- Trending Now:
ഒരു വ്യക്തി തന്നെ നിരവധി ആളുകളുടെ ശബ്ദം അതേ രീതിയില്‍ അവതരിപ്പിക്കുന്നത് കേട്ടാല്‍ നമ്മളൊക്കെ അന്തംവിട്ട് നോക്കിനില്‍ക്കാറില്ലേ? അതു തന്നെയാണ് അവരുടെ കഴിവ്.
കലയ്ക്ക് എല്ലായിപ്പോഴും സമൂഹത്തില്‍ പ്രത്യേക അംഗീകാരം ലഭിക്കാറുണ്ട്. അതുകൊണ്ട് തന്നെയാണ് ആ സ്‌നേഹവും പരിഗണനയും കലാകാരന്മാര്‍ക്കും നേടാന്‍ സാധിക്കുന്നത്. അതിന്റെ പ്രധാന കാരണം എല്ലാ മേഖലയിലെ കലാകാരന്മാരെയും പ്രോല്‍സാഹിപ്പിക്കാന്‍ ജനങ്ങള്‍ക്ക് യാതൊരു മടിയുമില്ല എന്നതാണ്. എന്നാല്‍ ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നവരെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചു വരുന്നത്. ഹാസ്യ വിഭാഗത്തില്‍ അല്ലെങ്കില്‍ മിമിക്രി മേഖലയില്‍ ഉള്‍പ്പെടുത്താറുള്ള കലയാണ് ശബ്ദാനുകരണം. മിമിക്രിയുടെ തലം തന്നെ ഇപ്പോള്‍ മാറി. വ്യത്യസ്ത കൊണ്ട് പ്രേക്ഷകരെ ഞെട്ടിക്കുന്ന പ്രകടനമാണ് ശബ്ദാനുകരണ മേഖലയിലെ കലാകാരന്മാര്‍ നിലവില്‍ അവതരിപ്പിക്കുന്നത്.
ഒരു വ്യക്തി തന്നെ നിരവധി ആളുകളുടെ ശബ്ദം അതേ രീതിയില്‍ അവതരിപ്പിക്കുന്നത് കേട്ടാല്‍ നമ്മളൊക്കെ അന്തംവിട്ട് നോക്കിനില്‍ക്കാറില്ലേ? അതു തന്നെയാണ് അവരുടെ കഴിവ്. ഇന്ന് നമ്മുക്ക് കഴിവു തെളിയിച്ച ഒരു മിമിക്രി കലാകാരനെ പരിചയപ്പെടാം. കേരളത്തിലെ പ്രശസ്ത ടെലിവിഷന്‍ ചാനലിലെ കോമഡി പരിപാടിയില്‍ നിരവധി സെലിബ്രിറ്റികളുടെ ശബ്ദം അനുകരിച്ച് കഴിവ് തെളിയിച്ച ജിതിന്‍ പ്രകാശ്. കണ്ണൂര്‍ സ്വദേശിയായ ജിതിന്‍ ജയപ്രകാശുമായി ദി ലോക്കല്‍ ഇക്കണോമി സബ്എഡിറ്റര്‍ അശ്വതി നുരിച്ചന്‍ നടത്തിയ അഭിമുഖം.
ഞെട്ടിക്കുന്ന പ്രകടനം
ശബ്ദാനുകരണം കൊണ്ട് ഞെട്ടിക്കുന്ന കലാകാരനാണ് ജിതിന്‍. നിരവധി സിനിമ താരങ്ങളുടെയു പ്രശസ്തരുടെയും ശബ്ദം അനായാസം ജിതിന്‍ വേദികളില്‍ അവതരിപ്പിക്കാറുണ്ട്. അതില്‍ രജനികാന്ത്, കമലാഹസന്‍, വിജയ്, ഷമ്മി തിലകന്‍, വിനയ് ഫോര്‍ട്ട തുടങ്ങിയ നീണ്ട നിര തന്നെ ഉള്‍പ്പെടുന്നു. ഇവയിലെല്ലാം പ്രേക്ഷകരെ പിടിച്ചിരുത്തുന്ന പ്രകടനമാണ് ജിതിന്റേത്. മിമിക്രി മേഖലയിലേക്കുള്ള പ്രവേശനത്തെ കുറിച്ചും ശബ്ദാനുകരണ മേഖലയിലെ ഗുട്ടന്‍സും ജിതിന്‍ തന്നെ പറയും.
