Sections

ഉടുപ്പുകളിൽ വിരിഞ്ഞ കലകളും കരകൗശല കൗതുകങ്ങളുമായി ടെക്സ്റ്റൈൽ ആർട്ട് ഫെസ്റ്റ്

Wednesday, Dec 27, 2023
Reported By Admin
Art Fest

ഫറോക്ക് നല്ലൂർ സ്റ്റേഡിയത്തിൽ ആർടി മേളയ്ക്ക് ഇന്ന് (ബുധൻ) തുടക്കം


വസ്ത്രങ്ങളിൽ വിരിഞ്ഞ വർണക്കാഴ്ചകൾ മുതൽ കരവിരുതിൽ തീർത്ത ദൃശ്യവിസ്മയങ്ങൾ വരെ ഒരു കുടക്കീഴിൽ അണിനിരത്തി ഉത്തരവാദിത്ത ടൂറിസം ആന്റ് ടെക്സ്റ്റൈൽ ആർട്ട് ഫെസ്റ്റ്. ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിനോടനുബന്ധിച്ച് ഫറോക്ക് നല്ലൂർ ഇ കെ നായനാർ മിനി സ്റ്റേഡിയത്തിൽ ഒരുക്കിയ ആർടി മേള ആദ്യദിവസം തന്നെ താരമായി മാറിക്കഴിഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വസ്ത്രവൈവിധ്യവും കരകൗശല ഉൽപ്പന്നങ്ങളും സ്വന്തമാക്കാനും അവയുടെ നിർമാണ രീതികൾ നേരിൽക്കാണാനുമായി നിരവധി പേരാണ് ഇവിടെയെത്തിയത്.

കേരളത്തിനു പുറമെ, തമിഴ്നാട്, അസം, ഗുജറാത്ത്, തെലങ്കാന, രാജസ്ഥാൻ, സിക്കിം, മധ്യപ്രദേശ്, ഛത്തിസ്ഗഢ്, പശ്ചിമ ബംഗാൾ, നാഗലാന്റ്, ഉത്തർപ്രദേശ്, ഡൽഹി, പുതുച്ചേരി, ഒഡീഷ, മഹാരാഷ്ട്ര, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള പാരമ്പര്യ വസ്ത്രനിർമാതാക്കളും കലാകാരൻമാരുമാണ് ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തിലൊരുക്കിയ ആർടി ഫെസ്റ്റിൽ പങ്കെടുക്കുന്നത്.

വസ്ത്രങ്ങൾ, ആഭരണങ്ങൾ, മുള ഉൽപ്പന്നങ്ങൾ, അലങ്കാര വസ്തുക്കൾ, ബേപ്പൂരിന്റെ മുഖമുദ്രയായ ഉരു, മൺപാത്രങ്ങളിലെ മ്യൂറൽ പെയിന്റിംഗ്, കളിമൺ നിർമിതികൾ, മുള കൊണ്ടുള്ള ഉൽപന്നങ്ങൾ തുടങ്ങിയവയ്ക്കൊപ്പം നെയ്ത്ത്, കയർനിർമാണം, ടെക്സ്റ്റൈൽ ആർട്ട് ഉൾപ്പെടെയുള്ളവയുടെ തത്സമയ പ്രദർശനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഡിസംബർ 30 വരെ എല്ലാ ദിവസവും ഉച്ചയ്ക്ക് രണ്ട് മണി മുതൽ 10 മണി വരെ നടക്കുന്ന മേളയിൽ വിവിധ സംരംഭകരുടെ 50 ഓളം സ്റ്റാളുകളും 15 ലൈവ് ഡെമോ സ്റ്റാളുകളുമുണ്ട്.

ആയഞ്ചേരിയിലെ കുഞ്ഞിരാമൻ മാഷും സംഘവും അവതരിപ്പിക്കുന്ന പാവനാടകമാണ് മേളയുടെ മറ്റൊരു പ്രധാന ആകർഷണം. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ആസ്വാദ്യകരമാണ് പ്രദർശന സ്റ്റാളിലെ പ്രത്യേക വേദിയിൽ നടക്കുന്ന പാവനാടകങ്ങളുടെ പ്രദർശനം.

ആർടി മേളയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് (ബുധൻ) വൈകിട്ട് 4.30ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.