Sections

നെല്ല് സംഭരണം തുടർ ചർച്ചകൾക്ക് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി

Thursday, Oct 19, 2023
Reported By Admin
Paddy

നെല്ല് സംഭരണം കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാൻ മന്ത്രസഭാ ഉപസമിതി യോഗത്തിൽ തീരുമാനമായി. കൊയ്ത് കഴിഞ്ഞിരിക്കുന്ന നെല്ല് താമസം കൂടാതെ സംഭരിക്കുവാനും കർഷകർക്ക് എത്രയും വേഗം സംഭരണ വില നൽകാനും ആവശ്യമായ നടപടികൾ സ്വീകരിക്കും. ഇതിനായി കേരള ബാങ്കിൽ നിന്ന് വായ്പ ലഭ്യമാക്കാനുള്ള ചർച്ചകൾ നടന്നു വരികയാണ്. കേരള ബാങ്കിന് പി.ആർ.എസ് വായ്പ ഇനത്തിൽ നൽകാനുള്ള കുടിശിക നൽകാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കും കേരള ബാങ്കിൽ നിന്ന് വായ്പ എടുക്കുന്നതിനുള്ള നിയമപരമായ തടസങ്ങൾ നീക്കുന്നതിന് കൺസോർഷ്യം ബാങ്കുകളായ എസ്.ബി.ഐ, കാനറാ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവയുമായി കൂടിയാലോചനകൾ നടത്തുന്നതാണ്. ഇക്കാര്യങ്ങളിൽ തുടർപ്രവർത്തനങ്ങൾ നടത്താൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

നിലവിൽ 10 മില്ലുകളാണ് നെല്ലുസംഭരണ പ്രവർത്തനങ്ങൾക്കായി സർക്കാരുമായി സഹകരിക്കാൻ തയ്യാറായിട്ടുള്ളത്. ഈ മില്ലുകൾക്കായി ഇതിനോടകം 25023.61 മെട്രിക് ടൺ നെല്ല് ശേഖരിക്കുന്നതിനായി പാടശേഖരങ്ങൾ അലോട്ട് ചെയ്തു നൽകിയിട്ടുണ്ട്. ഇതിനോടകം 2954.653 ടൺ നെല്ല് കർഷകരിൽനിന്നും സംഭരിച്ചുകഴിഞ്ഞിട്ടുണ്ട്. എന്നാൽ ഒരു വിഭാഗം മില്ലുടമകൾ ഔട്ട്ടേൺ റേഷ്യോയുടെ വിഷയത്തിലുള്ള തർക്കമുന്നയിച്ചുകൊണ്ട് ഈ പ്രവർത്തനങ്ങളിൽ സഹകരിക്കാൻ തയ്യാറായിട്ടില്ല. കേന്ദ്ര സർക്കാർ സംഭരിക്കേണ്ട നെല്ലിൽ നിന്നും ലഭിക്കേണ്ട അരിയുടെ അനുപാതം 100:68 എന്ന് നിശ്ചയിച്ചിരുന്നുവെങ്കിലും കേരളത്തിലെ കാലാവസ്ഥാ പ്രത്യേകതകൾ പരിഗണിച്ചുകൊണ്ട് സംസ്ഥാനത്ത് ഇത് 100:64.5 ആയി നിശ്ചയിച്ചിരുന്നു. എന്നാൽ അടുത്തകാലത്തുണ്ടായ കേരള ഹൈക്കോടതി വിധിയിൽ ഇപ്രകാരം വ്യത്യാസപ്പെടുത്തി നിശ്ചയിക്കാൻ സംസ്ഥാന സർക്കാരിന് നിയമപരമായി അധികാരമില്ല എന്ന് വ്യക്തമാക്കിയതിനാൽ കേന്ദ്രസർക്കാർ നിശ്ചയിച്ച അനുപാത പ്രകാരമേ മില്ലുടമകളുമായി കരാറിലേർപ്പെടാൻ സപ്ലൈകോയ്ക്ക് സാധ്യമാവുകയുള്ളൂ. ഇക്കാര്യം കണക്കിലെടുത്തുകൊണ്ട് നെല്ലുസംഭരണ നടപടികളുമായി സഹകരിക്കാൻ എല്ലാ മില്ലുടമകളും മുന്നോട്ടുവരണമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.