Sections

പുതുതലമുറയുടെ കടന്നു വരവ് വലിയ പ്രതീക്ഷയേകുന്നു; കളരി പയറ്റ് വേറെ ലെവലിലേക്ക് മാറും

Thursday, Jun 30, 2022
Reported By Aswathi Nurichan
sathyan gurukkal

കോവിഡ് മഹാമാരി വരിഞ്ഞു മുറുക്കിയപ്പോള്‍ നമ്മള്‍ പ്രധാനമായും ചിന്തിച്ചതും പ്രയ്‌നിച്ചതും ആരോഗ്യത്തെ കുറിച്ചാണ്. അതെ, ആരോഗ്യം തന്നെയാണ് മനുഷ്യനെ സംബന്ധിച്ചിടത്തോളം അനിവാര്യ ഘടകം.


കലകളുടെയും വൈവിദ്ധ്യങ്ങളുടെയും നാടാണ് കേരളം. ലോക ശ്രദ്ധ നേടിയ വിവിധ തരത്തിലുള്ള കലകള്‍ കേരളത്തിന്റെ സംഭാവനയാണ്. അത്തരത്തില്‍ നമ്മുടേതാണെന്ന് ഉറച്ച് പറയാന്‍ സാധിക്കുന്ന ഒരു ആയോധന കലയാണ് കളരിപ്പയറ്റ്. ''കളരിപ്പയറ്റ് ചെയ്യുന്നത് കണ്ടിരിക്കാന്‍ തന്നെ ഭംഗിയാണ്, എത്ര ബുദ്ധിയോടെയും തന്ത്രത്തോടെയും സൗന്ദര്യത്തോടെയുമാണ് കളരിപ്പയറ്റ് വിദഗധര്‍ അത് കൈകാര്യം ചെയ്യുന്നത്''. ഇത്രത്തോളം ശ്രദ്ധയോടെ നമ്മള്‍ കളരിപ്പയറ്റ് വീക്ഷിക്കണമെങ്കില്‍ അതിന് പിറകില്‍ കളരിപയറ്റ് കലാകാരന്‍ എടുക്കുന്ന കഠിനാധ്വാനം എത്രയായിരിക്കും? അവരെ അഭ്യസിപ്പിക്കുന്നതിനായി കളരി പയറ്റ് പരിശീലകന്‍ എടുത്ത പരിശ്രമങ്ങള്‍ എത്രയായിരിക്കും? ആയോധന കലകള്‍ക്ക് പിന്നില്‍ സമര്‍പ്പണത്തിന്റെയും കഠിനാധ്വാനത്തിന്റെയും വലിയൊരു കഥതന്നെ പറയാനുണ്ടാകും.  

കോവിഡ് മഹാമാരി നമ്മെ വരിഞ്ഞു മുറുക്കിയപ്പോള്‍ നമ്മള്‍ പ്രധാനമായും ചിന്തിച്ചതും പ്രയ്‌നിച്ചതും ആരോഗ്യത്തെ കുറിച്ചാണ്. അതെ, ആരോഗ്യം തന്നെയാണ് മനുഷ്യനെ സംബന്ധിച്ചിടത്തോളം അനിവാര്യ ഘടകം. കൃത്യമായ ഭക്ഷണവും മരുന്നും കഴിക്കുന്നതിനോടൊപ്പം മിക്കവരും ശ്രദ്ധിച്ച ഒന്നാണ് വ്യായാമം ചെയ്യുകയെന്നത്.

രോഗ പ്രതിരോധിശേഷിയുള്ള ശരീരമുണ്ടെങ്കില്‍ നമ്മുക്ക് എന്തും നേടാവുന്നതാണ്. അവിടെയാണ് കളരി പയറ്റിന്റെ പ്രാധാന്യം. ഇത് പറയുന്നത് മറ്റാരുമല്ല, 30 വര്‍ഷമായി കളരിപ്പയറ്റ് പരിശീലകനായി പ്രവര്‍ത്തിക്കുന്ന കളരിപയറ്റിനു വേണ്ടി ജീവിതം അര്‍പ്പിച്ച സത്യന്‍ ഗുരുക്കളാണ്. ആരോഗ്യത്തിന് വളരെയധികം ശ്രദ്ധ നല്‍കുന്ന ഇന്നത്തെ കാലത്ത് കളരിപയറ്റിന് എത്രത്തോളം പ്രാധാന്യമുണ്ടെന്നും കളരി പയറ്റിന്റെ പാരമ്പര്യത്തെ കുറിച്ചും സത്യന്‍ ഗുരുക്കള്‍ സംസാരിക്കുന്നു. കോഴിക്കോട് വടകര സ്വദേശിയായ കളരി പയറ്റ് വിദഗ്ധന്‍ സത്യന്‍ ഗുരുക്കളുമായി ദി ലോക്കല്‍ ഇക്കണോമി സബ് എഡിറ്റര്‍ അശ്വതി നുരിച്ചന്‍ നടത്തിയ അഭിമുഖം.

