Sections

ഇപ്പോള്‍ ലഭിക്കേണ്ട മറുപടി പിന്നീട് കിട്ടിയിട്ട് കാര്യമില്ലലോ... പ്രേക്ഷകരുടെ സമയത്തിന് തന്റെ തിരക്കുകളേക്കാള്‍ വില നല്‍കുന്ന ന്യൂട്രീഷനിസ്റ്റും യൂട്യൂബറുമായ തുളസി

Sunday, Mar 27, 2022
Reported By Aswathi Nurichan
thulasi

 
നമ്മള്‍ ചെലവഴിക്കുന്ന ചെറിയ സമയം പോലും മറ്റുള്ളവര്‍ക്ക് വലിയ പ്രാധാന്യമായിരിക്കാം. അതു കൃത്യമായി മനസിലാക്കിയ യൂട്യൂബറാണ് തുളസി. പ്രേക്ഷകര്‍ നല്‍കുന്ന സ്‌നേഹവും പിന്തുണയും തിരിച്ച് കാണിക്കേണ്ടത് അനിവാര്യമാണ്. അത് വെറുതെ കാര്യങ്ങള്‍ പറഞ്ഞു പോകുന്നതിലൂടെയല്ല.
 

മനുഷ്യന് ഏറ്റവും പ്രധാനമായി ആവശ്യമായത് എന്തായിരിക്കും? മനുഷ്യന് അത്യന്താപേക്ഷിതമായതും സ്ഥിരതയോടെ കാത്തു സൂക്ഷിക്കേണ്ടതുമായ കാര്യമാണ് ആരോഗ്യം. എന്നാല്‍ നമ്മള്‍ മലയാളികള്‍ അക്കാര്യത്തില്‍ ഒട്ടും ശ്രദ്ധയില്ലാത്തവരാണ്. പോഷകാഹാരങ്ങള്‍ കഴിക്കുന്നതിന്റെയും കൃത്യമായ വ്യായാമം ചെയ്യുന്നതിന്റെയും ആവശ്യകത ഇപ്പോളും നമ്മളില്‍ പലര്‍ക്കും മനസിലായിട്ടില്ല. ലോകം ഇതുവരെ അനുഭവിക്കാത്ത പകര്‍ച്ചവ്യാധി കാലത്തിലൂടെ സഞ്ചരിക്കുന്ന ഇന്നത്തെ ജനത കുറച്ചെങ്കിലും ആരോഗ്യത്തില്‍ ശ്രദ്ധ പുലര്‍ത്താന്‍ തുടങ്ങി എന്നത് ഒരു ആശ്വാസം.
 
ശരീരഭാര നിയന്ത്രണവും മികച്ച ഡയറ്റും ശീലിച്ചാല്‍ പല അസുഖങ്ങളും പമ്പ കടക്കുമെന്ന് നമ്മള്‍ ഓരോരുത്തരും മനസിലാക്കേണ്ടത് അനിവാര്യമാണ്. അത് വിശദീകരിച്ച് മനസിലാക്കി തരുന്നയാളാണ് സര്‍ട്ടിഫൈഡ് ന്യൂട്രീഷനിസ്റ്റായ തുളസി നിതിന്‍. ഡയറ്റ് വ്യായാമ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന happy vibes by tulasi എന്ന യൂട്യബ് ചാനലിനുടമ തുളസിയുമായി ദി ലോക്കല്‍ ഇക്കോണമി സബ് എഡിറ്റര്‍ അശ്വതി നുരിച്ചന്‍ നടത്തിയ അഭിമുഖം.
 
 
happy vibes by tulasi എന്ന പേരിന് പിന്നില്‍ എന്താണ് കാരണം?
 
യൂട്യൂബ് ചാനലിന്റെ പേര് കേള്‍ക്കുമ്പോള്‍ തന്നെ എല്ലാവര്‍ക്കും പോസിറ്റിവിറ്റി തോന്നണമെന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. അതുകൊണ്ട് വളരെയധികം ആലോചിച്ചതിന് ശേഷമാണ് ഈ പേരിലേക്ക് എത്തിയത്. ചാനലിന്റെ ലോഗോയായി വരുന്നതും spreading happiness എന്നാണ്. കൂടാതെ ചാനലിലൂടെ ഞാന്‍ പോസറ്റീവായ കാര്യങ്ങള്‍ മാത്രമേ പറയാറുമുള്ളൂ.
 
