Sections

പ്രതിസന്ധികളിൽ നിന്നു മത്സ്യത്തൊഴിലാളികളെ കൈപിടിച്ചുയർത്തുകയാണ് ലക്ഷ്യം; മുഖ്യമന്ത്രി

Saturday, Feb 11, 2023
Reported By admin
minister

ഈ പ്രതിസന്ധികളിൽ അവരെ കൈവിടുകയല്ല, പകരം കൈപിടിച്ചുയർത്താനാണു സർക്കാർ ശ്രമിക്കുന്നത്


പ്രതിസന്ധികളിൽനിന്നു മത്സ്യത്തൊഴിലാളികളെ കൈപിടിച്ചുയർത്തുകയാണു സർക്കാരിന്റെ ലക്ഷ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മത്സ്യമേഖലയിൽ ഇനിയും മുന്നോട്ടു കുതിക്കണം. മത്സ്യത്തൊഴിലാളികളുടെ ഭാവി ശോഭനമാക്കുന്ന നിരവധി പദ്ധതികൾ സർക്കാർ ആവിഷ്‌കരിച്ചു നടപ്പാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പുനർഗേഹം പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം മുട്ടത്തറയിൽ നിർമിക്കുന്ന മത്സ്യത്തൊഴിലാളി ഭവന സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

കാലാവസ്ഥാ വ്യതിയാനം ഏറ്റവുമധികം ബാധിക്കുന്ന വിഭാഗങ്ങളിലൊന്നാണു മത്സ്യത്തൊഴിലാളി വിഭാഗമെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതിന്റെ ഭാഗമായുണ്ടാകുന്ന തീരശോഷണവും കടലാക്രമണവും മത്സ്യത്തൊഴിലാളി ജീവിതങ്ങളെ പ്രതിസന്ധിയിലാക്കുന്നു. ഈ പ്രതിസന്ധികളിൽ അവരെ കൈവിടുകയല്ല, പകരം കൈപിടിച്ചുയർത്താനാണു സർക്കാർ ശ്രമിക്കുന്നത്. പുനർഗേഹം പദ്ധതിയിലൂടെ 8675 കുടുംബങ്ങളാണു സുരക്ഷിത മേഖലകളിലേക്കു മാറി താമസിക്കാൻ സന്നദ്ധതയറിയിച്ചിട്ടുള്ളത്. ഒരു കുടംബത്തിന്റെ പുനരധിവാസത്തിനായി പരമാവധി 10 ലക്ഷം രൂപ ലഭ്യമാക്കും. അതോടൊപ്പം ഫ്‌ളാറ്റുകൾ നിർമിച്ചു പുനരധിവസിപ്പിക്കുന്ന പദ്ധതിയുമുണ്ട്. നിലവിൽ 1931 ഭവനങ്ങളുടെ നിർമാണം പൂർത്തിയാക്കിയിട്ടുണ്ട്. 3292 കുടുംബങ്ങൾക്കുവേണ്ട ഭൂമിയുടെ രജിസ്‌ട്രേഷൻ പൂർത്തിയാക്കി. 3921 കുടുംബങ്ങൾക്ക് ആവശ്യമായ ഭൂമിയുടെ വില നിശ്ചയിച്ചു.

മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്ന കാര്യത്തിൽ കാര്യക്ഷമതയോടെ സർക്കാർ ഇടപെടുകയാണ്. ഇതിനെ മറച്ചുവച്ച് സർക്കാർ മത്സ്യത്തൊഴിലാളികളെ വേണ്ടപോലെ കരുതുന്നില്ലെന്നു സ്ഥാപിക്കാനുള്ള കുത്സിത ശ്രമങ്ങൾ ചില ഭാഗങ്ങളിൽനിന്നുണ്ടാകുന്നുണ്ട്. അവയെ തിരിച്ചറിയാനും ശരിയായ രീതിയിൽ തുറന്നുകാട്ടാനും കഴിയണം. മത്സ്യത്തൊഴിലാളികളെ യാനങ്ങളുടെ ഉടമകളാക്കുക എന്ന ലക്ഷ്യത്തോടെ 10 മത്സ്യത്തൊഴിലാളികൾ വീതമുള്ള 10 ഗ്രൂപ്പുകൾക്ക് ആഴക്കടൽ മത്സ്യബന്ധന യാനങ്ങൾ അനുവദിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. 1.5 കോടിയിലേറെ രൂപയാണ് ഓരോ യാനത്തിനും ചെലവുവരുന്നത്. മത്സ്യത്തൊഴിലാളികൾക്കു മത്സ്യത്തിനു ന്യായവില ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് 2021ൽ കേരള മത്സ്യസംഭരണവും വിപണനവും ഗുണനിലവാര പരിപാലനവും നിയമം പാസാക്കിയത്. ഇതിന്റെ തുടർച്ചയായി ഹാർബർ മാനേജ്‌മെന്റ് സൊസൈറ്റികൾ ഉടൻ പ്രവർത്തനമാരംഭിക്കും. മണ്ണെണ്ണ ലഭ്യതക്കുറവു കണക്കിലെടുത്ത് പരമ്പരാഗത മത്സ്യബന്ധന യാനങ്ങളിൽ എൽപിജി കിറ്റ് ഘടിപ്പിക്കുന്നതിനുള്ള സബ്‌സിഡി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചുവരുന്നു. ക്യാൻസർ, വൃക്കരോഗം, കരൾ രോഗം, പക്ഷാഘാതം തുടങ്ങിയവ ബാധിച്ചവരുടെ തുടർ ചികിത്സ ഉറുപ്പാക്കുന്നതിനു സാന്ത്വന തീരം എന്ന പദ്ധതി ആവിഷ്‌കരിച്ചു നടപ്പാക്കിവരുന്നു. പരമ്പരാഗത യാനങ്ങൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കി. പ്രധാന ഹാർബറുകൾ കേന്ദ്രീകരിച്ചു കടൽ സുരക്ഷാ സ്വ്കാഡുകളുടെ പ്രവർത്തനം ഉറപ്പാക്കി.

മത്സ്യബന്ധന മേഖലയ്ക്ക് 321 കോടി രൂപയാണു ബജറ്റിൽ നീക്കിവച്ചിട്ടുള്ളത്. മത്സ്യബന്ധന യാനങ്ങൾ ആധുനികവത്കരിക്കാൻ പുതിയ പദ്ധതി നടപ്പാക്കും. 60 ശതമാനം നിരക്കിൽ 10 ലക്ഷം രൂപ വരെ സബ്‌സിഡി അനുവദിക്കാനാണു ശ്രമിക്കുന്നത്. നോർവെയിൽനിന്നുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സാങ്കേതികവിദ്യയുടെ സഹായത്തോടെ സമുദ്രകൂട് കൃഷി നടപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഇതിനായി ഒമ്പതു കോടി രൂപ വകരിയിരുത്തിയിട്ടുണ്ട്. സമുദ്രത്തിൽനിന്നു പ്ലാസ്റ്റിക് മാലിന്യം നീക്കംചെയ്തുന്നതിന് 5 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. മത്സ്യബന്ധന രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിനായി 3.5 കോടി രൂപ, ഉൾനാടൻ മത്സസമ്പത്തിന്റെ പരിപാലനത്തിനായി അഞ്ചു കോടി രൂപ എന്നിങ്ങനെയും നീക്കിവച്ചിട്ടുണ്ട്. ഫിഷറീസ് ഇന്നൊവേഷൻ കൗൺസിൽ രൂപീകരിക്കും. നൂതന മത്സ്യക്കൃഷി സംവിധാനങ്ങൾ നടപ്പാക്കും. നാം മത്സ്യരംഗത്ത് ഇനിയും മുന്നോട്ടു കുതിക്കണം. ഇതോടൊപ്പം സാഫ്, മത്സ്യഫെഡ് എന്നീ സ്ഥാപനങ്ങൾ മുഖേന നടപ്പാക്കുന്ന പദ്ധതികൾ വിപുലമാക്കുന്നതിനും നടപടി സ്വീകരിക്കും. പ്രതിസന്ധികളിൽനിന്നു മത്സ്യത്തൊഴിലാളികെ കൈപിടിച്ചുയർത്താനുള്ള ഫലപ്രദമായി ഇടപെടലാണു സർക്കാർ നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.