- Trending Now:
ബിസിനസിന് പറ്റാത്ത മണ്ണാണ് കേരളമെന്ന ചീത്തപ്പേര് മാറ്റിയെടുത്താല്‍ മാത്രമേ സംസ്ഥാനത്തിന് കൂടുതല്‍ ഉന്നതിയിലേക്ക് ഉയരാന്‍ സാധിക്കുകയുള്ളൂ. അതിനായി നമ്മള്‍ എന്തൊക്കെയാണ് ചെയ്യേണ്ടത്?
ഇന്ന് നമ്മള്‍ ഒരോരുത്തരും ആശങ്കയോടെ ചെയ്യാന്‍ മടിക്കുന്ന പല കാര്യങ്ങളും ഭാവിയില്‍ വന്‍ വളര്‍ച്ച നേടുന്നതായി കാണാറുണ്ട്. കാലം തന്നെയാണ് ആ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. അത്തരത്തില്‍ ആളുകള്‍ ആശങ്കയോടെ കണ്ടിരുന്ന ഒരു മേഖലയാണ് ബിസിനസ്. ബിസിനസ് ചെയ്താല്‍ ശരിയാകുമോ? പരാജയപ്പെടാന്‍ സാധ്യക കൂടുതലല്ലേ? തുടങ്ങി നിരവധി ആശങ്കകള്‍ മിക്കവരുടെയും മനസിലുണ്ടായിരുന്നു. എന്നാല്‍ പൂര്‍ണമായി അല്ലെങ്കിലും കാലം ആ ചിന്തയെ കുറേയധികം മാറ്റിയിരിക്കുന്നു. ബിസിനസ് എന്നത് ഇന്നത്തെ കാലത്ത് വളരെയധികം സാധ്യതകളുള്ളതും വളര്‍ച്ച നേടാനാകുന്നതുമായ മേഖലയാണ്.
ബിസിനസ് രംഗമാണ് പ്രധാനമായും ഒരു രാജ്യത്തിന്റെ ഉയര്‍ച്ചയ്ക്ക് പ്രധാന പങ്ക് വഹിക്കുന്നത്. ബിസിനസുകളെ വളര്‍ത്താന്‍ ഭരണകൂടവും പൊതുജനങ്ങളും തയ്യാറായാല്‍ അതിശയിപ്പിക്കുന്ന ഒരു നാളെയെ വാര്‍ത്തെടുക്കാന്‍ സാധിക്കും. ഇന്ത്യയും കേരളവും ബിസിനസ് രംഗത്ത് വന്‍തോതിലുള്ള നേട്ടങ്ങള്‍ ഇതിനകം കൈവരിച്ചിട്ടുണ്ട്. എന്നാല്‍ ഇനിയും നിരവധി നേട്ടങ്ങള്‍ കൈവരിക്കാനുമുണ്ട്. ബിസിനസിന് പറ്റാത്ത മണ്ണാണ് കേരളമെന്ന ചീത്തപ്പേര് മാറ്റിയെടുത്താല്‍ മാത്രമേ സംസ്ഥാനത്തിന് കൂടുതല്‍ ഉന്നതിയിലേക്ക് ഉയരാന്‍ സാധിക്കുകയുള്ളൂ. അതിനായി നമ്മള്‍ എന്തൊക്കെയാണ് ചെയ്യേണ്ടത്?
ഇലക്ടോണിക്‌സ് ആന്റ് ലൈറ്റിംഗ് ബിസിനസ് മേഖലയില്‍ 30 വര്‍ഷത്തെ പാരമ്പര്യമുള്ള വാസുദേവന്‍ തച്ചോത്തില്‍ നിന്ന് നമ്മുക്ക് അതിനുള്ള ഉത്തരം കണ്ടെത്താം. ബിസിനസുകാരനും ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ വാസുദേവന്‍ തച്ചോത്തുമായി ദി ലോക്കല്‍ ഇക്കണോമി സബ് എഡിറ്റര്‍ അശ്വതി നുരിച്ചന്‍ നടത്തിയ അഭിമുഖം.
