Sections

കേരളീയത്തിന്റെ ഊർജം സർക്കാരിന്റെ പ്രവർത്തനങ്ങൾക്കു കരുത്തും വേഗവും നൽകും: മുഖ്യമന്ത്രി

Thursday, Nov 09, 2023
Reported By Admin
Keraleeyam 2023

കേരളീയത്തിന്റെ സമാപന വേളയിൽ നവകേരള കർമ പദ്ധതി പ്രഖ്യാപിച്ചതായും ഇനിയുള്ള നാളുകളിലെ സർക്കാരിന്റെ പ്രവർത്തനങ്ങൾക്കും ഇടപെടലിനും കരുത്തും വേഗവും പകരുന്നതാണ് കേരളീയത്തിൻറെ ആദ്യപതിപ്പ് പകർന്ന ഊർജമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കേരളീയം ധൂർത്താണെന്നും ഇങ്ങനെ ഒരു പരിപാടി ഈ പ്രതിസന്ധി കാലത്ത് ആവശ്യമുണ്ടോ എന്നും ചോദ്യങ്ങൾ ചിലർ ഉയർത്തുന്നുണ്ട്. നമ്മുടെ നാടിന്റെ പുരോഗതി എങ്ങനെയാകണം എന്നത് സംബന്ധിച്ച അന്വേഷണത്തെയും അതിനു വേണ്ടിവരുന്ന ചെലവിനേയും ധൂർത്തായി സർക്കാർ കരുതുന്നില്ല. സർക്കാർ സാമ്പത്തിക പ്രശ്നങ്ങൾ നേരിടുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ അതിതീവ്ര സാമ്പത്തിക കടന്നാക്രമണങ്ങളാണ് നേരിടേണ്ടിവരുന്നത്. ജിഎസ്ടി ഏർപ്പെടുത്തിയതോടെ സംസ്ഥാനങ്ങൾക്ക് നികുതി പിരിക്കുന്നതിൽ വലിയ അധികാര നഷ്ടമാണുണ്ടായത്. നികുതി അവകാശം പെട്രോൾ, ഡീസൽ, മദ്യം എന്നിവയിൽ മാത്രമായി ചുരുങ്ങി. ജിഎസ്ടി നിരക്കിൽ തട്ടുകൾ നിശ്ചയിച്ചതും, റവന്യു നൂട്രൽ നിരക്ക് ഗണ്യമായി കുറച്ചതും കേരളത്തിൻറെ വരുമാനത്തിന് തിരിച്ചടിയായി. ഈ വർഷം കേന്ദ്രത്തിൽനിന്ന് ലഭിക്കുന്ന തുകകളിലും വായ്പാനുപാതത്തിലും 57,400 കോടി രൂപയുടെ കുറവാണുണ്ടാകുന്നത്. അർഹതപ്പെട്ട വായ്പാനുമതിയിൽ 19,000 കോടി രൂപ നിഷേധിച്ചു. റവന്യു കമ്മി ഗ്രാൻറിൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 8400 കോടി കുറഞ്ഞു. ജിഎസ്ടി നഷ്ടപരിഹാരമായി ലഭിച്ചിരുന്ന 12,000 കോടിയോളം ഇല്ലാതായി.

ഈ പ്രശ്നങ്ങൾക്കിടയിലും ക്ഷേമ പദ്ധതികളിൽ നിന്ന് അണുവിട പിന്മാറാൻ ഉദ്ദേശിക്കുന്നില്ല. സൗജന്യങ്ങൾ പാടില്ലെന്ന നിലപാടിനെ സംസ്ഥാനം അംഗീകരിക്കുന്നില്ല. വികസന, ക്ഷേമ പ്രവർത്തനങ്ങൾക്ക് ഒരു കുറവും വരുത്താതെ സംസ്ഥാനത്തെ വികസന ലക്ഷ്യങ്ങളിലേക്ക് നയിക്കാനാണ് ശ്രമം. തനത് വരുമാനം ഉയർത്തിയും അതീവ ശ്രദ്ധയാർന്ന ധന മാനേജുമെൻറുവഴിയും ഈ പ്രതിസന്ധികളെ മറികടക്കാനുള്ള ശ്രമങ്ങളിലാണ് സംസ്ഥാനം. നികുതി പിരിവ് ഊർജിതപ്പെടുത്തിയും അധികച്ചെലവുകൾ നിയന്ത്രിച്ചും സാമ്പത്തിക ദൃഡീകരണത്തിൻറെ അടിസ്ഥാന തത്വങ്ങളിൽ ഊന്നിനിന്നാണ് സംസ്ഥാനത്തിന്റെ ധന മാനേജ്മെന്റ്.

കഴിഞ്ഞവർഷം മുൻവർഷത്തെ അപേക്ഷിച്ച് ജിഎസ്ടി വരുമാനം 23,000 കോടി വർധിപ്പിക്കാനായി. 2021-22ൽ തനത് നികുതി വരുമാന വർധന 22.41 ശതമാനമായിരുന്നു. കഴിഞ്ഞവർഷം ഇത് 23.36 ശതമാനമായി വീണ്ടും ഉയർത്തി. റവന്യുകമ്മി 0.9 ശതമാനത്തിലെത്തിച്ചു. റവന്യു കമ്മി ഒരു ശതമാനത്തിൽ താഴേയെത്തിയത് ചരിത്രത്തിൽ ആദ്യമാണ്. ഇതെല്ലാം ധന കമീഷൻ നിശ്ചയിച്ച സമയക്രമം അനുസരിച്ചുള്ള കേരളത്തിൻറെ ധനദൃഡീകരണ പ്രവർത്തനങ്ങളുടെ വിജയമാണ് സൂചിപ്പിക്കുന്നത്.

കഴിഞ്ഞവർഷങ്ങളിൽ കേരളം തനത് വരുമാന സ്രോതസുകൾ വഴിയാണ് ചെലവുകളുടെ മുഖ്യപങ്കും നിർവഹിച്ചത്. ഈവർഷവും ചെലവിൻറെ 71 ശതമാനവും സംസ്ഥാനം വഹിക്കേണ്ട സ്ഥിതിയാണ്. എന്നിരുന്നാലും സംസ്ഥാനത്തിൻറെ ഭാവിയിലേക്കുള്ള ആലോചനകളും ആസൂത്രണവും മാറ്റി വെക്കാൻ കഴിയില്ല. സാംസ്കാരിക മേഖലയിൽ ചെലവിടുന്ന പണത്തെ ധൂർത്തെന്നും അനാവശ്യമെന്നും ചിത്രീകരിക്കാനുള്ള ശ്രമം ജനാധിപത്യവും സാംസ്കാരിക ഔന്നത്യവും പുലരുന്ന നാടിന് അംഗീകരിക്കാനാവില്ല. പുസ്തകങ്ങളും ഗ്രന്ഥാലയങ്ങളും ചുട്ടുകരിക്കുന്ന രീതിയും പാരമ്പര്യവും ഫാസിസത്തിൻറേതാണ്. അതിൻറെ നേർവിപരീത ദിശയിൽ സഞ്ചരിക്കുന്നവരാണ് നാം. സാംസ്കാരിക രംഗത്തെ ഇടപെടലും നിക്ഷേപവും വരും തലമുറയോട് ചെയ്യുന്ന നീതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.