സ്വന്തം അനുഭവത്തില്‍ നിന്നാണോ വീഡിയോ നിര്‍മ്മാണത്തിലേക്ക് കടന്ന് വന്നത്?
 
അങ്ങനെയാണെന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല. വിവാഹം കഴിഞ്ഞ് വീട്ടിലിരിക്കുമ്പോഴാണ് യുട്യൂബ് ചാനലിനെ കുറിച്ച് ചിന്തിക്കുന്നത്. തുടക്കത്തില്‍ ട്രാവല്‍, ഫുഡ് വീഡിയോകളൊക്കെയാണ് ചെയ്തിരുന്നത്. പിന്നീട് ഡെലിവറിക്ക് ശേഷം ഞാന്‍ വണ്ണം വച്ചു. വീഡിയോകളൊക്കെ കണ്ട് വണ്ണം കുറച്ചതിന് ശേഷം അതിന്റെ അനുഭവങ്ങള്‍ ഉള്‍പ്പെടുത്തി ചാനലില്‍ ഒരു വീഡിയോ അപ്ലോഡ് ചെയ്തു. ആ വീഡിയോ ആളുകള്‍ വലിയ രീതിയില്‍ സ്വീകരിക്കുകയും വൈറലാകുകയും ചെയ്തു. പിന്നീട് പ്രേക്ഷകര്‍ തന്നെയാണ് ഡയറ്റും, വര്‍ക്ക് ഔട്ടുമായി ബന്ധപ്പെട്ട വീഡിയോകള്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. തുടര്‍ന്ന് ആ വിഷയത്തെ കുറിച്ച് മികച്ച രീതിയില്‍ പഠനം നടത്തിയതിന് ശേഷമാണ് ആക്ടീവ് ആയി ഈ മേഖലയിലേക്ക് കടന്നത്. പിന്നീട് ഈ വിഷയത്തില്‍ സര്‍ട്ടിഫിക്കേഷന്‍ എടുത്തു. നിലവില്‍ ഞാന്‍ ന്യൂട്രീഷന്‍ ആന്റ് വെയിറ്റ് മാനേജ്‌മെന്റ് അഡൈ്വസര്‍ ആണ്.
 
വീഡിയോ കണ്ടന്റ് ഉണ്ടാക്കുന്നതിനുള്ള അറിവ് എങ്ങനെയാണ് നേടുന്നത്?
 
കൂടുതലായും വീഡിയോകള്‍ കണ്ട് തന്നെയാണ് കണ്ടന്റിനെ കുറിച്ചുള്ള അറിവുകള്‍ നേടിയിരുന്നത്. അതിനായി കൂടുതല്‍ ആശ്രയിച്ചിരുന്നത് വിദേശീയ ചാനലുകളെയാണ്. വിവിധ തരം ഡയറ്റുകളെ കുറിച്ചും വ്യായാമങ്ങളെ കുറിച്ചും അത്തരം വീഡിയോകളിലൂടെ വിശദമായി പഠിക്കാന്‍ സാധിച്ചു. കൂടാതെ ഇതുമായി ബന്ധപ്പെട്ട നിരവധി ബുക്കുക്കളും ആര്‍ട്ടിക്കുകളും വായിക്കാറുണ്ട്.
 
 
ഇത്തരം വീഡിയോകള്‍ ചെയ്യാന്‍ കുറേയധികം സമയം ആവശ്യമായി വരാറില്ലേ? 
 