കളരി പയറ്റ് അഭ്യസിച്ച് തുടങ്ങിയതിനെയും പരിശീലകനായതിനെയും കുറിച്ച് പറയാമോ?

എന്റെ ഒമ്പത് വയസു മുതല്‍ കളരി പയറ്റ് അഭ്യസിച്ചു തുടങ്ങിയിരുന്നു. കളരി പയറ്റിനോടുള്ള ഇഷ്ടം കാരണം സ്വയം പരിശീലനത്തിന് പോകുകയായിരുന്നു. പിന്നീട് പഠനത്തോടൊപ്പം കളരി പയറ്റ് പരിശീലനത്തില്‍ സജീവമായി. എനിക്ക് കളരിപ്പയറ്റ് പഠിപ്പിക്കാന്‍ ഇഷ്ടമായിരുന്നു. തുടക്കത്തില്‍ പരിശീലകന്റെ സഹായിയായാണ് പ്രവര്‍ത്തിച്ചത്. അങ്ങനെയാണ് പരിശീലന മേഖലയിലേക്ക് കടന്നത്.  

കളരി പയറ്റ് തന്നെയാണ് ജീവിതമെന്ന ചിന്തയ്ക്ക് പിന്നിലെ കാരണമെന്തായിരുന്നു?

പ്രീഡിഗ്രിക്ക് ശേഷമാണ് സ്വന്തമായി കളരി പയറ്റ് പരിശീലനം ആരംഭിച്ചത്. തുടര്‍ന്ന് 6 മാസങ്ങള്‍ക്ക് ശേഷം ഉപരി പഠനമെന്ന രീതിയില്‍ കുറേ യാത്ര ചെയ്തു. ആ യാത്രയിലൂടെ വ്യത്യസ്തമായ വളരെയധികം അറിവുകള്‍ നേടാന്‍ സാധിച്ചു. പിന്നീട് പലരും കളരി പഠിപ്പിക്കുന്നതിനായി സമീപിക്കാന്‍ തുടങ്ങി. അങ്ങനെയാണ് പേരാമ്പ്രയിലെ ചേകവര്‍ കളരി സംഘം ആരംഭിച്ചത്.  

കളരി പയറ്റ് എന്ന ആയോധന കലയ്ക്ക് അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചില്ലെന്ന് തോന്നുന്നുണ്ടോ?

യഥാര്‍ത്ഥത്തില്‍ അര്‍ഹിച്ച അംഗീകാരം കിട്ടിയില്ല എന്നു തന്നെ പറയാം. പ്രൊമോഷന് കലയെ വളര്‍ത്തുന്നതില്‍ വലിയ പ്രാധാന്യമുണ്ട്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പ്രോല്‍സാഹനം ലഭിച്ചിട്ടുണ്ട്, എന്നാല്‍ ഇതില്‍ കൂടുതല്‍ പ്രൊമോഷന്‍ ലഭിക്കേണ്ടതുണ്ട്. മറ്റ് രാജ്യങ്ങള്‍ അവരുടെ ആയോധന കലയെ ഉയര്‍ത്താനുള്ള എല്ലാ പ്രൊമോഷനുകളും നടത്താറുണ്ട്. എന്നാല്‍ ഇവിടെ അത് ഇല്ല. കൂടാതെ മറ്റ് കലയുമായി താരതമ്യം ചെയ്യുമ്പോള്‍ സംസ്‌കാരവുമായി ബന്ധപ്പെട്ടു കിടക്കുന്ന ആയോധന കലയാണ് കളരി പയറ്റ്. അതിന്റേതായ പരിമിതികളും ഉണ്ട്. 

ആരോഗ്യം നിലനിര്‍ത്തുക എന്നത് വ്യക്തികളെ സംബന്ധിച്ചത്തോളം പ്രധാനമാണ്. അതിന് കളരി പയറ്റ് എങ്ങനെയാണ് ഗുണപ്രദമാകുന്നത്?

