Sections

അവയവദാന സന്ദേശം പകർന്ന് ശ്രദ്ധേയമായി സൈക്ലത്തോൺ

Tuesday, Dec 05, 2023
Reported By Admin
Cyclothon

കൊച്ചി: അവയവ ദാനം മഹാ ദാനം എന്ന സന്ദേശം ഉയർത്തി ശ്രദ്ധേയമായി സൈക്ലത്തോൺ. ട്രാൻസ്പ്ലാന്റ് ഗെയിംസിന്റെ പ്രചാരണാർത്ഥം ആസ്റ്റർ മെഡ്സിറ്റി, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം എന്നിവരുമായി ചേർന്നാണ് ലിവർ ഫൗണ്ടേഷൻ ഓഫ് കേരള സിയാൽ മുതൽ ആസ്റ്റർ വരെ സൈക്ലത്തോൺ സംഘടിപ്പിച്ചത്. അവയവ മാറ്റത്തിന് വിധേയരായവർക്കൊപ്പം വിവിധ സൈക്ലിംഗ് ക്ലബ്ബ് അംഗങ്ങളടക്കം നൂറിലേറെ പേരാണ് 24 കിലോമീറ്റർ നീണ്ട സൈക്ലത്തോണിൽ പങ്കാളികളായത്. സിയാൽ ബിസിനസ് ജെറ്റ് ടെർമിനലിന് മുന്നിൽ സിയാൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഷാജി കെ ജോർജ് ഫ്ലാഗ് ഓഫ് ചെയ്ത സൈക്ലത്തോൺ ആസ്റ്റർ മെഡ്സിറ്റിയിൽ ഹാർട്ട് കെയർ ഫൌണ്ടേഷൻ ചെയർമാൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം മെഡലുകൾ സമ്മാനിച്ചു.

അവയവ മാറ്റം നടത്തിയ ആളുകൾക്കും സാധാരണ ജിവിതം സന്തോഷത്തോടെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയുമെന്ന സന്ദേശം പകരാൻ ഈ പരിപാടിക്ക് സാധിച്ചതായി ലിഫോക്ക് ട്രഷറർ ബാബു കുരുവിള പറഞ്ഞു. അവയവമാറ്റ ചികിത്സകൾക്ക് വിധേയരായവർക്ക് ഭാരപ്പെട്ട കാര്യങ്ങളിൽ ഏർപ്പെടാൻ കഴിയില്ല എന്ന മിഥ്യാധാരണ തിരുത്തി കുറിക്കാൻ സൈക്ലത്തോണിലൂടെ സാധിച്ചെന്ന് ലിഫോക് ജനറൽ സെക്രട്ടറി മനോജ് കുമാർ പറഞ്ഞു.

കരൾ മാറ്റിവെച്ച ബാബു കുരുവിള, ഫ്രാൻസിസ് ജോൺ, ജിജി ജോർജ്, മനോജ്കുമാർ, മനോജ് നന്ദകുമാർ, സണ്ണി ജോസ് മറ്റത്തിൽ, ഉണ്ണികൃഷ്ണൻ ടിഎസ്, കിഡ്നി സ്വീകരിച്ച ഹരീഷ് ലവൻ എന്നിവർക്കൊപ്പം അവയവം ദാനം ചെയ്ത ഹൃതിക് മനോജ്, മൂഹാൻ മുഹമ്മദ് ജൗഹർ തുടങ്ങിയവരും സൈക്ലത്തോണിന്റെ ഭാഗമായി. സൈക്ലത്തോണിന്റെ ഭാഗമായി പങ്കെടുത്തവരിൽ പ്രായം കൂടി സൈക്ലിസ്റ്റ് പറവൂർ സ്വദേശി ജോയ്, പ്രായം കുറഞ്ഞ ആദിൽ നവാസ്, കിഡ്നി മാറ്റിവെച്ച ഹാരിഷ് ലവൻ എന്നിവർക്ക് പ്രത്യേക ട്രോഫികൾ നൽകി. സൈക്ലത്തോണിൽ പങ്കെടുത്തവർക്ക് മെഡലും, സർട്ടിഫിക്കറ്റുകളും ആസ്റ്റർ മെഡ്സിറ്റി പ്രിവിലേജ് കാർഡും സമ്മാനിച്ചു.

Cyclothon
ട്രാൻസ്പ്ലാന്റ് ഗെയിംസിന്റെ പ്രചാരണാർത്ഥം ആസ്റ്റർ മെഡ്സിറ്റി, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം എന്നിവരുമായി ചേർന്ന് ലിവർ ഫൗണ്ടേഷൻ ഓഫ് കേരള നടത്തിയ സൈക്ലത്തോൺ സിയാൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഷാജി കെ ജോർജ് ഫ്ലാഗ് ഓഫ് ചെയ്യുന്നു.

ആസ്റ്റർ മെഡ്സിറ്റി ഹെഡ് ഓഫ് ഓപ്പറേഷൻസ് ധന്യ ശ്യാമളൻ, സീനിയർ കൺസൽട്ടന്റ് ഹെപ്പറ്റോളജി ഡോ ചാൾസ് പനക്കൽ, ഹാർട്ട്കെയർ ഫൗണ്ടേഷൻ സിഇഒ ലിമി റോസ്, ആസ്റ്റർ മീഡിയ റിലേഷൻസ് ഹെഡ് ശരത്കുമാർ ടി എസ് തുടങ്ങിയവർ പങ്കെടുത്തു. ഡിസംബർ 9ന് കൊച്ചിയിൽ നടക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ട്രാൻസ്പ്ലാന്റ് ഗെയിംസിന്റെ പ്രചരണാർത്ഥമാണ് പരിപാടി സംഘടിപ്പിച്ചത്. സർക്കാരിന്റെ അവയവമാറ്റ സംഘടനയായ കെ- സോട്ടോ, ലിവർ ഫൗണ്ടേഷൻ ഓഫ് കേരള എന്നിവരുടെ സഹകരണത്തോടെയാണ് ഹാർട്ട് കെയർ ഫൗണ്ടേഷൻ ട്രാൻസ് പ്ലാന്റ് ഗെയിംസ് സംഘടിപ്പിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.