്രധാന ഘടകമാണ്. അധ്യാപന ജോലിയും വരയും ഒരുമിച്ച് കൊണ്ടുപോയിരുന്നപ്പോള്‍ ചിത്രകലയോടുള്ള എന്റെ അമിത സ്‌നേഹം കണ്ട് എന്നെ പൂര്‍ണമായി പിന്തുണച്ച കുടുംബം എപ്പോഴും എനിക്ക് പിന്തുണ നല്‍കുന്നു. എന്റെ സ്വദേശം കണ്ണൂരാണ്. നാടക പ്രവര്‍ത്തകരായ രാധന്‍ കണ്ണപുരവും മിനി രാധനുമാണ് മാതാപിതാക്കള്‍. എംഎം പബ്ലിക്കേഷന്‍സിന്‍ സബ് എഡിറ്ററായി ജോലി ചെയ്യുന്ന ഭര്‍ത്താവ് വിവേക് കെ.ആറും ബിഎസ്‌സി നഴ്‌സിങ് പഠിക്കുന്ന അനുജത്തി ആരതി രാധനും കട്ട സപ്പോര്‍ട്ടുമായി കൂടെ തന്നെയുണ്ട്. കൂടാതെ എല്ലാ വര്‍ക്കുകള്‍ക്കും മികച്ച പ്രോല്‍സാഹനം നല്‍കി നല്ല കുറേയധികം ഫ്രണ്ട്‌സുമുണ്ട്.
സെലിബ്രിറ്റികളുടെ സ്വന്തം ആതി
2018 ല്‍ സംരംഭം ആരംഭിച്ചപ്പോള്‍ തന്നെ ഞാന്‍ ആദ്യമായി ബുക്ക് മാര്‍ക്ക് അയച്ചു നല്‍കിയ സെലിബ്രിറ്റി രജിഷ വിജയനാണ്. പിന്നീട് പേജ് കണ്ട് ഫോളോ ചെയ്തവരും ആഘോഷങ്ങളില്‍ ഗിഫ്റ്റ് അയച്ചു കൊടുക്കുന്നവരുമുണ്ട്. ബിജുമേനോനും സംയുക്ത വര്‍മ്മയ്ക്കും ഗിഫറ്റ് നല്‍കാന്‍ സാധിച്ചിട്ടുണ്ട്. നിലവില്‍ സിനിമയില്‍ ഉള്ളതും മുന്‍പ് സിനിമയില്‍ ഉണ്ടായിരുന്നതുമായ കുറച്ച് സെലിബ്രിറ്റികളുമായി ബന്ധമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. ഗായിക സിത്താര കൃഷ്ണകുമാറും ഭര്‍ത്താവും എന്റെ ഫാമിലി ഫ്രണ്ട്‌സ് തന്നെയാണ്. അവര്‍ എന്നെ നന്നായി സപ്പോര്‍ട്ട് ചെയ്യാറുണ്ട്.
കൂടാതെ സെലിബ്രിറ്റികളില്‍ പ്രൊഡക്റ്റ്‌സ് കണ്ട് ഇഷ്ടപ്പെട്ട് സമീപിക്കുന്നവരും ഞാന്‍ ഗിഫ്റ്റ് അയച്ച് കൊടുത്ത് ബന്ധമുണ്ടായവരും ഉണ്ട്. അത്തരത്തില്‍ ചെറിയരീതിയിലും വലിയ രീതിയിലുമുള്ള സെലിബ്രിറ്റികളുമായി ബന്ധമുണ്ടാക്കാന്‍ സാധിച്ചു. അവരൊക്കെ എന്റെ ബിസിനസിന് മുതല്‍ക്കൂട്ടാണ്. എനിക്ക് ബന്ധമുള്ള സെലിബ്രിറ്റികള്‍ ഫ്രണ്ട്‌സിനോടൊക്കെ എന്റെ സംരംഭത്തെ കുറിച്ച് പങ്ക് വയ്ക്കുന്നതിലൂടെയും ഓര്‍ഡറുകള്‍ ലഭിക്കാറുണ്ട്.