അതേ. വലിയ രീതികള്‍ ബുദ്ധിമുട്ടുകയും കുറേയധികം പഠിക്കുകയും ചെയ്യേണ്ട മേഖലയാണ് ഞാന്‍ കൈകാര്യം ചെയ്യുന്നത്. ആരോഗ്യം പ്രധാനപ്പെട്ട ഒന്നായത് കൊണ്ട് സ്വയം ബോധ്യപ്പെട്ടതിന് ശേഷമേ ഞാന്‍ മറ്റുള്ളവര്‍ക്ക് അതിനെ കുറിച്ച് പറഞ്ഞു കൊടുക്കാറുള്ളൂ. പുതിയ തരം ഡയറ്റും വ്യായാമവും ആരംഭിക്കുന്നതിന് മുമ്പ്  ഞാന്‍ അത് സ്വയം ചെയ്ത് നോക്കി ഫലമുണ്ടെങ്കില്‍ മാത്രമേ പ്രേക്ഷകരോട് പങ്കുവയ്ക്കാറുള്ളൂ. ഇതിന് കുറേയധികം സമയം ആവശ്യമായി വരാറുണ്ട്.
 
എവിടെയാണ് സ്വദേശം? വീട്ടിലുള്ള ആളുകളെ കുറിച്ചും അവരുടെ പിന്തുണയെ കുറിച്ചും പറയാമോ?
 
കണ്ണൂര്‍ മാഹിയിലാണ് സ്വദേശമെങ്കിലും നിലവില്‍ താമസിക്കുന്നത് കോഴിക്കോട് വടകരയിലാണ്. വീട്ടില്‍ ഭര്‍ത്താവും, മകനും, അച്ഛനും അമ്മയുമാണ് ഉള്ളത്. യഥാര്‍ത്ഥത്തില്‍ ഞാന്‍ ചാനല്‍ ആരംഭിക്കുന്ന സമയത്ത് ഇതിനെ കുറിച്ചൊന്നും വീട്ടുകാര്‍ക്ക് വലിയ ധാരണയുണ്ടായിരുന്നില്ല. ഞാനും ഭര്‍ത്താവും കൂടിയാണ് എല്ലാ കാര്യങ്ങളും ചെയ്തിരുന്നത്. എന്നാല്‍ വീട്ടുകാരുടെ ഭാഗത്ത് നിന്ന് വലിയ രീതിയിലുള്ള പിന്തുണയാണ് എനിക്ക് ലഭിച്ചത്. എല്ലാ കാര്യങ്ങളിലും രണ്ടും വീട്ടുകാരും എന്നോടൊപ്പം തന്നെ നിന്നിരുന്നു. ഇപ്പോഴും അങ്ങനെ തന്നെ തുടരുന്നു.
 
പ്രേക്ഷകരുമായി വളരെയടുത്ത് പെരുമാറുന്നതും വേഗത്തില്‍ മറുപടി കൊടുക്കുന്നതും ശ്രദ്ധിച്ചിട്ടുണ്ട്. എങ്ങനെയാണ് അതിനുള്ള സമയം ലഭിക്കുന്നത്?
 
മറ്റു വിഷയങ്ങല്‍ കൈകാര്യം ചെയ്യുന്നതു പോലെയല്ല. ആരോഗ്യകരമായ വിഷയങ്ങള്‍, കൈകാര്യം ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്ന ആളുകളെ നിരുത്സാഹപ്പെടുത്താന്‍ ചുറ്റും ആളുകളുണ്ട്. അതിനാല്‍ അവര്‍ക്ക് നിരവധി സംശയങ്ങള്‍ ഉണ്ടാകുകയും, മോട്ടിവേഷന്‍ ആവശ്യമായും വരും. അത്തരത്തിലുള്ളവരാണ് ചാനലിലൂടെ സംശയം ചോദിക്കുന്നത്. ആവശ്യമുള്ളവരാണ് കമന്റ് ചെയ്യുന്നതെന്ന് എനിക്ക് കൃത്യമായി അറിയാം. അതുകൊണ്ട് പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക്‌ കൃത്യമായ മറുപടി നല്‍കാന്‍ ഞാന്‍ പരമാവധി ശ്രമിക്കാറുണ്ട്. വളരെ ആഗ്രഹിച്ച് ചോദിച്ച കാര്യങ്ങളായത് കൊണ്ട് ചോദിക്കുമ്പോള്‍ തന്നെ മറുപടി കൊടുക്കേണ്ടത് അത്യാവശ്യമാണ്, പിന്നീട് കൊടുത്താല്‍ ചിലപ്പോള്‍ അതിന് ഫലമുണ്ടാകില്ല.  വളരെയധികം തിരക്കുകള്‍ക്കിടയിലും അതിനായി ഞാന്‍ സമയം കണ്ടെത്താറുണ്ട്.
 