ആരോഗ്യം മികച്ച രീതിയില്‍ നിലനിര്‍ത്താന്‍ ആയോധന കലയിലൂടെ സാധിക്കും. രോധ പ്രതിരോധ ശേഷി വര്‍ധിക്കുമെന്നതാണ് പ്രധാന പ്രത്യേകത. കോവിഡിന്റെ ഇക്കാലത്ത് രോഗപ്രതിരോധശേഷി നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്. എന്റെ കളരി സംഘത്തിലെ ഒരു കുട്ടിയെയും ഇതുവരെ കോവിഡ് ബാധിച്ചിട്ടില്ല. അത് അവരുടെ രോഗപ്രതിരോധ ശേഷിയെയാണ് സൂചിപ്പിക്കുന്നത്. കൂടാതെ മറ്റെന്തെങ്കിലും അസുഖമുള്ളവര്‍ക്കും ശരീരത്തിലെ രക്തചക്രമണം മികച്ച രീതിയില്‍ നടക്കുന്നതിലൂടെ മാറ്റങ്ങള്‍ ഉണ്ടാകുന്നതാണ്.

കളരി പയറ്റ് മികച്ച മെയ് വഴക്കം ഉണ്ടാക്കുന്ന കലയല്ലേ? അക്രമണങ്ങളില്‍ നിന്ന് തടുത്തു നില്‍ക്കാന്‍ എത്രത്തോളം സാധിക്കും?

പ്രതിരോധത്തിന് വേണ്ടി ഉപയോഗിക്കാവുന്ന മികച്ച ആയുധമാണ് കളരി പയറ്റ്. ശത്രുവിനോടുള്ള പ്രതിരോധവും പെട്ടെന്നുള്ള ആക്രമണങ്ങളില്‍ നിന്നുള്ള പ്രതിരോധവും ഇതിലൂടെ സാധിക്കും. കളരി പയറ്റിലൂടെ മികച്ച മെയ് വഴക്കം നേടാന്‍ സാധിക്കുന്നതാണ്. അതിനാല്‍ ആയോധന കല സ്വായത്തമാക്കുന്ന വ്യക്തിക്ക് ആത്മവിശ്വാസം വര്‍ധിക്കും. എന്തിനേയും എതിര്‍ക്കാനും നേരിടാനും അവര്‍ സജ്ജമായിരിക്കും. 

പുതുതലമുറ കളരി പയറ്റിന്റെ  ഗുണങ്ങള്‍ മനസിലാക്കി മുന്നോട്ട് വരുന്നുണ്ടോ?

പഴയതിനേക്കാള്‍ കൂടുതല്‍ പുതുതലമുറയില്‍പ്പെട്ടവര്‍ പരിശീലനം നേടാന്‍ വരാറുണ്ട്. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍. പരിശീലനത്തില്‍ ഏറ്റവും നന്നായി മുന്നോട്ട് പോകുന്നതും പെണ്‍കുട്ടികളാണ്. 10 വര്‍ഷത്തോളം പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എന്റെ കളരി സംഘം ഓവറോള്‍ ചാമ്പ്യമാരായിരുന്നു. ആണ്‍കുട്ടികള്‍ പിന്നോട്ടൊന്നുമല്ല, എന്നാല്‍ ചില ആണ്‍കുട്ടികള്‍ കുറച്ചു കഴിഞ്ഞാല്‍ ഇതില്‍ നിന്നു വഴിമാറി പോകാറുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഖേലോ ഇന്ത്യ എന്ന പദ്ധതിയില്‍ കളരി പയറ്റ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ പുതിയ തലമുറ ഈ മേഖലയിലേക്ക് കടന്നു വരാന്‍ ആഗ്രഹിക്കുന്നുണ്ട്. ജോലി സാധ്യതകള്‍ ലഭിക്കുന്നത് നല്ല രീതിയില്‍ അവരെ പ്രചോദിപ്പിക്കുന്നുമുണ്ട്.

മുമ്പത്തെയും ഇപ്പോഴത്തെയും കളരി പയറ്റ് പരിശീലകരും പരിശീലന കേന്ദ്രവും?