ശബ്ദാനുകരണത്തിന്റെ ഉത്സവത്തിലേക്കുള്ള യാത്ര
ശബ്ദാനുകരണ മേഖലയില്‍ പ്രവൃത്തി തുടങ്ങിയതിന് ശേഷം ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി ഉത്സവം എന്ന പരിപാടിയില്‍ പങ്കെടുക്കണമെന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു. എന്നാല്‍ അതിനുള്ള ധൈര്യം ഉണ്ടായില്ല. പിന്നീട് കൂടുതല്‍ പേരില്‍ നിന്ന് പ്രോത്സാഹനം ലഭിച്ചു തുടങ്ങിയതോടെ ഓഡിഷനില്‍ പങ്കെടുക്കാം എന്നു തീരുമാനിച്ചു. ഓഡിഷനില്‍ തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമാണ് അത്രയും വലിയൊരു വേദിയില്‍ പ്രകടനം കാഴ്ചവയ്ക്കാനുള്ള അവസരം ലഭിച്ചത്. അതിന് ശേഷം പലരില്‍ നിന്നും മികച്ച അഭിപ്രായങ്ങള്‍ ഉണ്ടായി. ഞാന്‍ ശബ്ദാനുകരണം ചെയ്ത ആളുകളില്‍ നിന്നു തന്നെ മികച്ച അഭിപ്രായങ്ങള്‍ ലഭിച്ചു തുടങ്ങിയത് എനിക്ക് ഏറെ സന്തോഷം നല്‍കിയ നിമിഷങ്ങളായിരുന്നു.
വെറുതെ കളഞ്ഞ പത്ത് വര്‍ഷങ്ങള്‍
പഠനം ആരംഭിക്കുന്നതിന്റെ തുടക്കത്തില്‍ തന്നെ വലിയ രീതിയിലുള്ള സഭാകമ്പം ഉണ്ടായിരുന്നയാളായിരുന്നു ഞാന്‍. അതിനാല്‍ തന്നെ ഒരു വേദിയില്‍ കയറാനോ സംസാരിക്കാനോ എനിക്ക് വലിയ മടിയായിരുന്നു. പത്താം ക്ലാസ് വരെ ഒരു കലാപരിപാടിയിലും പങ്കെടുത്തിരുന്നില്ല. ഫ്രണ്ട്‌സിന്റെ ഇടയില്‍ ചെറിയ രീതിയില്‍ ശബ്ദാനുകരണം നടത്തിയതിന് മോശമല്ലാത്ത അഭിപ്രായം ലഭിച്ചതോടെയാണ് സ്‌കൂള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഞാന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ വിജയം എനിക്ക് അതിലൂടെ നേടാന്‍ പറ്റി. ഇതുവരെ ഒരു സ്റ്റേജിലും ശബ്ദാനുകരണം അവതരിപ്പിച്ചിട്ടില്ലാത്ത എനിക്ക് ഒന്നാസ്ഥാനം ലഭിച്ചു. പിന്നീട് ഫ്രണ്ട്‌സ് നല്ല രീതിയിലുള്ള പ്രോല്‍സാഹനം തന്നു. അതേസമയം സ്‌കൂളിലെ ഒരു അധ്യാപകന്റെ വാക്കുകള്‍ എന്നില്‍ വലിയ രീതിയിലുള്ള ചിന്ത കൊരുത്തിട്ടു. ഇതൊക്കെ കൈയ്യില്‍ വച്ചിട്ടായിരുന്നോ നീ ഇത്രയും കാലം മിണ്ടാതിരുന്നതെന്നായിരുന്നു സാറിന്റെ ചോദ്യം. ആ ചോദ്യം എന്നെ അലട്ടി. ഞാന്‍ പത്തു വര്‍ഷം വെറുതെ കളഞ്ഞല്ലോ എന്ന ചിന്ത എന്നില്‍ നിരന്തരം ഉണ്ടായി.
