- Trending Now:
നിങ്ങളില്ലാതെ നമ്മുക്കെന്താഘോഷം എന്നു പറയുന്നതു പോലെ നാടന്‍പാട്ടില്ലാതെ മലയാളികള്‍ക്കെന്ത് ആഘോഷമല്ലേ...? ആഘോഷങ്ങള്‍ ഊര്‍ജം പകരുന്നതില്‍ നാടന്‍ പാട്ടുകള്‍ക്ക് വലിയ പ്രാധാന്യമാണുള്ളത്
ജീവിതം ആഘോഷങ്ങളുടേത് കൂടിയാണ്. മറ്റ് എല്ലാ കാര്യങ്ങള്‍ക്കും പ്രാധാന്യം നല്‍കുമ്പോഴും ഓരോ നിമിഷവും ആഘോഷിക്കേണ്ടത് അനിവാര്യമാണ്. ആഘോഷങ്ങള്‍ ഇഷ്ടപ്പെടാത്തവരായി ആരും തന്നെയുണ്ടാകില്ല. അതില്‍ ഉത്സവങ്ങള്‍, വിവാഹം, കലാപരിപാടികള്‍ എന്നിവ ഉള്‍പ്പെടുന്നു. നിങ്ങളില്ലാതെ നമ്മുക്കെന്താഘോഷം എന്നു പറയുന്നതു പോലെ നാടന്‍പാട്ടില്ലാതെ മലയാളികള്‍ക്കെന്ത് ആഘോഷമല്ലേ...? ആഘോഷങ്ങള്‍ ഊര്‍ജം പകരുന്നതില്‍ നാടന്‍ പാട്ടുകള്‍ക്ക് വലിയ പ്രാധാന്യമാണുള്ളത്.
നാടന്‍പാട്ടുകളുടെ സാന്നിധ്യം നാട്ടില്‍ കുറഞ്ഞു വരുന്നുണ്ടോ എന്നു നമ്മള്‍ ചിലപ്പോള്‍ സംശയിക്കാറില്ലേ? പക്ഷേ അതു വെറും തോന്നലാണ്. നാടന്‍ പാട്ടുകളോടുള്ള അതിയായ സ്‌നേഹം മലയാളികളില്‍ കൂടി വന്നുകൊണ്ടിരിക്കുകയാണ്. അതും പുതുതലമുറ കൂടി നാടന്‍പാട്ട് മേഖലയില്‍ സ്ഥിര സാന്നിധ്യമാകുന്ന ഇക്കാലത്ത്. അത്തരത്തില്‍ നാടന്‍പാട്ടിലൂടെ ആളുകളെ പിടിച്ചിരുന്ന സംസ്‌കാരിക കലാവേദിയാണ് പുന്നാട് പൊലിക.
പുതുതലമുറയിലെ ഒരു പറ്റം ആളുകള്‍ പുന്നാട് പൊലികയുടെ ഭാഗമായിട്ടുണ്ട്. എന്തിനു പറയുന്നു ഒരു കുടുംബം തന്നെ ഈ കലാവേദിയുടെ ഭാഗമാണ്. പുന്നാട് പൊലികയുടെ യശസ് വാനോളമുയര്‍ത്തിക കലാകാരന്മാരാണ് അനുശ്രീ പുന്നാടും, അമല്‍ജിത്ത് പുന്നാടും. നാടന്‍ പാട്ടിന്റെ നിലവിലെ സാന്നിധ്യത്തെ കുറിച്ചും സോഷ്യല്‍ മീഡിയയില്‍ അടക്കം പിന്തുണ നേടിയ പുന്നാട് പൊലികയെ കുറിച്ചും നമ്മുക്ക് ഈ സഹോദരങ്ങളോട് തന്നെ ചോദിക്കാം. നാടന്‍പാട്ടിലൂടെ കഴിവ് തെളിയിച്ചു കൊണ്ടിരിക്കുന്ന അനുശ്രീയുമായും അമല്‍ജിത്തുമായും ദി ലോക്കല്‍ ഇക്കണോമി സബ് എഡിറ്റര്‍ അശ്വതി നുരിച്ചന്‍ നടത്തിയ അഭിമുഖം.
വ്യത്യസ്ത രീതിയില്‍ ആരംഭിച്ച പുന്നാട് പൊലിക
കണ്ണൂരിലെ പുന്നാട് എന്ന പ്രദേശത്തെ ഒരു സ്‌കൂളിന്റെ നേതൃത്വത്തില്‍ കലാസമിതി പ്രവര്‍ത്തിച്ചിരുന്നു. കുട്ടി കലാകാരന്മാരെ പ്രോല്‍സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള സമിതിയായിരുന്നു അത്. പിന്നീട് ആ സമിതി പ്രവര്‍ത്തനം നിര്‍ത്തിവച്ചു. അതിന് ശേഷമാണ് തൈയ്യം കലാകാരനായ ശശി പണിക്കര്‍ പുന്നാട് എന്ന വ്യക്തി പുന്നാട് പൊലിക എന്ന നാടന്‍ പാട്ട് സംഘം രൂപീകരിച്ചത്. മറ്റ് കലാകാരന്മാരെ ഉള്‍പ്പെടുത്തി കൊണ്ട് ആ സംഘത്തെ വലിയ രീതിയില്‍ വളര്‍ത്തിയെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.
