Sections

കാര്‍ഷിക മേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ?; ചെറുകിട കര്‍ഷകര്‍ക്ക് വിജയിക്കാന്‍ ഇതു തന്നെ വഴി

Thursday, Dec 09, 2021
Reported By admin
agriculture

എന്താണ് ശരിക്കും നിലവില്‍ കാര്‍ഷിക മേഖല നേരിടുന്ന പ്രധാന വെല്ലുവിളി എന്ന് ചിന്തിച്ചിട്ടുണ്ടോ ?

 

കാര്‍ഷിക മേഖലയില്‍ കര്‍ഷകരെ സഹായിക്കാനും ഉത്പാദനം വര്‍ദ്ധിപ്പിക്കാനും സര്‍ക്കാര്‍ തലത്തിലും മറ്റ് സ്വകാര്യ സംഘടനകളുടെ ആഭിമുഖ്യത്തിലും ഒക്കെ വലിയ തോതിലുള്ള പദ്ധതികള്‍ രൂപീകരിക്കുന്നതിനെ കുറിച്ച് നമ്മള്‍ പത്രങ്ങളിലും ടിവി ചാനലുകളിലും എങ്കിലും സ്ഥിരമായി കേള്‍ക്കാറുണ്ട്.മറ്റ് മേഖലകളില്‍ നല്‍കുന്നതിനെക്കാള്‍ കൂടുതല്‍ ശ്രദ്ധ കാര്‍ഷിക മേഖലകളില്‍ ഭരണകൂടം ചെലുത്തിയിട്ടും ഇവിടെ ഇപ്പോഴും കര്‍ഷകര്‍ക്ക് തങ്ങളുടെ കാര്‍ഷിക വിളകള്‍ മെച്ചപ്പെട്ട വിലയില്‍ വില്‍ക്കാന്‍ സാധിക്കുന്നില്ലെന്നത് യാഥാര്‍ത്ഥ്യമാണ്.എന്താണ് ശരിക്കും നിലവില്‍ കാര്‍ഷിക മേഖല നേരിടുന്ന പ്രധാന വെല്ലുവിളി എന്ന് ചിന്തിച്ചിട്ടുണ്ടോ ?

കേരളത്തിന്റെ അടക്കം രാജ്യത്ത് കാര്‍ഷിക മേഖല നേരിടുന്ന പ്രധാന ബുദ്ധിമുട്ടാണ് വിപണി അതായത് കഷ്ടപ്പെട്ട് വിളയിച്ചവ എടുക്കാന്‍ ആളില്ലാത്ത അവസ്ഥ.ഇനി ആരെങ്കിലും ഒക്കെ എടുത്താല്‍ തന്നെ വില പ്രതീക്ഷിച്ചതു പോലെ ലഭിക്കാറുമില്ല.

ചെറുകിട കര്‍ഷകര്‍ ഇത്തരം പ്രതിസന്ധികളില്‍ ആകെപ്പെട്ടുപോകും.ഇടനിലക്കാര്‍ ചെറുകിടകര്‍ഷകരില്‍ നിന്ന് ഉത്പന്നങ്ങളെടുക്കാന്‍ പൊതുവെ താല്‍പര്യം കാണിക്കാറില്ല.സ്ഥിരമായല്ലാതെ വ്യക്തതയില്ലാത്ത അളവില്‍ പച്ചക്കറികളോ മറ്റ് വിളകളോ എത്തിക്കുന്ന ചെറുകിട കര്‍ഷകനെ വിശ്വസിച്ച് വില്‍പ്പനക്കാരന് തന്റെ കച്ചവടം നടത്താന്‍ സാധിക്കില്ലെന്ന കാരണത്താല്‍ സ്ഥിരമായി സാധനം എത്തിക്കുന്ന ആളുകളുടെ പക്കല്‍ നിന്ന് പച്ചക്കറികലും മറ്റ് വിളകളും വാങ്ങിക്കാനാകും ശ്രദ്ധിക്കുക.

ചുരുക്കി പറഞ്ഞാല്‍ ഉത്പന്നം എടുക്കാത്ത ബുദ്ധിമുട്ടിന് കര്‍ഷകരെയും വില്‍പ്പന തകര്‍ച്ചയുണ്ടാകാതെ വില്‍പ്പനക്കാരനെയും ഒരു പോലെ സംരക്ഷിച്ചാലേ പഴംപച്ചക്കറി പോലുള്ള കാര്‍ഷിക മേഖലയിലും വിപണിയിലും പിടിച്ചുനില്‍ക്കാന്‍ ഇരുകൂട്ടര്‍ക്കും സാധിക്കൂ.

വില്‍പ്പനക്കാരന്‍ കര്‍ഷകനില്‍ നിന്ന് നേരിട്ട് പച്ചക്കറി വാങ്ങണമെങ്കില്‍ വര്‍ഷം മുഴുവനും പച്ചക്കറി നല്‍കാന്‍ കഴിയണം. അങ്ങനെ ലഭിക്കുന്നുണ്ടെങ്കില്‍ പുറത്തുനിന്നുള്ള പച്ചക്കറി വാങ്ങാന്‍ താല്‍പ്പര്യമില്ലാതാകും. പച്ചക്കറി കര്‍ഷകര്‍ ഒരുമിച്ചെങ്കില്‍ മാത്രമേ ഇത്തരത്തിലുള്ള വിപണിയുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ സാധിക്കൂ.ഇങ്ങനെ ഒരു സംവിധാനത്തിലേക്കു വന്നാല്‍ കര്‍ഷകനെ വിപണി സ്വീകരിക്കാന്‍ തുടങ്ങും.വിപണിയുടെ വിവിധ സാധ്യതകളെക്കുറിച്ചുള്ള അറിവ് ഉത്പാദകന് കൂടുതല്‍ ഗുണം ചെയ്യും.