വേദികള്‍ നല്‍കിയ ധൈര്യം
സ്‌കൂള്‍ കാലഘട്ടത്തില്‍ ചെറിയതോതില്‍ മിമിക്രി മത്സരങ്ങളില്‍ പങ്കെടുത്തിരുന്നു. പിന്നീട് കോളജിലെയും ക്ലബുകളിലെയും വേദിയിലേക്ക് മാറി. ഇത്തരത്തില്‍ ചെറിയ ചെറിയ വേദികള്‍ എനിക്ക് നല്‍കിയ ധൈര്യം വളരെ വലുതാണ്. ആളുകളെ അഭിമുഖീകരിക്കാന്‍ പോലും മടിയായിരുന്ന എനിക്ക് സ്‌റ്റേജില്‍ ഒറ്റയ്ക്ക് നിന്ന് സംസാരിക്കാനുള്ള ധൈര്യം ഉണ്ടായത് എനിക്ക് തന്നെ വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. അത്തരം ചെറിയ വേദികള്‍ തന്നെയാണ് ഇപ്പോള്‍ എന്തെങ്കിലും എനിക്ക് നേടാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ അതിന്റെയൊക്കെ പിന്നില്‍.
പിടിച്ചുയര്‍ത്തുന്ന ബന്ധങ്ങള്‍
എന്റെ വളര്‍ച്ചകളിലൊക്കെ സുഹൃത്തുക്കള്‍ നല്‍കിയ പ്രോല്‍സാഹനം എടുത്ത് പറയേണ്ടതാണ്. എന്നില്‍ ഉണ്ടായ കഴിവിനെ തുടക്കത്തില്‍ മനസിലാക്കിയത് തന്നെ സുഹൃത്തുക്കളാണ്. തുടര്‍ന്ന് മികച്ച അഭിപ്രായങ്ങളിലൂടെയും സപ്പോര്‍ട്ടിലൂടെയും അവര്‍ എന്നെ വളര്‍ത്തി. അതോടൊപ്പം എന്റെ അച്ഛന്‍ ജയപ്രകാശും, അമ്മ പ്രീതയും, സഹോദരി ജിന്‍സിയും നല്ലരീതിയില്‍ പിന്തുണയ്ക്കാറുണ്ട്. കൂടാതെ മിമിക്രി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റു കലാകാരന്മാരും നല്ല രീതിയിലുള്ള പ്രോല്‍സാഹനം നല്‍കാറുണ്ട്. സംശയങ്ങള്‍ ചോദിക്കുന്നതിനും മറ്റു വിവരങ്ങള്‍ക്കുമായി അവരെ സമീപിച്ചാല്‍ വ്യക്തമായി തന്നെ കാര്യങ്ങള്‍ പറഞ്ഞു തരാറുണ്ട്. കൂടുതല്‍ ശ്രമിക്കണമെന്നും മികച്ച രീതിയില്‍ കയറിവരണമെന്നും അവര്‍ നിരന്തരം പറയാറുമുണ്ട്.
തലങ്ങള്‍ മാറുന്ന കാലഘട്ടം
മിമിക്രി മേഖലയില്‍ വര്‍ഷന്തോറും നിരവധി മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. കാരണം കാലത്തിനൊപ്പം സഞ്ചരിച്ചാല്‍ മാത്രമേ ഏതൊരു മേഖലയിലുള്ളവര്‍ക്കും നിലനില്‍ക്കാന്‍ സാധിക്കുകയുള്ളൂ എന്നതു തന്നെയാണ്. കുറച്ച് കാലങ്ങള്‍ക്ക് മുമ്പ് അവതരിപ്പിച്ചിരുന്ന രീതിയിലല്ല ഇപ്പോഴത്തെ ശബ്ദാനുകരണം. കലാകാരന്മാര്‍ നിരവധി സാധ്യതകള്‍ സസൂക്ഷം നിരീക്ഷിച്ച് എല്ലാത്തിലും വ്യത്യസ്ത കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. പ്രേക്ഷകരുടെ ചിന്തകള്‍ പെട്ടെന്നാണ് വളരുന്നത്. അതുകൊണ്ട് തന്നെ കലാകാരന്മാരുടെ പ്രകടനത്തെ വളരെയധികം നിരീക്ഷിച്ചതിന് ശേഷമാണ് അവര്‍ വിലയിരുന്നത്. അതിനനുസരിച്ച് കലാകാരന്മാര്‍ പുതുമ സ്വീകരിക്കാന്‍ തയ്യാറായേ മതിയാകൂ.
