- Trending Now:
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ ഈ വർഷം പറന്നത് ഒരു കോടി യാത്രക്കാർ. വ്യാഴാഴ്ച വൈകീട്ട് ബാംഗ്ലൂരിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ 173 യാത്രക്കാർ പറന്നതോടെ, വർഷം അവസാനിക്കാൻ 11 ദിവസം ബാക്കിയിരിക്കെ ഒരു കോടി യാത്രക്കാർ തികച്ച് സിയാൽ റിക്കോർഡിട്ടു. ദക്ഷിണേന്ത്യയിൽ പ്രതിവർഷം ഒരു കോടി യാത്രക്കാർ ഉപയോഗിക്കുന്ന നാലാമത്തെ വിമാനത്താവളമാണ് സിയാൽ. കേരളത്തിലെ ഒരേയൊരു വിമാനത്താവളവും.
സംസ്ഥാനത്തെ മൊത്തം വിമാനയാത്രക്കാരുടെ 63.50 ശതമാനവും കൈകാര്യം ചെയ്യുന്നത് സിയാലാണ്. മുൻവർഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 20 ലക്ഷത്തിലധികം പേരുടെ വർധനവാണ് സിയാൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഈ വർഷം ഇതുവരെ സിയാലിലൂടെ പറന്ന ഒരുകോടി യാത്രക്കാരിൽ 54.04 ലക്ഷം ആഭ്യന്തര യാത്രക്കാരും 46.01 ലക്ഷം പേർ രാജ്യാന്തര യാത്രക്കാരുമാണ്. മൊത്തം 66,540 വിമാനങ്ങൾ ഇക്കാലയളവിൽ സർവീസ് നടത്തി. 2022-ൽ 80.23 ലക്ഷം പേരാണ് സിയാലിലൂടെ യാത്രചെയ്തത്. വിമാനസർവീസുകൾ 57,006. അടിസ്ഥാന സൗകര്യ വികസനത്തിലും വിമാനത്താവള മാർക്കറ്റിങ്ങിലും സിയാൽ നടത്തിവരുന്ന ശ്രമങ്ങളുടെ പ്രതിഫലനമാണ് ഈ നേട്ടമെന്ന് യാത്രക്കാർക്കുള്ള നന്ദി സൂചകമായി സിയാൽ സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നൽകിയ പ്രത്യേക സന്ദേശത്തിൽ വ്യക്തമാക്കി. ' സ്വകാര്യ കോർപറേറ്റുകൾ രാജ്യത്തെ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ഏറ്റെടുക്കുന്ന കാലഘട്ടത്തിൽ സിയാൽ കൈവരിക്കുന്ന മികവ് പൊതുമേഖലയ്ക്ക് പ്രതീക്ഷ നൽകുന്നുണ്ട്. വരും വർഷങ്ങളിലും ഒരു കോടിയിൽ കുറയാതെ യാത്രക്കാർ എത്തുമെന്ന പ്രതീക്ഷയാണ് മാനേജ്മെൻറിനുള്ളത്. അതിനുവേണ്ട സൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ, നിർദേശം നൽകിയിട്ടുണ്ട് ' മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കൊച്ചിയിൽ നിന്ന് ബാംഗ്ലൂരിലേക്കുള്ള ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരിയായ അഞ്ചു വയസ്സുകാരി ലയ റിനോഷ് ആണ് സിയാലിലെ 2023 വർഷത്തെ ഒരു കോടി യാത്രക്കാരുടെ എണ്ണം തൊട്ടത്. സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് ഐ.എ.എസ് ലയക്ക് പ്രത്യേക ഉപഹാരവും ക്രിസ്മസ് സമ്മാനങ്ങളും നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.