Sections

ഇന്ത്യൻ ഹെൽബൽ പൈതൃകത്തെ ലോകമെമ്പാടും എത്തിച്ച ഹെർബൽ ബ്യൂട്ടി കെയർ രാജ്ഞി: ഷഹനാസ് ഹുസൈൻ

Tuesday, Jun 20, 2023
Reported By Soumya S

ഹെർബൽ ബ്യൂട്ടി കെയർ രാജ്ഞി എന്നറിയപ്പെടുന്ന ഷഹനാസ് ഹുസൈനെ കുറിച്ചാണ് ഇന്നത്തെ ലേഖനം

ഇന്ത്യയിലെ ഷഹനാസ് ഹുസൈൻ ഗ്രൂപ്പിന്റെ സ്ഥാപകയും ചെയർപേഴ്‌സനും മാനേജിംഗ് ഡയറക്ടറും ആണ് ഷഹനാസ് ഹുസൈൻ. 1944 നവംബർ 5 ന് സമർഖന്ധിൽ ഒരു യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിലാണ് ഷഹനാസ് ഹുസൈൻ ജനിച്ചത്. പതിനഞ്ചാം വയസ്സിൽ ഷഹനാസിന്റെ വിവാഹം നടക്കുകയും വിവാഹശേഷം പഠനം തുടരുകയും ചെയ്തു. പതിനാറാം വയസ്സിൽ അവർ അമ്മയായി.

ഇറാനിൽ നിന്ന് ആയുർവേദം പഠിച്ച ഷഹനാസ് തുടർന്ന് കോസ്‌മെറ്റിക് തെറാപ്പിയിലും കോസ്‌മെറ്റോളജിയിലും പരിശീലനം പൂർത്തിയാക്കി.

1971 ഇന്ത്യയിൽ എത്തിയ അവർ ലേഡീസിന് വേണ്ടിയുള്ള സലൂൺ ആരംഭിച്ചു. ഇന്ത്യൻ ഹെർബൽ പൈതൃകത്തെ ലോകമെമ്പാടും എത്തിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. കെമിക്കലുകൾ ചേർന്ന ബ്യൂട്ടി ഉൽപ്പന്നങ്ങൾക്ക് പകരം ഹെർബൽ ബ്യൂട്ടി പ്രോഡക്ടുകൾ വിപണിയിൽ എത്തിക്കുക എന്നതായിരുന്നു അവരുടെ ആഗ്രഹം.

ഏതാനും വർഷങ്ങൾക്കു ശേഷം അവർ ഷഹനാസ് ഹുസൈൻ ഗ്രൂപ്പ് രൂപീകരിക്കുകയും ചെയ്തു. 24 കാരറ്റ് ഗോൾഡ്, ഡയമണ്ട്, പേൾ, പ്ലാന്റ് സ്റ്റെം സെല്ലുകൾ, പ്ലാറ്റിനം റേഞ്ച് തുടങ്ങിയ ചർമ്മ, മുടി പ്രശ്നങ്ങൾക്കുള്ള പ്രത്യേക ചികിത്സാ ഉൽപ്പന്നങ്ങളും ചർമ്മ സംരക്ഷണത്തിനുള്ള പ്രീമിയം ഉൽപ്പന്നങ്ങളും അവർ രൂപപ്പെടുത്തി. കമ്പനി അതിന്റെ ഉൽപ്പന്നങ്ങൾ ഓൺലൈനായും വിൽക്കുന്നുണ്ട്.

ഷഹനാസ് ഹുസൈൻ ഗ്രൂപ്പിന് ലോകമെമ്പാടുമായി 400-ലധികം ഫ്രാഞ്ചൈസി സംരംഭങ്ങളുണ്ട്. ആദ്യത്തെ ഫ്രാഞ്ചൈസി ഗ്രൂപ്പ് കൊൽക്കത്തയിലാണ് ആരംഭിച്ചത്. ഒരു വർഷത്തിനുള്ളിൽ ഇന്ത്യയിൽ 80 ഷഹനാസ് ഹെർബൽ ഫ്രാഞ്ചൈസി ക്ലിനിക്കുകൾ ആരംഭിച്ചു. ആദ്യത്തെ വിദേശ ഷഹനാസ് ഹെർബൽ ഫ്രാഞ്ചൈസി ക്ലിനിക് ലണ്ടനിൽ 1982-ൽ ആരംഭിച്ചു.

വ്യാപാര വ്യവസായ മേഖലയിലെ സംഭാവനകൾ പരിഗണിച്ച് രാജ്യം 2006 ൽ ഷഹനാസിന് പത്മശ്രീ നൽകി ആദരിച്ചു. 2019 അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുടെ ലോക സംരംഭകർക്കായുള്ള ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ ഷഹനാസിന് ക്ഷണം ലഭിച്ചു. 1996 സക്‌സസ് മാഗസിൻ ലോകത്തിലെ ഏറ്റവും മികച്ച വനിത സംരംഭകയ്ക്കുള്ള അവാർഡ് തുടങ്ങി നിരവധി ദേശീയ-അന്തർദേശീയ പുരസ്‌കാരങ്ങൾ അവർക്ക് ലഭിച്ചിട്ടുണ്ട്.

അവരുടെ മകൾ നെലോഫർ കുറിംബോയ് ഷഹനാസിന്റെ പാത പിന്തുടരുകയാണ്. ഷഹനാസ് ഹുസൈന്റെ ജീവചരിത്രം 'ജ്വാല' യുടെ രചയിതാവ് കൂടിയാണ് നെലോഫർ.

വിജയത്തിലേക്കുള്ള തന്റെ യാത്രയിൽ നിരവധി സാമൂഹിക പ്രതിബന്ധങ്ങളെ അഭിമുഖീകരിച്ച ഷഹനാസ് ഹുസൈന്റെ പ്രചോദനാത്മകമായ കഥ നിങ്ങളുടെ സംരംഭകത്വ യാത്രയിൽ ഉപയോഗപ്രദമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, ഒപ്പം നിങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.