- Trending Now:
കേരളത്തിലെ സഹകരണപ്രസ്ഥാനങ്ങൾക്ക് പുതിയ വെല്ലുവിളികൾ സൃഷ്ടിക്കുന്ന സമീപനങ്ങളാണ് ദേശീയതലത്തിൽ രൂപപ്പെട്ടുവരുന്നതെന്നും ആ നീക്കം പ്രതിഷേധാർഹമാണെന്നും സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ. ഇത്തരം നീക്കങ്ങളെ കേരളത്തിലെ സഹകാരികൾ കൊടികളുടെ നിറം നോക്കാതെ ഒന്നിച്ച് ചെറുത്ത് തോൽപ്പിച്ചിട്ടുണ്ടെന്നും മന്ത്രി ഓർമിപ്പിച്ചു. നിക്ഷേപ സമാഹരണ യജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ സഹകരണ പ്രസ്ഥാനം ദേശീയതലത്തിലേക്കാൾ ബഹുദൂരം മുന്നോട്ടുപോയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സമസ്ത മേഖലകളിലും ഇടപെടാൻ കഴിയും വിധം സംസ്ഥാനത്ത് സഹകരണപ്രസ്ഥാനം വളർന്നുകഴിഞ്ഞു. കേരള ബാങ്ക് സംസ്ഥാനത്തെ ഒന്നാമത്തെ ബാങ്കായി വളരാൻ പോകുകയാണ്. ഒറ്റപ്പെട്ട ക്രമക്കേടുകൾ കണ്ടെത്തിയപ്പോൾ അതിനെ ഫലപ്രദമായി നേരിടാൻ സർക്കാരിന് കഴിഞ്ഞു. ക്രമക്കേടുകളുണ്ടായാൽ നിക്ഷേപകന് ഒരുരൂപ പോലും നഷ്ടപ്പെടാത്ത വിധം പണം തിരികെ നൽകാൻ സഹകരണ നിധി രൂപീകരിച്ചു. ഇത് സഹകരണ മേഖലയ്ക്ക് പുതിയ പ്രതീക്ഷയാണെന്നും മന്ത്രി പറഞ്ഞു.
ഫെബ്രുവരി 15 മുതൽ മാർച്ച് 31 വരെ നടക്കുന്ന നിക്ഷേപസമാഹരണ യജ്ഞത്തിലൂടെ 9000 കോടി രൂപയുടെ അധിക നിക്ഷേപം സമാഹരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. പലിശ നിരക്ക് 8.5 ശതമാനം വരെ വർധിപ്പിച്ചു. ഇത് കൂടുതൽ നിക്ഷേപകരെ ആകർഷിക്കാൻ സഹായകമാകും. നിക്ഷേപസമാഹരണ യജ്ഞം വിജയിപ്പിക്കാൻ എല്ലാ സഹകാരികളും ജീവനക്കാരും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യയിലെ സഹകരണ മേഖല കോർപ്പറേറ്റ് ഭീമൻമാർ കൈയടക്കാൻ ശ്രമിക്കുകയാണെന്നും എന്നാൽ കേരളത്തിലെ സഹകാരികൾക്ക് അതിനെ ശക്തമായി പ്രതിരോധിക്കാൻ കഴിയുമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച കായിക, ന്യൂനപക്ഷക്ഷേമ, വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. സഹകരണ പ്രസ്ഥാനം കേരളത്തിന്റെ സാമ്പത്തിക മേഖലയുടെ നട്ടെല്ലാണ്. കേരള ബാങ്കിന്റെ വരവോടെ ശക്തമായ ബാങ്കിങ് സംവിധാനത്തിന് തുടക്കം കുറിക്കാൻ കഴിഞ്ഞു. സംസ്ഥാനത്തിന്റെ വികസനം നമ്മുടെ പണം കൊണ്ട് തന്നെ നിർവഹിക്കാമെന്നായി. സഹകാരികൾ ആത്മാർഥമായി പ്രവർത്തിച്ചതിന്റെ ഫലമായാണ് സഹകരണ മേഖലയ്ക്ക് സമസ്ത മേഖലയിലും ഇടപെടാൻ കഴിഞ്ഞതെന്നും വിശ്വാസ്യത ആർജിക്കാൻ കഴിഞ്ഞതെന്നും മന്ത്രി പറഞ്ഞു.
മെമ്പർ റിലീഫ് ഫണ്ടിന്റെ ഗുണഭോക്താക്കൾക്കുള്ള ധനസഹായവിതരണവും കേരള ബാങ്കിന്റെ ജില്ലയിലെ പദ്ധതികളുടെ പ്രഖ്യാപനവും മന്ത്രി വി.എൻ വാസവൻ നിർവഹിച്ചു. മലപ്പുറം നഗരസഭ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ പി. അബ്ദുൾ ഹമീദ് എം.എൽ.എ, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണസംഘം രജിസ്ട്രാർ ടി.വി സുഭാഷ്, കോ-ഓപ്പറേറ്റിവ് ഓഡിറ്റ് ഡയറക്ടർ എം.എസ് ഷെറിൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, നഗരസഭാ ചെയർമാൻ മുജീബ് കാടേരി തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.