അധ്യാപന തുടര്‍ച്ച ആര്‍ട് ക്ലാസിലൂടെ
ആര്‍ട് ക്ലാസുകള്‍ ഞാന്‍ ഓണ്‍ലൈനായി ഓഫ്‌ലൈനായും ചെയ്യുന്നുണ്ട്. ഓണ്‍ലൈനായി പേഴ്‌സണല്‍ ക്ലാസുകള്‍ എടുക്കുന്നുണ്ട്. എല്ലാ പ്രായത്തിലുള്ളവരും ക്ലാസില്‍ പങ്കെടുക്കുന്നുണ്ട്. ആവശ്യക്കാരുടെ താല്‍പര്യത്തിന് അനുസരിച്ചുള്ള ക്ലാസുകളാണ് ചെയ്യുന്നത്. വിദേശത്ത് ജോലി ചെയ്യുന്ന വനിതകള്‍, ദുബായിലും നാട്ടിലുമുള്ള കുട്ടികള്‍ തുടങ്ങിയവര്‍ ഓണ്‍ലൈന്‍ ക്ലാസില്‍ ഉള്‍പ്പെടുന്നു. കോട്ടയത്തെ ഫ്‌ലാറ്റില്‍ ഓഫ്‌ലൈന്‍ ക്ലാസ് നടത്തുന്നുണ്ട്. കൂടാതെ എറണാകുളത്തെ ഇടം ആര്‍ട് കഫേയിലെ ആര്‍ട് ക്ലാസില്‍ ഫാക്കല്‍റ്റിയായി വര്‍ക്കു ചെയ്തു വരുന്നു.
നിങ്ങള്‍ക്ക് ഇഷ്ടമുള്ള ചില കാര്യങ്ങള്‍ ചെയ്യുമ്പോള്‍ മടുപ്പ് തോന്നാറേയില്ലല്ലോ? അങ്ങനെയാണെങ്കില്‍ ഉറപ്പിച്ചോ...അത് തന്നെയാണ് നിങ്ങള്‍ക്ക് പറ്റിയ സംരംഭം. സ്‌നേഹിച്ച് ലാളിച്ച് പൂര്‍ണ മനസോടെ മടുപ്പില്ലാത്ത ചെയ്യാന്‍ പറ്റുന്നതെന്തോ ആ സംരംഭത്തില്‍ നിങ്ങള്‍ വിജയിക്കുക തന്നെ ചെയ്യും. അതിന് ആതിര തന്നെയാണ് പ്രധാന ഉദാഹരണം. അത്രത്തോളം നിരീക്ഷണവും, പഠനും, ചിന്തയും, സര്‍ഗാത്മകതയും വേണ്ട ചിത്രകലയ്ക്ക് ആതിര നല്‍കുന്ന സൗന്ദര്യം കണ്ടാല്‍ കണ്ണിമവെട്ടാതെ നമ്മള്‍ നോക്കിയിരുന്നു പോകും. എങ്ങനെയാണ് ഇവയൊക്കെ ഇത്ര എളുപ്പത്തില്‍ ചെയ്യാന്‍ സാധിക്കുന്നതെന്ന് നമ്മള്‍ ഓരോരുത്തരും ഒരു വട്ടമെങ്കിലും ചിന്തിച്ചു പോകും.
പക്ഷേ ഇന്നലെ ചെയ്തു തുടങ്ങി ഇന്ന് ശോഭിച്ചവളല്ല ആതിര. കഴിവിന്റെയും കഠിനാധ്വാനത്തിന്റെയും സമര്‍പ്പണത്തിന്റെയും വലിയ കഥകള്‍ തന്നെ അതിനു പിന്നിലുണ്ട്. അതിനാല്‍ ശ്രമിക്കുക, ശ്രമിച്ചു കൊണ്ടേയിരിക്കുക. ആതിരയുടെ കരസ്പര്‍ശത്താല്‍ ഓരോ കടലാസു കഷ്ണങ്ങളിലും വിരിയിക്കുന്ന മുഖംപോലെ, പ്രകൃതിപോലെ, പൂവു പോലെ നിങ്ങളുടെ സംരംഭവും അതിമനോഹരമാക്കാം. ആതിരയ്ക്ക് ചിത്രകലയാണെങ്കില്‍ നിങ്ങള്‍ക്ക് മറ്റൊന്നായിരിക്കും. അതിനാല്‍ സ്വന്തം വഴി തെളിച്ച് ക്ഷമയും സമര്‍പ്പണ ബോധവും മുറുകെ പിടിച്ച് ആതിരയെ പോലെ മുന്നേറുക.
instagram: http://instagram.com/aathislittlethings
facebook: http://facebook.com/aathislittlethings
youtube: http://youtube.com/aathislittlethings
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.