Sections

കാർഷിക മേഖല തകരുകയല്ല വളരുകയാണ്; സംസ്ഥാന കൃഷിമന്ത്രി

Tuesday, Jun 13, 2023
Reported By admin
farmers

സംസ്ഥാനത്ത് കാർഷിക മേഖല തകരുകയല്ല വളരുകയാണ്


ജില്ലയിൽ നെല്ല് സംഭരണതുക നൽകുന്നതിലുള്ള പ്രതിസന്ധി ഉടൻ പരിഹരിക്കുമെന്ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ്. എലപ്പുള്ളി കൃഷിഭവനിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം കുന്നാച്ചി കൺവെൻഷൻ സെന്ററിൽ വച്ച് മന്ത്രി നിർവഹിച്ചു. 20 ഓളം മൂല്യവർധിത ഉത്പന്നങ്ങൾ നിർമിച്ച വിഷയത്തിൽ എലപ്പുള്ളി പഞ്ചായത്തിനെയും കൃഷിഭവനേയും മന്ത്രി അഭിനന്ദിച്ചു.

കർഷകർക്ക് കാലതാമസമില്ലാതെ പൈസ ലഭ്യമാക്കാനുള്ള ഇടപെടലുകൾ ഉണ്ടാകും. നെൽകൃഷി, സംഭരണം, വിത്ത് വിതരണം എന്നിവ സംബന്ധിച്ച പ്രതിസന്ധികൾ പരിഹരിക്കുന്നതിനായി ഒരു സമിതിയെ ചുമതലപ്പെടുത്തും. അതിന്റെ റിപ്പോർട്ട് പരിശോധിച്ച് ഫലപ്രദമായ ഇടപെടലുകളും ഉണ്ടാക്കും. സംസ്ഥാനത്ത് കാർഷിക മേഖല തകരുകയല്ല വളരുകയാണ്, വിളയ്ക്കനുസരിച്ചല്ല കൃഷിയിടത്തിനനുസരിച്ച് ആസൂത്രണം ചെയ്തു വേണം കൃഷി നടത്താൻ. എന്തെല്ലാം ഇനങ്ങൾ ഏതെല്ലാം സ്ഥലങ്ങളിൽ വിളവെടുക്കാമെന്നും ഉത്പന്നങ്ങളുടെ ആവശ്യകത എത്രത്തോളമുണ്ടെന്നും മനസ്സിലാക്കി കൃഷി ചെയ്യണം.

ഉത്പന്നങ്ങൾ കെട്ടിക്കിടക്കുന്ന അവസ്ഥ ഉണ്ടാകാതെ വിപണനം നടക്കണം. കർഷകരുടെ ഉത്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും വിപണനം നടത്തുന്നതിനും സ്റ്റാളുകൾ സജ്ജീകരിച്ച് പ്രചരണം നടത്തണം. ജില്ലയിൽ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾക്കായി വിൽപ്പനക്കാരെയും വാങ്ങുന്ന ആൾക്കാരെയും ഉൾപ്പെടുത്തി അടുത്ത മാസങ്ങളിൽ തന്നെ ഒരു ബിസിനസ് ടു ബിസിനസ് മീറ്റ് സംഘടിപ്പിക്കും. ഒരു കൃഷിഭവനിൽ നിന്നും ഒരു മൂല്യവർധിത ഉത്പന്നമെങ്കിലും ഉണ്ടാക്കണം എന്ന നിർദ്ദേശത്തെ തുടർന്ന് 700 ഓളം കൃഷിഭവനുകളിൽ മൂല്യവർധിത ഉത്പന്നങ്ങൾ നിർമിച്ചു. 

ചടങ്ങിൽ പച്ചക്കറി വികസന പദ്ധതിയിൽ ഉൾപ്പെട്ട ട്രാൻസ്‌ജെൻഡർ കർഷക ശ്രീദേവിക്ക് ഭൂമി കൈമാറ്റ ഉടമ്പടി നൽകി. കൂടാതെ എലപ്പുള്ളി ഗ്രാമപഞ്ചായത്തിലെ മുതിർന്ന കർഷകനും കേരകേസരി അവാർഡ് ജേതാവുമായ എ. വേലായുധനെ മന്ത്രി ആദരിച്ചു. ഓർഗാനിക് ഫാമിംഗ് പദ്ധതിയിൽ ഉൾപ്പെട്ട സജൈവം ജൈവവള വിതരണത്തിന്റെ ഉദ്ഘാടനവും കർഷക കർമ്മ സേന സർട്ടിഫിക്കറ്റ് വിതരണവും നടത്തി. ആറിനം നെൽവിത്തുകളുടെ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ നിർവഹിച്ചു. കൃഷിക്കൂട്ടങ്ങളുടെ മൂല്യ വർദ്ധിത ഉത്പന്നങ്ങളുടെ കൈമാറ്റവും പ്രദർശനവും നടത്തി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.