സാധ്യതകള്‍ മനസിലാക്കിയ സംരംഭകന്‍
കൂടെ പഠിച്ചവരൊക്കെ ജോലി ചെയ്യാനും വിദേശത്ത് പോകാനും തയ്യാറെടുത്തപ്പോള്‍ പാലക്കാട് പട്ടാമ്പി സ്വദേശിയായ വാസുദേവന്‍ തച്ചോത്ത് തിരഞ്ഞെടുത്തത് ബിസിനസ് മേഖലയാണ്. 1992 കാലഘട്ടത്തിലൊക്കെ ബിസിനസിന് നമ്മുടെ നാട് വലിയ പ്രാധാന്യം നല്‍കിയിരുന്നില്ലല്ലോ? എന്നിട്ടും ആ മേഖലയിലേക്ക് കാലെടുത്ത് വയ്ക്കാന്‍ അദ്ദേഹം തയ്യാറായാത് ബിസിനസിനോടും കണ്ടുപിടിത്തങ്ങളോടുള്ള അതിയായ ആഗ്രഹം കൊണ്ടാണ്. ആ തീരുമാനത്തില്‍ അദ്ദേഹം വിജയിച്ചു എന്നു തന്നെ പറയാം. ഇന്ത്യ മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന ബിസിനസിന്റെ അധിപനാണ് ഇന്ന് വാസുദേവന്‍ തച്ചോത്ത്.
കണ്ടുപിടിത്തതോടുള്ള ആവേശം
1992ല്‍ ഇലക്ട്രോണിക്‌സ മേഖലയില്‍ ആരംഭിച്ച ബിസിനസ് ഇപ്പോള്‍ പ്രധാനമായും ലൈറ്റിംഗ് മേഖലയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കോയമ്പത്തൂര്‍ പ്രവര്‍ത്തുന്ന ലൈറ്റ്‌സ് നിര്‍മ്മാണ കമ്പനി മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. 90 ശതമാനത്തോളം ഇന്ത്യന്‍ നിര്‍മ്മിത അസംസ്‌കൃത വസ്തുക്കളാല്‍ നിര്‍മ്മിക്കുന്ന ലൈറ്റുകള്‍ വളരെയധികം ഗുണങ്ങളുള്ളവയാണ്. പ്രകൃതിക്ക് ദോഷമല്ലെന്നതാണ് പ്രധാന പ്രത്യേകത. സമൂഹത്തിനും ആരോഗ്യത്തിനും ഹാനികരമല്ലാത്ത വളരെക്കാലം നിലനില്‍ക്കുന്ന ലൈറ്റുകള്‍ മാത്രമേ ഈ നിര്‍മ്മാണ കമ്പനി ഉല്‍പാദിപ്പിക്കുന്നുള്ളൂ.
ഇന്ത്യയിലും ലോകത്തിലും ആദ്യമായി 3 മുതല്‍ 250 വാട്ട് വരെയുള്ള ലൈറ്റുകള്‍ നിര്‍മ്മിക്കുന്നു എന്നത് വാസുദേവന്‍ തച്ചോത്തിന് അവകാശപ്പെടാവുന്ന അംഗീകാരമാണ്. ഇത്തരത്തിലുള്ള 80 തരത്തിലുള്ള ലൈറ്റുകള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച് വില്‍പ്പന നടത്തുന്നുണ്ട്. ഈ സവിശേഷതകള്‍ക്കെല്ലാം പിന്നില്‍ കണ്ടുപിടിത്തങ്ങളോടുള്ള അദ്ദേഹത്തിന്റ ആവേശം തന്നെയാണ്. പലരും ഇതുവരെ പരീക്ഷിക്കാത്ത നിരവധി സാധ്യതകള്‍ വാസുദേവന്‍ എന്ന ശാസജ്ഞന്‍ ഇതിനകം കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യന്‍ വിപണിയുടെ ഗുണനിലവാരം
ലോകത്തിലെ തന്നെ ഏറ്റവും മികച്ച വിപണിയാണ് ഇന്ത്യയിലേതെന്ന് 30 വര്‍ഷമായി ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വാസുദേവന്‍ തച്ചോത്ത് പറയുന്നു. നിര്‍മ്മാണ മേഖല തന്നെയാണ് എല്ലാ മേഖലയുടെയും അടിസ്ഥാനം. നിര്‍മ്മാണ മേഖലയില്‍ ഇന്ത്യ കുറേയധികം വളര്‍ച്ച കൈവരിച്ചെങ്കിലും ഇനിയും കുറേയധികം മാറ്റങ്ങള്‍ വരേണ്ടതുണ്ട്. മികച്ച ഗുണമേന്മയുള്ള ഉല്‍പന്നങ്ങളാണ് ഇന്ത്യന്‍ വിപണിയില്‍ നിര്‍മ്മിക്കുന്നത്. അത് വിദേശ വിപണികള്‍ വരെ അംഗീകരിച്ചിട്ടുള്ളതാണ്. അതിനാലാണ് വര്‍ഷന്തോറും ഇന്ത്യയിലെ കയറ്റുമതി വര്‍ധിച്ചു വരുന്നത്.