സൂപ്പര്‍മാര്‍ക്കറ്റുകള്‍ പച്ചക്കറി വിപണനത്തിന് വന്‍സാധ്യതകള്‍ തുറക്കുന്നു. പുറത്തെ വിലയിലും കൂടുതല്‍ നല്‍കി ഉത്പന്നങ്ങള്‍ വാങ്ങാന്‍ ഇവര്‍ക്കാകും. ജൈവപച്ചക്കറിയും മറ്റ് ഉത്പ്പന്നങ്ങളും വിറ്റഴിക്കാന്‍ കഴിയുന്ന ഒരു മാര്‍ഗ്ഗമാണിത്. കൃഷി തുടങ്ങുന്നതിനു മുമ്പ്തന്നെ സൂപ്പര്‍ മാര്‍ക്കറ്റുകളുമായി ബന്ധപ്പെട്ടാല്‍ ഉത്പന്നം വിളവെടുക്കുമ്പോള്‍ തന്നെ വിപണി ഉറപ്പാക്കാന്‍ കഴിയും.

ഇനി മറ്റൊരുവഴി ഡോര്‍ ടു ഡോര്‍ വിപണനമാണ്.നേരിട്ട് വിപണിയില്‍ എത്തിച്ചാല്‍ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ വില ഈ രീതിയില്‍ നേടുവാന്‍ സാധിക്കും. രണ്ടോ മൂന്നോ പേരെ ദിവസക്കൂലിക്കായി നിയമിച്ച് ഉത്പന്നങ്ങള്‍ വീടുകളില്‍ എത്തിച്ചാല്‍ വില്‍പ്പന എളുപ്പമാകും.

കര്‍ഷകരുടെ ലേലച്ചന്തകളില്‍ മികച്ച വിഷരഹിത പ്രാദേശിക കാര്‍ഷികോത്പ്പന്നങ്ങള്‍ ലഭ്യമായാല്‍ വാങ്ങിക്കാനും ആളുണ്ടാകുമെന്നതിനു നിരവധി ഉദാഹരണങ്ങളുണ്ട്. ലേലച്ചന്തയ്ക്കൊപ്പം പ്രാദേശിക കാര്‍ഷികോത്പ്പന്നങ്ങളുടെ ചില്ലറ വില്‍പ്പനകേന്ദ്രം തുടങ്ങുന്നതും വിപണി ഉറപ്പിക്കും.

കൃഷിഭൂമിയില്‍ നിന്നും നേരിട്ട് പച്ചക്കറി പറിച്ചെടുക്കാനുള്ള സൗകര്യമൊരുക്കുന്നത് മറ്റൊരു വിപണിസാധ്യത തുറക്കുന്നു. ഇങ്ങനെ തോട്ടത്തില്‍നിന്ന് നേരിട്ട് പറിച്ചെടുക്കുന്നത് ഉപഭോക്താക്കള്‍ക്ക് വലിയ സന്തോഷം നല്‍കുന്ന ഒന്നാണ്. പൊതുവിപണിയിലുള്ളതില്‍ കൂടുതല്‍ വിലയ്ക്ക് വില്‍ക്കാമെന്നതും ഈ രീതിയുടെ പ്രത്യേകതയാണ്.

മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കേന്ദ്രങ്ങള്‍ക്ക് അതാത് കാര്‍ഷികവിളകള്‍ അത്യാവശ്യമാണ്. ഇത്തരം സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഇവര്‍ നിര്‍ദേശിക്കുന്ന വിളകള്‍ നിര്‍ദേശിക്കുന്ന രീതിയില്‍ കൃഷിചെയ്താല്‍ ലാഭം ഉറപ്പാക്കാം.

ഓണ്‍ലൈന്‍ മറ്റൊരു സാധ്യതയാണ്. പച്ചക്കറി വില്‍ക്കുന്ന നിരവധി വെബ്സൈറ്റുകള്‍ ഇന്ന് നിലവിലുണ്ട്. ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ അറിയുന്ന കര്‍ഷകര്‍ക്ക് ഇതിന്റെ സാധ്യത പ്രയോജനപ്പെടുത്താവുന്നതാണ്.

സ്വന്തം ഉത്പന്നം ചുളുവിലയ്ക്ക് വിറ്റഴിക്കുന്നതിലും നല്ലത് അത് മൂല്യവര്‍ധിത ഉത്പന്നമാക്കി അധികവിലയ്ക്ക് നല്‍കുന്നതാണ്. ഇത് വില്‍ക്കാന്‍ സ്വന്തമായി വിപണി തുടങ്ങിയാലും നഷ്ടമുണ്ടാവില്ല. ഒറ്റയ്ക്കോ കൂട്ടമായോ ഇത്തരം സംരംഭങ്ങള്‍ തുടങ്ങുന്നതും വിപണിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സഹായിക്കും.ഉദാഹരണത്തിന് പച്ചക്കറി മുറിച്ച് കിറ്റുകളാക്കി വില്‍ക്കുന്നത്,ചക്ക പോലുള്ളവയില്‍ നിന്ന് ജാമുകളും ഐസ്‌ക്രീം ഒക്കെ ഉണ്ടാക്കുന്നത് പോലുള്ളവ.

ഇത്തരത്തിലുള്ള വിവിധ പദ്ധതികളിലൂടെ കര്‍ഷകന്റെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും മികച്ച ആദായം നേടാനും സാധിക്കും.കൃഷിയില്‍ താല്‍പര്യമുള്ളവര്‍ സംഘടിച്ച് ക്ലബ്ബുകള്‍ രൂപീകരിച്ച് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും മികച്ച ഫലം തരുന്നതാണ്.

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.