സാധ്യതകള്‍ അങ്ങേയറ്റം
സോഷ്യല്‍ മീഡിയ നമ്മുടെ ലോകത്ത് വന്‍ മാറ്റങ്ങളാണ് കൊണ്ടുവന്നത്. പ്രത്യേകിച്ചും കലാകാരന്മാര്‍ക്ക് കഴിവ് തെളിയിക്കുന്നതിനുള്ള ഒരു വേദിയായി സോഷ്യല്‍ മീഡിയ മാറി. മുമ്പൊക്കെ സ്റ്റേജുകളിലും ടിവിയിലും റേഡിയോകളിലും മാത്രമേ കലാകാരന്മാര്‍ക്ക് പൊതുവേദിയായി അവസരം ലഭിച്ചിരുന്നുള്ളൂ. എന്നാല്‍ ഇന്നതല്ല സ്ഥിതി. സ്വന്തം വീട്ടിലെ റൂമില്‍ ഇരുന്നു തന്നെ നമ്മുടെ കഴിവുകള്‍ മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ സോഷ്യല്‍ മീഡിയ വലിയ സൗകര്യമാണ് ഒരുക്കുന്നത്. അതിനാല്‍ എല്ലാ കലാകാരന്മാരെയും പോലെ മിമിക്രി കലാകാരന്മാര്‍ക്കും സാധ്യതകള്‍ ഇപ്പോള്‍ അനവധിയാണ്. കൂടാതെ ഹാസ്യത്തിനും, മിമിക്രിക്കുമായി ടിവി ചാനലുകളില്‍ വരുന്ന പരിപാടികളും നമ്മെ വന്‍തോതില്‍ സമൂഹത്തിന് പരിചയപ്പെടുത്തുന്നുണ്ട്. ഇതൊക്കെ തന്നെയാണ് ഓരോ കലാകാരന്മാര്‍ക്കുള്ള പ്രോല്‍സാഹനവും.
ശബ്ദാനുകരണത്തെ അത്ഭുതമായി കണ്ടിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു നമ്മുക്ക്. പ്രേംനസീര്‍, മധു, നസീര്‍, മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരുടെ മിമിക്രി പ്രകടനങ്ങള്‍ അരങ്ങു വാഴ്ന്നിരുന്ന ഒരു സമയം. എന്നാല്‍ ഇപ്പോള്‍ അതല്ല സ്ഥിതി. വ്യത്യസ്തത കണ്ടെത്താനുള്ള ഓട്ടത്തിലാണ് മിമിക്രി കലാകാരന്മാര്‍. കുറച്ച് ആളുകളുടെ ശബ്ദാനുകരണത്തില്‍ മാത്രം ഒതുങ്ങി നിന്ന മിമിക്രി ഇപ്പോള്‍ സര്‍വ വ്യാപിയാണ്. മിമിക്രി കലാകാരന്മാര്‍ അനുകരിക്കാത്ത ശബ്ദം ഇനി ബാക്കിയുണ്ടോ എന്ന സംശയത്തിലായിരിക്കും നമ്മള്‍ ഇപ്പോള്‍. അത്രത്തോളം കലാകാരന്മാരും കലാപ്രകടനങ്ങളും നമ്മുക്ക് കാണാന്‍ കഴിയുന്നതാണ്. അതില്‍ നിന്ന് പ്രേക്ഷകരുടെ മനസിലേക്ക് ഇറങ്ങണമെങ്കില്‍ വേറിട്ട പ്രകടനം കാഴ്ചവെച്ചേ മതിയാകൂ.
അനന്ത സാധ്യതകള്‍ ഉള്ള ഇക്കാലത്ത് ജിതിനെ പോലെയുള്ള കലാകാരന്‍മാര്‍ക്ക് വളരാനുള്ള സാഹചര്യം നിരവധിയാണ്. എന്നാല്‍ അതിനോടൊപ്പം മത്സരവും വര്‍ധിച്ച് വരുന്നുണ്ട്. അതിനാല്‍ മിമിക്രി കലാകാരന്മാരോട് പ്രേക്ഷകര്‍ കാണിക്കുന്ന പ്രത്യേക സ്‌നേഹം ഇതുപോലെ തുടര്‍ന്നാല്‍ ജിതിനെ പോലെ അനവധി പേര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന രീതിയില്‍ വളര്‍ന്നു വരാന്‍ ഇനിയും സാധിക്കും.
facebook: https://www.facebook.com/JithinJPJr
instagram: https://www.instagram.com/invites/contact/?i=hevr4hm1ocxv&utm_content=23tsz0r
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.