- Trending Now:
പ്രതിസന്ധികളെ ആസ്വദിച്ച് കാല്‍നടയാത്ര നടത്തി റേക്കോര്‍ഡുകള്‍ സ്വന്തമാക്കിയിരിക്കുകയാണ് തൗഫീക് എന്ന യുവാവ്
യാത്രയെ ഇഷ്ടപ്പെടുന്നവരായിരിക്കും മിക്കവാറും എല്ലാവരും. എന്നാല്‍ കൈയ്യില്‍ അഞ്ച് പൈസയില്ലെങ്കില്‍ എങ്ങനെ യാത്ര പോകാനാണല്ലേ? എന്നു ആരു പറഞ്ഞു, ആഗ്രഹങ്ങള്‍ക്ക് അതിര്‍വരമ്പുകളില്ല എന്നു പറയുന്നത് പോലെയാണ് ഈ കൊല്ലംകാരന്റെ പരിപാടി. പ്രതിസന്ധികളെ ആസ്വദിച്ച് കാല്‍നടയാത്ര നടത്തി റേക്കോര്‍ഡുകള്‍ സ്വന്തമാക്കിയിരിക്കുകയാണ് തൗഫീക് എന്ന യുവാവ്. യാത്രയോട് ആവേശം കേറിയാല്‍ എന്താ ചെയ്യുക...അങ്ങ് പോകുക തന്നെ. അതിന് മുന്‍പരിചയമില്ല, സഹായികളില്ല, പണമില്ല എന്ന ഒരു തടസങ്ങളും താന്‍ കാര്യമാക്കാറില്ലെന്ന് ഈ പ്രവാസി യുവാവ് പറയുന്നു.
മുന്‍പ് തനിച്ച് യാത്ര ചെയ്യാന്‍ പേടിച്ചിരുന്നയാള്‍ ഇപ്പോള്‍ യാത്രയോടുള്ള ആവേശം കാരണം തന്റെ അധ്വാനവും, ശരീരവും, അതിനായി തന്നെ സമര്‍പ്പിച്ചിരിക്കുകയാണ്. ചുട്ടുപൊള്ളുന്ന യുഎഇയിലെ മണലാരാണ്യങ്ങളിലൂടെ യാത്ര ചെയ്യുന്ന തൗഫീകിന് ഭ്രാന്താണെന്നാണ് ചിലരൊക്കെ പറയുന്നത്. അതെ തൗഫീക് ഭ്രാന്താണ്, യാത്രയോട്. മറ്റാര്‍ക്കും മനസിലാകാത്ത തൗഫീക്കിന് സന്തോഷം പകരുന്ന ഭ്രാന്ത്. യാത്രകളിലൂടെ യൂട്യൂബിംഗ് മേഖലയ്ക്ക് സുപരിചിതനായ തൗഫീക്കുമായി ദി ലോക്കല്‍ ഇക്കണോമി സബ് എഡിറ്റര്‍ അശ്വതി നുരിച്ചന്‍ നടത്തിയ അഭിമുഖം.
യാത്രയോടുള്ള ആവേശം
യാത്ര ചെയ്യാന്‍ പേടിയുണ്ടായിരുന്ന ആളായിരുന്നു തൗഫീക്. നാട്ടിലുണ്ടായിരുന്നപ്പോള്‍ അടുത്ത് എവിടെയെങ്കിലും പോകാന്‍ പോലും ആരെയെങ്കിലും ആശ്രയിച്ചിരുന്നയാളായിരുന്നു. പിന്നീട് ജോലിയുടെ ആവശ്യങ്ങള്‍ക്കായി യുഎഇയിലെത്തിയപ്പോള്‍ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്ത് തുടങ്ങി. അങ്ങനെ പേടിയൊക്കെ മാറ്റിയാണ് ഇദ്ദേഹം യാത്രയ്ക്കായി പുറപ്പെട്ടത്.
യുഎഇ എന്ന തട്ടകം
രണ്ടര വര്‍ഷങ്ങള്‍ക്ക് മുമ്പാണ് തൗഫീക് യുഎഇയില്‍ എത്തിയത്. സിസിടിവി കമ്പനിയില്‍ ഹെല്‍പറായാണ് ജോലി ചെയ്തത്. ആ ജോലി ഉപേക്ഷിച്ചാണ് ഈ യാത്ര പ്രേമി കേരളത്തില്‍ നിന്ന് നേപ്പാളിലേക്കുള്ള തന്റെ ആദ്യ യാത്രയ്ക്കായി പുറപ്പെട്ടത്. പിന്നീട് വീണ്ടും യുഎഇയിലെത്തിയ തൗഫീക് നിലവില്‍ ഷാര്‍ജയിലെ പ്ലാസ്‌ക് കമ്പനിയിലെ സെയില്‍ മേഖലയിലാണ് ജോലി ചെയ്യുന്നത്. തുടര്‍ന്നാണ് യുഎഇയില്‍ യാത്ര ചെയ്യാന്‍ ആരംഭിച്ചത്.