സീനിയറായിട്ടുള്ള കുട്ടികള്‍ അധ്യാപകരായി ജോലി ചെയ്യാന്‍ താല്‍പര്യപ്പെടുന്നുണ്ട്. കളരി പയറ്റിനോടുള്ള ഇഷ്ടവും ആഗ്രഹവും കാരണമാണ് ഇത്തരത്തില്‍ കുട്ടികള്‍ പരിശീലകരായി വരുന്നത്. കളരി പയറ്റ് പരിശീലന കേന്ദ്രം ഇപ്പോള്‍ പഴയതില്‍ നിന്ന് വ്യത്യസ്തമാണ്. തറയില്‍ താഴ്ത്തി കെട്ടിയാണ് കളരിയ്ക്കുള്ള പരിശീലന കേന്ദ്രം നിര്‍മ്മിക്കുന്നത്. കുഴി കളരി എന്നാണ് അതിനെ പറയുന്നത്. ഞാന്‍ പരിശീലനം നല്‍കുന്ന
കളരി അത്തരത്തിലുള്ളതാണ്. അങ്ങനെയൊരു കളരി നിര്‍മ്മിക്കുന്നതിനായി കുറച്ചധികം സ്ഥലം ആവശ്യമുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്ഥല ലഭ്യത കറവായതിനാല്‍ പലരും ആ  രീതി തുടരുന്നില്ല. കോണ്‍ഗ്രീറ്റ് കെട്ടിടത്തിലാണ് പല പരിശീലന കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നത്.

കുടുംബത്തിന്റെ പിന്തുണ എങ്ങനെയാണ്?

കുടുംബം മികച്ച രീതിയിലുള്ള പിന്തുണയാണ് എനിക്ക് നല്‍കുന്നത്. എന്റെ സ്വദേശം കോഴിക്കോട് വടകര കായക്കൊടിയിലാണ്. ഭാര്യ ശാന്ത എക്‌സൈസ് വകുപ്പില്‍ താല്‍ക്കാലിക ജീവനക്കാരിയായി ജോലി ചെയ്യുന്നു. മക്കള്‍ ഋഷിരാജ്‌, പൃഥ്വിരാജ് എന്നിവര്‍ ഈ ആയോധന കല അഭ്യസിച്ചിട്ടുണ്ട്. മൂത്ത മകള്‍ ഋഷിരാജാണ് കൂടുതലായി പരിശീലനം നടത്തിയത്. ചില സാഹചര്യങ്ങള്‍ കാരണം എളമകന് കൂടുതല്‍ പരിശീലം നേടാന്‍ സാധിച്ചില്ല. മൂത്തമകന്‍ ഇപ്പോള്‍ യോഗ ട്രെയിനറായി ജോലി ചെയ്യുകയാണ്. എളയമകന്‍ പ്രൈവറ്റ് മേഖലയില്‍ ജോലി ചെയ്യുന്നു.

കളരി പയറ്റ് എന്നൊരു ആയോധന കല കേരളത്തിന് സ്വന്തമായുണ്ടെന്ന് പറയുന്നത് തന്നെ നമ്മുക്ക്‌
അഭിമാനമാണ്. എന്നാല്‍ കളരി പയറ്റിന് നമ്മള്‍ എത്രത്തോളം പ്രാധാന്യം നല്‍കിയിട്ടുണ്ട്‌ ? അര്‍ഹിക്കുന്ന അംഗീകാരം കളരിപ്പയറ്റിന് ലഭിച്ചിട്ടുണ്ടോ? ചിന്തിക്കേണ്ട വസ്തുത തന്നെയാണ്. ചെറിയ ചെറിയ നാടുകളിലെ പ്രത്യേകതകള്‍ ലോകത്തിന് മുന്നില്‍ ശ്രദ്ധ നേടുന്നതിന് പിന്നില്‍ ഭരണകൂടത്തിന്റെയും പൊതുജനങ്ങളുടെയും പ്രോല്‍സാഹനത്തിന്റെ ശ്രമങ്ങളുടെ ഫലമായാണ്. 

ലോകത്തിന് മുന്നില്‍ ഇന്ത്യയെ അടയാളപ്പെടുത്താല്‍ പോലും കഴിയുന്ന നിലയിലേക്ക് കേരളം ഇപ്പോള്‍ വളര്‍ന്നിരിക്കുന്നു. അതിനാല്‍ പരിശ്രമങ്ങള്‍ ഉണ്ടായാല്‍ കളരി പയറ്റെന്ന മികച്ച ആയോധന കലയ്ക്ക് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുമെന്ന് ഉറപ്പാണ്. അതിന്റെ ഭാഗമായി സത്യന്‍ ഗുരുക്കളെയും മറ്റു പരിശീലകരെയും പ്രതീക്ഷയോടെ ഈ രംഗത്തേക്ക് കടന്നുവന്ന യുവാക്കളെയും മുന്നോട്ട് നടത്തേണ്ടത് അനിവാര്യമാണ്. കളരിപയറ്റിന്റെ എല്ലാ പാഠങ്ങളും ഹൃദിസ്തമാക്കിയ സത്യന്‍ ഗുരുക്കളോടൊപ്പം നമ്മുക്ക് നില്‍ക്കാം. കാലം മാറ്റാത്തതായി ഒന്നും തന്നെയില്ല. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.