അനുശ്രീയുടെയും അമലിന്റെയും കടന്നു വരവ്
ശശി പണിക്കര്‍ പുന്നാടിന്റെ ഭാര്യയായ ശ്രീജ പുന്നാടും, മക്കളായ അമല്‍ജിത്ത് പുന്നാടും, അനുശ്രീ പുന്നാടും തുടക്കത്തില്‍ തന്നെ കലാസമിതിയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചു തുടങ്ങി. ചെറുപ്പ കാലത്ത് തന്നെ ഞങ്ങള്‍ക്ക് നാടന്‍പാട്ടിനോട് വളരെയധികം ഇഷ്ടമുണ്ടായിരുന്നെന്നും പുന്നാട് പൊലികയുടെ രൂപീകരണത്തിന് ശേഷം അതോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയെന്നും അമല്‍ജിത്തും അനുശ്രീയും പറഞ്ഞു.
കുട്ടി കലാകാരന്മാര്‍ വരെ ഉള്‍പ്പെടുന്ന സംഘാംഗങ്ങളുടെ കരുത്ത്
ഇരുപതോളം കലാകാരന്മാര്‍ പുന്നാട് പൊലികയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ പാട്ടുപാടുന്നവരും, സംഗീത ഉപകരണങ്ങള്‍ വായിക്കുന്നവരും, ദൃശ്യാവിഷ്‌കരണം അവതരിപ്പിക്കുന്നവരും ഉള്‍പ്പെടുന്നു. കൂടാതെ കുട്ടി കലാകാരന്മാരും സംഘത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. നിരവധി കുട്ടികലാകാരന്മാര്‍ നാടന്‍പാട്ടിനോടുള്ള ഇഷ്ടം കാരണം ഞങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്, അവരൊക്കെ മികച്ച കഴിവുള്ളവരാണ്, ചെറിയ കുട്ടികള്‍ക്കിടയില്‍ പോലും നാടന്‍ പാട്ടിനോട് ഇഷ്ടമുണ്ടെന്നതാണ് ഇത് വ്യക്തമാക്കുന്നതെന്ന് ഇവര്‍ പറയുന്നു.
നാടന്‍പാട്ടിന്റെ ഓളം കേരളത്തിലും പുറത്തും
കേരളത്തിന്റെ വിവിധ ജില്ലകളില്‍ പുന്നാട് പൊലിക എന്ന ഈ കലാവേദി പരിപാടി അവതരിപ്പിട്ടുണ്ട്. ബ്ലാഗ്ലൂര്‍, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലും കലാപരിപാടി എത്തിക്കാനും ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്.
കോവിഡ് പ്രതിസന്ധിയും മാറ്റവും
കോവിഡ് പ്രതിസന്ധിയില്‍ മിക്ക മേഖലകളുടെയും പ്രവര്‍ത്തനം താറുമാറായിരുന്നു. അതില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിട്ടത് കലാകാരന്മാരാണ്. അക്കാലത്ത് പല കലാകാരന്മാരും ദുരിതത്തിലായിരുന്നു. കോവിഡിന്റെ തുടക്കത്തില്‍ വലിയ പ്രതിസന്ധി നേരിട്ടിട്ടുണ്ടെന്ന് പുന്നാട് പൊലിക അംഗങ്ങള്‍ പറയുന്നു. എന്നാല്‍ പിന്നീട് അതിന് മാറ്റങ്ങള്‍ വരാന്‍ തുടങ്ങി. നിലവില്‍ സാമാന്യം ഭേദപ്പെട്ട രീതിയില്‍ കാര്യങ്ങള്‍ മാറിയിട്ടുണ്ടെന്നും അതില്‍ തങ്ങള്‍ വളരെയധികം സന്തോഷവന്മാരാണെന്നും ഇവര്‍ പറഞ്ഞു.
നാടന്‍പാട്ടിനോടുള്ള ഇഷ്ടം അങ്ങനെയൊന്നും നഷ്ടപ്പെടില്ല
നാടന്‍പാട്ട് മലയാളികളുടെ വികാരമാണ്. മിക്ക ആഘോഷങ്ങളിലും നാടന്‍പാട്ട് ഉണ്ടാക്കുന്ന ഓളം ചെറുതൊന്നുമില്ല. പ്രേക്ഷകരെ പെട്ടെന്ന് തന്നെ കയ്യിലെടുക്കാന്‍ അവരുടെ കഴിവിന് സാധിക്കാറുണ്ട്. ദൃശ്യാവിഷ്‌കാരം കൂടി ഉള്‍പ്പെടുത്തിയിട്ടുള്ള പുന്നാട് പൊലികയും പരിപാടിക്ക് ആസ്വാദകര്‍ ഏറെയാണ്. കാലങ്ങള്‍ കഴിയുന്തോറും പ്രേക്ഷകരെ നഷ്ടപ്പെടുത്താത്ത ഒരു കല തന്നെയാണ് നാടന്‍പാട്ട്. ആസ്വാദകരെ നഷ്ടപ്പെടുകയല്ല, നാടന്‍പാട്ടിനെ സ്‌നേഹിക്കുന്നവര്‍ വര്‍ധിച്ചു വരികയാണെന്നാണ് തങ്ങള്‍ മനസിലാക്കിയതെന്ന് അനുശ്രീയും അമല്‍ജിത്തും പറയുന്നു.