കാല്‍നടയാത്രയ്ക്ക് പിന്നില്‍
യാത്ര ചെയ്യാന്‍ കൈയ്യില്‍ പണമില്ലാത്തതിനാലാണ് യാത്രയുടെ കൂട്ടുകാരനായ ഈ യുവാവ് നടന്നു യാത്ര ചെയ്യുന്നത്. യാത്രയോടുള്ള അതിയായ ആഗ്രഹത്തിന് മുന്നില്‍ ഒരു തടസത്തെയും തൗഫീക് വകവയ്ക്കാറില്ല. ദുബായില്‍ നടന്നും ലിഫ്റ്റ് ചോദിച്ചും യാത്ര ചെയ്തിട്ടുള്ള ആദ്യ മലയാളിയാണ് ഈ പ്രവാസി. കൂടുതല്‍ കാഴ്ചകള്‍ കാണാമെന്നതും കാല്‍നടയാത്രയുടെ ഒരു ഗുണമാണെന്ന് തൗഫീക് പറഞ്ഞു.
മറ്റുള്ളവര്‍ പറയുന്നത് ശ്രദ്ധിച്ചാലല്ലേ പ്രശ്‌നമുള്ളൂ...?
ചെറുപ്പം മുതല്‍ വ്യത്യസ്തമായ കാര്യങ്ങള്‍ ചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്നയാളാണ് തൗഫീക്. അതുകൊണ്ടു തന്നെയാണ് കാല്‍നടയാത്ര ചെയ്യാന്‍ തീരുമാനിച്ചത്. ആദ്യമായി കേരള-നേപ്പാള്‍ യാത്ര ചെയ്യുന്നതിന് മുന്‍പ് എല്ലാ ആളുകളുടെയും ഭാഗത്തു നിന്നും കളിയാക്കലുകളാണ്് കിട്ടിയത്. ഇവന് ഭ്രാന്താണോ എന്നു ഒരുപാട് പേര്‍ ചോദിച്ചിരുന്നു. എന്നാല്‍ ഞാന്‍ അതിനൊന്നും മറുപടി നല്‍കിയിരുന്നില്ല. ആരും പറയുന്നത് ശ്രദ്ധിച്ചില്ല, എന്നാല്‍ അത് ചെയ്യാമെന്ന് ഞാന്‍ കാണിച്ച് കൊടുത്തു. 8 ദിവസമെടുത്ത് വെറും 500 രൂപകൊണ്ടാണ് ഞാന്‍ കേരള-നേപ്പാള്‍ യാത്ര കാല്‍നടയായും ലിഫ്റ്റ് ചോദിച്ചും പൂര്‍ത്തിയാക്കിയതെന്ന് തൗഫീക് പറയുന്നു.
കാഴ്ചകള്‍ ആളുകളെ കാണിക്കുമ്പോഴുള്ള സന്തോഷം
കാഴ്ചകള്‍ ആളുകളെ കാണിക്കുന്നതിനായാണ് തൗഫീക് യൂട്യൂബ് ചാനല്‍ ആരംഭിച്ചത്. യൂട്യൂബില്‍ നിന്ന് പണം ലഭിക്കുമെന്നൊന്നും അപ്പോള്‍ ഈ യുവാവിന് അറിയില്ലായിരുന്നു. വീഡിയോ കണ്ട ആളുകള്‍ ഇനിയും മുന്നോട്ട് പോകണമെന്ന് പറഞ്ഞതിന്റെ പ്രോല്‍സാഹനത്തിലാണ് യൂട്യൂബിംഗ് യാത്ര തുടര്‍ന്നത്. യൂട്യൂബ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ തൗഫീക് ഇപ്പോള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.
