- Trending Now:
ഇന്ന് ഭക്ഷ്യ മേഖലയിലെ ബിസിനസുകള്‍ക്ക് വലിയ സാധ്യതകള്‍ ഉണ്ട്. ജനസംഖ്യ കൂടുന്തോറും ഭക്ഷണത്തിന്റെ ആവശ്യകതയും ഏറുന്നു
കൈയ്യില്‍ കാര്‍ഷിക സംരംഭ ആശയമുണ്ടോ? എങ്കില്‍ കേരള കാര്‍ഷിക സര്‍വകലാശാല നിങ്ങള്‍ക്ക് എല്ലാ സഹായവും ചെയ്തു തരും.ഇവിടെ പ്രവര്‍ത്തിക്കുന്ന ബിസിനസ് ഇന്‍ക്യുബേറ്ററില്‍ ഈ ആശയം അതി നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് യാഥാര്‍ത്ഥ്യമാക്കി നിങ്ങള്‍ ആഗ്രഹിച്ചതിലും മികച്ച ഉല്‍പന്നമാക്കി നിങ്ങളുടെ മുമ്പില്‍ വച്ചു തരും.
പിന്നീട് ഇത് വാണിജ്യാടിസ്ഥാനത്തില്‍ നടപ്പിലാക്കാന്‍ വേണ്ട എല്ലാ സഹായങ്ങളും പ്രോജക്റ്റ് റിപ്പോര്‍ട്ട്, സാങ്കേതിക വിദ്യ, ട്രെയിനിങ്, മെന്ററിങ്, ധനസഹായം, മാര്‍ക്കറ്റിങ്, കയറ്റുമതി തുടങ്ങി സകല പിന്തുണയും കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള അഗ്രിബിസിനസ് ഇന്‍ക്യുബേറ്റര്‍ നല്‍കും.
കാര്‍ഷിക, ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ അതി നൂതന സംരംഭങ്ങള്‍ കൊണ്ടുവരുന്നതിനു സകല സഹായങ്ങളും നല്‍കുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് ചുമതലപ്പെടുത്തിയിരിക്കുന്നതാണ് കേരളാ കാര്‍ഷിക സര്‍വകലാശാലയെ. ഇതിന്റെ കീഴിലുള്ള അഗ്രിബിസിനസ് ഇന്‍ക്യുബേറ്ററിന്റെ ചുമതല സര്‍വകലാശാലയിലെ കൃഷി ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഡോ.കെ.പി.സുധീറിനാണ്. ഗവേഷകന്‍, അധ്യാപകന്‍, ശാസ്ത്രജ്ഞന്‍ എന്നീ നിലകളില്‍ ആഗോള കാര്‍ഷിക രംഗത്ത് ശ്രദ്ധേയനാണ് ഇദ്ദേഹം.
ഇന്ന് ഭക്ഷ്യ മേഖലയിലെ ബിസിനസുകള്‍ക്ക് വലിയ സാധ്യതകള്‍ ഉണ്ട്. ജനസംഖ്യ കൂടുന്തോറും ഭക്ഷണത്തിന്റെ ആവശ്യകതയും ഏറുന്നു. പുതിയ രുചികളും കൂട്ടുകളും പരീക്ഷിക്കാന്‍ എല്ലായ്‌പോഴും ആളുകള്‍ ആഗ്രഹിക്കുന്നു. ആരോഗ്യ പരിപാലനത്തില്‍ ശ്രദ്ധ കൂടി. സംസ്ഥാനത്ത് ഭക്ഷ്യ മേഖലയില്‍ അനുകൂലമായൊരു സംവിധാനം നടപ്പാക്കുന്നതിനു വേണ്ടിയാണ് അഗ്രിബിസിനസ് ഇന്‍ക്യുബേറ്റര്‍ ശ്രമിക്കുന്നത്.
