Sections

കേരളത്തില്‍ കൊപ്ര സംഭരണത്തിന് അനുവദിച്ചിരുന്ന തീയതി നീട്ടി 

Saturday, Sep 17, 2022
Reported By admin
copra

സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് കേന്ദ്രം കാലാവധി നീട്ടിയിരിക്കുന്നത്


കേരളത്തില്‍ കൊപ്ര സംഭരണത്തിന് അനുവദിച്ചിരുന്ന തീയതി നീട്ടി. സംസ്ഥാനത്തെ നാഫെഡ് മുഖേനയുള്ള കൊപ്ര സംഭരണം നവംബര്‍ 6 വരെ നീട്ടിയതായി കൃഷി മന്ത്രി പി പ്രസാദ് അറിയിച്ചു. ഓഗസ്റ്റ് 1 വരെ അനുവദിച്ചിരുന്ന കാലാവധിയാണ് നീട്ടിയത്. എന്നാല്‍, സംഭരണ കാലാവധി നീട്ടിയുള്ള കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ കത്ത് തിങ്കളാഴ്ച സംസ്ഥാന സര്‍ക്കാരിനും നാഫെഡിനും ലഭിച്ചു.

കേരളത്തില്‍ സംഭരണം വൈകിയതിനാലാണ് കേന്ദ്ര സര്‍ക്കാര്‍ അധികസമയം അനുവദിച്ചത്. നാളികേരമായി എത്തിച്ചാലും സംഭരിക്കുമെന്നും സംസ്ഥാന സര്‍ക്കാരിന്റെ സബ്‌സിഡി കര്‍ഷകര്‍ക്ക് ലഭിക്കുമെന്നും നാഫെഡ് അറിയിച്ചു. 

കൊപ്രാ സംഭരണത്തിന്റെ സമയപരിധി നീട്ടണമെന്നാവശ്യപ്പെട്ട് കൃഷിമന്ത്രി നേരത്തെ തന്നെ കേന്ദ്രത്തിന് കത്തയച്ചിരുന്നു. കൊപ്ര സംഭരണ പദ്ധതി പ്രകാരം കേരഫെഡിനെയും മാര്‍ക്കറ്റ് ഫെഡിനെയുമാണ് സംസ്ഥാനത്ത് സംഭരണ ഏജന്‍സികളായി കേന്ദ്രം തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ കേരഫെഡിന് എണ്ണ ഉല്‍പാദനം ഉള്ളതുകൊണ്ട് തന്നെ സംഭരണത്തില്‍ ഏര്‍പ്പെടുവാന്‍ കഴിയില്ല എന്ന ന്യായമാണ് നാഫെഡ് അറിയിച്ചത്. ഇത് നാളികേര കര്‍ഷകരെയാകെ പ്രതിസന്ധിയിലാക്കിയിരുന്നു.

കഴിഞ്ഞ ആറ് മാസമായി പല സ്ഥലങ്ങളിലും കൊപ്രയുടെ മാര്‍ക്കറ്റ് വില താങ്ങുവിലയെക്കാള്‍ കുറവായിരുന്നതിനാല്‍ നല്ലൊരു അളവില്‍ സംഭരണം നടത്തുവാന്‍ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്. കൊപ്ര സംഭരണം പ്രതിസന്ധിയിലായ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പച്ചതേങ്ങ സംഭരണം കാര്യക്ഷമമാക്കിയത് കര്‍ഷകര്‍ക്ക് ഏറെ സഹായകമായി. സംസ്ഥാനത്തെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സംഭരണ കാലാവധി നീട്ടണമെന്ന സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് കേന്ദ്രം ഇപ്പോള്‍ നവംബര്‍ 6 വരെ കാലാവധി നീട്ടിയിരിക്കുന്നത്.

അതേ സമയം, പച്ചത്തേങ്ങയുടെ വിലയില്‍ കനത്ത ഇടിവാണ് സംസ്ഥാനത്തെ കര്‍ഷകര്‍ ഇപ്പോള്‍ നേരിടുന്നത്. കിലോഗ്രാമിന് 46 രൂപയിലധികം ലഭിച്ചിരുന്നത് ഇപ്പോള്‍ 25 രൂപയിലെത്തി. മാത്രമല്ല, കൊപ്രയുടെ വിലയും കുത്തനെ ഇടിഞ്ഞു. തേങ്ങയുടെ വിലയിടിഞ്ഞാലും ഉല്‍പാദന ചെലവ് കൂടുന്നത് കര്‍ഷകരെ ദുരിതത്തിലാഴ്ത്തുന്നു. ഈ സാഹചര്യത്തില്‍ വിലയിടിവ് അവസരമാക്കി കര്‍ഷകരെ ചൂഷണം ചെയ്യുന്ന ഇടനിലക്കാരുമുണ്ട്.

തേങ്ങ സംഭരണത്തിനായി മറ്റ് കേന്ദ്രങ്ങള്‍ ഇല്ലാത്തതിനാല്‍ ഇടനിലക്കാര്‍ വഴിയും വെളിച്ചെണ്ണ മില്ലുകളിലുമാണ് കര്‍ഷകര്‍ പച്ചത്തേങ്ങ വില്‍ക്കുന്നത്. വിപണിയില്‍ ആവശ്യം കുറഞ്ഞതോടെ ഇടനിലക്കാരില്‍ ഭൂരിഭാഗവും പിന്‍മാറുകയും ചെയ്തു. ഇതോടെ തോട്ടങ്ങളില്‍ പച്ചത്തേങ്ങ കെട്ടിക്കിടക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.