പ്രവാസി മലയാളികളുടെ സ്‌നേഹം
തുടക്കത്തിലൊന്നും യുഎഇയിലെ പ്രവാസി മലയാളികള്‍ എന്നെ തിരിച്ചറിഞ്ഞിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഈ കുറച്ച് മാസങ്ങളായി ആളുകള്‍ സംസാരിക്കാനും ഫോട്ടോ എടുക്കാനും വരാറുണ്ട്. എന്റെ യാത്ര കണ്ട് ഇഷ്ടപ്പെട്ടവരാണ് അത്തരത്തില്‍ സമീപിക്കാറുള്ളത്. അതിനാല്‍തന്നെ അതൊക്കെ എനിക്ക് മികച്ച അനുഭവങ്ങളാണെന്ന് യാത്രയുടെ കൂട്ടുകാരന്‍ പറയുന്നു. യുഎഇയിലെ 32 ഡിഗ്രി സെല്‍ഷ്യല്‍ ചൂടില്‍ നിന്നാണ് തൗഫീക് യാത്ര ആരംഭിച്ചത്. നിലവിലെ 42 ഡിഗ്രി സെല്‍ഷ്യസ് ചൂടിലും യാത്ര തുടരുന്നു. ജോലിയുള്ളതിനാല്‍ വെള്ളിയാഴ്ച ദിവസമാണ് ഈ പ്രവാസി യുവാവ് യാത്രയ്ക്കായി തിരഞ്ഞെടുക്കുന്നത്.
നേടാന്‍ ഇനിയും ബാക്കി
ആദ്യ യാത്രയായതിനാല്‍ കേരള-നേപ്പാള്‍ യാത്ര തൗഫീക്കിന് മറക്കാനാകാത്തതാണ്. അതിന് ശേഷം കേരളത്തിന് അകത്ത് യാത്ര ചെയ്യുകയും പിന്നീട് ദുബായില്‍ കാല്‍നടയാത്ര ചെയ്യാനും തുടങ്ങി. യുഎഇയില്‍ ആദ്യമായി അജ്മാനില്‍ നിന്ന് റാസല്‍ഖൈമ വരെയാണ് കാല്‍നടയായും ലിഫ്റ്റ് വാങ്ങിച്ചും യാത്ര ചെയ്തത്. ദുബായ് മുഴുവന്‍ നടന്ന് യാത്ര ചെയ്യുകയാണ് തൗഫീക് ഇപ്പോള്‍. യുഎഇ മുഴുവന്‍ ബൈക്കില്‍ യാത്ര ചെയ്യണമെന്നും കേരളത്തില്‍ നിന്ന് ലണ്ടല്‍ വരെ ബൈക്കില്‍ യാത്ര ചെയ്യണമെന്നാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് ഈ യാത്ര പ്രേമി വ്യക്തമാക്കുന്നു.
കുടുബ സാഹചര്യം
കൊല്ലം കൊട്ടാരക്കരയിലാണ് തൗഫീക്കിന്റെ സ്വദേശം. ഉമ്മ നസീമ. ബാപ്പ ശംസുദ്ദീന്‍ കച്ചവടം നടത്തുകയാണ്. സഹോദരന്‍ അല്‍ അമീന്‍ സൗദി അറേബ്യയില്‍ ജോലി ചെയ്യുന്നു. സഹോദരി തസ്ലീമ പഠിക്കുന്നു. നിലവിലെ തന്റെ യാത്രയില്‍ കുടുംബം പിന്തുണ നല്‍കുന്നുണ്ടെന്ന് തൗഫീക് പറഞ്ഞു.
യാത്ര വലിയ രീതിയില്‍ ഒരാളെ മാറ്റിമറക്കുമെന്ന് ഉറപ്പാണ്. അതിന്റെ പ്രധാന ഉദാഹരണമാണ് തൗഫീക് എന്ന പ്രവാസി. യാത്ര ചെയ്യാന്‍ പേടിച്ചിരുന്നയാള്‍ ഇപ്പോള്‍ യാതൊരു ഭയവുമില്ലാതെ യാത്ര ചെയ്യുന്നുണ്ടെങ്കില്‍ യാത്രയോടുള്ള അടങ്ങാത്ത ആഗ്രഹമാണ് ഈ യുവാവിന് കൊണ്ട് അത് ചെയ്യിക്കുന്നത്. പ്രതിസന്ധികളെ മറികടക്കാന്‍ യാത്ര പോകണമെന്ന് പറയുന്നത് വെറുതെയല്ല, സ്വന്തം മനസാണ് എല്ലാത്തിന്റെയും അടിസ്ഥാനം. നമ്മുടെ മനസ് എന്തു പറയുന്നോ ആ വഴിക്ക് നീങ്ങുക. നിരവധി പ്രതിബദ്ധങ്ങള്‍ ഉണ്ടായേക്കാം. പക്ഷേ ലക്ഷ്യം നേടുന്നതിനായി ശക്തമായി മുന്നോട്ട് പോകുക തന്നെ വേണം. മനുഷ്യനേക്കാള്‍ ശക്തരായി ലോകത്ത് വേറെയൊന്നും തന്നെയില്ല.....
Youtube Channel:
https://youtube.com/channel/UCCa9MzdmMGhBHML36R6YmUQ
Facebook Page
https://www.facebook.com/thoufeekshams4gmai.comm
Instagram Page
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.