ടെലിവിഷന്‍, സിനിമ രംഗത്തെ സാന്നിധ്യം
നിലവില്‍ സര്‍ക്കാര്‍ സ്ഥാപനത്തില്‍ താല്‍ക്കാലിക ജോലി ചെയ്യുന്ന അമല്‍ജിത്തും പ്രൈമറി സ്‌കൂളിലെ അധ്യാപികയായ അനുശ്രീയും നാടന്‍പാട്ടിനെ വളര്‍ത്തുന്നതിനായി മികച്ച പ്രകടനങ്ങള്‍ കാഴ്ച വയ്ക്കുന്നവരാണ്. മലയാള ടെലിവിഷന്‍ ചാനലിലെ ഒരു റിയാലിറ്റി ഷോയിലൂടെ അനുശ്രീ തന്റെ കഴിവ് പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ കലാഭവന്‍മണി ഫൗണ്ടേഷന്റെ ഓട്ടപ്പഴം ഫോക് ലോര്‍ അവാര്‍ഡും അനുശ്രീ കരസ്ഥമാക്കിയിട്ടുണ്ട്. അതോടൊപ്പം സിനിമകളിലും അനുശ്രീയും പുന്നാട് പൊലികയും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയയുടെ പ്രോല്‍സാഹനം
ഇന്നത്തെ കാലത്ത് കലാകാരന്മാര്‍ക്ക് സോഷ്യല്‍ മീഡിയ നല്‍കുന്ന പ്രോല്‍സാഹനം വളരെ വലുതാണ്. സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ പ്രാതിനിധ്യം അറിയിക്കാന്‍ പുന്നാട് പൊലിക ശ്രമിച്ചിട്ടുണ്ട്. പുന്നാട് പൊലികയുടെ യൂട്യൂബ് ചാനലിലൂടെ മികച്ച അഭിപ്രായങ്ങളും പ്രോല്‍സാഹനവും ഈ കലാകാരമാര്‍ക്ക് ലഭിച്ചിട്ടുണ്ട്. നാടന്‍പാട്ടുകള്‍ക്കായി നിരവധി വേദികള്‍ സഞ്ചരിക്കുന്നതിന് ഇടയില്‍ സജീവമായി സമൂഹ മാധ്യമത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കാറില്ലെന്നതാണ് ഇവരുടെ വിഷമം. എന്നാല്‍ നിലവില്‍ കൂടുതല്‍ സമയം സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കാന്‍ ശ്രമിക്കാറുണ്ടെന്നും അമല്‍ജിത്ത് പറഞ്ഞു.
ഒരു വ്യക്തിയുടെ വളര്‍ച്ചയ്ക്ക് പ്രധാനമായും വേണ്ടത് പ്രോല്‍സാഹനമാണ്. അത് കുടുംബത്തില്‍ നിന്ന് തന്നെയാണ് ആദ്യം ലഭിക്കേണ്ടത്. അത്തരത്തില്‍ മികച്ച രീതിയില്‍ പ്രോല്‍സാഹനം ലഭിച്ചരാണ് അനുശ്രീയും അമല്‍ജിത്തും. അതിനാല്‍ തന്നെയാണ് നാടന്‍പാട്ടിലും മറ്റു മേഖലയും അവര്‍ക്ക് മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചത്. അതുപോലെ ഈ സഹോദരങ്ങള്‍ തമ്മില്‍ നല്‍കുന്ന പ്രോല്‍സാഹനവും അളവറ്റതാണ്. തങ്ങള്‍ക്ക് മാതാപിതാക്കളില്‍ നിന്ന് ലഭിച്ച പ്രോല്‍സാഹനത്തെ മറ്റുള്ള കുട്ടികളിലേക്ക് പകര്‍ത്താനും ഈ കലാകാരന്മാര്‍ കഴിയുന്നത്ര ശ്രമിക്കുന്നുണ്ട്. അതിനാല്‍ നാടന്‍പാട്ട് എന്ന മലയാളികളുടെ വികാരം ഒരിക്കലും തളര്‍ന്നു പോകില്ലെന്ന് നമ്മുക്ക് ഇതിലൂടെ വിശ്വസിക്കാം. അനുശ്രീയെയും അമല്‍ജിത്തിനെയും പോലെ മികച്ച കലാകാരന്മാരുടെ കടന്നു വരവോടെ നാടന്‍പാട്ട പാട്ട് രംഗം ശക്തമായി തന്നെ മുന്നോട്ട് പോകും.
Punnad polika social media link
Youtube: https://youtube.com/channel/UCs0KCE6Rhpx4UzuGH_YGKig
Instagram: https://instagram.com/punnad_polika?igshid=YmMyMTA2M2Y=
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.