കടന്നുകയറ്റങ്ങള്‍ക്ക് അന്ത്യമുണ്ടാക്കണം
ലോകരാജ്യങ്ങള്‍ പരസ്പരം ആശ്രയിച്ച് തന്നെയാണ് മുന്നോട്ട് പോകുന്നത്. അതിനാലാണ് കയറ്റുമതിയും ഇറക്കുമതിയും നിരന്തരം നടക്കുന്നത്. എന്നാല്‍ സ്വന്തം രാജ്യത്തിന്റെ വികസനം എന്ന ചിന്ത എല്ലാ രാജ്യങ്ങള്‍ക്കുമുണ്ട്. അതിനാല്‍ ഇന്ത്യന്‍ വിപണിയിലേക്കുള്ള മറ്റു രാജ്യങ്ങളുടെ വലിയ രീതിയിലുള്ള കടന്നുകയറ്റങ്ങള്‍ക്ക് അന്ത്യമുണ്ടാകണം. എങ്കില്‍ മാത്രമേ രാജ്യത്തിന് സാമ്പത്തിക വികസനം നേടാന്‍ സാധിക്കുകയുള്ളൂ. അതിനായി ഭരണകൂടമാണ് ശക്തമായ നടപടികള്‍ എടുക്കേണ്ടത്. അതോടൊപ്പം പൊതുജനങ്ങളുടെ മനോഭാവത്തിനും മാറ്റം വരണം.
യുവതലമുറയുടെ ബിസിനസ് താല്‍പര്യം
ബിസിനസ് രംഗത്ത് മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്. അതുപോലെ ബിസിനസിനോടുള്ള ആളുകളുടെ സമീപനത്തിനും മാറ്റം വന്നുകൊണ്ടിരിക്കുന്നു. ബിസിനസുകാരനായതിനാല്‍ തന്റെ വിവാഹം നടക്കാന്‍ വൈകിയെന്ന് തമാശരൂപേണ വാസുദേവന്‍ തച്ചോത്ത് പറയുന്നു. എന്നാല്‍ നിലവില്‍ അങ്ങനെയല്ല സ്ഥിതി. ബിസിനസ് മേഖലയ്ക്ക് മികച്ച സ്വീകാര്യത ഇപ്പോള്‍ ലഭിക്കുന്നുണ്ട്. അതിനാല്‍ തന്നെ നിരവധി യുവതി യുവാക്കള്‍ ഈ മേഖലയിലേക്ക് കടന്നു വരുന്നുണ്ട്. സ്വന്തമായി എന്തെങ്കിലും ബിസിനസ് ചെയ്യണമെന്ന് യുവതലമുറ ചിന്തിച്ചു തുടങ്ങി. അത് നല്ലൊരു സൂചനയാണ്. വളര്‍ച്ചയ്ക്ക പരിമിതിയില്ലാത്ത മേഖലയാണ് ബിസിനസെന്ന് ഉറച്ച സ്വരത്തില്‍ അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ ബിസിനസ് സാധ്യതകള്‍
കേരളത്തില്‍ ഉള്ളയത്ര പ്രകൃതിയും വിഭവവും വേറെ എവിടെയുമില്ല എന്നു തന്നെ പറയാം. മനസുവച്ചാല്‍ കേരളത്തില്‍ നിരവധി പുതുപുത്തന്‍ ബിസിനസ് ആശയങ്ങള്‍ കൊണ്ടു വരാന്‍ സാധിക്കും. ചെറിയ ചെറിയ കാര്യങ്ങളില്‍ നിന്നാണ് വലുത് ഉണ്ടാകുന്നത്. അതിനാല്‍ ആഴ്ന്ന് ഇറങ്ങി