 
ശാന്തമായ സംസാര രീതിയാണ് വീഡിയോകളില്‍ കാണാറുള്ളത്. അതിലൂടെയാണോ പ്രേക്ഷകരുടെ മനസ്സിലേക്ക് കയറിയത്?
 
അതെനിക്ക് അറിയില്ല. എന്റെ സംസാരിക്കുന്ന രീതി ഇങ്ങനെ തന്നെയാണ്. ഞാന്‍ ഫ്രണ്ട്‌സിനോട് പറയുന്നതു പോലെ തന്നെയാണ് എന്റെ പ്രേക്ഷകരോടും ആശയ വിനിമയം നടത്തുന്നത്.  കാര്യങ്ങള്‍ വിശദീകരിച്ച് പറയാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. വിശദീകരിച്ച് കാര്യങ്ങള്‍ പറയാതിരുന്നാല്‍ നിരവധി സംശയങ്ങള്‍ ഉണ്ടാകും. അതിനാലാണ് ഞാന്‍ വിശദീകരിച്ച് കാര്യങ്ങള്‍ പറയുന്നത്. ചിലര്‍ ഇത്രയും വലിച്ചു നീട്ടി പറയേണ്ടെന്നു എന്നോട് പറയാറുണ്ട്. പക്ഷേ മുഴുവന്‍ വീഡിയോയും കേള്‍ക്കുന്ന ആളുകള്‍ ഉള്ളതു കൊണ്ട് എല്ലാവര്‍ക്കും ഗുണമുണ്ടാകണമെന്ന് കരുതിയാണ് ഞാന്‍ അത്തരത്തില്‍ അവതരിപ്പിക്കുന്നത്.
 
 
പല തരത്തിലുള്ള ഡയറ്റ് പ്ലാനുകളെ കുറിച്ച് പറയാറുണ്ടോ. അവയൊക്കെ എങ്ങനെയാണ് മനസിലാക്കുന്നത്?
 
പലതരത്തിലുമുള്ള ഡയറ്റുകള്‍ ഞാന്‍ പറയാറുണ്ടെങ്കിലും പൊതുവായ കാര്യങ്ങളാണ് കൂടുതലും അവതരിപ്പിക്കാറുള്ളത്. എല്ലാവര്‍ക്കും എല്ലാ ഡയറ്റുകള്‍ ഫലവത്താകണമെന്നില്ല. പിന്നെ അനാരോഗ്യകരമായ കുറേയധികം ഡയറ്റുകളുമുണ്ട്. അതൊക്കെ ഉപയോഗിച്ച് പെട്ടെന്ന് വണ്ണം കുറയ്ക്കുന്നവരുമുണ്ട്. എന്നാല്‍ എന്റെ ചാനലില്‍ ആരോഗ്യകരമായ ഡയറ്റുകളെ കുറിച്ച് മാത്രമേ പ്രോല്‍സാഹിപ്പിക്കാറുള്ളൂ. എന്നാല്‍ സമയമെടുത്ത് വണ്ണം കുറയ്ക്കുകയെന്നത് പലര്‍ക്കും മടിയായിട്ടുള്ള കാര്യമാണ്. എന്റെ ഏറ്റവും വലിയ അച്ചീവ്‌മെന്റ് അനാരോഗ്യകരമായ ഡയറ്റുകളുടെ പിന്നാലെ പോകുന്നവരുടെ മനസ് മാറ്റിയെടുക്കാന്‍ സാധിച്ചുവെന്നതാണ്. അതിനാല്‍ നിരവധിപേര്‍ സമയമെടുത്ത് ആരോഗ്യകരമായി വണ്ണം കുറയ്ക്കുന്നതുള്ള ഗുണങ്ങള്‍ ഇപ്പോള്‍ മനസിലാക്കുന്നുണ്ട്.
 
 
എന്താണ് ചാനലിന്റെ നിലവിലെ സാഹചര്യം? സര്‍ട്ടിഫൈഡ് ന്യൂട്രീഷനിസ്റ്റായ തുളസിയുടെ സംരംഭത്തെ കുറിച്ച് വിശദീകരിക്കാമോ?
 