ഇന്ന് എം.എസ് എം.ഇ വിഭാഗത്തില്‍ മാത്രമായി 25 ലക്ഷം ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍ കേരളത്തില്‍ ഉണ്ട്. ഇതില്‍ 75% വും അസംഘടിത മേഖലയിലാണുള്ളത്. ഈ രംഗത്ത് മികച്ച ആശയവുമായി വരുന്ന നവസംരംഭകര്‍ക്ക് വലിയ അവസരങ്ങളാണ് ഉള്ളതെന്ന് ഡോ.സുധീര്‍ പറയുന്നു.
അസംഘടിത മേഖലയ്ക്കു മുമ്പില്‍ ഏറെ വെല്ലുവിളികള്‍ ഉണ്ട്. പണത്തിന്റെ അഭാവം, മാര്‍ക്കറ്റിങ് പരാജയം, കുറയുന്ന ഉല്‍പാദനക്ഷമത, നൂതന സാങ്കേതിക വിദ്യകളുടെ അഭാവം, ഗുണമേന്മയുടെ കുറവ്, ഭക്ഷ്യ സുരക്ഷാനിയമങ്ങള്‍ പാലിക്കാനുള്ള വൈമുഖ്യം, സപ്ലൈ ചെയിനുമായി ബന്ധിപ്പിക്കാനുള്ള അറിവില്ലായ്മ എന്നു തുടങ്ങി പരാധീനതകള്‍ ഏറെയാണ്. ഈ സാഹചര്യത്തിലാണ് അഗ്രിബിസിനസ് ഇന്‍ക്യുബേറ്ററിന്റെ പ്രസക്തി.
പഴം, പച്ചക്കറി, പാല്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുടെ ഉല്‍പാദനത്തില്‍ ലോക രാജ്യങ്ങളില്‍ മുമ്പിലാണ് ഇന്ത്യ. എന്നാല്‍ ഇവിടെ ഉല്‍പാദിപ്പിക്കുന്നവയില്‍ 35% വും പാഴായി പോവുന്നു. ദീര്‍ഘകാലം എങ്ങനെ സൂക്ഷിച്ചു വയ്ക്കണം എന്ന് കര്‍ഷകര്‍ക്ക് അറിയാത്തതാണ് ഇതിനു കാരണം. അതേസമയം ഇതെല്ലാം മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കിയും അല്ലാതെയും ദീര്‍ഘനാള്‍ കേടു കൂടാതെ സൂക്ഷിക്കാന്‍ പറ്റുന്ന സാങ്കേതിക വിദ്യകള്‍ ഇന്ന് ലഭ്യമാണ്.
ഇനി നിങ്ങള്‍ക്ക് കൃത്യമായ ഒരു ആശയം ഇല്ലെന്നിരിക്കട്ടെ. അതേസമയം ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ ഒരു സംരംഭം തുടങ്ങണമെന്ന് ആഗ്രഹമുണ്ട്. എങ്കില്‍ നിരാശപ്പെടണ്ട. അഗ്രിബിസിനസ് ഇന്‍ക്യുബേറ്ററില്‍ എത്തിയാല്‍ മതി. വിദഗ്ധര്‍ നടത്തുന്ന ക്ലാസുകളില്‍ പങ്കെടുത്തു കഴിയുമ്പോഴേക്കും മനസില്‍ ഒരു രൂപം വരും. നിങ്ങള്‍ മനസ്സില്‍ കണ്ടതിലും മികച്ച ഉല്‍പന്നം ഉണ്ടാക്കി തന്ന് പരീക്ഷണ വിപണത്തിന് വരെ ഇവര്‍ സഹായിക്കും. അതിനു ശേഷം വാണിജ്യ ഉല്‍പാദനത്തിനു വേണ്ട എല്ലാ സഹായങ്ങളും ഇവിടെ നിന്ന് ലഭിക്കുകയും ചെയ്യും. ഇതൊരു അവസരമായി കണ്ട് കാര്‍ഷിക സംരംഭ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്നിട്ടിറങ്ങാന്‍ ഇന്ത്യയെ നമുക്ക് വേറൊരു തലത്തിലേക്ക് മാറ്റാന്‍ സാധിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.