വ്യത്യസ്ത ആശയങ്ങളെ കുറിച്ച് പഠനം നടത്തുക, സര്‍വേകള്‍ ചെയ്യുക. അത്തരം പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തില്‍ ചെയ്യാവുന്ന മികച്ച ആശയങ്ങള്‍ കണ്ടെത്താന്‍ സാധിക്കും. സര്‍ക്കാര്‍ അധികൃതരും സമൂഹവും ഇത്തരത്തില്‍ ചിന്തിക്കുന്ന പുതുതലമുറയോടൊപ്പം നിന്നാല്‍ കേരളത്തിലെ ബിസിനസ് മേഖലയെ കൂടുതല്‍ ഉയര്‍ത്താന്‍ സാധിക്കുന്നതാണ്.
മുന്‍പൊക്കെ ജോലികളിലേക്കും മറ്റും ശ്രദ്ധ കേന്ദ്രീകരിക്കുകയും ബിസിനസിനോട് വിമുഖത കാണിക്കുകയും ചെയ്തിരുന്ന യുവതലമുറ പാടെ മാറിയിരിക്കുന്നു. ബിസിനസ് ആരംഭിക്കണമെന്നും സ്വന്തമായി എന്തെങ്കിലും നേടണമെന്നുമുള്ള വാശി പുതുതലമുറയ്ക്കുണ്ട്. വിവരങ്ങള്‍ ഞൊടിയിടയില്‍ മുന്നിലെത്തുന്ന ഈ ഡിജിറ്റല്‍ കാലത്ത് ബിസിനസിന് വളരെയേറെ സാധ്യകളുമുണ്ട്. നിമിഷ നേരം കൊണ്ട് വളര്‍ന്നു കൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യയെ കൂട്ടുപിടിച്ച് മുന്നേറിയാല്‍ പ്രതീക്ഷിക്കാത്ത വിജയം കരസ്ഥമാക്കാന്‍ സംരംഭകര്‍ക്ക് സാധിക്കും. പക്ഷേ കൃത്യമായ പഠനം തന്നെയാണ് അതിന് അനിവാര്യമായി വേണ്ടത്.
ബിസിനസ് മേഖലയെയും സാധ്യതകളെയും കുറിച്ചുള്ള പഠനം മറ്റൊരു തലത്തിലേക്ക് എത്തിക്കുമെന്ന് ഉറപ്പാണ്. നമ്മുക്ക് ക്രീയേറ്റീവായും വ്യത്യസ്തമായും ചെയ്യാന്‍ നിരവധി വിഭവങ്ങള്‍ കണ്‍മുന്നിലുണ്ടെന്ന് മനസിലാക്കി മുന്നേറാന്‍ സംരംഭകര്‍ തയ്യാറാകണം. അതിന് സാധിച്ചാല്‍ സംരംഭത്തിനും സംരംഭകനും സമൂഹത്തിനും രാജ്യത്തിനും ഒരുപോലെ വളര്‍ച്ച നേടാന്‍ സാധിക്കും. ഒരിക്കല്‍ കൂടി ഉറച്ച് പറയാം, ബിസിനസുകാരന് മാത്രമേ രാജ്യത്തിന് സാമ്പത്തികവും സാമൂഹികവുമായ വളര്‍ച്ച നേടി കൊടുക്കാന്‍ സാധിക്കുകയുള്ളൂ...അപ്പോള്‍ എങ്ങനെയാ ധൈര്യമായി ബിസിനസ് തുടങ്ങുവല്ലേ...?
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.