നിലവില്‍ യുട്യൂബ് ചാനല്‍ മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നു. കൂടാതെ ഇന്‍സ്റ്റഗ്രാമിലൂടെയും വിവരങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. പുതിയ വിശേഷം ഞാന്‍ ഈ മേഖലയുമായി ബന്ധപ്പെട്ട ഒരു സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചുവെന്നാണ്. നിലവില്‍ ഞാന്‍ സര്‍ട്ടിഫൈഡ് ന്യൂട്രീഷ്യനിസ്റ്റാണ്. അതുകൊണ്ട് ഞാനും ഫിറ്റ്‌നസ് ട്രെയിനറായ ഒരു ബിസിനസ് പങ്കാളിയുമായി ചേര്‍ന്ന് പുതിയ ഒരു സംരംഭം ആരംഭിച്ചിട്ടുണ്ട്. Be-Fit Squad എന്നാണ് സ്റ്റാര്‍ട്ടപ്പിന്റെ പേര്. ഓണ്‍ലൈന്‍ ആയാണ് ഞങ്ങള്‍ സ്ത്രീകള്‍ക്ക് ന്യൂട്രീഷനും വര്‍ക്ക്ഔട്ടും സംബന്ധിച്ച പരിശീലനം നല്‍കുന്നത്. ആയിരത്തോളം സ്ത്രീകള്‍ നിലവില്‍ സംരംഭത്തിലൂടെ പരിശീലനം നേടുന്നുണ്ട്. ആരോഗ്യകരമായ ഭക്ഷണ രീതി പിന്തുടരണമെന്നും വ്യായാമം ചെയ്യണമെന്നും ആഗ്രഹമുള്ള ചിലര്‍ക്ക് അതിനായി എന്തൊക്കെ ചെയ്യണമെന്ന ധാരണയില്ല. അവരെ സഹായിക്കുക്കുകയാണ് ഞങ്ങളുടെ സ്റ്റാര്‍ട്ടപ്പിന്റെ ലക്ഷ്യം.
 
 
നിലവിലെ സ്ത്രീകള്‍ മുന്‍പത്തേക്കാള്‍ കുറച്ചുകൂടി അവരുടെ ശരീരം ശ്രദ്ധിക്കുന്നുണ്ടോ?
 
ഉണ്ട്. ആരോഗ്യ കാര്യത്തില്‍ സ്ത്രീകള്‍ക്ക് മുമ്പത്തേക്കാള്‍ ശ്രദ്ധ വന്നിട്ടുണ്ട്. ആരോഗ്യം പ്രധാനമാണെന്നും ബുദ്ധിമുട്ടില്ലാതെ ജീവിക്കാന്‍ ആരോഗ്യകരമായ ഭക്ഷണം കഴിക്കണമെന്നും വ്യായാമം ചെയ്യണമെന്നും സ്ത്രീകള്‍ മനസിലാക്കി വരുന്നുണ്ട്. അത് മികച്ച ഒരു സൂചനയാണ്. വിവിധ ഘട്ടത്തിലൂടെ കടന്നു പോകുന്ന സ്ത്രീ ശരീരം ആരോഗ്യകരമായി സൂക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് ഞാന്‍ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിക്കാറുണ്ട്. പിന്നെ വരും തലമുറ ഇക്കാര്യത്തില്‍ വലിയൊരു പ്രതീക്ഷയാണ്. ഇപ്പോള്‍ കൗമാരക്കാലം മുതലേ കുട്ടികള്‍ ആരോഗ്യം ശ്രദ്ധിക്കുന്നതിനെ കുറിച്ച് ബോധ്യവാന്മാരാണ്. അവര്‍ വായിച്ചും വീഡിയോ കണ്ടും നേടുന്ന അറിവുകള്‍ വീട്ടുകാരോട് പറഞ്ഞ് മനസിലാക്കുന്നുണ്ട്. കൂടാതെ യുവതലമുറയിലെ അമ്മമാരും ആരോഗ്യത്തില്‍ വലിയ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്.  അതിനാല്‍ രക്ഷിതാക്കളുടെ ആരോഗ്യ ശീലങ്ങള്‍ കണ്ടു വളരുന്ന പുതുതലമുറയ്ക്കും വലിയ രീതിയിലുള്ള മാറ്റങ്ങള്‍ പ്രകടമാണ്.
 
