- Trending Now:
മന്ത്രിമാര്‍ക്കും വി ഐ പികള്‍ക്കും ഉപയോഗിക്കാനായി 10 ഇന്നോവ ക്രിസ്റ്റ കാറുവാങ്ങാന്‍ സര്‍ക്കാര്‍ ടൂറിസം വകുപ്പിന് ഭരണാനുമതി നല്‍കി. 3.22 കോടിരൂപ ഇതിനായി ചെലവു വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.ആഡംബര ഫീച്ചറുകളുള്ള ഓരോ കാറിനും 32 ലക്ഷം രൂപയാണ് വില. ടൂറിസം സെക്രട്ടറി കെ എസ് ശ്രീനിവാസ് പുറപ്പെടുവിച്ച ഉത്തരവില്‍ വകുപ്പിന് വാങ്ങാന്‍ 3.22 കോടി രൂപ അനുവദിച്ചതായി അറിയിച്ചു.സാമ്പത്തിക ഞെരുക്കം കാരണം അഞ്ച് കാറുകള്‍ മാത്രം വാങ്ങാന്‍ ടൂറിസം വകുപ്പിന് ധനവകുപ്പ് അനുമതി നല്‍കിയിരുന്നു. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അഭ്യര്‍ഥന മാനിച്ച് മന്ത്രിസഭാ യോഗം അഞ്ച് കാറുകള്‍ കൂടി അനുവദിച്ചു. ഡല്‍ഹി സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെയും ഉപയോഗത്തിനായി അടുത്തിടെ രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങിയിരുന്നു. ഇതിനായി 72 ലക്ഷം രൂപ ചെലവഴിച്ചു. നേരത്തെ മൂന്ന് ഇന്നോവ ക്രിസ്റ്റ കാറുകളും ഒരു കിയ കാര്‍ണിവലും മുഖ്യമന്ത്രിയുടെ ഉപയോഗത്തിനായി വാങ്ങിയിരുന്നു.
അഡ്വക്കേറ്റ് ജനറലിനായി പുതിയ ഇന്നോവ ക്രിസ്റ്റ വാങ്ങാന്‍ ജൂണില്‍ മന്ത്രിസഭ അനുമതി നല്‍കിയിരുന്നു. നിലവില്‍ എജി ഉപയോഗിച്ചിരുന്ന കാര്‍ അഞ്ച് വര്‍ഷത്തിനിടെ 86,000 കിലോമീറ്റര്‍ മാത്രമാണ് സഞ്ചരിച്ചതെന്ന ധനവകുപ്പിന്റെ എതിര്‍പ്പ് മറികടന്നാണ് തീരുമാനം. എന്നാല്‍ 16.18 ലക്ഷം രൂപ മന്ത്രിസഭ അനുവദിച്ചു. പതിനേഴു മന്ത്രിമാര്‍ ഉപയോഗിച്ചിരുന്ന കാറുകള്‍ പ്രോട്ടോക്കോള്‍ പ്രകാരം മാറ്റണമെന്ന് ടൂറിസം വകുപ്പ് നേരത്തേ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.പഴയ വാഹനങ്ങള്‍ കാലാവധി കഴിഞ്ഞതാണെന്നതാണ് പുതിയ കാറുകള്‍ വാങ്ങുന്നതിന് കാരണമായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. അതിനാല്‍, പുതിയവാഹനം വാങ്ങുമ്പോള്‍ പഴയത് കണ്ടം ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. പഴയതാണെങ്കിലും കണ്ടം ചെയ്യാന്‍ പാകത്തില്‍ കാലഹരണപ്പെട്ടതായിരിക്കില്ല മിക്ക കാറുകളും. അതിനാല്‍, മറ്റേതെങ്കിലും വകുപ്പില്‍ കണ്ടംചെയ്യാന്‍ പാകത്തിലെത്തിയ വാഹനങ്ങള്‍ക്ക് ഇപ്പോള്‍ മാറ്റുന്ന പഴയകാറുകള്‍ നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.