ഡയറ്റും വ്യായാമവും ചെയ്ത് ആരോഗ്യകരമായ ശരീരം നിലനിര്‍ത്തുന്നതിനെ കുറിച്ച് സ്ത്രീകളോട് എന്താണ് പറയാനുള്ളത്?
 
സ്ത്രീകള്‍ സ്വന്തം ആരോഗ്യം ശ്രദ്ധിക്കുന്നതില്‍ വളരെ പിന്നോട്ടാണ്. എല്ലാവരുടെയും കാര്യങ്ങല്‍ നോക്കിയാലും സ്വന്തം ആരോഗ്യത്തിനായി അവര്‍ ഒന്നു ചെയ്യാറില്ല. അത് വളരെ തെറ്റാണ്. ആരോഗ്യത്തോടെ വളരെയധികം കാലം ജീവിച്ചിരിക്കണമെങ്കില്‍ സ്വന്തം ശരീരം ശ്രദ്ധിച്ചേ മതിയാകൂ. പ്രോട്ടീന്‍, ഫൈബര്‍, കാര്‍ബോ ഹൈഡ്രേറ്റ് തുടങ്ങിയവ ഒരുപോലെ കഴിക്കാന്‍ ശ്രമിക്കണം. പിന്നെ വീട്ടു ജോലികള്‍ ചെയ്തത് കൊണ്ട് മാത്രം വണ്ണം കുറയില്ല. വീട്ടുജോലികള്‍ വര്‍ഷങ്ങളായി ചെയ്യുന്ന ദിനചര്യ ആയത് കൊണ്ട് അവയെ നമ്മുടെ ശരീരം സ്വീകരിച്ചു കാണും. അതിനാല്‍ ദിവസവും കുറഞ്ഞത് അരമണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ വ്യായാമം ചെയ്താല്‍ മാത്രമേ വണ്ണം കുറയ്ക്കാന്‍ സാധിക്കുകയുള്ളൂ.
 
 
നമ്മള്‍ ചെലവഴിക്കുന്ന ചെറിയ സമയം പോലും മറ്റുള്ളവര്‍ക്ക് വലിയ പ്രാധാന്യമായിരിക്കാം. അതു കൃത്യമായി മനസിലാക്കിയ യൂട്യൂബറാണ് തുളസി. പ്രേക്ഷകര്‍ നല്‍കുന്ന സ്‌നേഹവും പിന്തുണയും തിരിച്ച് കാണിക്കേണ്ടത് അനിവാര്യമാണ്. അത് വെറുതെ കാര്യങ്ങള്‍ പറഞ്ഞു പോകുന്നതിലൂടെയല്ല, വിശദമായി കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിലൂടെ മാത്രമേ ആ പിന്തുണ നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ. ആവശ്യമുള്ള വിവരങ്ങള്‍ നല്‍കുന്നതിനായി എപ്പോഴും കൂടെ തന്നെയുണ്ടാകുമെന്ന് അവരെ ബോധ്യപ്പിക്കുന്നതാണ് ഒരു യൂട്യൂബറുടെ വലിയ വിജയം. തിരക്കുകള്‍ക്കിടയിലും പ്രേക്ഷകരോട് ഇടപെടാന്‍ നാലര വയസുകാരനായ നൈതിക് യുവാന്റെ അമ്മയായ തുളസി പരമാവധി ശ്രമിക്കാറുണ്ട്. അതിന് എല്ലാ കാര്യത്തിലും സഹായം നല്‍കാന്‍ ഭര്‍ത്താവ് നിതിന്‍ വിശ്വനാഥ് കൂടെ തന്നെയുണ്ട്. ഡയറ്റിലൂടെയും വ്യായാമത്തിലൂടെയും അസുഖം മാറിയവരുടെയും മറ്റും സ്‌നേഹമാണ് തുളസിയെ ഇപ്പോളും മുന്നോട്ട് നയിക്കുന്നത്.
 
 
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.